Jump to content

അമൃതവീചി/ഉദ്ബോധനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ഉദ്ബോധനം




[ 5 ]

പൊന്നിൽ മുങ്ങിക്കുളിച്ചു മദാലസം
മന്ദമന്ദമണയും പുലരിയെ;
അഷ്ടദിഗ്വധൂരത്നങ്ങളാളികൾ
പുഷ്ടസൗഹൃദം വന്നെതിരേല്ക്കവേ;
വിശ്വധാത്രിതൻ ഭാവനാപൂർണ്ണമാം
വിസ്തൃതോജ്ജ്വലമാനസവേദിയിൽ
പൊൻകിനാവുകൾ മൊട്ടിട്ടിടുന്നപോ-
ലങ്കുരിച്ചു പുളപ്പൊടിപ്പുകൾ!
കോരകക്കണ്മിഴി വിടർന്നുന്മദ-
സ്മേരലോലരായ് നിന്നു പൂവല്ലികൾ!
ഫുല്ലപത്മപരാഗപരിമള-
മുല്ലസിച്ച ശിശിരസമീരനിൽ
സഞ്ജനിച്ചൂ നവീനഹർഷോത്സവ-
മർമ്മരത്തിൻ മനോഹരവീചികൾ!

അപ്രതിമോജ്ജ്വലാശാവകീർണ്ണമ-
സ്സുപ്രഭാതസുവർണ്ണനവോദയം
മുക്തമാക്കുന്നു നിദ്രാവിബദ്ധസ-
മ്മുഗ്ദ്ധജീവിതചേതനാമണ്ഡലം!
ഇപ്പുതിയോരുണർന്നെഴുനേല്ക്കലിൽ
സ്വപ്നലോകം വെടിഞ്ഞുകഴിഞ്ഞു നാം
മുൻപിലിപ്പോൾ നാം കാൺമൂ പ്രവൃത്തിതൻ
വെൺപകലിൽ, പലേ നടപ്പാതകൾ!-
ജീവിതപ്രശ്നമൊന്നല്ലൊരായിരം
താവിനില്ക്കും വിഷമസരണികൾ!-
ഭാവിതന്നഭ്യുദയത്തിലേക്കെഴും
ഭാവമൂകമാം നേർവഴിത്താരകൾ!-
നൊന്തിടുന്നുണ്ടു കാലടിയെങ്കിലും
പിന്തിരിയൊല്ല, പിൻതിരിയൊല്ല നാം!
മുൻപിലൊക്കെയുമിപ്പോൾ പരുഷമാം
കണ്ടകങ്ങളേ കാണ്മതുള്ളെങ്കിലും

[ 6 ]

മെല്ലെ മെല്ലെ നാം മുന്നോട്ടു പോകില-
ലങ്ങുള്ളതൊക്കെത്തളിരും മലരുമാം
മുല്ലപൂത്തു പരിമളംവീശിടും
നല്ല നല്ല കുളിരണിത്തോപ്പുകൾ
കുഞ്ഞുകുഞ്ഞല ചിന്നിത്തളർന്നൊഴു-
കുന്ന പൂങ്കുളിർപ്പാൽപ്പുഴച്ചാലുകൾ-
ചേലിയന്നു പരന്നു പരശ്ശത-
ശ്രീലശീതളചന്ദനച്ഛായകൾ-
ആകമാനമുല്ലാസദ,മാകയാൽ
പോകപോകിദം മുന്നോട്ടു പോക നാം!
സസ്പൃഹമതാ നമ്മെയും കാത്തുകാ-
ത്തഭ്യുദയമിരിപ്പൂ, വിവശയായ്
പ്രേമപൂർവകം കൈകോർത്തു നാമിനി-
ത്താമസിക്കാതെ മുന്നോട്ടു പോവുക!



"https://ml.wikisource.org/w/index.php?title=അമൃതവീചി/ഉദ്ബോധനം&oldid=38754" എന്ന താളിൽനിന്ന് ശേഖരിച്ചത്