ഉപയോക്താവ്:Vssun/test/അദ്ധ്യായം മുപ്പത്തിരണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം മുപ്പത്തിരണ്ട്
[ 376 ]
അദ്ധ്യായം മുപ്പത്തിരണ്ട്


"താതൻ നിനച്ചതു സാധിച്ചുകൊള്ളുവാൻ
പീതാംബരൻ മമ കാന്തനായീടണം"
"കഷ്ടമായുള്ള വാക്കു ചൊല്ലാതെ ദുരാത്മാവേ,
തൊട്ടുകൂടുമോ ഹരിപത്നിയെ ശശത്തിന്?"


സന്തോഷപ്രകർഷത്താൽ അഴകൻപിള്ളയെ ദിവാൻജി ആലിംഗനം ചെയ്തത് വിപുലതന്ത്രജ്ഞന്റെ സൂക്ഷമവീക്ഷണത്തെ സാക്ഷീകരിക്കുന്നില്ലെന്നു വായനക്കാർ ശങ്കിക്കരുത്. രാജ്യത്തിന്റെ അതിദീർഘമായുള്ള ഉത്തരപരിധിയെ നെടുംകോട്ട അപ്രവേശ്യമാക്കുകയില്ലെന്നും ആ വഴിക്കുണ്ടാകുന്ന വൈരിവാരപ്രവാഹം വിഷമപ്രതിരോധ്യമെന്നും അതുകൊണ്ട് അവിശാലമായ സമതലങ്ങളിൽവച്ചുള്ള യുദ്ധത്തിലെങ്കിലും വിജയാപ്തിയുണ്ടായാൽ അനന്തരസമരങ്ങളെ ബന്ധുസഹായം പ്രാപ്തമാകുന്നതുവരെ ദീർഘിപ്പിച്ചുകൊള്ളാമെന്നുമുള്ള കൗശലങ്ങളെ ദിവാൻജി സ്വാന്തഗഹനതയിൽ സംഗ്രഹിച്ചിരുന്നു. അഴിക്കോട്ടയിലെ വിജയവൃത്താന്തം ഈ വിചാരങ്ങളുടെ പ്രതിച്ഛായകളെ മാത്രം മഹാരാജാവിന്റെ ഹൃദയത്തിൽ സഞ്ജാതമാക്കി. അഴിക്കോട്ട മാർഗ്ഗമായി തിരുവിതാംകൂറിനെ ആക്രമിപ്പാനുണ്ടായ ഉദ്യമംപോലും അസംബന്ധം എന്നും പിന്നത്തെ വെള്ളക്കുഴികൾ നീന്തി ഒരു കര പറ്റുവാൻ മൈസൂർക്കാർ ശക്തരാവുകയില്ലെന്നും ആ പന്ഥാവിനെ തുടർന്നാൽ ഗണപതിക്കുകുറിച്ചപോലെതന്നെ കൃതിയും ഒരു മൗഢ്യപ്രകടനമായി കലാശിക്കുമെന്നും, അക്കാലത്തെ പ്രധാനോപദേഷ്ടാവായ കുഞ്ചൈക്കുട്ടിപ്പിള്ള ടിപ്പുവിന്റെ പ്രഥമ ശ്രമത്തെ ചുരുക്കത്തിൽ ഭർത്സിച്ചുതള്ളി. ടിപ്പുവിന്റെ ജാനുക്ഷതപീഡ നീങ്ങി, മൈസൂർസൈന്യം നെടുങ്കോട്ട തകർത്തുതുടങ്ങി എന്ന വാർത്ത രാജ്യത്തെ ആകമാനം കിടുക്കി. പടയിൽ ചേരാനുള്ള ഉദ്വേഗത്തിന്റെ ഊഷ്മാവുകൊണ്ട് കുഞ്ചൈക്കുട്ടിപ്പിള്ള ത്രിലോകമൂർത്തികൾ എപ്പേരും ഒന്നു ചേർന്നപോലെ തുള്ളിത്തുടങ്ങി.