കേരളപാണിനീയം/മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

ഒരു ഭാഷയ്ക്കു വ്യാകരണം ചെയ്യുന്നതു രണ്ടു വിധം ആകാം. ആ ഭാഷയിലെ രൂപസിദ്ധിക്രമം, അന്വയസമ്പ്രദായം മുതലായതു് തൽക്കാലത്തെ നടപ്പനുസരിച്ചു പരീക്ഷിച്ചു നോക്കീട്ടു് അതിനെല്ലാം ഉപപത്തിയുണ്ടാക്കത്തക്ക വിധം ചില സിദ്ധാന്തങ്ങളെ കല്പിച്ചുകൊള്ളുക. ഇതു അഭ്യൂഹം എന്നു പറയുന്ന കേവലയുക്തിയെ അടിസ്ഥാനമാക്കിപ്പുറപ്പെടുന്ന മാർഗ്ഗമാകയാൽ ഇതിനു് ആഭ്യൂഹികപ്രസ്ഥാനമെന്നു പേർ. ഇങ്ങനെ അല്ലെങ്കിൽ വ്യാകരിക്കേണ്ടുന്ന ഭാഷയുടെ ഉൽ‌പ്പത്തിമുതൽ നാളതുവരെയുള്ള ചരിത്രം ആരാഞ്ഞറിഞ്ഞു് പല പതനങ്ങളിലും ഉണ്ടായിട്ടുള്ള വ്യത്യാസങ്ങളെ കണ്ടു പിടിച്ചു് അതുകളുടെ പോക്കിനു ചേർന്ന വ്യവസ്ഥകൾ ഏർപ്പെടുത്തുക. ഇതു് ആഗമത്തെ (ചരിത്രത്തെ) ആസ്പദമാക്കീട്ടുള്ള പുറപ്പാടാകയാൽ ഇതിനു് ആഗമികപ്രസ്ഥാനമെന്നും പേർ. എളുപ്പത്തിൽ എഴുതിയുണ്ടാക്കാവുന്നതു് ആഭ്യൂഹികവ്യാകരണമായിരിക്കും; എന്നാൽ ഉപയോഗമധികം ആഗമികവ്യാകരണംകൊണ്ടാണു്. വ്യാകരണത്തെ ശാസ്ത്രങ്ങളുടെ കൂട്ടത്തിൽ ഗണിക്കണമെങ്കിൽത്തന്നെ അതു് ആഗമികമാർഗ്ഗത്തിലുള്ളതായിരിക്കണം.

ഒരു നാമത്തിനു് ലിംഗവിഭക്തികളിലോ, ഒരു ധാതുവിനു് കാലപ്രകാരാദികളിലോ രൂപം ഇന്നവിധം എന്നുപദേശിക്കയല്ല വ്യാകരണത്തിന്റെ ശരിയായ പ്രവൃത്തി. നാട്ടുഭാഷകളെ സംബന്ധിച്ചിടത്തോളം ആ വക സംഗതികളിൽ അതാതു നാട്ടുകാർക്കു് വ്യാകരണാപേക്ഷ വരുന്നതു് അപൂർവ്വമാണു്. അക്ഷരം ഉച്ചരിക്കാറായ ദിവസംമുതൽ പെരുമാറിക്കൊണ്ടുവരുന്ന മാതൃഭാഷയിലെ രൂപഭേദങ്ങളെല്ലാംതന്നെ പരിചയംകൊണ്ടു സ്വയമേ കൈവശപ്പെട്ടുകൊള്ളും. വാസനയുണ്ടെങ്കിൽ സ്വല്പമായ പ്രയോഗപരിജ്ഞാനംകൊണ്ടു് കവിതചെയ്യാൻകൂടി സാധിച്ചു എന്നുവരാം. എന്നാൽ ഇന്നതു തെറ്റു് ഇന്നതു ശരി എന്നു വിധിക്ക, പുതിയ ആശയങ്ങളെ ആവശ്യംപോലെ ആവിഷ്കരിക്കുന്നതിനു മാർഗ്ഗമുണ്ടാക്കുക, പഴയ മാമൂലുകളും തറവാട്ടുസ്വത്തുക്കളും രക്ഷിച്ചുപോരുക, പരപരിഭവംകൊണ്ടു് കെടുതൽ തട്ടാതെ സൂക്ഷിക്ക, ദുസ്സ്വാതന്ത്ര്യത്താൽ ഉണ്ടാകുന്ന നിയമലംഘനങ്ങൾ നിമിത്തം വ്യാകുലീഭാവം വരാതിരിപ്പാൻ വേണ്ട ഏർപ്പാടുകൾ ചെയ്ക ഇതെല്ലാം വ്യാകരണംകൊണ്ടല്ലാതെ സാധിക്കയില്ല. എന്നുവേണ്ട, വ്യാകരണമില്ലാത്ത ഭാഷ രാജാവില്ലാത്ത രാജ്യംപോലെയാകുന്നു. ഭരണത്തിലും തന്ത്രഭേദമുള്ളതുപോലെ ആഭ്യൂഹികവ്യാകരണം രാജാധിപത്യത്തിന്റെയും ആഗമികവ്യാകരണം പൗരാധിപത്യത്തിന്റെയും സ്ഥാനം വഹിക്കും.

കേരളപാണിനീയം അതിന്റെ ആദ്യത്തെ ആവിർഭാവത്തിൽത്തന്നെ ആഗമം അടിസ്ഥാനപ്പെടുത്തി ചെയ്തിട്ടുള്ള ഒരു മലയാളവ്യാകരണമായിരുന്നു. എങ്കിലും പാണിനീയം എന്ന പേരിനു ചേർന്നു് അഭ്യൂഹസമ്പ്രദായത്തിനു് ഒരു പ്രാധാന്യം അതിൽ അനുവദിച്ചിരുന്നു. വാസ്തവത്തിൽ വൈയാകരണസാർവ്വഭൗമനായ പാണിനിമഹർഷിയുടെ പ്രസ്ഥാനം ഛത്രിന്യായേന ആഗമികംതന്നെ എന്നു ലഘുപാണിനീയത്തിന്റെ രണ്ടാംഭാഗത്തിൽ സമർത്ഥിച്ചിട്ടുണ്ടു്. മഹാഭാഷ്യകാരന്റെ പില്ക്കാലം ഉണ്ടായ വ്യാഖ്യാതാക്കന്മാരാണു് ആചാര്യനെ ദുസ്സ്വാതന്ത്ര്യാധിപയാക്കിത്തീർത്തതു്. എന്നാൽ ബഹുലവിധികൾ, ആകൃതിഗണകല്പന, വ്യവസ്ഥിതവിഭാഷ മുതലായ ഏർപ്പാടുകളിൽനിന്നു തെളിയുംപ്രകാരം മഹർഷിക്കും സഹജമായിട്ടു് അല്പം അധികാരഭ്രമം ഉണ്ടായിരുന്നു എന്നു സ്പഷ്ടമാണു്. പ്രക്രിയാനിഷ്കർഷം, വ്യത്യസ്താനുധാവനവ്യസനം, സർവ്വലോപിപ്രത്യയകല്പനം—ഇത്യാദികൾ ഏകച്ഛത്രാധിപത്യത്തിലുള്ള ദുരാഗ്രഹത്തിന്റെ വിലാസങ്ങളാണെന്നു സമ്മതിക്കയേ നിർവ്വാഹമുള്ളൂ.

പാണിനിമഹർഷിയുടെ പഴയ കരുവിൽ ഇട്ടു വാർത്തെടുക്കയാൽ മേൽച്ചൊന്ന ചില അറ്റകുറ്റങ്ങൾ കേരളപാണിനീയത്തിലും ഏറെക്കുറെ സംഭവിച്ചുപോയിരുന്നു. ആവക ന്യൂനതകൾക്കുകൂടെ യഥാശക്തി പ്രതിവിധി ചെയ്തിട്ടാണു് ഈ രണ്ടാംപതിപ്പിനെ മഹാജനസമക്ഷം അവതരിപ്പിക്കുന്നത്. ആകൃതിയിലും പ്രകൃതിയിലും മാത്രമല്ല, വേഷത്തിലും വിഷയത്തിലും കൂടി കേരളപാണിനീയത്തിന്റെ ഈ മുദ്രണത്തിൽ പറയത്തക്ക ഭേദഗതികൾ ചെയ്യേണ്ടിവന്നിട്ടുണ്ടു്. 'അഹർമ്മനവും യോഗ്യാദിയും' എല്ലാം കഴിച്ചാൽ 'കേരളപാണിനീയം' എന്ന പേർ മാത്രമേ ശേഷിക്കയുള്ളൂ. അതിനാൽ പ്രകൃതപുസ്തകം 1071ൽ പ്രസിദ്ധപ്പെടുത്തിയ കേരളപാണിനീയത്തിന്റെ ഒരു രണ്ടാം പതിപ്പാണെന്നു പറഞ്ഞറിയിക്കതന്നെ വേണ്ടിയിരിക്കുന്നു. പേരുംകൂടി മാറ്റിക്കളയാമെന്നു് എനിക്കു വിചാരമുണ്ടായി; പക്ഷേ, ചില സ്നേഹിതന്മാർ ആ സംഗതിയിൽ വിസംവദിക്കയാൽ അതു ചെയ്തില്ല. ഏതാനും ഭാഗങ്ങൾ അവിടവിടെ ആദ്യത്തെ പതിപ്പിൽ ഇരുന്ന പ്രകാരംതന്നെ ഇപ്പോഴത്തേതിലും സ്വീകരിച്ചിട്ടില്ലെന്നുമില്ല.

ഇരുപതിൽച്ചില്വാനം കൊല്ലങ്ങൾക്കുമുമ്പു് ബാല്യസുലഭമായ കൗതൂഹലത്തിന്റെ ഫലമായിട്ടെഴുതിയിരുന്ന ഒരു വ്യാകരണഗ്രന്ഥത്തെ നിശ്ശേഷം പരിശോധിച്ചു്, വിധം മാറ്റി, പലേ പുതിയ സംഗതികളും ചേർത്തു വിസ്തരിച്ചു് ഈ മട്ടിൽ പ്രസിദ്ധപ്പെടുത്തുന്നതിനു തൽക്കാലം എന്നെ പ്രേരിപ്പിച്ചതു് മദ്രാസ് സർവ്വകലാശാലക്കാർ മലയാളത്തെ ബി.ഏ. പരീക്ഷയ്ക്കു നിശ്ചയിച്ചിട്ടുള്ള പല ഐച്ഛികവിഷയങ്ങളുടെ കൂട്ടത്തിൽ ഒന്നായി ഗണിക്കുകയും, നാട്ടുഭാഷാഭിവൃദ്ധിക്കുവേണ്ടി നാനാപ്രകാരങ്ങളായ മഹാരംഭങ്ങളെ നിത്യമെന്നപോല കൈക്കൊണ്ടു വരുന്ന നമ്മുടെ പൊന്നുതമ്പുരാൻ തിരുമനസ്സിലെ ഗവണ്മെന്റുകാർ തലസ്ഥാനത്തുള്ള കാളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കു് ആ വിഷയത്തിലും വിനയാവസരം അനുവദിക്കയും ചെയ്തതാകുന്നു. സാഹിത്യസാഹ്യം മുതലായ മറ്റു ഗ്രന്ഥങ്ങളുടെ സംഗതിയിൽ എന്നപോലെ കേരളപാണിനീയത്തിന്റെ പുനർജ്ജന്മവും ക്ലാസ്സിൽ ചെയ്തിട്ടുള്ള പ്രസംഗങ്ങളിൽനിന്നാകുന്നു. അതിനാൽ എന്റെ ഈ യത്നം മലയാളഭാഷയുടെ അഭ്യുദയത്തിനു് അല്പമെങ്കിലും ഉപകരിക്കുമെങ്കിൽ അതിനാലുള്ള മെച്ചം എനിക്കുള്ളതിനെക്കാൾ പ്രസ്തുത സർവ്വകലാശാലയ്ക്കും പ്രസ്തുത ഗവണ്മെന്റിനും ആണെന്നു സമ്മതിച്ചേതീരൂ. അവർമൂലം മേലാലും നമ്മുടെ മാതൃഭാഷയ്ക്കു് അനേകവിധങ്ങളായ അനുഗ്രഹങ്ങൾ സിദ്ധിക്കട്ടെ.

പ്രസ്തുത ഗ്രന്ഥപ്രണയനത്തിൽ താഴെ പറയുന്ന പുസ്തകങ്ങൾ മറ്റുള്ളതിന്റെ കൂട്ടത്തിൽ എനിക്ക് അത്യന്തം ഉപകരിച്ചിട്ടുണ്ടു്.

1.A Comparative Grammar of the Dravidian Languages - Rev. Robert Caldwell, D.D.LL.D

2.മലയാളവ്യാകരണം - Rev. H. Gundert, D.Ph.

3.തമിഴ് നന്നൂൽ (മൂലം) - ഭവനന്ദി

4. ടി. (English) - W. Joyas and S. Samuel Pillai

5.കർണ്ണാടകവ്യാകരണം (English) - Rev. Dr. F. Kittel

6.തെലുങ്കുവ്യാകരണം ആന്ധ്രശബ്ദചിന്താമണി - നന്നയ്യഭട്ടാരകപ്രണീതം

7. ടി. സുലഭവ്യാകരണം - വി. സുബ്ബറാവു

8. ടി. (English) - Rev. A.H. Arden, M.A.

9.Tamil Studies - M. Srinivasa Iyengar M.A.

10.ലീലാതിലകം (കൈയെഴുത്തുപുസ്തകം)

തിരുവനന്തപുരം

1092 വൃശ്ചികം 15

ഏ. ആർ. രാജരാജവർമ്മ

"https://ml.wikisource.org/w/index.php?title=കേരളപാണിനീയം/മുഖവുര&oldid=29829" എന്ന താളിൽനിന്ന് ശേഖരിച്ചത്