അമൃതവീചി/ശ്രീചിത്രമംഗളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ശ്രീചിത്രമംഗളം
[ 1 ]
ശ്രീചിത്രമംഗളം


മലപ്പെൺകൊടിയുടെ കനിവലർച്ചെടിയുടെ
കമനീയകലികകൾ വിടർന്നപോലെ ;
പരശതയശസ്സിന്റെ പരിണതമഹസ്സിന്റെ
പരിമൃദുതരംഗങ്ങളുയർന്നപോലെ ;
പല പല സുകൃതൈകസുലളിതസുഷമകൾ
പരിലസിക്കുമീ വഞ്ചിവസുമതിയെ ;
പുകളിന്റെ പുളകങ്ങളണിയിച്ചു പുരുമോദം
പുലർത്തിടും ലസൽച്ചിത്ര പുണ്യതാരമേ !
ജയിക്ക നീ; ജയിക്ക നീ; - ജഗത്തിൽ നന്മഹനീയ-
ജയപതാകകൾ പാറിപ്പറന്നീടട്ടേ !
അനുദിനം തനോൽക്കർഷകിരണങ്ങളവനിയി-
നലുപമസുഖാമൃതം തളിച്ചീടട്ടേ !
അവശതയകന്നകന്നഖലരും രമിക്കട്ടേ !
തവ ചെങ്കോൽത്തണലിലെത്തളിർവിരിപ്പിൽ !
വെല്ക വെല്ക വഞ്ചിനാട്ടിൻ ഭാഗ്യരത്നപ്രകാണ്ഡമേ,
വെല്ക, വെല്ക, പുണ്യചിത്രതാരകമേ നീ !