അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാവണാദികളുടെ ആലോചന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


അക്കഥ നിൽക്ക ദശരഥപുത്രരു-
മർക്കാത്മജാദികളായ കപികളും
വാരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
ശങ്കാവിഹീനം ജയിച്ചു ജഗത്രയം
ലങ്കയിൽവാഴുന്ന ലങ്കേശ്വരൻതദാ
മന്ത്രികൾതമ്മെ വരുത്തി വിരവോടു
മന്ത്രനികേതനം പുക്കിരുന്നീടിനാൻ
ആദിതേയാസുരേന്ദ്രാദികൾക്കുമരു-
താതൊരു കർമ്മങ്ങൾമാരുതി ചെയ്തതും
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണൻ
മന്ത്രികളോടു കേൾപ്പിച്ചാനവസ്ഥകൾ:
‘മാരുതി വന്നിവിടെച്ചെയ്ത കർമ്മങ്ങ-
ളാരുമറിയാതിരിക്കയുമല്ലല്ലോ
ആർക്കും കടക്കരുതാതൊരു ലങ്കയി-
ലൂക്കോടുവന്നകം‌പുക്കൊരു വാനരൻ
ജാനകി തന്നെയും കണ്ടു പറഞ്ഞൊരു
ദീനതകൂടാതഴിച്ചാനുപവനം
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ
പുത്രനാമക്ഷകുമാരനെയും കൊന്നു
ലങ്കയും ചുട്ടുപൊട്ടിച്ചു സമുദ്രവും
ലംഘനം ചെയ്തൊരു സങ്കടമെന്നിയേ
സ്വസ്ഥനായ് പോയതോർത്തോളം നമുക്കുള്ളി-
ലെത്രയും നാണമാമില്ലൊരു സംശയം
ഇപ്പോൾകപികുലസേനയും രാമനു-
മബ്ധിതന്നുത്തരതീരേ മരുവുന്നോർ.
കർത്തവ്യമെന്തു നമ്മാലിനിയെന്നതും
ചിത്തേ നിരൂപിച്ചു കല്പിക്ക നിങ്ങളും.
മന്ത്രവിശാരദന്മാർനിങ്ങളെന്നുടെ
മന്ത്രികൾചൊന്നതു കേട്ടതു മൂലമായ്
വന്നീലൊരാപത്തിനിയും മമ ഹിതം
നന്നായ് വിചാരിച്ചു ചൊല്ലുവിൻവൈകാതെ.
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ-
ളെന്നിലേ സ്നേഹവും നിങ്ങൾക്കചഞ്ചലം.
ഉത്തമം മദ്ധ്യമം പിന്നേതധമവു-
മിത്ഥം ത്രിവിധമായുള്ള വിചാരവും
സാദ്ധ്യമിദ,മിദം ദുസ്സാദ്ധ്യമാ,മിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും
കേട്ടാൽപലർക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ
തമ്മിലന്യോന്യം പറയുന്ന നേരത്തു
സമ്മതം മാമകം നന്നുനന്നീദൃശം.
എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാൻ
ഓരോ തരം പറഞ്ഞൂനങ്ങളുള്ളതു
തീരുവാനായ് പ്രതിപാദിച്ചനന്തരം
നല്ലതിതെന്നൈകമത്യമായേവനു-
മുള്ളിലുറച്ചു കല്പിച്ചു പിരിവതു
മദ്ധ്യമമാ‍യുള്ള മന്ത്രമതെന്നിയേ
ചിത്താഭിമാനേന താൻതാൻപറഞ്ഞതു
സാധിപ്പതിനു ദുസ്തർക്കം പറഞ്ഞതു
ബാധിച്ചു മറ്റേവനും പറഞ്ഞീർഷ്യയാ
കാലുഷ്യചേതസാ കലിച്ചുകൂടാതെ
കാലവും ദീർഘമായിട്ടു പരസ്പരം
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യനായുള്ളോനധമമതെത്രയും
എന്നാലിവിടെ നമുക്കെന്തു നല്ലതെ-
ന്നൊന്നിച്ചു നിങ്ങൾവിചാരിച്ചു ചൊല്ലുവിൻ’
ഇങ്ങനെ രാവണൻചൊന്നതു കേട്ടള-
വിംഗിതജ്ഞന്മാര് നിശാചരർചൊല്ലിനാർ:
‘നന്നുനന്നെത്രയുമോർത്തോളമുള്ളിലി-
തിന്നൊരു കാര്യവിചാരമുണ്ടായതും
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-
രാകുലമെന്തു ഭവിച്ചതു മാനസേ?
മർത്ത്യനാം രാമങ്കൽനിന്നു ഭയം തവ
ചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം!
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടൻ
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം
വിശ്രുതയായൊരു കീർത്തി വളർത്തതും
പുത്രനാം മേഘനിനാദനതോർക്ക നീ
വിത്തേശനെപ്പുരായുദ്ധമദ്ധ്യേഭവാൻ
ജിത്വാ ജിതശ്രമം പോരും ദശാന്തരേ
പുഷ്പകമായ വിമാനം ഗ്രഹിച്ചതു-
മത്ഭുതമെത്രയുമോർത്തുകണ്ടോളവും
കാലനെപ്പോരിൽജയിച്ച ഭവാനുണ്ടോ
കാലദണ്ഡത്താലൊരു ഭയമുണ്ടാകൂ?
ഹുങ്കാരമാത്രേണതന്നെ വരുണനെ
സംഗരത്തിങ്കൽജയ്ച്ചീലയോ ഭവാൻ?
മറ്റുള്ള ദേവകളെപ്പറയേണമോ
പറ്റലരാരു മറ്റുള്ളാതു ചൊല്ലു നീ!
പിന്നെ മയനാം മഹാസുരൻപേടിച്ചു
കന്യകാരത്നത്തെ നൽകീലയൊ-തവ?
ദാനവന്മാർകരംതന്നു പൊറുക്കുന്നു
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ?
കൈലാസശൈലമിളക്കിയെടുത്തുട-
നാലോലമമ്മാനമാടിയകാരണം
കാലാരി ചന്ദ്രഹാസത്തെ നൽകീലയോ
മൂലമുണ്ടോ വിഷാദിപ്പാൻമനസി തേ?
ത്രൈലോക്യവാസികളെലാം ഭവൽബല-
മാലോക്യ ഭീതികലർന്നു മരുവുന്നു
മാരുതി വന്നിവിടെച്ചെയ്ത കർമ്മങ്ങൾ
വീരരായുള്ള നമുക്കോക്കിൽനാണമാം
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ-
രാമയമെന്നിയേ പൊയ്ക്കൊണ്ടതുമവൻ
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ-
യങ്ങവൻജീവനോടേ പോകയില്ലല്ലോ.’
ഇത്ഥം ദശമുഖനോടറിയിച്ചുടൻ
പ്രത്യേകമോരോ പ്രതിജ്ഞയും ചൊല്ലിനാർ:
‘മാനമോടിന്നിനി ഞങ്ങളിലേകനെ
മാനസേ കല്പിച്ചയയ്ക്കുന്നതാകിലോ
മാനുഷജാതികളില്ല ലോകത്തിങ്കൽ
വാനരജാതിയുമില്ലെന്നതും വരും
ഇന്നൊരു കാര്യവിചാരമാക്കിപ്പല-
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും
എത്രയും പാരമിളപ്പം നമുക്കതു-
മുൾത്താരിലോർത്തരുളേണം ജഗൽ‌പ്രഭോ!’
നക്തഞ്ചരവരരിത്ഥം പറഞ്ഞള-
വുൾത്താപമൊട്ടു കുറഞ്ഞു ദശാസ്യനും.