അമൃതവീചി/വെളിച്ചത്തിലേക്ക്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വെളിച്ചത്തിലേക്ക്
[ 3 ]

നിത്യകല്യാണനിർവൃതിയുടെ
മുത്തുമാലയും ചാർത്തി നീ
ഇത്തിമിരപ്പടർപ്പിലെത്തുകെൻ
സ്വർഗ്ഗലോകപ്രകാശമേ!
തപ്തജീവിതകുഞ്ജകത്തിലി-
പ്പുഷ്പതല്പമൊരുക്കി ഞാൻ
താവകാഗമം കാത്തു കാത്തിദ-
മാവസിക്കയാണോമലേ!

മന്ദമന്ദം ലയിക്കുകയാണി-
ന്നെന്നിലേക്കിച്ചരാചരം
ആയതിൻ സർവ്വസങ്കടങ്ങളു-
മാശകളും നിരാശയും
ഒത്തുചേർന്നു മധുരമാമൊരു
ദുഃഖസംഗീതനിർഝരം
എന്നിൽനിന്നും പതഞ്ഞു പൊന്തുന്നു
ദുർന്നിവാരപ്രവാഹമായ്!

ഭാവനയുടെ ചക്രവാളത്തിൽ
താവിയ സാന്ധ്യദീപ്തിയിൽ,
കണ്ടു ഞാൻ തവ പാദകുങ്കുമം
ചിന്തിയ നടപ്പാതകൾ
ജീവിതതീർത്ഥയാത്രയിലിന്നെൻ-
താവളത്തിലിരുന്നു, ഞാൻ
എന്തിനോ വീണ്ടും മീട്ടിനോക്കുന്നു
തന്ത്രിയറ്റൊരീ വീണയെ!
കണ്ണു ചിമ്മിച്ചിരിച്ചുനില്പു, ഹാ!
വിണ്ണിൻ നിത്യപ്രതീക്ഷകൾ
എത്ര ഘോരനിരാശതന്നിരുൾ-
മുറ്റിമുറ്റിത്തഴയ്ക്കിലും
ഇല്ലവയ്ക്കൊരു ഭാവഭേദവും
തെല്ലുപോലും വിഷാദവും
ചിൽപ്രഭേ, നിൻ വിളംബമോർത്തിനി-
ച്ചിത്തഭീരുവാകില്ല ഞാൻ!

[ 4 ]

ചിന്മയോജ്ജ്വലേ, നിന്നെയോർത്തോർത്തെൻ
കണ്ണു രണ്ടും നിറയവേ;
ഹാ, കൊതിപ്പു ഞാനീ മഹൽപ്രേമ-
ശോകമെന്നെന്നും നില്ക്കുവാൻ.
ജീവിതമെന്നല്ലെന്റെ സർവ്വവും
കേവലമീ ഞാൻകൂടിയും
പോയ്മറകിലു,മന്നുമീ ദിവ്യ-
പ്രേമദുഃഖം ലസിക്കണം!

ഇപ്പുഴവക്കിലന്തിതൊട്ടിന്നെൻ
ദുഃഖഗാനവുമായി ഞാൻ
വന്നു നില്ക്കയാണേകനായൊന്ന-
പ്പൊന്നിൻതോണി വന്നെത്തുവാൻ!
കല്പസൗരഭംവാർന്ന പൂന്തെന്ന-
ലക്കരയിൽനിന്നെത്തവേ;
മാമകോൽക്കണ്ഠ വെമ്പിടുന്നേതോ
മാദകോദ്വേഗമൂർച്ഛയിൽ!