കേരളപാണിനീയം/ആകാംക്ഷാധികാരം/വാക്യപ്രകരണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
[തിരുത്തുക] 1. വാക്യപ്രകരണം
പിതൃപുത്രാദിസംബന്ധംപോലെ ക്രിയയ്ക്കു് കാരകങ്ങളോടു്, കാരകങ്ങള്‍ക്കു് ക്രിയയോടു്, വിശേഷ്യത്തിനു് വിശേഷണത്തോടു്, വിശേഷണത്തിനു്, വിശേഷ്യത്തോടു്, ഗതിക്കു് വിഭക്തിയോടു്, വിഭക്തിക്കു് ഗതിയോടു് ഇത്യാദിയായ ശബ്ദങ്ങളുടെ വേര്‍പെടുത്താന്‍ പാടില്ലാത്ത ബന്ധത്തിനു് ആകാംക്ഷ എന്നുപേര്‍. ആകാംക്ഷയ്ക്കെല്ലാം പൂര്‍ത്തി വരുന്നവിധത്തില്‍ ചേര്‍ത്തു് ഒരു സംഗതിയെ പൂര്‍ണ്ണമായി വിവരിക്കുന്ന പദക്കൂട്ടമാണു് വാക്യം. വാക്യത്തിനു് ആഖ്യ, ആഖ്യാതം എന്നു രണ്ടു ദളം കല്പിക്കാം. അനേകങ്ങളും നാനാജാതികളും ആയുള്ള പദങ്ങളെക്കൊണ്ടു കെട്ടിച്ചമച്ചിട്ടുള്ള ഒരു വാക്യത്തെ അഴിച്ചുനോക്കിയാല്‍ സര്‍വ്വാധാരമായിട്ടു രണ്ടു ഭാഗം കാണും: (1) നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ ആ വസ്തു. ഇങ്ങനെ ഒരു വസ്തു ഉണ്ടോ ഇല്ലയോ എന്നുളളതിലേക്കു നമുക്കു തര്‍ക്കമില്ല. ഇതു സിദ്ധംതന്നെ എന്നു സ്വീകരിച്ചുംകൊണ്ടു് അതിന്റെ ഉപരിവിചാരണചെയ്യുന്നതിലാണു് വക്താവിന്റെ ഉദ്ദേശ്യം. അങ്ങനെ വിചാരണചെയ്യാന്‍ വേണ്ടി സിദ്ധവല്‍ക്കരിക്കപ്പെട്ടതായ അതിനെ വക്താവു് അനുവദിക്കുന്നു (എടുത്തുകാണിക്കുന്നു). (2) ആ വസ്തുവിനെപ്പറ്റി നാം എന്തു സംസാരിക്കുന്നുവോ ആ സംഗതി. ഇൗ സംഗതിയാണു് വക്താവിനു് വാക്യപ്രയോഗദ്വാരാ സാധിക്കേണ്ടതു്. വക്താവു് ഇതുകൊണ്ടു്, ശ്രാതാവിനു് വാസ്തവത്തില്‍ അജ്ഞാതപൂര്‍വ്വമോ അവ്വണ്ണമെന്നു കല്പിക്കപ്പെട്ടതോ ആയ ഒരു സംഗതിയുടെ സംബന്ധം ആ വസ്തുവില്‍ കുറിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന രണ്ടു ഭാഗങ്ങളില്‍ ആദ്യത്തേതു് ആഖ്യ; രണ്ടാമത്തേതു് ആഖ്യാതം. ഇവയുടെ യോഗം വാക്യവുമാകുന്നു.
ഉദാ: (1) വിവാഹംകഴിഞ്ഞു നഗരത്തിലേക്കു മടങ്ങിവന്ന രാമന്‍. (2) അച്ഛന്റെ നിയോഗത്താല്‍ വനവാസത്തിനു പോയി
ഇവിടെ രാമനെപ്പറ്റിയാണു നാം സംസാരിക്കുന്നത്; അങ്ങനെ ഒരാള്‍ ഉണ്ടെന്നു സിദ്ധവല്‍ക്കരിച്ചിട്ടു് " വനവാസത്തിനു പോയി' എന്നുള്ള അയാള്‍ ചെയ്ത പ്രവ്യത്തിയെക്കുറിക്കുന്നതിനു് ഇൗ വാക്യം പ്രയോഗിക്കുന്നു. ഇൗ സംഗതി ശ്രാതാവിനു് അജ്ഞാതപൂര്‍വ്വമെന്നു കല്പിച്ചിട്ടു് അതിനെ രാമകൃതമായിട്ടു വിധിക്കുന്നു. അതിനാല്‍ ഇൗ വാക്യത്തില്‍ (1) എന്നടയാളമിട്ട ഭാഗം ആഖ്യയും (2) എന്നടയാളമിട്ട ഭാഗം ആഖ്യാതവുമെന്നു സ്ഫുടമാകുന്നു.
ഇങ്ങനെ വാക്യങ്ങളെ അഴിച്ചു പ്രാധാന ഭാഗങ്ങളാക്കി പിരിക്കുന്ന ക്രിയയ്ക്കു് "അപോദ്ധാരം' എന്നു വെയാകരണന്മാര്‍ വ്യവഹരിക്കുന്നു. ആഖ്യ എന്നും ആഖ്യാതം എന്നും ഉള്ള ഇൗ വിഭാഗം തര്‍ക്കശാസ്ത്രരീത്യാ ചെയ്തിട്ടുള്ളതാകുന്നു. ഇതിനെ ഇനി വ്യാകരണവ്യവഹാരത്തോടു യോജിപ്പിക്കാം.
നാമമോ, സര്‍വ്വനാമമോ, നാമവാക്യമോ, ആഖ്യയായി വരാം; മുറ്റുവിനതന്നെയാണു് ആഖ്യാതം. നടുവിനയെച്ചം ആഖ്യയായിട്ടും ആഖ്യാതമായിട്ടും വരാം. വിനയെച്ചപ്രകരണം നോക്കുക.
ആന കരിമ്പു തിന്നുന്നു; നീ അതിനെ ഒാടിച്ചുകളക. വ്യാജം പറക ശരിയല്ല; ആ ശീലമരുതു്.
എന്നുദാഹരണങ്ങള്‍. ഇൗ സംഗതികളെ സൂത്രംകൊണ്ടു സംക്ഷേപിക്കാം:
അന്യോന്യാപേക്ഷയാകാംക്ഷ;
സാകാംക്ഷപദസഞ്ചയം
ഏകാര്‍ത്ഥബോധകം വാക്യ-
മാഖ്യാഖ്യാതദളാന്വിതം.
ആഖ്യ സിദ്ധാനുവാദാംശം;
സാദ്ധ്യവിധ്യംശമന്യവും.
ഇത്രയുംകൊണ്ടു് കര്‍ത്താവും ക്രിയാപദവും ചേര്‍ന്നതു് വാക്യം എന്നര്‍ത്ഥം തോന്നിയേക്കാം.അപ്പോള്‍ വാക്യങ്ങള്‍ നീണ്ടുനീണ്ടുവരുന്നതെങ്ങനെ എന്നു വച്ചാല്‍:
ആഖ്യാതത്തിനുമാഖ്യയ്ക്കും
യഥായോഗം പരിച്ഛദം.
ആഖ്യയ്ക്കും ആഖ്യാതത്തിനും ചേര്‍ച്ചപോലെ പരിച്ഛദങ്ങള്‍ ചെയ്യാം. പരിച്ഛദമെന്നാല്‍ പരിവാരമെന്നര്‍ത്ഥം. കര്‍ത്തൃക്രിയകള്‍ക്കു് പ്രതേ്യകം വിശേഷണങ്ങള്‍ ആ വിശേഷണങ്ങളില്‍ അന്വയിക്കുന്ന മറ്റു പദങ്ങള്‍ ഇത്യാതി ക്രമേണ പരിച്ഛദങ്ങള്‍ യഥേഷ്ടം നീണ്ടുവരാം. മുന്‍ കാണിച്ച ഉദാഹരണങ്ങളില്‍ "മടങ്ങി വന്ന' എന്ന പേരച്ചം "രാമന്‍' എന്ന ആഖ്യയുടെ വിശേഷണം."വിവാഹം കഴിഞ്ഞ്' എന്ന വിനയെച്ചവും "നഗരത്തിലേക്കു' എന്ന വിഭക്ത്യാഭാസവും അതില്‍ അന്വയിക്കുന്നു. അതിനാല്‍ "വിവാഹം കഴി......വന്ന' എന്ന ഭാഗം ഇവിടെ കര്‍ത്തൃപരിച്ഛദവും, അതിന്മണ്ണം "അച്ഛന്റെ......വാസത്തിനു' ഇത്രയുമംശം ക്രിയാപരിച്ഛദവുമാകുന്നു. ഇങ്ങനെ വിശേഷണങ്ങളെല്ലാം ഒന്നിച്ചുകൂട്ടിയതിനു തന്നെ പരിച്ഛദമെന്നു പേര്‍.
അപ്പോള്‍, കര്‍ത്താവും കര്‍ത്താവിന്റെ പരിച്ഛദങ്ങളും കൂടിച്ചേര്‍ന്ന ഭാഗമാണു് ആഖ്യ; ക്രിയാപദവും അതിന്റെ പരിച്ഛദങ്ങളും ചേര്‍ന്നതു് ആഖ്യാതം.
പേരെച്ചവും വിനയെച്ചവും മുറയ്ക്കു നാമത്തിന്റെയും ക്രിയയുടെയും വിശേഷണങ്ങളാണെന്നു് അതുകളുടെ സംജ്ഞകള്‍തന്നെ വെളിപ്പെടുത്തുന്നു. കാരകങ്ങളെ കുറിക്കുന്ന വിഭക്തികളെല്ലാം ക്രിയാവിശേഷണങ്ങളാണ്; സംബന്ധിക മാത്രം നാമവിശേഷണം. പേരച്ചം വിശേഷണവാക്യത്തിലേ ക്രിയാപദമാകയാല്‍ കര്‍ത്താവായും കര്‍മ്മമായും മറ്റും വരുന്ന നാമങ്ങളെ വിശേഷിപ്പിക്കുന്നതിനു പേരച്ചങ്ങളെ ഉപയോഗിക്കുമ്പോള്‍ അതില്‍ ഒാരേന്നിനും വെവ്വേറെ പുതിയ കര്‍ത്തൃകര്‍മ്മാദികള്‍ ചേര്‍ന്നു വാക്യം വളരെ നീണ്ടുവരാം. ഇതിനുപുറമെ ഒറ്റപ്പദത്തിനുപകരം വാക്യങ്ങളെ കര്‍ത്തൃകര്‍മ്മാദികളായിട്ടുപയോഗിക്കാം. ഒാരോരോ ക്രിയകള്‍ക്കു് ഒാരോരോ കാരകമായിരിക്കും പ്രധാനം-സകര്‍മ്മകത്തിനു് കര്‍മ്മം; ഇരിക്ക മുതലായതിനു് അദികരണം: ചേരുക ഇത്യാദിപോലുള്ളതിനു് സാക്ഷി ഇത്യാദി, ഏതിനു് ഏതിന്റെ ആകാംക്ഷയോ ആ ക്രിയയ്ക്കു് ആ കാരകം ചേര്‍ന്നാല്‍ ആകാംക്ഷ ശമിക്കും; മറ്റു കാരകങ്ങള്‍ വേണമെങ്കില്‍ ചേര്‍ക്കാമെന്നേ ഉള്ളു. ഇക്കൂട്ടത്തില്‍ "ആവുക' എന്ന ക്രിയ്ക്കു് എല്ലാ ക്രിയയ്ക്കും വേണ്ടുന്ന കര്‍ത്താവൊഴികെ പ്രതേ്യകിച്ചു് ഇന്ന കാരകത്തിന്റെ ആണു് ആകാംക്ഷ എന്നില്ല. അതിനാല്‍, ആവുകയുടെ പരിച്ഛദമായിട്ടു് എല്ലാ കാരകവും എല്ലാ വിഭക്തിയും കാണും. ചിലെടത്തു് കര്‍ത്താവു് ഒരു വാക്യമാണെങ്കില്‍ ആ വാക്യത്തിലേ ക്രിയപദത്തിന്റെ കാരകമായിരിക്കും ആവുകയുടെ ആകാംക്ഷാപൂരകമായിക്കാണുന്നതു്. ആവുക എന്ന ക്രിയ അദെ്വതികളുടെ പരബ്രഹ്മംപോലെ നിരുപാധികമാണ്; അതിനു് ഏതെങ്കിലും ഉപാധികള്‍ ചേര്‍ന്നാലേ പൂര്‍ത്തിവരികയുള്ളു. ഉപാധി ഏതും ചേരുകയും ചെയ്യും.
ഉദാ: സിംഹം മൃഗമാകുന്നു - വിധേയം കര്‍ത്താ - നിര്‍ദ്ദേശിക. ദമയന്തി വരിച്ചതു നളനെ ആണു്, ഇന്ദ്രാദികളെ അല്ല - കര്‍ത്താവായ വാക്യത്തിലെ ക്രിയയുടെ കര്‍മ്മം. ചോദിച്ചതു് നിന്നോടാകുന്നു - ക്രിയയുടെ സാക്ഷി. ശ്രമം എനിക്കാകുന്നു - ഉദ്ദേശ്യം തണുപ്പു് മഴയാലാകുന്നു - ഹേതു. ഗൃഹം രാമന്റെ ആകുന്നു - സംബന്ധം. നായാട്ടു് കാട്ടിലാകുന്നു - അധികരണം
ആവുകയുടെ വര്‍ത്തമാനകാലമായ ആകുന്നു - വിനെ (മ) ആണു് എന്നു് ഇഷ്ടം പോലെ ചുരുക്കാറുണ്ടു്. ചിലപ്പോള്‍ അതിന്റെ സ്ഥാനത്തു് (യ) അത്ര, (ര) തന്നെ എന്ന പദങ്ങളെയും ഉപയോഗിക്കാറുണ്ടു്. മറ്റുചില ദിക്കുകളില്‍ വര്‍ത്തമാനകാലത്തെ മാത്രമല്ല, (റ) എല്ലാ രൂപങ്ങളേയും ഉപേക്ഷിച്ചു കാണും. ഉദാ:
(മ) എന്റെ വാക്കു് സത്യമാണ് (യ) പരസ്വമത്ര കുലകന്യകാജനം. (ര) അതു് ശരിതന്നെ. (റ) ഇതെന്തൊരാശ്ചര്യം!
നിഷേധമാര്‍ഗ്ഗത്തില്‍ അല്ല എന്നതു് ആകുന്നില്ല എന്നതിനും, ഇല്ല എന്നതു് ഉണ്ടാകുന്നില്ല എന്നതിനും തുല്യമാകുന്നു.
പദക്രമം
കര്‍ത്താ, കര്‍മ്മം, ക്രിയ - ഇതേ
വാക്യത്തുങ്കല്‍ പദക്രമം;
ഇതു മാറ്റി പ്രധാനത്തെ
മുന്നിലാക്കാം വിവക്ഷപോല്‍.
ആദ്യം കര്‍ത്താവു്, പിന്നീടു് കര്‍മ്മമുണ്ടെങ്കില്‍ അതു്, ഒടുവില്‍ ക്രിയാപദം എന്നാണു വാക്യത്തില്‍ പദങ്ങളെ അടുക്കുന്നതിനു് പൊതുവേ ഏര്‍പ്പെട്ടിട്ടുള്ള ക്രമം. എന്നാല്‍ ഇൗ ക്രമം ഭേദപ്പെടുത്തുന്നതിനു് വിരോധമില്ല. ഏതിനു പ്രാധാന്യം വിവക്ഷിക്കുന്നുവോ അതിനെ പുരസ്കരിക്കാം. ഉദാ:
"വന്നൂ ശരത്സമയമംബുദമൊന്നകന്നു' - കൃ.ച.
"നിന്നോടുകൂടീട്ടു പോരുന്നു ഞാനും' - ഇരുപത്തിനാലുവൃത്തം.
"കണ്ടേന്‍ ഞാന്‍ സീതയെ'
"ദംഭോദ്രിക്തമതേ! മദോത്കട! തൊടുന്നാകില്‍ വിടാ നിന്നെ ഞാന്‍'- മ.ശാ.
വിശേഷണവിശേഷ്യങ്ങള്‍
മുന്‍പിന്‍പായിട്ടു നില്ക്കണം.
വിശേഷണം ഏതുമാതിരിയിരുന്നാലും താന്‍ വിശേഷിപ്പിക്കുന്ന വിശേഷ്യത്തിന്റെ മുന്‍പില്‍ നില്ക്കണമെന്നാണു് സമ്പ്രദായസിദ്ധമായപതിവു്. ഉദാ:
കറുത്ത പശു; സുന്ദരനായ രാമന്‍; പുലിയുടെ തുകല്; വേഗം നടക്കുന്നു; ഏറ്റം സമര്‍ത്ഥന്‍ - ഇത്യാദി.
ഗതിതാന്‍ താന്‍ വിളക്കുന്ന
വിഭക്തിക്കു പരം വരും.
ഗതി ഏതു വിഭക്തിയുടെ അര്‍ത്ഥത്തെ പ്രകാശിപ്പിക്കുന്നുവോ ആ വിഭക്തിക്കടുത്തു പിന്നാലെതന്നെ പ്രയോഗിക്കണം. ഉദാ:
കെകൊണ്ടടിക്കുന്നു; മാളികയില്‍നിന്നു വീഴുന്നു.
എന്നാല്‍ വിഭക്തി ഗതിയോടു ചേര്‍ന്നു സമാസിക്കുന്നില്ല; പദം രണ്ടും വേറെ തന്നെ. അതിനാല്‍ ഒരേ വിഭക്തിയിലുള്ള അനേകം പദങ്ങള്‍ക്കു് ഒരേ ഗതിതന്നെ ചേര്‍ക്കേണ്ടിവരുന്ന സ്ഥലങ്ങളില്‍ വിഭക്തികളെ "ഉം' കൊണ്ടു സമുച്ചയിച്ചിട്ടു് ആവശ്യപ്പെട്ട ഗതിയെ ഒടുവില്‍ ചേര്‍ക്കാം. ഉദാ:
എന്നെയും നിന്നെയും കുറിച്ച്; കാറ്റും മഴയും കൊണ്ടു്.
പൊരുത്തം
കര്‍ത്തൃക്രിയാപദങ്ങള്‍ക്കു
പൊരുത്തം ലുപ്തമായിപോല്‍.
കര്‍ത്താവിനും ക്രിയാപദമായ മുറ്റുവിനയ്ക്കും ലിംഗപുരുഷവചനങ്ങളില്‍ പൊരുത്തം ആചരിക്കുന്നതു് മറ്റു ദ്രാവിഡങ്ങളിലെല്ലാം ഇന്നും ചെയ്തുവരുന്നതിനാല്‍ മലയാളത്തില്‍ ലുപ്തപ്രചാരമായിപ്പോയി എന്നു പറയേണ്ടിയിരിക്കുന്നു. നടപ്പില്ലാതെവരാനുള്ള കാരണങ്ങള്‍ ഇതിനു മുന്‍പുതന്നെ വിസ്തരിച്ചുകഴിഞ്ഞു.
വിശേഷണവിശേഷ്യങ്ങള്‍
ലിംഗത്തില്‍ വചനത്തിലും,
പൊരുന്തണം സമാനാധി-
കരണാന്വയമാവുകില്‍.
വിഭാവകഭേദകത്തിനു മാത്രമേ ലിംഗവചനങ്ങള്‍ക്കു പ്രസക്തിയുള്ളു; അതു് സമാനാധികരണമായിട്ടു് ഒരു നാമത്തെ വിശേഷിപ്പിമ്പോള്‍ ലിംഗത്തിലും വചനത്തിലും നാമത്തോടു യോജിക്കണം. ഉദാ:
വയസ്സന്‍ ബ്രാഹ്മണന്‍., ഒരു കിഴവി സ്ത്രീ, മിടുക്കരായ മക്കള്‍.
ഒടുവിലെ ഉദാഹരണത്തിലെപ്പോലെ സമാനാധികരണസംബന്ധം കാണിക്കുന്നതിനു് ആയ എന്ന ആവുകയുടെ പേരെച്ചത്തെ അവ്യയമായിട്ടുപയോഗിക്കേണ്ടതാണു്. ആകുന്ന എന്ന വര്‍ത്തമാനപേരെച്ചം അഭേദസംബന്ധം കുറിക്കുന്നു. ഇതുപയോഗിക്കുമ്പോള്‍ പൊരുത്തനിര്‍ബന്ധമില്ല. ഉദാ: മുഖമാകുന്ന ചന്ദ്രന്‍. സംസ്കൃതത്തില്‍ വിശേഷണങ്ങള്‍ക്കു് വിഭക്തിപ്പൊരുത്തംകൂടി വേണമെന്നുണ്ടു്. "സുന്ദരസ്യ രാമസ്യ; നീലാന്യുത്പലാനി'. ഇതു കണ്ടു ഭ്രമിച്ചു് മണിപ്രവാളകവികള്‍ അടുത്ത കാലത്തും,
"നേര്‍ച്ചകളും മമ വിഫലാനി' - നള.ച.
"ഉരു ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ' -മ.ശാ.
എന്ന മട്ടില്‍ വിഭക്തിപ്പൊരുത്തം പ്രയോഗിച്ചിട്ടുണ്ടു്. എന്നാല്‍ ശുദ്ധമലയാളത്തിന്റെ പോക്കു് ലിംഗവചനങ്ങളില്‍ക്കൂടി പൊരുത്തം അത്യാവശ്യപ്പെട്ടാലേ ചെയ്യേണ്ടുവെന്നാണു്.
നപുംസകത്തില്‍ വചന-
പ്പൊരുത്തം ചെയ്വതിച്ഛപോല്‍.
നപുംസകവിശേഷണങ്ങളില്‍ വചനപ്പൊരുത്തം ചെയ്യണമെന്നു നിര്‍ബന്ധമില്ല. ഉദാ:
തക്കതായ കാരണങ്ങള്‍ -- തക്കവയായ എന്നു വേണ്ട. അന്യായമായ പ്രവൃത്തികള്‍ -- അന്യായങ്ങളായ എന്നു വേണ്ട.
നപുംസകബഹുവചനത്തില്‍ ഘടകങ്ങളായ വസ്തുക്കളില്‍ ഒാരോന്നിനെയും പ്രതേ്യകിച്ചു ഗണിക്കാറില്ല; ആകെക്കൂടെ ഒരു സമൂഹം എന്നേ ഗണിക്കാറുള്ളു; വ്യക്തിപ്രാധാന്യം പുംസ്ത്രീബഹുവചനങ്ങളില്‍ മാത്രമേ വകവയ്ക്കേണ്ടൂ.
രണ്ടു കുതിരകെട്ടിയ വണ്ടിയില്‍ നാലു ഭടന്മാര്‍ കയറിവന്നു.
എന്നല്ലേ നാം പറയാറുള്ളത്? ഇൗ വ്യക്തിപ്രാധാന്യാഭാവംതന്നെയാണു് നപുംസകത്തില്‍ വിശേഷണങ്ങള്‍ക്കു വചനപ്പൊരുത്തം വേണമെന്നില്ലെന്നു പറയുന്നതിനും യുക്തി. ഇത്രമാത്രമല്ല,
അര്‍ത്ഥംതാന്‍ പ്രത്യയത്തേക്കാള്‍
വചനത്തിന്‍ നിയാമകം.
വചനം നിശ്ചയിക്കുന്നതു് വചനപ്രത്യയം നോക്കീട്ടല്ല, നാമത്തിന്റെ അര്‍ത്ഥം നോക്കിയിട്ടാണു്. നാമം ഒരു സമൂഹത്തെ കുറിക്കുന്നതായാല്‍ അതു് ബഹുവചനപ്രത്യയംകൂടാതെതന്നെ ബഹുത്വം കാണിക്കും. അതു പോലെ ബഹുവചനപ്രത്യയമിരുന്നാലും വ്യക്തിവിവക്ഷയില്ലാഞ്ഞാല്‍ നാമം ഏകവചനത്തിന്റെ ഫലമേ ചെയ്കയുള്ളു. ഉദാ:
വീരരായ പടജ്ജനത്തിനു നൂറു രൂപ സംഭാവന കിട്ടി; അതുകൊണ്ടു് അവര്‍ സന്തോഷിക്കയും ചെയ്തു.
സംസ്കൃതത്തില്‍,
വീരസ്യ ഭടജനസ്യ ശതം രൂപികാഃ സംഭാവനാ ലബ്ധാ; തയാ സ പരിതുഷ്ടശ്ച.
എന്നു ശബ്ദപ്രകാരം ലിംഗവും വചനവും ചെയ്യണം. വേറെ ഉദാഹരണങ്ങള്‍:
രണ്ടു പരിഷയും സന്നദ്ധരായാര്‍ - മ.ഭാ. നാരീജനം മിക്കതും പരവശമാര്‍ - മ.ഭാ. സെന്യം തിരിച്ചു മണ്ടിനാര്‍ - മ.ഭാ. ദുഷ്ടരാം ശത്രുക്കൂട്ടം - കേ.രാ.
ലിംഗം സംസ്കൃതനാമങ്ങള്‍-
ക്കിഹ ഭാഷാനുരൂപമാം;
എന്നാല്‍ സ്ത്രീലിംഗമാത്രത്തില്‍
സംസ്കൃതത്തിന്‍ വ്യവസ്ഥയെ
മണിപ്രവാളകവികള്‍
ഭക്ത്യാ മാനിച്ചിരുന്നുതേ
.
സംസ്കൃതശബ്ദങ്ങളെ മലയാളത്തില്‍ എടുത്തു പ്രയോഗിക്കുമ്പോള്‍ ആ ശബ്ദങ്ങള്‍ക്കു് ആ ഭാഷയിലുള്ള ലിംഗനിയമത്തെ ഗൗനിക്കേണ്ടതില്ല; എന്തുകൊണ്ടെന്നാല്‍ സംസ്കൃതത്തില്‍ ഭാഷയ്ക്കു നേരെ വിപരീതമായിട്ടു നാമങ്ങളുടെ ലിംഗം അര്‍ത്ഥാനുസാരിയാകുന്നില്ല. ഒരു പ്രയോജനവുംകൂടാതെ കൃത്രിമമായിട്ടു് അലിംഗങ്ങള്‍ക്കുകൂടിയും ഇന്നതെല്ലാം സ്ത്രീ, ഇന്നതെല്ലാം പുരുഷന്‍ എന്നൊരേര്‍പ്പാടുചെയ്തിട്ടുണ്ടു്. സംസ്കൃത്തില്‍നിന്നു ശബ്ദങ്ങളെ കടംവാങ്ങാന്‍പോകുന്ന മലയാളി, അവയെ സ്ത്രീവേഷമോ പുരുഷവേഷമോ കെട്ടിക്ക പതിവു് എന്നുകൂടി ധരിച്ചിട്ടുവേണം തന്റെ ആവശ്യത്തിനുപയോഗിപ്പാന്‍ എന്നൊരു നിര്‍ബന്ധം ചെയ്തിട്ടു ഫലമില്ലല്ലോ. അതിനാല്‍ ശബ്ദം സംസ്കൃതമായാലും ഭാഷയില്‍ പ്രയോഗിക്കുന്ന സമയം അതിനു ഭാഷാനുരൂപമായ ലിംഗം മതി. ഉദാ:
ഉന്നതമായ വൃക്ഷം = ഉന്നതോ വൃക്ഷഃ മധുരമായ വാക്കു് = മധുരാ വാകു്.
എന്നാല്‍, സ്ത്രീലിംഗത്തില്‍ മാത്രം, മണിപ്രവാളത്തിനു പ്രാധാന്യമിരുന്ന കാലംവരെ ഒരു ജഡഭക്തിനിമിത്തം അനുഷ്ഠിച്ചുവന്നു. ഉദാ:
മധുരയായ വാക്കു് ശോചനീയയായ അവസ്ഥ സരസയായ കഥ മനോഹരയായ കൃതി മഹതിയായ ആപത്തു് പുണ്യയായ നദി
ഇങ്ങനെ ലിംഗവ്യവസ്ഥ സ്വീകരിക്കുന്നവരും സര്‍വ്വനാമങ്ങളെക്കൊണ്ടു് പരാമര്‍ശിക്കുന്നസമയം അവര്‍ എന്നു സ്ത്രീലിംഗം ഒരിക്കലും പ്രയോഗിക്കുമാറില്ല. അതിനാല്‍ ഇവര്‍ക്കും സംസ്കൃതവ്യവസ്ഥയെ സര്‍വ്വഥാ അനുകരിക്കണമെന്ന നിര്‍ബ്ബന്ധമില്ലെന്നു സ്പഷ്ടമാകുന്നു. അവരുടെ അപേക്ഷ ഇത്രത്തോളമിരിക്കാം-സംസ്കൃതത്തിലെ അകാരാന്തപദങ്ങളെ ഭാഷയിലെടുക്കുമ്പോള്‍ പുല്ലിംഗമോ നപുംസകലിംഗമോ ആക്കുന്നതിനു് ഏതെങ്കിലും (അന്‍,അം) ഒരു പ്രത്യയം ചേര്‍ക്കേണ്ടിയശ്രമമുണ്ടു്. സ്ത്രീലിംഗത്തിന്റെ പ്രത്യയം അ എന്നുതന്നെ ആകയാല്‍ യഥാസ്ഥിതം പ്രയോഗിച്ചേച്ചാല്‍ മതി. അതിനാല്‍ മൂക്കു മുറിച്ചും ശകുനം പിഴപ്പിക്കുന്ന രീതിക്കു് നപുംസകപ്രത്യയം സംസ്കൃതവിദ്വാന്മാര്‍ക്കു് കര്‍ണ്ണകഠോരമായ ഒരു പ്രയോഗം എന്തിനുണ്ടാക്കിത്തീര്‍ക്കുന്നു എന്നുള്ള ഉദാസീനതയാണു് ഇതിലേക്കു് കാരണമെന്നു തോന്നുന്നു.
കാവ്യചമത്കാരത്തിനുവേണ്ടി ജഡങ്ങളിലും ചേതനധര്‍മ്മം ആരോപിക്കുന്ന ദിക്കുകളില്‍ യുക്തംപോലെ നപുംസകങ്ങളെയും സ്ത്രീലിംഗമോ പുല്ലിംഗമോ ആക്കുക ധാരാളം പതിവുണ്ടു്. അങ്ങനെ ചെയ്യുമ്പോള്‍ സംസ്കൃതത്തിന്റെ ഏര്‍പ്പാടു തന്നെയാണു് സ്വീകരിക്കുന്നതും ആരോപത്തില്‍ "അം' എന്ന നപുംസകത്തില്‍ "ആന്‍'ചേര്‍ത്തു് നാഗത്താന്‍, വാനരത്താന്‍, വണ്ടത്താന്‍ എന്ന മട്ടില്‍ പുല്ലിംഗരൂപം ഉണ്ടാക്കാം. അതു യോജിക്കാത്തിടങ്ങളില്‍ "തെന്നലിവന്‍' എന്ന മട്ടില്‍ സര്‍വ്വനാമരൂപംചേര്‍ത്തു് ലിംഗപ്രതീതി വരുത്താം.
കൂകീടിനാര്‍ മാന്തളീര്‍ തിന്നു നന്നായ്- ത്തെളിഞ്ഞ കണ്ഠത്തൊടു കോകിലങ്ങള്‍- കു.സം. (മധുശ്രീ) മിനുക്കിനാള്‍ മാന്തളിരാകുമോഷ്ഠം- കു.സം.
എന്നും മറ്റുംപോലെ ആഖ്യാതത്തിനു ലിംഗവചനങ്ങള്‍ കൊടുത്തിട്ടു് ആരോപം സ്പഷ്ടമാക്കാം.
നാമത്തെ വേറെ നാമത്താല്‍
വിവരിക്കുമിടങ്ങളില്‍
വിഭക്തി രണ്ടാംനാമത്തില്‍
വേണം; ചേര്‍ക്കാമിരണ്ടിലും.
ഒരു നാമത്തെ മറ്റൊരു നാമംകൊണ്ടു വിവരിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാമത്തെ നാമത്തിനാണു് വിഭക്തിപ്രത്യയം വേണ്ടത്; രണ്ടിലും ചേര്‍ക്കുന്നതിനു വിരോധമില്ല. വിവരിക്കുന്ന നാമം (1) "എല്ലാം' എന്ന സര്‍വ്വനാമമോ, (2) ഒരുവന്‍, ഇരുവര്‍ മുതലായ സാംഖ്യഭേദകങ്ങളുടെ നാമരൂപങ്ങളോ, (3)പേര്‍, ആള്‍ എന്ന നാമങ്ങളോ ആയിരിക്കും. ഉദാ:
ജനങ്ങളുടെ എല്ലാവരുടെയും സമ്മതം. ജനങ്ങള്‍ എല്ലാവരുടെയും സമ്മതം. അയല്‍വാസികളെ നാലുപേരെ വിളിച്ചു. അയല്‍വാസികള്‍ നാലുപേരെ വിളിച്ചു. നമ്മുടെ ഇരുവരുടെയും സ്നേഹിതന്‍. നമ്മള്‍ ഇരുവരുടെയും സ്നേഹിതന്‍. എന്നെ ഒരാളെക്കൊണ്ടു് ഇക്കാര്യം സാധിക്കയില്ല.
"രാധാകാന്തന്‍ ദേവനെ ശരണം പ്രാപിക്കുന്നു.' ഇത്യാദികളില്‍ രാധാകാന്തനായ ദേവനെ എന്നു് ആയ അര്‍ത്ഥസിദ്ധമാകുന്നു.