അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/രാമരാവണയുദ്ധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു
ബദ്ധമോദം പുറപ്പെട്ടിതു രാവണൻ
മൂലബലാദികൾ സംഗരത്തിന്നു തൽ-
കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ
ലങ്കാധിപന്നു സഹായമായ്‌ വേഗേന
സംഖ്യയില്ലാത ചതുരംഗസേനയും
പത്തു പടനായകന്മാരുമൊന്നിച്ചു
പത്തുകഴുത്തനെക്കൂപ്പിപ്പുറപ്പെട്ടാർ
വാരാധിപോലെ പരന്നു വരുന്നതു
മാരുതിമുമ്പാം കപികൾ കണ്ടെത്രയും
ഭീതി മുഴുത്തു വാങ്ങീടുന്നതു കണ്ടു
നീതിമാനാകിയ രാമനും ചൊല്ലിനാൻ
'വാനരവീരരേ! നിങ്ങളിവരോടു
മാനം നടിച്ചുചെന്നേൽക്കരുതാരുമേ
ഞാനിവരോടു പോർചെയ്തൊടുക്കീടുവ-
നാനന്ദമുൾക്കൊണ്ടു കണ്ടുകൊൾകേവരും'
എന്നരുൾചെയ്തു നിശാചരസേനയിൽ
ചെന്നു ചാടീടിനാനേകനാമീശ്വരൻ
ചാപബാണങ്ങളും കൈക്കൊണ്ടു രാഘവൻ
കോപേന ബാണജാലങ്ങൾ തൂകീടിനാൻ
എത്ര നിശാചരരുണ്ടു വന്നേറ്റതി-
ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ
രാമമയമായ്‌ ചമഞ്ഞിതു സംഗ്രാമ-
ഭൂമിയുമെന്തൊരു വൈഭവമന്നേരം
'എന്നോടുതന്നേ പൊരുന്നിതു രാഘവ-'
നെന്നു തോന്നീ രജനീചരർക്കൊക്കവെ
ദ്വാദശനാഴികനേരമൊരുപോലെ
യാതുധാനാവലിയോടു രഘൂത്തമൻ
അസ്ത്രം വരിഷിച്ചനേരമാർക്കും തത്ര
ചിത്തേ തിരിച്ചറിയായതില്ലേതുമേ
വാസരരാത്രി നിശാചരവാനര
മേദിനി വാരിധി ശൈലവനങ്ങളും
ഭേദമില്ലാതെ ശരങ്ങൾ നിറഞ്ഞിതു
മേദുരന്മാരായ രാക്ഷസവീരരും
ആനയും തേരും കുതിരയും കാലാളും
വീണു മരിച്ചു നിറഞ്ഞിതു പോർക്കളം
കാളിയും കൂളികളും കബന്ധങ്ങളും
കാളനിശീഥിനിയും പിശാചങ്ങളും
നായും നരിയും കഴുകകൾ കാകങ്ങൾ
പേയും പെരുത്തു ഭയങ്കരമാംവണ്ണം
രാമചാപത്തിൻ മണിതൻ നിനാദവും
വ്യോമമാർഗേ തുടരെത്തുടരെ കേട്ടു
ദേവഗന്ധർവ്വയക്ഷാപരോവൃന്ദവും
ദേവമുനീന്ദ്രനാം നാരദനും തദാ
രാഘവൻ തന്നെ സ്തുതിച്ചുതുടങ്ങിനാ-
രാകാശചാരികളാനന്ദപൂർവ്വകം
ദ്വാദശ നാഴികകൊണ്ടു നിശാചരർ
മേദിനിതന്നിൽ വീണീടിനാരൊക്കവേ
മേഘത്തിനുള്ളിൽനിന്നർക്കബിംബംപോലെ
രാഘവൻതന്നെയും കാണായിതന്നേരം
ലക്ഷ്മണൻതാനും വിഭീഷണനും പുന-
രർക്കതനയനും മാരുതപുത്രനും
മറ്റുള്ള വാനരവീരരും വന്ദിച്ചു
ചുറ്റും നിറഞ്ഞിതു രാഘവനന്നേരം
മർക്കടനായകന്മാരോടരുൾചെയ്തി-
'തിക്കണക്കേ യുദ്ധമാശു ചെയ്തീടുവാൻ
നാരായണനും പരമേശ്വരനുമൊഴി-
ഞ്ഞാരുമില്ലെന്നു കേൾപ്പുണ്ടു ഞാൻ മുന്നമേ'
രാക്ഷസരാജ്യം മുഴുവനതുനേരം
രാക്ഷസസ്ത്രീകൾ മുറവിളികൂട്ടിനാർ
'താത! സഹോദര! നന്ദന! വല്ലഭ!
നാഥ! നമുക്കവലംബനമാരയ്യോ!
വൃദ്ധയായേറ്റം വിരൂപയായുള്ളൊരു
നക്തഞ്ചരാധിപസോദരി രാമനെ
ശ്രദ്ധിച്ചകാരണമാപത്തിതൊക്കവെ
വർദ്ധിച്ചു വന്നതു മറ്റില്ല കാരണം
ശൂർപ്പണഖയ്ക്കെന്തു കുറ്റമതിൽപരം
പേപ്പെരുമാളല്ലയോ ദശകന്ധരൻ!
ജാനകിയെക്കൊതിച്ചാശു കുലം മുടി-
ച്ചാനൊരു മൂഢൻ മഹാപാപി രാവണൻ
അർദ്ധപ്രഹരമാത്രേണ ഖരാദിയെ
യുദ്ധേ വധിച്ചതും വൃത്രാരിപുത്രനെ
മൃത്യുവരുത്തി, വാഴിച്ചു സുഗ്രീവനെ
സത്വരം വാനരന്മാരെയയച്ചതും
മാരുതി വന്നിവിടെച്ചെയ്ത കർമ്മവും
വാരിധിയിൽ ചിറകെട്ടിക്കടന്നതും
കണ്ടിരിക്കെ നന്നു തോന്നുന്നതെത്രയു-
മുണ്ടോ വിചാരമാപത്തിങ്കലുണ്ടാവൂ?
സിദ്ധമല്ലായ്കിൽ വിഭീഷണൻ ചൊല്ലിനാൻ
മത്തനായന്നതും ധിക്കരിച്ചീടിനാൻ
ഉത്തമൻ നല്ല വിവേകി വിഭീഷണൻ
സത്യവൃതൻ മേലിൽ നന്നായ്‌വരുമവൻ
നീചനിവൻ കുലമൊക്കെ മുടിപ്പതി-
നാചരിച്ചാനിതു തന്മരണത്തിനും
നല്ല സുതന്മാരെയും തമ്പിമാരെയും
കൊല്ലിച്ചു മറ്റുള്ളമാതൃജനത്തെയും
എല്ലാമനുഭവിച്ചീടുവാൻ പണ്ടുതാൻ
വല്ലായ്മചെയ്തതുമെല്ലാം മറന്നിതോ?
ബ്രഹ്മസ്വമായതും ദേവസ്വമായതും
നിർമ്മരിയാദമടക്കിനാനേറ്റവും
നാട്ടിലിരിക്കും പ്രജകളെ പീഡിച്ചു
കാട്ടിലാക്കിച്ചമച്ചീടിനാൻ കശ്മലൻ
അർത്ഥമന്യായേന നിത്യമാർജ്ജിക്കയും
മിത്രജനത്തെ വെറുത്തു ചമയ്ക്കയും
ബ്രാഹ്മണരെക്കൊലചെയ്കയും മറ്റുള്ള
ധാർമ്മികന്മാർമുതലൊക്കെയടക്കിയും
പാരം ഗുരുജനദോഷവുമുണ്ടിവ-
നാരെയുമില്ല കൃപയുമൊരിക്കലും
ഇമ്മഹാപാപി ചെയ്തോരു കർമ്മത്തിനാൽ
നമ്മെയും ദുഃഖിക്കുമാറാക്കിനാനിവൻ'
ഇത്ഥം പുരസ്ത്രീജനത്തിൻ വിലാപങ്ങൾ
നക്തഞ്ചരാധിപൻ കേട്ടു ദുഃഖാർത്തനായ്‌
'ശത്രുക്കളെക്കൊന്നൊടുക്കുവാനിന്നിനി
യുദ്ധത്തിനാശു പുറപ്പെടുകെങ്കിൽ നാം'
എന്നതു കേട്ടു വിരൂപാക്ഷനുമതിൻ-
മുന്നേ മഹോദരനും മഹാപാർശ്വനും
ഉത്തരഗോപുരത്തൂടേ പുറപ്പെട്ടു
ശസ്ത്രങ്ങൾ തൂകിത്തുടങ്ങിനാരേറ്റവും
ദുർന്നിമിത്തങ്ങളുണ്ടായതനാദരി-
ച്ചുന്നതനായ നിശാചരനായകൻ
ഗോപുരവാതിൽ പുറപ്പെട്ടു നിന്നിതു
ചാപലമെന്നിയേ വാനരവീരരും
രാക്ഷസരോടെതിർത്താരതുകണ്ടേറ്റ-
മൂക്കോടടുത്തു നിശാചരവീരരും
സുഗ്രീവനും വിരൂപാക്ഷനും തങ്ങളി-
ലുഗ്രമാം വണ്ണം പൊരുതാനതുനേരം
വാഹനമാകിയ വാരണവീരനെ-
സ്സാഹസം കൈക്കൊണ്ടു വാനരരാജനും
കൊന്നതു കണ്ടു വിരൂപവിലോചനൻ
ചെന്നിതു വാളും പരിചയും കൈക്കൊണ്ടു
കുന്നുകൊണ്ടൊന്നെറിഞ്ഞാൻ കപിരാജനും
നന്നായിതെന്നു വിരൂപാക്ഷനുമഥ
വെട്ടിനാൻ വാനരനായകവക്ഷസി
പുഷ്ടകോപത്തോടു മർക്കടരാജനും
നെറ്റിമേലൊന്നടിച്ചാനതു കൊണ്ടവൻ
തെറ്റെന്നു കാലപുരം പുക്കുമേവിനാൻ
തേരിലേറിക്കൊണ്ടടുത്താൻ മഹോദരൻ
തേരും തകർത്തു സുഗ്രീവനവനെയും
മൃത്യുപുരത്തിനയച്ചതു കണ്ടതി-
ക്രുദ്ധനായ്‌ വന്നടുത്താൻ മഹാപാർശ്വനും
അംഗദൻ കൊന്നാനവനെയുമന്നേരം
പൊങ്ങും മിഴികളോടാശരാധീശനും
പോർമദത്തോടുമടുത്തു കപികളെ
താമസാസ്ത്രംകൊണ്ടു വീഴ്ത്തിനാനൂഴിയിൽ
രാമനുമൈന്ദ്രാസ്ത്രമെയ്തു തടുത്തിതു
താമസാസ്ത്രത്തെയുമപ്പോൾ ദശാസനൻ
ആസുരമസ്ത്രമെയ്താനതു വന്നള-
വാതുരന്മാരായിതാശു കപികളും
വാരണസൂകര കുക്കുട ക്രോഷ്ടുക-
സാരമേയോരഗ സൈരിഭ വായസ-
വാനര സിംഹ രുരു വൃക കാക ഗൃ-
ദ്‌ധ്രാനനമായ്‌ വരുമാസുരാസ്ത്രാത്മകം
മുൽഗര പട്ടസ ശക്തി പരശ്വധ-
ഖഡ്ഗശൂല പ്രാസ ബാണായുധങ്ങളും
രൂക്ഷമായ്‌ വന്നു പരന്നതു കണ്ടള-
വാഗ്നേയമസ്ത്രമെയ്താൻ മനുവീരനും
ചെങ്കനൽക്കൊള്ളികൾ മിന്നൽ നക്ഷത്രങ്ങൾ
തിങ്കളുമാദിത്യനഗ്നിയെന്നിത്തരം
ജ്യോതിർമ്മയങ്ങളായ്‌ ചെന്നു നിറഞ്ഞള-
വാസുരമസ്ത്രവും പോയ്‌ മറഞ്ഞു ബലാൽ
അപ്പോൾ മയൻ കൊടുത്തോരു ദിവ്യാസ്ത്രമെ-
യ്തുൽപേതരായുധം കാണായിതന്തികേ
ഗാന്ധർവ്വമസ്ത്രം പ്രയോഗിച്ചതിനെയും
ശാന്തമാക്കീടിനാൻ മാനവവീരനും
സൗര്യാസ്ത്രമെയ്താൻ ദശാനനന്നേരം
ധൈര്യേണ രാഘവൻ പ്രത്യസ്ത്രമെയ്തതും
ഖണ്ഡിച്ചനേരമാഖണ്ഡലവൈരിയും
ചണ്ഡകരാംശുസമങ്ങളാം ബാണങ്ങൾ
പത്തുകൊണ്ടെയ്തു മർമ്മങ്ങൾ ഭേദിച്ചള-
വുത്തമപൂരുഷനാകിയ രാഘവൻ
നൂറുശരങ്ങളെയ്താനതു കൊണ്ടുടൽ-
കീറി മുറിഞ്ഞിതു നക്തഞ്ചരേന്ദ്രനും
ലക്ഷ്മണനേഴുശരങ്ങളാലൂക്കോടു
തൽക്ഷണേ കേതു ഖണ്ഡിച്ചു വീഴ്ത്തീടിനാൻ
അഞ്ചു ശരമെയ്തു സൂതനെയും കൊന്നു
ചഞ്ചലഹീനം മുറിച്ചിതു ചാപവും
അശ്വങ്ങളെഗ്ഗദകൊണ്ടു വിഭീഷണൻ
തച്ചുകൊന്നാനതുനേരം ദശാനനൻ
ഭൂതലേ ചാടിവീണാശു വേൽകൊണ്ടതി-
ക്രോധാൽ വിഭീഷണനെ പ്രയോഗിച്ചിതു
ബാണങ്ങൾ മൂന്നുകൊണ്ടെയ്തു മുറിച്ചിതു
വീണിതു മൂന്നു നുറുങ്ങി മഹീതലേ
അപ്പോൾ വിഭീഷണനെക്കൊല്ലുമാറവൻ
കൽപിച്ചു മുന്നം മയൻ കൊടുത്തോരു വേൽ
കയ്ക്കൊണ്ടു ചാട്ടുവാനോങ്ങിയ നേരത്തു
ലക്ഷ്മണൻ മുൽപുക്കു ബാണങ്ങളെയ്തിതു
നക്തഞ്ചരാധിപൻ തന്നുടലൊക്കവേ
രക്തമണിഞ്ഞു മുറിഞ്ഞു വലഞ്ഞുടൻ
നിൽക്കും ദശാസനൻ കോപിച്ചു ചൊല്ലിനാൻ
ലക്ഷ്മണൻ തന്നോടു 'നന്നു നീയെത്രയും
രക്ഷിച്ചവാറു വിഭീഷണനെത്തദാ
രക്ഷിക്കിൽ നന്നു നിന്നെപ്പുനരെന്നുടെ
ശക്തി വരുന്നതു കണ്ടാലുമിന്നൊരു
ശക്തനാകിൽ ഭവാൻ ഖണ്ഡിയ്ക്ക വേലിതും'
എന്നു പറഞ്ഞു വേഗേന ചാട്ടീടിനാൻ
ചെന്നു തറച്ചിതു മാറത്തു ശക്തിയും
അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞുടൻ
വിത്രസ്തനായ്‌ തത്ര വീണു കുമാരനും
വേൽകൊണ്ടു ലക്ഷ്മണൻ വീണതു കണ്ടുള്ളിൽ
മാൽകൊണ്ടു രാമനും നിന്നു വിഷണ്ണനായ്‌
ശക്തി പറപ്പതിന്നാർക്കും കപികൾക്കു
ശക്തി പോരാഞ്ഞു രഘുകുലനായകൻ
തൃക്കൈകൾ കൊണ്ടു പിടിച്ചു പറിച്ചുട-
നുൾക്കോപമോടു മുറിച്ചെറിഞ്ഞീടിനാൻ
മിത്രതനയ സുഷേണ ജഗൽപ്രാണ-
പുത്രാദികളോടരുൾചെയ്തിതാദരാൽ
'ലക്ഷ്മണൻ തന്നുടെ ചുറ്റുമിരുന്നിനി
രക്ഷിച്ചുകൊൾവിൻ വിഷാദിക്കരുതേതും
ദുഃഖസമയമല്ലിപ്പോളുഴറ്റോടു
രക്ഷോവരനെ വധിയ്ക്കുന്നതുണ്ടു ഞാൻ
കല്യാണമുൾക്കൊണ്ടു കണ്ടുകൊൾവിൻ നിങ്ങ-
ളെല്ലവരുമിന്നു മൽക്കരകൗശലം
ശക്രാത്മജനെ വധിച്ചതും വേഗത്തി-
ലർക്കാത്മജാദികളോടുമൊരുമിച്ചു
വാരിധിയിൽ ചിറകെട്ടിക്കടന്നതും
പോരിൽ നിശാചരന്മാരെ വധിച്ചതും
രാവണനിഗ്രഹസാദ്ധ്യമായിട്ടവൻ
കേവലമിപ്പോളഭിമുഖനായിതു
രാവണനും ബത! രാഘവനും കൂടി
മേവുക ഭൂമിയിലെന്നുള്ളതല്ലിനി
രാത്രിഞ്ചരേന്ദ്രനേക്കൊല്ലുവാൻ നിർണ്ണയം
മാർത്താണ്ഡവംശത്തിലുള്ളവനാകിൽ ഞാൻ
സപ്തദീപങ്ങളും സപ്താംബുധികളും
സപ്താചലങ്ങളും സൂര്യചന്ദ്രന്മാരും
ആകാശഭൂമികളെന്നിവയുള്ള നാൾ
പോകാതെ കീർത്തിവർദ്ധിയ്ക്കുംപരിചു ഞാൻ
ആയോധനേ ദശകണ്ഠനെക്കൊല്‌വനൊ-
രായുധപാണിയെന്നാകിൽ നിസ്സംശയം
ദേവാസുരോരഗചാരണതാപസ-
രേവരും കണ്ടറിയേണം മമ ബലം.'
ഇത്ഥമരുൾചെയ്തു നക്തഞ്ചരേന്ദ്രനോ-
ടസ്ത്രങ്ങളെയ്തു യുദ്ധം തുടങ്ങീടിനാൻ
തത്സമം ബാണം നിശാചരാധീശനു-
മുത്സാഹമുൾക്കൊണ്ടു തൂകിത്തുടങ്ങിനാൻ
രാഘവരാവണന്മാർതമ്മിലിങ്ങനെ
മേഘങ്ങൾ മാരി ചൊരിയുന്നതുപോലെ
ബാണഗണം പൊഴിച്ചീടുന്നതുനേരം
ഞാണൊലികൊണ്ടു മുഴങ്ങി ജഗത്ത്രയം
സോദരൻ വീണു കിടക്കുന്നതോർത്തുള്ളി-
ലാധി മുഴുത്തു രഘുകുലനായകൻ
താരേയതാതനോടേവമരുൾചെയ്തു
'ധീരതയില്ല യുദ്ധത്തിനേതും മമ
ഭൂതലേ വാഴ്കയിൽ നല്ലതെനിക്കിനി
ഭ്രാതാവുതന്നോടുകൂടെ മരിപ്പതും
വിൽപിടിയും മുറുകുന്നതില്ലേതുമേ
കെൽപുമില്ലതെ ചമഞ്ഞു നമുക്കിഹ
നിൽപാനുമേതുമരുതു മനസ്സിനും
വിഭ്രമമേറിവരുന്നിതു മേൽക്കുമേൽ
ദുഷ്ടനെക്കൊൽവാനുപായവും കണ്ടീല
നഷ്ടമായ്‌ വന്നിതു മാനവും മാനസേ'
ഏവമരുൾചെയ്തനേരം സുഷേണനും
ദേവദേവൻതന്നൊടാശു ചൊല്ലീടിനാൻ
'ദേഹത്തിനേതും നിറം പകർന്നീലൊരു
മോഹമത്രേ കുമാരന്നെന്നു നിർണ്ണയം
എന്നുണർത്തിച്ചനിലാത്മജൻ തന്നോടു
പിന്നെ നിരൂപിച്ചു ചൊന്നാൻ സുഷേണനും
'മുന്നെക്കണക്കേ വിശല്യകരണിയാ-
കുന്നമരുന്നിന്നു കൊണ്ടുവന്നീടുക'
എന്നളവേ ഹനുമാനും വിരവോടു
ചെന്നു മരുന്നതും കൊണ്ടുവന്നീടിനാൻ
നസ്യവും ചെയ്തു സുഷേണൻ കുമാരനാ-
ലസ്യവും തീർന്നു തെളിഞ്ഞു വിളങ്ങിനാൻ
പിന്നെയുമൗഷധശൈലം കപിവരൻ
മുന്നമിരുന്നവണ്ണം തന്നെയാക്കിനാൻ
മന്നവൻതന്നെ വണങ്ങിനാൻ തമ്പിയും
നന്നായ്‌ മുറുകെപ്പുണർന്നിതു രാമനും
'നിന്നുടെ പാരവശ്യം കാൺകകാരണ-
മെന്നുടെ ധൈര്യവും പോയിതു മാനസേ'
എന്നതുകേട്ടുരചെയ്തു കുമാരനു-
'മൊന്നു തിരുമനസ്സിങ്കലുണ്ടാകണം
സത്യം തപോധനന്മാരോടു ചെയ്തതും
മിഥ്യയായ്‌ വന്നുകൂടായെന്നു നിർണ്ണയം
ത്രൈലോക്യകണ്ടകനാമിവനെക്കൊന്നു
പാലിച്ചുകൊൾക ജഗത്ത്രയം വൈകാതെ'
ലക്ഷ്മണൻ ചൊന്നതു കേട്ടു രഘൂത്തമൻ
രക്ഷോവരനോടെതിർത്താനതിദ്രുതം
തേരുമൊരുമിച്ചു വന്നു ദശാസ്യനും
പോരിനു രാഘവനോടെതിർത്തീടിനാൻ
പാരിൽ നിന്നിക്ഷ്വാകുവംശതിലകനും
തേരിൽനിന്നാശരവംശതിലകനും
പോരതി ഘോരമായ്‌ ചെയ്തോരു നേരത്തു
പാരമിളപ്പം രഘൂത്തമനുണ്ടെന്നു
നാരദനാദികൾ ചൊന്നതു കേൾക്കയാൽ
പാരം വളർന്നൊരു സംഭ്രമത്തോടുടൻ
ഇന്ദ്രനും മാതലിയോടു ചൊന്നാൻ 'മമ
സ്യന്ദനം കൊണ്ടക്കൊടുക്ക നീ വൈകാതെ
ശ്രീരാഘവന്നു ഹിതം വരുമാറു നീ
തേരും തെളിച്ചു കൊടുക്ക മടിയാതെ'
മാതലിതാനതു കേട്ടുടൻ തേരുമായ്‌
ഭൂതലം തന്നിലിഴഞ്ഞു ചൊല്ലീടിനാൻ
'രാവണനോടു സമരത്തിനിന്നു ഞാൻ
ദേവേന്ദ്രശാസനയാ വിടകൊണ്ടിതു
തേരതിലാശു കരേറുക പോരിനായ്‌
മാരുതതുല്യവേഗേന നടത്തുവൻ'
എന്നതു കേട്ടു രഥത്തെയും വന്ദിച്ചു
മന്നവൻ തേരിലാമ്മാറു കരേറിനാൻ
തന്നോടു തുല്യനായ്‌ രാഘവനെക്കണ്ടു
വിണ്ണിലാമ്മാറൊന്നു നോക്കി ദശാസനൻ
പേമഴപോലെ ശരങ്ങൾ തൂകീടിനാൻ
രാമനും ഗാന്ധർവ്വമസ്ത്രമെയ്തീടിനാൻ
രാക്ഷസമസ്ത്രം പ്രയോഗിച്ചതുനേരം
രാക്ഷസരാജനും രൂക്ഷമായെത്രയും
ക്രൂരനാഗങ്ങളാമസ്ത്രത്തെ മാറ്റുവാൻ
ഗാരുഡമസ്ത്രമെയ്തു രഘുനാഥനും
മാതലിമേലും ദശാസനൻ ബാണങ്ങ-
ളെയ്തു കൊടിയും മുറിച്ചു കളഞ്ഞിതു
വാജികൾക്കും ശരമേറ്റമേറ്റു പുന-
രാജിയും ഘോരമായ്‌വന്നു രഘുവരൻ
കൈകാൽ തളർന്നു തേർത്തട്ടിൽനിൽക്കും വിധൗ
കൈകസീനന്ദനനായ വിഭീഷണൻ
ശോകാതിരേകം കലർന്നു നിന്നീടിനാൻ
ലോകരുമേറ്റം വിഷാദം കലർന്നിതും
കാലപുരത്തിനയപ്പേനിനിയെന്നു
ശൂലം പ്രയോഗിച്ചിതാശരാധീശനും
അസ്ത്രങ്ങൾകൊണ്ടു തടപൊറാഞ്ഞോർത്തുടൻ
വൃത്രാരിതന്നുടെ തേരിലിരുന്നൊരു
ശക്തിയെടുത്തയച്ചൂ രഘുനാഥനും
പത്തു നുറുങ്ങി വീണു തത്ര ശൂലവും
നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ-
ശ്ശസ്ത്രങ്ങൾകൊണ്ടു മുറിച്ചിതു രാഘവൻ
സാരഥി തേരും തിരിച്ചടിച്ചാർത്തനായ്‌
പോരിലൊഴിച്ചു നിർത്തീടിനാനന്നേരം
ആലശ്യമൊട്ടകന്നോരു നേരം തത്ര-
പൗലസ്ത്യനും സൂതനോടു ചൊല്ലീടിനാൻ
'എന്തിനായ്ക്കൊണ്ടു നീ പിന്തിരിഞ്ഞു ബലാ-
ലന്ധനായ്‌ ഞാനത്ര ദുർബ്ബലനാകയോ?
കൂടലരോടെതിർത്താൽ ഞാനൊരുത്തനോ-
ടൊടിയൊളിച്ചവാറെന്നു കണ്ടൂ ഭവാൻ?
നീയല്ല സൂതനെനിക്കിനി രാമനു
നീയതിബാന്ധവനെന്നറിഞ്ഞേനഹം'
ഇത്ഥം നിശാചാധീശൻ പറഞ്ഞതി-
നുത്തരം സാരഥി സത്വരം ചൊല്ലിനാൻ
'രാമനെ സ്നേഹമുണ്ടായിട്ടുമല്ല മ-
ത്സ്വാമിയെ ദ്വേഷമുണ്ടായിട്ടുമല്ല മേ
രാമനോടേറ്റു പൊരുതിനിൽക്കുന്നേര-
മാമയം പൂണ്ടു തളർന്നതു കണ്ടു ഞാൻ
സ്നേഹം ഭവാനെക്കുറിച്ചേറ്റമാകയാൽ
മോഹമകലുവോളം പോർക്കളം വിട്ടു
ദൂരെ നിന്നാലസ്യമെല്ലാം കളഞ്ഞിനി-
പ്പോരിന്നടുക്കണമെന്നു കൽപിച്ചത്രെ
സാരഥിതാനറിയേണം മഹാരഥ-
ന്മാരുടെ സാദവും വാജികൾസാദവും
വൈരികൾക്കുള്ള ജയാജയകാലവും
പോരിൽ നിമ്‌നോന്നതദേശവിശേഷവും
എല്ലാമറിഞ്ഞു രഥം നടത്തുന്നവ-
നല്ലോ നിപുണനായുള്ള സൂതൻ പ്രഭോ!'
എന്നതു കേട്ടു തെളിഞ്ഞഥ രാവണ-
നൊന്നു പുണർന്നാശു കൈവളയും കൊടു-
'ത്തിന്നിനിത്തേരടുത്താശു കൂട്ടീടുക
പിന്നോക്കമില്ലിനിയൊന്നുകൊണ്ടുമെടോ!
ഇന്നോടു നാളെയോടൊന്നു തിരിഞ്ഞിടും
മന്നവനോടുള്ള പോരെന്നറിക നീ'
സൂതനും തേരതിവേഗേന പൂട്ടിനാൻ
ക്രോധം മുഴുത്തങ്ങടുത്തിതു രാമനും
തങ്ങളിലേറ്റമണഞ്ഞു പൊരുതള-
വങ്ങുമിങ്ങും നിറയുന്നു ശരങ്ങളാൽ