താൾ:അമൃതവീചി.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വെളിച്ചത്തിലേക്ക്

നിത്യകല്യാണനിർവൃതിയുടെ
മുത്തുമാലയും ചാർത്തി നീ
ഇത്തിമിരപ്പടർപ്പിലെത്തുകെൻ
സ്വർഗ്ഗലോകപ്രകാശമേ!
തപ്തജീവിതകുഞ്ജകത്തിലി-
പ്പുഷ്പതല്പമൊരുക്കി ഞാൻ
താവകാഗമം കാത്തു കാത്തിദ-
മാവസിക്കയാണോമലേ !

മന്ദമന്ദം ലയിക്കുകയാണി-
ന്നെന്നിലേക്കിച്ചരാചരം
ആയതിൻ സർവ്വസങ്കടങ്ങളു-
മാശകളും നിരാശയും
ഒത്തുചേർന്നു മധുരമാമൊരു
ദുഖസംഗീതനിർഝരം
എന്നിൽനിന്നും പതഞ്ഞു പൊന്തുന്നു
ദുർന്നിവാരപ്രവാഹമായ് !

ഭാവനയുടെ ചക്രവാളത്തിൽ
താവിയ സാന്ധ്യദീപ്തിയിൽ,
കണ്ടു ഞാൻ തവ പാദകുങ്കുമം
ചിന്തിയ നടപ്പാതകൾ
ജീവിതതീർത്ഥയാത്രയിലിന്നെൻ-
താവളത്തിലിരുന്നു, ഞാൻ
എന്തിനോ വീണ്ടും മീട്ടിനോക്കുന്നു
തന്ത്രിയറ്റൊരീ വീണയെ !
കണ്ണു ചിമ്മിച്ചിരിച്ചുനില്പു , ഹാ !
വിണ്ണിൻ നിത്യപ്രതീക്ഷകൾ
എത്ര ഘോരനിരാശതന്നിരുൾ-
മുറ്റിമുറ്റിത്തഴയ്ക്കിലും
ഇല്ലവയ്ക്കൊരു ഭാവഭേദവും
തെല്ലുപോലും വിഷാദവും
ചിൽപ്രഭേ , നിൻ വിളംബമോർത്തിനി-
ച്ചിത്തഭീരുവാകില്ല ഞാൻ !

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/3&oldid=172532" എന്ന താളിൽനിന്ന് ശേഖരിച്ചത്