കേരളപാണിനീയം/നാമാധികാരം/ലിംഗപ്രകരണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കേരളപാണിനീയം |
|---|
|
|
|
നാമാര്‍ത്ഥവസ്തുവിന്നുള്ള |
പുരുഷന്‍, സ്ത്രീ, നപുംസകം എന്നു ലോകത്തില്‍ പ്രസിദ്ധമായ വിഭാഗത്തിനു തന്നെയാണു് ഭാഷയില്‍ ലിംഗം എന്നു പറയുന്നതു്. സംസ്കൃതത്തിലും മററും ലിംഗത്തിനു വ്യവസ്ഥയില്ല. അചേതനമായ കിണ്ടി (കുണ്ഡീ), കുടം (ഘടഃ) ഇത്യാദിയെ സംസ്കൃതത്തില്‍ അവള്‍ എന്നും അവന്‍ എന്നും അര്‍ത്ഥമായ സാ, സഃ എന്ന പദങ്ങള്‍കൊണ്ടണു വ്യവഹരിക്കുന്നതു്. ഭാഷയിലെ ലിംഗവ്യവസ്ഥ അര്‍ത്ഥമനുസരിച്ചാകയാല്‍ വളരെ സയുക്തികമായിരിക്കുന്നുണ്ടു്. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങള്‍ തുടങ്ങിയ ജന്തുക്കള്‍പോലും ഭാഷയില്‍ നപുംസകലിംഗം ആണു്. അതിനുള്ള യുക്തി പുംസ്ത്വം, സ്ത്രീത്വം ഇതു രണ്ടും വിശേഷബുദ്ധി എന്ന ചെതന്യമുള്ളവരിലേ പ്രധാനമായി ഗണിക്കേണ്ടതുള്ളു എന്നും മനുഷ്യനെ സംബന്ധിച്ചിടത്തോളം ആവക ജന്തുക്കളെയും അചേതനമായി ഗണിക്കാവുന്നതിനാല്‍ അവയിലെ പുംസ്ത്രീഭേദം വകവയ്ക്കേണ്ടതില്ല എന്നും ആണു്.
|
അകാരന്തത്തിനേ ഉള്ളു |
അകാരാന്തശബ്ദങ്ങളില്‍ മാത്രമേ പ്രധാനമായി ലിംഗപ്രത്യയം ചേര്‍ക്കേണ്ടതുള്ളു. അകാരന്തത്തിലും താലവ്യാകാരാന്തശബ്ദങ്ങള്‍ക്കു് ലിംഗഭേദമില്ല. എന്നാല്‍ ബഹുമാനത്തെ കാണിപ്പാനായി ചിലെടത്തു് ആവക ശബ്ദങ്ങള്‍ക്കും ലിംഗപ്രത്യയം ചേര്‍ക്കാറുണ്ടു്. തന്തയാന്‍, തള്ളയാള്‍ ഇത്യാദികള്‍ ഉദാഹരണങ്ങള്‍. അകാരാന്തശബ്ദങ്ങളൊഴികെ മററുള്ളവയില്‍ ലിംഗപ്രത്യയം ചേര്‍ത്തുകാണുന്നിടത്തെല്ലാം ഉച്ചാരണസൗകര്യമോ മറ്റേതെങ്കിലുമോ ഒരു പ്രയോജനം ഉണ്ടായിരിക്കും. വക്കീലന്മാര്‍, തിരുമുല്പാടന്മാര്‍ മുതലായ ശബ്ദങ്ങളില്‍ വക്കീല്‍മാര്‍, തിരുമുല്പാടുമാര്‍ എന്നൊക്കെ ഉച്ചരിക്കുന്നതു് വിഷമമാകയാല്‍ "അന്‍' എന്ന പുല്ലിംഗപ്രത്യയം ചേര്‍ത്തിരിക്കുന്നു. സംസ്കൃതത്തിലും അകാരാന്തം, സകാരാന്തം, തകാരാന്തം, നകാരാന്തം ഇങ്ങനെ ചില ശബ്ദങ്ങളില്‍ മാത്രമേ പ്രധാനമായി ലിംഗഭേദമുള്ളു. മുനി- മുനിവന്‍, ഉച്ചെശ്ശ്രവസ്- ഉച്ചെശ്ശ്രവസന്‍ എന്നും മററും ഇകാരാന്തം, സകാരാന്തം മുതലായ നാമങ്ങളില്‍ ലിംഗപ്രത്യയം പഴയ കൃതികളില്‍ കാണുന്നുണ്ടു്. അതിന്റെ പ്രയോജനം പ്രാധാന്യം കണക്കാക്കിയാണെന്നു് സമാധാനപ്പെടാം. തിരുമുല്പാടന്മാര്‍, വക്കിലന്മാര്‍ ഇത്യാദികളില്‍ വ്യക്തിവിവക്ഷകൂടിയുണ്ടു്. തിരുമുല്പാടു് എന്നതു് സ്ഥാനപ്പേര്‍: സ്ഥാനംമാത്രം കുറിക്കുമ്പോള്‍ വ്യക്തിവിവക്ഷയില്ലായ്കയാല്‍ വചനം വേണ്ട. ബഹുത്വംകൂടി കാണിക്കണമെന്നുവരുമ്പോള്‍ "തിരുമുല്പാടന്‍' എന്നു് ഏകവചനം ചേര്‍ത്തു് ഒററവ്യക്തിയെ ഉണ്ടാക്കീട്ടു് അതിനുമേല്‍ ബഹുത്വം കുറിക്കാന്‍ "മാര്‍' ചേര്‍ക്കുന്നു. അവിടെയും പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ചേര്‍ത്തു് ജാതിയെപ്പറകയാണെങ്കില്‍ "തിരുമുല്പാടര്‍' എന്നു് അലിംഗബഹുവചനം വരും. ഒരുവനെ പറകയാണെങ്കിലും "ഇവന്‍ ഒരു തിരുമുല്പാടനാണ്' എന്നു പറയാം. അങ്ങനെ ചെയ്യുമ്പോള്‍ അയാളെപ്പററി അനാദരംകൂടി തോന്നും. ലിംഗവചനപ്രത്യയങ്ങള്‍ കൂടാതെ സ്ഥാനപ്പേരുമാത്രം പറഞ്ഞാല്‍ മതിയാകുമെന്നിരിക്കെ "അന്‍' ചേര്‍ക്കുമ്പോള്‍ പ്രകൃതമായ സ്ഥാനപ്പേരുള്ള ഒരാളാണിവന്‍ എന്നു് അര്‍ത്ഥം വരികയാല്‍ പ്രധാനം വ്യക്തിയായിപ്പോകുന്നു; അതില്‍നിന്നു് സ്ഥാനപ്പേരിനെ ഇവന്‍ അര്‍ഹിക്കുന്നില്ലെന്നുകൂടി ധ്വനിക്കും. ലിംഗവചനാദികളായ ഉപാധികളെ എടുത്തു കാണിക്കാന്‍ കുറിചേര്‍ക്കുന്നതു് അത്യാവശ്യമുള്ളിടത്തു മാത്രം മതി എന്നാണു് ദ്രാവിഡഭാഷകളുടെ സിദ്ധാന്തം. ഇൗ തത്ത്വത്തെ "പുംസ്ത്രീകള്‍ക്കും ലിംഗഭേദംവേണ്ടു ദുര്‍വ്വര്‍ജ്ജമെങ്കിലേ' എന്നു സൂത്രത്തില്‍ത്തന്നെ വിളിച്ചുപറയും.
|
അനിയം (അന്‍-ഇ-അം) തനിനാമത്തില്‍ |
ലിംഗപ്രത്യയങ്ങളെ വിധിക്കുന്നു: തനിനാമം= സര്‍വ്വനാമമല്ലാത്ത നാമം. തനിനാമത്തില്‍ പുല്ലിംഗത്തിനു് "അന്‍' എന്നും, സ്ത്രീലിംഗത്തിനു് "ഇ' എന്നും, നപുംസകത്തിനു് "അം' എന്നും പ്രത്യയം വരും. സര്‍വ്വനാമങ്ങളെ വേര്‍തിരിപ്പാനാണു് തനിനാമം എന്നു പറഞ്ഞതു്.
ഉദാ:
- പും- കേമന്‍, കള്ളന്‍, കുമാരന്‍, കുട്ടന്‍
- സ്ത്രീ- കേമി, കള്ളി, കുമാരി, കുട്ടി
- നപും- കേമം, കള്ളം
- സര്‍വ്വനാമങ്ങളില്‍ പുല്ലിംഗത്തിനു് "അന്‍' എന്നും, സ്ത്രീലിംഗത്തിനു് "അള്‍' എന്നും, നപുംസകത്തിനു് "ത്' എന്നും പ്രത്യയങ്ങള്‍.
ഉദാ:
- അവന്‍ അവള്‍ അത്;
- ഇവന്‍ ഇവള്‍ ഇത്
- യാവന്‍ യാവള്‍ യാത്;
- ഏവന്‍ ഏവള്‍ ഏത്
പുംസ്ത്രീസാധാരണശബ്ദങ്ങളിലും "അന്‍' "അള്‍' എന്ന രണ്ടുംതന്നെ പ്രത്യയങ്ങള്‍: മകന്‍,മകള്‍.
ആഖ്യാതത്തോടു ചേരുമ്പോള്‍ ഇൗ "അന്‍' "അള്‍' എന്ന പുംസ്ത്രീ പ്രത്യയങ്ങള്‍ ദീര്‍ഘിച്ചു് "ആന്‍' എന്നും ആകും. നപുംസകം ഭേദംകൂടാതെ "തു' എന്നുതന്നെ.
ഉദാ:
- വന്നാന്‍, പോയാന്‍, ചൊല്ലിനാന്‍, ഇരിക്കുന്നാന്‍,
- വന്നാള്‍, പോയാള്‍, ചൊല്ലിനാള്‍, ഇരിക്കുന്നാള്‍,
- വന്നിതു, പോയിതു.
|
ആനാളെന്നുള്ള പുംസ്ത്രീകള്‍ |
ബഹുമാനം ദേ്യാതിപ്പിക്കുന്ന സ്ഥലങ്ങളില്‍ എല്ലാ ശബ്ദങ്ങള്‍ക്കും പുല്ലിംഗത്തില്‍ "ആന്‍' എന്നും സ്ത്രീലിംഗത്തില്‍ "ആള്‍' എന്നും ചേരും. അധികം ബഹുമാനം ദേ്യാതിപ്പിക്കുന്നിടത്തു് രണ്ടു ലിംഗത്തിനും ബഹുവചനരൂപം ചേര്‍ത്തു് "ആര്‍' എന്നുംവരും.
ഉദാ: തന്തയാന്‍, തള്ളയാള്‍, തന്തയാര്‍, തള്ളയാര്‍, സ്വാമിയാര്‍, കുമ്പിനിയാര്‍, കട്ടയാന്‍, തട്ടാന്‍, മാരാന്‍, വിഡ്ഢിയാന്‍, മൊട്ടയാന്‍, ആശാന്‍, വാധ്യാര്‍, തമ്പുരാന്‍.
|
അത്തിയെന്നു ചിലേടത്തു |
ചില ശബ്ദങ്ങളില്‍ സ്ത്രീലിംഗപ്രത്യയം "ത്തി' എന്നായിട്ടു വരും.
ഉദാ:
- പും- പണിക്കാരന്‍ പപ്പടക്കാരന്‍ തെരുകാരന്‍
- സ്ത്രീ- പണിക്കാരത്തി പപ്പടക്കാരത്തി തെരുകാരത്തി
ഇൗ "ത്തി' പ്രത്യയം മുന്‍പിലെ വര്‍ണ്ണം താലവ്യമാണെങ്കില്‍ തകാരത്തിനു് താലവ്യമായ ചകാരം ആദേശം വന്നു് "ച്ചി' എന്നായിത്തീരും.
ഉദാ: പും- തടിയന്‍ ചെട്ടി
മടിയന്‍ സ്ത്രീ- തടിച്ചി ചെട്ടിച്ചി
മടിച്ചി
തമ്പുരാട്ടി മുതലായ ശബ്ദങ്ങളില്‍ കാണുന്ന "ആട്ടി' എന്നതും "ത്തി' പ്രത്യയം ചേര്‍ന്നുണ്ടായ രൂപം തന്നെയാണു്. "ആള്‍' എന്നതിനു് "ആളുന്ന' എന്നര്‍ത്ഥം. ആള്‍+ത്തി എന്നതില്‍ തകാരത്തിനു മൂര്‍ദ്ധന്യാദേശം വന്നു് ആള്‍+ട്ടി എന്നും, പിന്നെ ളകാരത്തിനും മൂര്‍ദ്ധന്യാദേശത്താല്‍ "ആട്ടി' എന്നും ആയിത്തീര്‍ന്നിരിക്കുന്നു.
കൃദന്തശബ്ദങ്ങളിലും തദ്ധിതാന്തശബ്ദങ്ങളിലും നപുംസകത്തിനു കൂടി "അന്‍' എന്നുതന്നെ ലിംഗപ്രത്യയം വരും.
ഉദാ: തെക്കന്‍- മനുഷ്യന്‍; ഭാഷ കൂനന്‍- കൂനന്‍ മാട് കോട്ടാറന്‍- മനുഷ്യന്‍, ചരക്കു് തടിയന്‍- തടിയന്‍ മരം തുവരന്‍- തുവരുന്നതു് വളവന്‍- വളവന്‍വടി തുരപ്പന്‍-- തുരക്കുന്നതു് ഉൗക്കന്‍- ഉൗക്കന്‍ മതില്‍
|
നപുംസകമലിംഗംതാ- |
മേല്ക്കാണിച്ച ലിംഗപ്രത്യയങ്ങളുടെ സ്വരൂപത്തെപ്പററി വിചാരണ ചെയ്യുന്നു. അതില്‍ ആദ്യംതന്നെ "അം' എന്ന നപുംസകപ്രത്യയത്തെക്കുറിച്ചാലോചിക്കുന്നു: ലോകത്തില്‍ സ്ത്രീയെന്നും പുരുഷനെന്നും ഉള്ള ഭേദമനുസരിച്ചു് സ്ത്രീലിംഗപുല്ലിംഗങ്ങള്‍ സിദ്ധമാകുന്നു. അതുരണ്ടും അല്ലാത്തതിനാണു് നപുംസകം എന്നു പറഞ്ഞുവരുന്നതു്. അപ്പോള്‍ ലിംഗമില്ലാത്തതു് നപുംസകം എന്നാണു വന്നുകൂടുന്നതു്. ആ സ്ഥിതിക്കു് ലിംഗമില്ലാത്തതിനെക്കുറിപ്പാന്‍ ഒരു ലിംഗപ്രത്യയം ചേര്‍ക്കേണ്ട ആവശ്യമേ ഇല്ല; ഒരു ലിംഗപ്രത്യയവും ചേര്‍ക്കാതിരിക്കുന്നതുകൊണ്ടുതന്നെ നപുംസകമാണെന്നു ഗ്രഹിക്കാവുന്നതാണു്. സൂക്ഷ്മം നോക്കിയാല്‍ പുല്ലിംഗസ്ത്രീലിംഗ പ്രത്യയങ്ങളും, പ്രയോഗിക്കുന്ന പദത്തിന്റെ അര്‍ത്ഥം പുരുഷനോ സ്ത്രീയോ എന്നുള്ളതു് വേറെ വിധത്തില്‍ ഗ്രഹിപ്പാന്‍ കഴിയുന്നേടത്തു്, ചേര്‍ക്കണമെന്നില്ല. "ആ' "പെ' മുതലായ ശബ്ദങ്ങള്‍തന്നെ ഇതിനു ദൃഷ്ടാന്തങ്ങള്‍. ഇങ്ങനെ "അം' എന്നൊരു നപുംസകപ്രത്യയം സ്വീകരിക്കേണ്ടതില്ലാത്തതിനാല്‍ മരം, പാലം, കടം ഇൗ വക നപുംസകശബ്ദങ്ങളില്‍ കാണുന്ന "അം' എന്ന ഭാഗം അംഗപ്രത്യയമാണെന്നു വയ്ക്കുന്നതാണു യുക്തം; അല്ലാതെ ലിംഗപ്രത്യയമാക്കുന്ന തല്ലെന്നു് ഡാക്ടര്‍ കാല്‍ഡെ്വല്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. മരത്തെ, മരത്താല്‍ എന്നും മററുമുള്ള പ്രതിഗ്രാഹികാദി വിഭക്തികള്‍ ചേര്‍ന്ന പദങ്ങളില്‍ "അം' പ്രത്യയം കാണാതിരിക്കുന്നതും അതു ലിംഗപ്രത്യയമല്ലാതിരിക്കുന്നതുകൊണ്ടുതന്നെയാണു്. രാമനെ, രാമനാല്‍; മകളെ, മകളാല്‍ ഇത്യാദി പുംസ്ത്രീലിംഗശബ്ദങ്ങളില്‍ ലിംഗപ്രത്യയത്തിന്നുശേഷം വിഭക്തിപ്രത്യയം വന്നിരിക്കെ നപുംസകത്തില്‍ മാത്രം അപ്രകാരമല്ലെന്നുള്ളതിന്നു യുക്തിയും കാണുന്നില്ല. "അനക്കം', "ആട്ടം' മുതലായ ഭാവരൂപങ്ങളില്‍ "അം' എന്നതു് ലിംഗപ്രത്യയമല്ലെന്നു സ്പഷ്ടമാണല്ലോ. അവയില്‍ കാണുന്ന "അം' എന്ന ഭാഗം "അനങ്ങുക' ഇത്യാദി കൃതികളില്‍നിന്നു് "കൃതിതൃതു് പ്രത്യയം' എന്ന നാമരൂപമുണ്ടാക്കുന്നതിനുള്ള പ്രത്യയമാകുന്നു. മരത്താല്‍ ഇത്യാദി വാക്കുകളില്‍ "അത്ത്' എന്നുള്ള ഭാഗം യോജിപ്പിന്നുവേണ്ടി ചേര്‍ക്കുന്ന ഇടനിലയാകുന്നു. മരത്തിന്റെ, മരത്തിനു് ഇത്യാദി സ്ഥലങ്ങളില്‍ "ഇന്‍' എന്നുള്ള ഭാഗം ഇടനിലയാകുന്നതുപോലെ "അത്ത്' എന്നുള്ളതും ഇടനിലതന്നെ. ഇങ്ങനെ ഇടനിലയായി "അത്ത്' എന്നു വരുമെന്നുള്ളതിനു് വിഭക്ത്യാഭാസങ്ങളുടെ കൂട്ടത്തില്‍പ്പെട്ട കാററത്തു്, വെയിലത്തു്, മഴയത്തു് മുതലായ ശബ്ദങ്ങളും സഹായിക്കുന്നുണ്ടു്. കാററു്, വെയില്‍, മഴ ഇത്യാദി ശബ്ദങ്ങളില്‍നിന്നു് അതുള്ള സ്ഥലത്തില്‍ എന്ന അര്‍ത്ഥത്തില്‍ ആധികാരികാവിഭക്തിയുടെ സ്ഥാനത്തു് "അത്ത്' എന്ന ഒരു പ്രത്യയം വരുന്നു എന്നാണല്ലോ സ്വീകരിക്കേണ്ടതു്. അതുപോലെ മരത്താല്‍, മരത്തിന്റെ ഇത്യാദി സ്ഥലങ്ങളില്‍ ഇടനിലയായി ഒരു "അത്ത്' ഫ്രത്യയം വരുന്നുവെന്നു വെക്കുന്നതു യുക്തമായിരിക്കുന്നുണ്ടു്.
|
അംപ്രത്യയം ദന്ത്യനാന്ത- |
മരം, പാലം ഇത്യാദിനപുംസക ശബ്ദങ്ങളിലെ "അം' എന്നതു് ലിംഗപ്രത്യയമോ എന്ന സംഗതിയില്‍ ഇൗ ഗ്രന്ഥകര്‍ത്താവിനു തോന്നുന്ന അഭിപ്രായം ഇങ്ങനെയാണ്: "അം' എന്നതു് ലിംഗപ്രത്യയം ആകുന്നു. മരത്തെ, മരത്തില്‍ ഇത്യാദി സ്ഥലങ്ങളില്‍ "അം' എന്നതിലെ അനുസ്വാരത്തിനു് "ത്ത്' എന്നാദേശം വന്നിരിക്കയാണു്. അതിനാല്‍ ലിംഗപ്രത്യയത്തിന്റെ ശേഷം തന്നെയാണു് നപുംസകത്തിലും വിഭക്തിപ്രത്യയം വരുന്നതു്. മരത്തിന്റെ, മരത്തില്‍ ഇത്യാദികളില്‍ വിഭക്തിപ്രത്യയത്തിന്റെ മുന്‍പില്‍ "അത്ത്' എന്നു ചേര്‍ത്തു് അംഗം ഉണ്ടായിത്തീരുന്നു എന്നു പറയുന്നതിനു യുക്തിയുണ്ടെങ്കിലും "മരം' എന്ന വിഭക്തിപ്രത്യയമില്ലാത്ത നിര്‍ദ്ദേശികാരൂപത്തില്‍ അവസാനത്തില്‍ ഒരു അംഗപ്രത്യയം വന്നുകൂടിയതുകൊണ്ടു് ഒരു മെച്ചവും കിട്ടുന്നില്ലെന്നു മാത്രമല്ല അവസാനത്തില്‍ അംഗപ്രത്യയം (ഇടനില) വരുന്നതിനു യുക്തിയും കാണുന്നില്ല. എന്നാല്‍ നപുംസകലിംഗപ്രത്യയമായിക്കാണുന്ന "അം' എന്നതു് ആദികാലങ്ങളില്‍ "അന്' എന്നായിരുന്നു എന്നും പിന്നെ നകാരം അനുസ്വാരമായി മാറിപ്പോയതാണെന്നും വിചാരിക്കുന്നതു് യുക്തമായിത്തോന്നുന്നുണ്ടു്. "കൂവളത്തിന്‍വേര്‍' എന്നതു "കൂവ-ളത്തുംവേര്‍' എന്നുച്ചരിച്ചുവരുന്നതു സാധാരണയാണല്ലോ. അതില്‍ കാരത്തിനു് അനുസ്വാരം ഉച്ചരിക്കുന്ന സ്ഥിതിക്കു് നകാരത്തിനും അനുസ്വാരോച്ചാരണം സംഭവിക്കാവുന്നതാണു്. ഇങ്ങനെ ആദിയില്‍ "അന്' എന്നായിരുന്നു നപുംസകപ്രത്യയമെന്നു വരുന്നപക്ഷം മരത്തെ, മരത്താല്‍ ഇത്യാദികളില്‍ "അന്' എന്നതിലെ നകാരത്തിനു ഖരാദേശം വന്നു് തകാരമായെന്നും, ആ തകാരം പിന്നെ ഇരട്ടിക്കുന്നു എന്നും സ്വീകരിച്ചാല്‍ മതിയാകും. അനുനാസികങ്ങള്‍ക്കു് ഖരാദേശം സമസ്തപദങ്ങളില്‍പ്പോലും സാധാരണ വരുന്നതാണു്. (ആണ്ടു+പിറന്നാള്‍=) ആട്ടപ്പിറന്നാള്‍; ചെപ്പുക്കുടം, ചെപ്പേടു് ഇത്യാദികള്‍ ഉദാഹരണങ്ങള്‍. ദ്വിത്വഖരാദേശങ്ങള്‍ ചെയ്യുന്നതു് അപ്രാധാന്യം സൂചിപ്പിക്കാനാകുന്നു. അതും ഇവിടെ യോജിക്കുന്നുണ്ടു്. പ്രധാന കാരകത്തെ കുറിക്കുന്ന നിര്‍ദ്ദേശികാവിഭക്തിയില്‍ ത്താദേശമില്ല; അപ്രധാനങ്ങളായ മറ്റു വിഭക്തികളിലേ ഇതു വരുന്നുള്ളു. ഇനി നകാരത്തിനു് അനുസ്വാരം ഉച്ചാരണഭേദം വഴിക്കുവരാവുന്നതാണോ എന്നു നോക്കുകയാണെങ്കില്‍ അതും സംഭവിക്കാവുന്നതായിത്തന്നെയിരിക്കുന്നു. സംസ്കൃതത്തില്‍ മകാരത്തിനെന്നപോലെ നകാരത്തിനും അനുസ്വാരം സന്ധിയില്‍പ്പോലും വരുന്നതായിക്കാണുന്നുണ്ടു്. താന്‍+താന്‍=താംസ്താന്‍. ഒററപ്പദത്തിലും രമ്+സ്യതേ=രംസ്യതേ എന്നപോലെ മന്‍+സ്യതേ=മംസ്യതേ എന്നാകുന്നുണ്ടു്. അതുകൊണ്ടു സംസ്കൃത്തിലെപ്പോലെ മലയാളത്തിലും "അന്' എന്ന പ്രത്യയം "അം' എന്നായതാണെന്നു സ്വീകരിക്കുന്നതുതന്നെയാണു യുക്തം. ഇൗ സംഗതികൊണ്ടുതന്നെ പദമധ്യത്തില്‍ മകാരനകാരങ്ങള്‍ക്കു ധ്വനിസാമ്യം വരുമെന്നുള്ളതും സ്പഷ്ടമായല്ലോ. തമിഴില്‍ത്തന്നെ കടം, ഫലം ഇത്യാദി ശബ്ദങ്ങള്‍ക്കു് കടന്‍, പലന്‍ ഇത്യാദി രൂപങ്ങള്‍ നാടോടിബ്ഭാഷയില്‍ക്കൂടി കാണുന്നുണ്ടു്. ഇതിനുപപത്തി കാണിക്കാന്‍വേണ്ടി ഭവനന്ദി നപുംസകത്തില്‍ "അം' എന്നും "അന്‍' എന്നും പ്രത്യയമാകാമെന്നു വിധിക്കയും ചെയ്യുന്നു. അതിനാല്‍ ആദികാലത്തു നപുംസകത്തുലും "അന്‍' തന്നെ ആയിരുന്നു പ്രത്യയം എന്നും അതു ക്രമേണ പുല്ലിംഗത്തില്‍നിന്നു ഭേദം സ്പഷ്ടമാക്കാന്‍വേണ്ടി നകാരത്തിനു് അനുസ്വാരാദേശംചെയ്തു് "അം' എന്നാക്കി എന്നും, പലന്‍, കടന്‍ ഇത്യാദികള്‍ പഴയ സമ്പ്രദായത്തിന്റെ അവശേഷങ്ങളാണെന്നും ഉൗഹിപ്പാന്‍ നല്ല വകയുണ്ടു്. എന്നാല്‍ "അന്' എന്നു നകാരമായാലേ ഖരാദേശദ്വിത്വങ്ങള്‍കൊണ്ടു് "അത്ത്' ഉണ്ടാകുകയുള്ളല്ലോ; കട പല എന്നു് കാരമാണല്ലോ കാണുന്നതു് എന്ന ചോദ്യത്തിനു് സമാധാനം പറയുന്നു:
|
പദാന്തത്തില്‍ നങ്ങള്‍ക്കും |
തമിഴില്‍ കടന്‍ എന്നതിലെ അന്ത്യവര്‍ണ്ണം കാരമല്ല; നകാരം തന്നെയാണു്. പദാവസാനത്തില്‍ വരുന്ന രേഫത്തിനും റകാരത്തിനും അവര്‍, മകളര്‍, ചാര്‍, ആര്‍ (വെള്ളം) ഇത്യാദികളില്‍ ധ്വനിസാമ്യമുള്ളതുപോലെ കാരനകാരങ്ങള്‍ക്കും, പദാവസനാത്തില്‍ ധ്വനിസാമ്യം വന്നിട്ടുള്ളതാണു്. മലരു്, നീരു്, ഇത്യാദി ശബ്ദങ്ങള്‍ സംവൃതം ചേര്‍ത്തു പറയുമ്പോള്‍ രേഫാന്തങ്ങളാണെന്നു തെളിയുന്നുണ്ടെങ്കിലും സംവൃതംകൂടാതെ ചില്ലായിനില്ക്കുമ്പോള്‍ മലരു്, നീരു് എന്നല്ല; മലറു്, നീറു് എന്നുതന്നെയാണു് ഉച്ചരിക്കപ്പെടുന്നതു്. അകാരത്തിനുമേല്‍ അനുസ്വാരം വന്നാല്‍ അതിനെ ത്തകാരം ആയിട്ടാണു ഗണിക്കേണ്ടതെന്നു് വേറെ ഉദാഹരണങ്ങളില്‍ നിന്നും തെളിയുന്നുണ്ടു്. തുലാം- തുലാത്തില്‍, സലാം- സലാത്തിന്റെ; എല്ലാം- എല്ലാത്തിലും ഇത്യാദി. അതിനാല്‍ "അം' എന്ന അനുസ്വാരത്തിന്റെ യഥാര്‍ത്ഥമായ ആഗമം ഏതായാലും ആ അനുസ്വാരത്തിനു് "ത്ത്' ആദേശം വരുന്നതില്‍ യാതൊരു വിരോധവുമില്ല. അതുകൊണ്ടു് ഏതായാലും "അത്ത്' എന്നൊരു അംഗപ്രത്യയം പ്രതേ്യകമായി സ്വീകരിച്ചിട്ടാവശ്യമില്ല. ഇരുട്ടത്തു്, മഴയത്തു് എന്ന വിഭക്ത്യാഭാസങ്ങളില്‍ കാണുന്ന "അത്ത്' എന്നതും "അം' എന്നതില്‍നിന്നുതന്നെ വരുന്നു. "അം' ചേര്‍ക്കുന്നതാകട്ടെ, "അതുള്ള സ്ഥലം' എന്നു് അര്‍ത്ഥംകുറിക്കാന്‍വേണ്ടീട്ടാകുന്നു. മടി ഉള്ളവന്‍ മടിയന്‍ എന്നു പുല്ലിംഗത്തില്‍ അന്‍ പ്രത്യയംപോലെ നപുംസകത്തില്‍ അം പ്രത്യയം വരേണ്ടതു് ന്യായമാണല്ലോ. മഴയുള്ള സ്ഥലത്തില്‍ എന്നാണു് മഴയത്തു് എന്ന വിഭക്ത്യാഭാസത്തിന്റെ അര്‍ത്ഥവും. ചില്ലായുള്ള മകാരം സംവൃതം ചേരുമ്പോള്‍ "ത്ത്' എന്നാകുമെന്നു് ചില്ലുകളെപ്പററിയുള്ള വിചാരണയില്‍ പറഞ്ഞിട്ടുള്ളതും നോക്കുക. അവിടെയും ഹിതമൊടു, ഹിതത്തൊടു എന്ന വികല്പരൂപം കാണുന്നതിനാല്‍ അനുസ്വാരത്തിനു് ത്താദേശം വരികയാണെന്നുള്ള കല്പന ബലപ്പെടുന്നു. ഇനി മേല്പറഞ്ഞ ലിംഗപ്രത്യയങ്ങളുടെ ഉല്‍പ്പത്തിയെപ്പററിയും കുറച്ചൊന്നു പ്രസ്താവിക്കാം: "ആ' എന്ന ശബ്ദരൂപംതന്നെയാണു് "അന്‍' എന്ന പുല്ലിംഗപ്രത്യയമായി പരിണമിക്കുന്നതു്. ആ എന്ന പുരുഷവാചകമായ ആദ്യദ്രാവിഡശബ്ദം തമിഴ്മലയാളങ്ങളില്‍ ഹ്രസ്വവും ണകാരത്തിനു കാരാദേശവും (ഇതൊട്ടും അപൂര്‍വ്വമല്ല) വന്നു് "അന്‍' എന്ന പുല്ലിംഗപ്രത്യയമായി. തെലുങ്കില്‍ "ഡു' ചേര്‍ന്നു് (ഇതും അപൂര്‍വ്വമല്ല- വേ- വേണ്ടുന്നു; വേണ്ടും ഇത്യാദി നോക്കുക) "വാണ്ഡു' എന്നായി. തെലുങ്കില്‍ അവന്‍= വാണ്ഡു, ചിന്നവന്‍= ചിന്നവാണ്ഡു). കര്‍ണ്ണാടകത്തില്‍ "ഉ' കാരം ചേര്‍ന്നു് "അനു' എന്നുമായി. കര്‍ണ്ണാടകത്തില്‍ അന്ദര്‍ (അവന്‍ ദരു) എന്ന അലിംഗബഹുവചനത്തില്‍ ദകാരത്തിന്റെ അംശം കാണുന്നുണ്ടു്. നകാരത്തിനു മകാരം വന്നു് "അം' എന്നും രൂപം കര്‍ണ്ണാടകത്തില്‍ ഉണ്ടു്. ഹ്രസ്വംകൂടാതെ "ആന്‍' എന്നുതന്നെ തമിഴുമലയാളങ്ങളില്‍ കാണുന്നുണ്ട്- ആശാന്‍, വാധ്യാന്‍ ഇത്യാദികള്‍ നോക്കുക. ആഖ്യാതരൂപങ്ങളിലോ ചെയ്താന്‍, ചെയ്താള്‍ എന്നു സര്‍വ്വത്ര ദീര്‍ഘമേയുള്ളു. അപ്രകാരംതന്നെ "ആള്‍' എന്ന ശബ്ദരൂപം "അള്‍' എന്ന സ്ത്രീലിംഗപ്രത്യയമായി. ആള്‍ എന്നതു് ഇക്കാലത്തു സ്ത്രീപുരുഷസാമാന്യ വാചകമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും ആദികാലത്തില്‍ അതു സ്ത്രീവാചകം മാത്രമായിരുന്നു എന്നൂഹിപ്പാന്‍ സ്ത്രീവാചകശബ്ദങ്ങളോടുകൂടി കമനിയാള്‍, സുന്ദരിയാള്‍, അന്നനടയാള്‍ ഇങ്ങനെ പ്രയോഗിച്ചുകാണുന്നതും പുരുഷവാചകങ്ങളോടു ചേര്‍ന്നുള്ള പ്രയോഗം കാണാതിരിക്കുന്നതും സാമാന്യം യുക്തിയായിരിക്കുന്നുണ്ടു്. തമിഴില്‍ അനുഭവം അര്‍ത്ഥമായ "തു' എന്ന ധാതുതന്നെ നപുംസകപ്രത്യയമായി പരിഗണിച്ചിരിക്കണമെന്നാണു് ഇൗ ഗ്രന്ഥകാരന്റെ അഭിപ്രായം. തന്നെത്താന്‍ ഒന്നിനും കഴിയാതെ ചേതനങ്ങള്‍ ചെയ്യുന്നതെല്ലാം അനുഭവിച്ചും കൊണ്ടിരിക്കയാണല്ലോ ജഡവസ്തുവിന്റെ സ്വഭാവം. അതിനാല്‍ അനുഭവാര്‍ത്ഥകമായ "തു' ധാതുവിന്നു നപുംസകപ്രത്യയത്വം യുക്തമായിരിക്കുന്നു. "ഇ' എന്ന സ്ത്രീലിംഗപ്രത്യയം സംസ്കൃതത്തില്‍നിന്നു വന്നുചേര്‍ന്നതായിരിക്കാം. സംസ്കൃതത്തില്‍ "കര്‍ത്രീ' "മനസ്വിനീ' ഇത്യാദികളില്‍ കാണുന്ന "ഇൗ' എന്ന സ്ത്രീപ്രത്യയം മലയാളപ്പെടുത്തി "ഇ' എന്നാക്കിയെന്നു മാത്രം. ഭേദം. ഭോഷി, മിടുക്കി, കള്ളി, മുട്ടി ഇത്യാദി ഭാഷാനാമങ്ങളിലും "ഇ' പ്രത്യയം ഉപയോഗിച്ചുവരാറു ണ്ടെങ്കിലും സംസ്കൃതനാമങ്ങളിലാണു് അതിനു് അധികം പ്രചാരവും. തകാരം ചേര്‍ന്ന "തി' എന്ന സ്ത്രീലിംഗപ്രത്യയം ദ്രാവിഡംതന്നെ. തെലുങ്കില്‍ ഇതാണു് മിക്ക നാമങ്ങളിലും സ്ത്രീപ്രത്യയം; എന്നാല്‍ തെലുങ്കില്‍ നപുംസകത്തിനും ഇതുതന്നെ പ്രത്യയം. ഒരുവന്‍, ഒരുത്തി; കുറവന്‍, കുറത്തി ഇത്യാദികളില്‍ "തി' പ്രത്യയം ദ്വിത്വത്തോടെ തമിഴു് മലയാളങ്ങളിലും സാധാരണമാണു്.
അന്‍, അള്‍, തൂ മൂന്നും ലിംഗപ്രത്യയമാകുന്നതിനു പുറമേ വചനപ്രത്യയവും കൂടിയാണ്; ഏകവചനം കുറിക്കാന്‍ വേറെ പ്രത്യയം ഇല്ല; കേമന്‍, കേമന്മാര്‍ മകള്‍, മകളര്‍. എന്നാല്‍ "അന്‍' നാമത്തിനും സര്‍വ്വനാമത്തിനും സാധാരണമായിരിക്കെ "അള്‍', "തു' രണ്ടും സര്‍വ്വനാമത്തിനു മാത്രമേ ഉള്ളു. അള്‍, മകള്‍ എന്നു് ഒരു നാമത്തില്‍ മാത്രം കാണുന്നുണ്ടു്. "തു' അത്രയുംകൂടിയില്ല. നാമങ്ങളില്‍ മുറയ്ക്കു് അന്‍, ഇ അല്ലെങ്കില്‍ ത്തി, അം എന്നാണു് ലിംഗപ്രത്യയങ്ങള്‍; സര്‍വ്വനാമങ്ങള്‍ക്കാണു് അന്‍, അള്‍, തൂ, അന്‍, അള്‍ രണ്ടിനും സാധാരണമായിട്ടു് "അര്‍' എന്നു ബഹുവചനം ഒന്നുതന്നെ; തു എന്ന നപുംസകത്തിനു് അ എന്നു ബഹുവചനം.
അപ്പോള്‍: അന്‍- പുല്ലിംഗെകവചനപ്രത്യയം } അര്‍- പുംസ്ത്രീബഹുവചനപ്രത്യയം അള്‍- സ്ത്രീലിംഗെകവചനപ്രത്യയം അ-നപുംസകബഹുവചനപ്രത്യയം തു- നപുംസകെകവചനപ്രത്യയം
എന്നാല്‍ ഇപ്പോള്‍ "അതുകള്‍', "ഇതുകള്‍' എന്നും പ്രയോഗിച്ചുതുടങ്ങിയിരിക്കുന്ന സ്ഥിതിക്കു് സര്‍വ്വനാമത്തിലും കേമന്മാര്‍, കേമികള്‍ എന്ന പുംസ്ത്രീനാമങ്ങളിലെ ലിംഗപ്രത്യയവും വചനപ്രത്യയവും വെവ്വേറെ ആക്കാമെന്നുവരുന്നു.