അമൃതവീചി/വികാസം! വികാസം!

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വികാസം ! വികാസം !




[ 2 ] വികാസം ! വികാസം !

യ്യോ, വികാസം, വികാസം!-തളർന്നു ഞാൻ
വയ്യെനി,ക്കെന്നെപ്പുണരൂ വികാസമേ!
സന്ധ്യാവിലാസം മറഞ്ഞു; നിബിഡമാ-
മന്ധകാരാത്താലിരുണ്ടൂ നഭസ്ഥലം
നിഷ്ഫലവാഞ്ഛകളൊക്കെയും നീഡത്തി-
ലുൾപ്പുക്കൊതുങ്ങി മയങ്ങിയുറക്കമായ് !
ദുഃഖഗാനംപോൽ മനോഹരമാം ചില
നക്ഷത്രമങ്ങിങ്ങുദിച്ചുവെന്നാകിലും
മാറിടുന്നില്ല , നശിച്ച മാമൂലിന്റെ
മാറാലപോൽ വന്നു മൂടിയ കൂരിരുൾ !
എങ്ങാ വികാസം, വികാസം ?-വികാസമേ,
വന്നീടുകൊന്നീ മുകുളമുഖത്തു നീ!

ഇത്രയുംകാലം കുടിച്ച മദ്യത്തിന്റെ
ഹൃദ്യമധുരിമപോലും മറന്നിതാ
സ്വപ്നത്തിൽനിന്നുമണർന്നിരിക്കുന്നു ഞാൻ
സ്വർഗ്ഗചൈതന്യമേ , നിന്നെപ്പുണരുവാൻ !
നിന്നെ ഞാൻ കാണ്മൂ വിഹഗസ്വരങ്ങളിൽ
നിന്നെ ഞാൻ കേൾക്കുന്നു നക്ഷത്രരാശിയിൽ
സ്പർശിപ്പു നിന്നെസ്സുഗന്ധത്തിലൂടെ ഞാൻ
നിർദ്ദയമെന്നിട്ടൊളിച്ചുകളിപ്പു നീ!
എന്നിലൊതുങ്ങും പ്രപഞ്ചത്തിലൊക്കെയും
നിന്നെയന്വേഷിച്ചലഞ്ഞു ഞാൻ നിഷ്ഫലം
എൻനിഴൽ നിന്നെ മറച്ചുപിടിക്കയാൽ
നിന്നെ ഞാൻ കണ്ടില്ലടുത്തു നീ നില്ക്കിലും !

മൃത്യുവിൻ ശൂന്യാന്ധകാരത്തിനപ്പുറ-
മുത്ഭവിക്കും നിന്റെ കാലടിയൊച്ചകൾ
രോമഹർഷത്തിൽ പൊതിയുകയാണെന്നെ-
യോമനിച്ചോമനിച്ചോരോ നിമേഷവും !
നിത്യതകൊണ്ടൊരു പൂമാലയിട്ടിനി
നിസ്തുലപ്രേമമേ , കൈക്കൊള്ളുകെന്നെ നീ!
അയ്യോ , വികാസം വികാസം-തളർന്നു ഞാൻ
വയ്യെനി,ക്കെന്നെപ്പുണരൂ, വികാസമേ !.....



"https://ml.wikisource.org/w/index.php?title=അമൃതവീചി/വികാസം!_വികാസം!&oldid=56405" എന്ന താളിൽനിന്ന് ശേഖരിച്ചത്