അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/സേതുബന്ധനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


തൽക്കാലമർക്കകുലോത്ഭവൻരാഘവ-
നർക്കാത്മജാദി കപിവരന്മാരൊടും
രക്ഷോവരനാം വിഭീഷണൻ‌തന്നൊടും
ലക്ഷ്മണനോടും വിചാരം തുടങ്ങിനാൻ:
‘എന്തുപായം സമുദ്രം കടപ്പാനെന്നു
ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’
എന്നരുൾചെയ്തതു കേട്ടവരേവരു-
മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാർ:
‘ദേവപ്രവരനായോരു വരുണനെ-
സ്സേവിക്കവേണമെന്നാൽവഴിയും തരും.‘
എന്നതു കേട്ടരുൾചെയ്തു രഘുവരൻ:
‘നന്നതു തോന്നിയതങ്ങനെതന്നെ’യെ-
ന്നർണ്ണവതീരേ കിഴക്കുനോ‍ക്കിത്തൊഴു-
തർണ്ണോജലോചനനാകിയ രാഘവൻ
ദർഭ വിരിച്ചു നമസ്കരിച്ചീടിനാ-
നത്ഭുതവിക്രമൻഭക്തിപൂണ്ടെത്രയും
മൂന്നഹോരാത്രമുപാസിച്ചതങ്ങനെ
മൂന്നു ലോകത്തിനും നാഥനാമീശ്വരൻ
ഏതുമിളകീല വാരിധിയുമതി-
ക്രോധേന രക്താന്തനേത്രനാം നാഥനും
‘കൊണ്ടുവാ ചാപബാണങ്ങൾനീ ലക്ഷ്മണ
കണ്ടു കൊണ്ടാലും മമ ശരവിക്രമം.
ഇന്നു പെരുവഴി മീളുന്നതല്ലെങ്കി-
ലർണ്ണവം ഭസ്മമാക്കിച്ചമച്ചീടുവൻ.
മുന്നം മദീയ പൂർവന്മാർവളർത്തതു-
മിന്നു ഞാനില്ലാതെയാക്കുവൻനിർണ്ണയം
സാഗരമെന്നുള്ള പേരും മറന്നുള്ളി-
ലാകുലമെന്നിയേ വാഴുകിലെന്നുമേ
നഷ്ടമാക്കീടുവൻവെള്ളം, കപികുലം
പുഷ്പമോദം പാദചാരേണ പോകണം.’
എന്നരുൾചെയ്തു വില്ലും കുഴിയെക്കുല-
ച്ചർണ്ണവത്തോടർഉൾചെയ്തു രഘുവരൻ:
‘സർവ്വഭൂതങ്ങളും കണ്ടുകൊള്ളേണമെൻ
ദുർവ്വാരമായ ശിലീമുഖവിക്രമം
ഭസ്മമാക്കീടുവൻവാരാന്നിധിയെ ഞാൻ
വിസ്മയമെല്ലാവരും കണ്ടു നിൽക്കണം.’
ഇത്ഥം രഘുവരൻ‌വാക്കു കേട്ടന്നേരം
പൃത്ഥ്വീരുഹങ്ങളുംകാനനജാലവും
പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു,
മിത്രനും മങ്ങി; നിറഞ്ഞു തിമിരവു-
മബ്ധിയും ക്ഷോഭിച്ചു, മിട്ടാൽകവിഞ്ഞു വ-
ന്നുത്തുംഗമായ തരംഗാവലിയൊടും
ത്രസ്തങ്ങളായ്പരിതപ്തങ്ങളായ് വന്നി-
തത്യുഗ്രനക്രമതിമിഝഷാദ്യങ്ങളും.
അപ്പോൾഭയപ്പെട്ടു ദിവ്യരൂപത്തോടു-
മപ്പതി ദിവ്യാഭരണസമ്പന്നനായ്
പത്തുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ-
ഹസ്തങ്ങളിൽപരിഗൃഹ്യ രത്നങ്ങളും
വിത്രസ്തനായ് രാമപാദാന്തികേ വച്ചു
സത്രപം ദണ്ഡനമസ്കാരവും ചെയ്തു
രക്താന്തലോചനനാകിയ രാമനെ
ഭക്ത്യാ വണങ്ങി സ്തുതിച്ചാൻപലതരം
ത്രാഹി മാം ത്രാഹി മാം ത്രൈലോക്യപാലക!
ത്രാഹി മാം ത്രാഹി മാം വിഷ്ണോ ജഗൽ‌പതേ
ത്രാഹി മാം ത്രാഹി മാം പൌലസ്ത്യനാശന!
ത്രാഹി മാം ത്രാഹി മാം രാമ! രമാപതേ!
ആദികാലേ തവ മായാഗുണവശാൽ
ഭൂതങ്ങളെബ്ഭവാൻസൃഷ്ടിച്ചതുനേരം
സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ-
ക്കാലശ്വരൂപനാകും നിന്തിരുവടി
സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ-
യ്ക്കഷ്ടമതാർക്കു നീക്കാവൂ തവ മതം?
പിന്നെ വിശേഷിച്ചതിലും ജഡത്വമായ്-
ത്തന്നെ ഭവാൻപുനരെന്നെ നിർമ്മിച്ചതും
മുന്നേ ഭവന്നിയോഗസ്വഭാവത്തെയി-
ന്നന്യഥാ കർത്തുമാരുള്ളതു ശക്തരായ്?
താമസോത്ഭൂതങ്ങളായുള്ള ഭൂതങ്ങൾ
താമസശീലമായ് തന്നേ വരൂ വിഭോ!
താമസമല്ലോ ജഡത്വമാകുന്നതും
കാമലോഭാദികളും താമസഗുണം
മായാരഹിതനായ് നിർഗുണനായ നീ
മായാഗുണങ്ങളെയംഗീകരിച്ചപ്പോൾ
വൈരാജനാമവാനായ് ചമഞ്ഞൂ ഭവാൻ
കാരണപൂരുഷനായ് ഗുണാത്മാവുമായ്.
അപ്പോൾവിരാട്ടിങ്കൽനിന്നു ഗുണങ്ങളാ-
ലുല്പന്നരായിതു ദേവാദികൾതദാ.
തത്ര സത്വത്തിങ്കൽനിന്നല്ലോ ദേവകൾ
തദ്രജോഭൂതങ്ങളായ് പ്രജേശാദികൾ
തത്തമോത്ഭൂതനായ് ഭൂതപതിതാനു-
മുത്തമപൂരുഷ! രാമ! ദയാനിധേ!
മായയായ് ഛന്നനായ് ലീലാമനുഷ്യനായ്
മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം
നിർഗ്ഗുണനായ് സദാ ചിദ്ഘനനായൊരു
നിഷ്കളനായ് നിരാകാരനായിങ്ങനെ
മോക്ഷദനാം നിന്തിരുവടി തന്നെയും
മൂർഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു?
മൂർ‌ഖജനങ്ങൾക്കു സന്മാർഗ്ഗപ്രാപക-
മോർക്കിൽപ്രഭൂണാം ഹ്തം ദണ്ഡമായതും
ദുഷ്ടപശൂനാം യഥാ ലകുടം തഥാ
ദുഷ്ടാനുശാസനം ധർമ്മം ഭവാദൃശാം
ശ്രീരാമദേവം പരം ഭക്തവത്സലം
കാരണപൂരുഷം കാരുണ്യസാഗരം
നാരായണം ശരണ്യം പുരുഷോത്തമം
ശ്രീരാമമീശം ശരണം ഗതോസ്മി ഞാൻ
രാമചന്ദ്രാഭയം ദേഹി മേ സന്തതം
രാമ! ലങ്കാമാർഗ്ഗമാശു ദദാമി തേ.’
ഇത്ഥം വണങ്ങി സ്തുതിച്ച വരുണനോ-
ടുത്തമപൂരുഷന്‌താനുമരുൾചെയ്തു:
‘ബാണം മദീയമമോഘമതിന്നിഹ
വേണമൊരു ലക്ഷ്യമെന്തതിനുള്ളതും?
വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ
കാട്ടിത്തരേണമെനിക്കു വാരാന്നിധേ!’
അർണ്ണവനാഥനും ചൊല്ലിനാനന്നേര-
മന്യൂനകാരുണ്യസിന്ധോ! ജഗൽ‌പതേ!
ഉത്തരസ്യാം ദിശി മത്തീരഭൂതലേ
ചിത്രദ്രുമകുല്യദേശം സുഭിക്ഷദം
തത്ര പാപാത്മാക്കളുണ്ടു നിശാചര-
രെത്രയും പാരമുപദ്രവിച്ചീടുന്നോർ.
വേഗാലവിടേക്കയയ്ക്ക ബാണം തവ
ലോകോപകാരകമാമതു നിർണ്ണയം’
രാമനും ബാണമയച്ചാനതുനേര-
മാമയം തേടീടുമാഭീരമണ്ഡലം
എല്ലാമൊടുക്കി വേഗേന ബാണം പോന്നു
മെല്ലവേ തൂണീരവും പുക്കിതാദരാൽ
ആഭീരമണ്ഡലമൊക്കെ നശിക്കയാൽ
ശോഭനമായ് വന്നു തൽ‌‌പ്രദേശം തദാ
തൽ‌കൂലദേശവുമന്നുതൊട്ടെത്രയും
മുഖ്യജനപദമായ് വന്നിതെപ്പൊഴും.
സാഗരം ചൊല്ലിനാൻസാദരമന്നേര-
‘മാകുലമെന്നിയേ മജ്ജലേ സത്വരം
സേതു ബന്ധിക്ക നളനാം കപിവര-
നേതുമവനൊരു ദണ്ഡമുണ്ടായ്‌വരാ.
വിശ്വകർമ്മാവിൻമകനവനാകയാൽ
വിശ്വശില്പക്രിയാതൽ‌പരനെത്രയും
വിശ്വദുരിതാപഹാരിണിയായ് തവ
വിശ്വമെല്ലാം നിറഞ്ഞീടുന്ന കീർത്തിയും
വർദ്ധിക്കു’ മെന്നു പറഞ്ഞു തൊഴുതുട-
നബ്ധിയും മെല്ലെ മറഞ്ഞരുളീടിനാൻ
സന്തുഷ്ടനായൊരു രാമചന്ദ്രൻതദാ
ചിന്തിച്ചു സുഗ്രീവലക്ഷ്മണന്മാരൊടും
പ്രാജ്ഞനായീടും നളനെ വിളിച്ചുട-
നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ
തൽ‌ക്ഷണേ മർക്കടമുഖ്യനാകും നളൻ
പുഷ്കരനേത്രനെ വന്ദിച്ചു സത്വരം
പർവ്വതതുല്യശരീരികളാകിയ
ദുർവ്വാരവീര്യമിയന്ന കപികളും
സർവ്വദിക്കിങ്കലുംനിന്നു സരഭസം
പർവ്വതപാഷാണപാദപജാലങ്ങൾ
കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ
കുണ്ഠവിഹീനം പടുത്തുതുടങ്ങിനാൻ.
നേരേ ശതയോജനായതമായുട-
നീരഞ്ചു യോജന വിസ്താരമാം വണ്ണം
ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ-
ഭദ്രനാം ദാശരഥി ജഗദീശ്വരന്
വ്യോമകേശം പരമേശ്വരം ശങ്കരം
രാമേശ്വരമെന്ന നാമമരുൾചെയ്തു:
‘യാതൊരു മർത്ത്യനിവിടെ വന്നാദരാൽ
സേതുബന്ധം കണ്ടു രാമേശ്വരനെയും
ഭക്ത്യാ ഭജിക്കുന്നിതപ്പോളവൻബ്രഹ്മ-
ഹത്യാദി പാപങ്ങളോടു വേർപെട്ടതി-
ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാൽ
മുക്തിയും വന്നീടുമില്ലൊരു സംശയം
സേതുബന്ധത്തിങ്കൽമജ്ജനവും ചെയ്തു
ഭൂതേശനാകിയ രാമേശ്വരനെയും
കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്-
കുണ്ഠത കൈവിട്ടു വാരണസി പുക്കു
ഗംഗയിൽസ്നാനവും ചെയ്തു ജിതശ്രമം
ഗംഗാസലിലവും കൊണ്ടുവന്നാദരാൽ
രാമേശ്വരന്നഭിഷേകവും ചെയ്തഥ
ശ്രീമൽ‌സമുദ്രേ കളഞ്ഞു തൽ‌ഭാരവും
മജ്ജനംചെയ്യുന്ന മർത്ത്യനെന്നോടു സാ-
യൂജ്യം വരുമതിനില്ലൊരു സംശയം.’
എന്നരുൾചെയ്തിതു രാമൻ‌തിരുവടി
നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും.
വിശ്വകർമ്മാത്മജനാം നളനും പിന്നെ
വിശ്വാസമോടു പടുത്തുതുടങ്ങിനാൻ
വിദ്രുതമദ്രിപാഷാണതരുക്കളാ-
ലദ്ദിനേ തീർന്നു പതിനാലു യോജന
തീർന്നിതിരുപതു യോജന പിറ്റേന്നാൾ
മൂന്നാം ദിനമിരുപത്തൊന്നു യോജന
നാലാം ദിനമിരുപത്തിരണ്ടായതു-
പോലെയിരുപത്തിമൂന്നുമഞ്ചാം ദിനം
അഞ്ചുനാൾകൊണ്ടു ശതയോജനായതം
ചഞ്ചലമെന്നിയേ തീർത്തോരനന്തരം
സേതുവിന്മേലേ നടന്നു കപികളു-
മാതങ്കഹീനം കടന്നുതുടങ്ങിനാർ.
മാരുതികണ്ഠേ കരേറി രഘൂത്തമൻ,
താരേയകണ്ഠേ സുമിത്രാതനയനും
ആരുഹ്യ ചെന്നു സുബേലാചലമുക-
ളേറിനാർവാനരസേനയോടും ദ്രുതം.
ലങ്കാപുരാലോകനാശയാ രാഘവൻ
ശങ്കാവിഹീനം സുബേലാചലോപരി
സം‌പ്രാപ്യ നോ‍ക്കിയ നേരത്തു കണ്ടിതു
ജംഭാരിതൻപുരിക്കൊത്ത ലങ്കാപുരം.
സ്വർണ്ണമയദ്ധ്വജപ്രാകാരതോരണ-
പൂർണ്ണമനോഹരം പ്രാസാദസങ്കുലം
കൈലാസശൈലേന്ദ്രസന്നിഭഗോപുര-
ജാലപരിഘശതഘ്നീസമന്വിതം
പ്രാസാദമൂർദ്ധ്നി വിസ്തീർണ്ണദേശേ മുദാ
വാസവതുല്യപ്രഭാവേന രാവണൻ
രത്നസിംഹാസനേ മന്ത്രിഭിസ്സംകുലേ
രത്നദണ്ഡാതപത്രൈരുപശോഭിതേ
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു
നീലശൈലാഭം ദശകിരീടോജ്ജ്വലം
നീലമേഘോപമം കണ്ടു രഘൂത്തമൻ
വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ
സസ്മിതം വാനരന്മാരോടു ചൊല്ലിനാൻ:
‘മുന്നേ നിബദ്ധനായോരു ശുകാസുരൻ
തന്നെ വിരവോടയയ്ക്ക മടിയാതെ
ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ-
ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.’
എന്നരുൾചെയ്തതു കേട്ടു തൊഴുതവൻ
ചെന്നു ദശാനനൻ‌തന്നെ വണങ്ങിനാൻ.