അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/കുംഭകർണ്ണന്റെ നീതിവാക്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


മാനവേന്ദ്രൻ പിന്നെ ലക്ഷ്മണൻ തന്നെയും
വാനരരാജനാമർക്കാത്മജനേയും
രാവണബാണ വിദാരിതന്മാരായ
പാവകപുത്രാദി വാനരന്മാരെയും
സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ
സിദ്ധാന്തമെല്ലാമരുൾ ചെയ്തു മേവിനാൻ
രാത്രിഞ്ചരേന്ദ്രനും ഭൃത്യജനത്തൊടു
പേർത്തും നിജാർത്തികളോർത്തു ചൊല്ലീടിനാൻ:-
“നമ്മുടെ വീര്യ ബലങ്ങളും കീർത്തിയും
നന്മയുമർത്ഥപുരുഷകാരാദിയും
നഷ്ടമായ് വന്നിതൊടുങ്ങി സുകൃതവും
കഷ്ടകാലം നമുക്കാഗതം നിശ്ചയം
വേധാവു താനുമനാരണ്യ ഭൂപനും
വേദവതിയും മഹാനന്ദികേശനും
രംഭയും പിന്നെ നളകൂബരാദിയും
ജംഭാരിമുമ്പാം നിലിമ്പവരന്മാരും
കുംഭോൽഭവാദികളായ മുനികളും
ശംഭുപ്രണയിനിയാകിയ ദേവിയും
പുഷ്ടതപോബലം പൂണ്ടു പാതിവ്രത്യ-
നിഷ്ഠയോടെ മരുവുന്ന സതികളും
സത്യമായ് ചൊല്ലിയ ശാപവചസ്സുകൾ
മിഥ്യയായ് വന്നു കൂടായെന്നു നിർണ്ണയം
ചിന്തിച്ചു കാണ്മിൻ നമുക്കിനിയും പുന-
രെന്തോന്നു നല്ലൂ, ജയിച്ചു കൊൾവാനഹോ!
കാലാരിതുല്യനാകും കുംഭകർണ്ണനെ-
ക്കാലം കളയാതുണർത്തുക നിങ്ങൾ പോയ്
ആറുമാസം കഴിഞ്ഞെന്നിയുണർന്നീടു-
മാറില്ലുറങ്ങിത്തുടങ്ങീട്ടവനുമി-
ന്നൊൻപതു നാളേ കഴിഞ്ഞതുള്ളൂ നിങ്ങ-
ളൻപോടുണർത്തുവിൻ വല്ലപ്രകാരവും“
രാക്ഷസരാജനിയോഗേന ചെന്നോരോ-
രാക്ഷസരെല്ലാമൊരുമ്പെട്ടുണർത്തുവാൻ
ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു-
മാനതേർ കാലാൾ കുതിരപ്പടകളും
കുംഭകർണ്ണോരസി പാഞ്ഞുമാർത്തും ജഗത്-
കമ്പം വരുത്തിനാരെന്തൊരു വിസ്മയം!
കുംഭസഹസ്രം ജലം ചൊരിഞ്ഞീടിനാർ
കുംഭകർണ്ണ ശ്രവണാന്തരേ പിന്നെയും
കുംഭീവരന്മാരെക്കൊണ്ടു നാസാരന്ധ്ര-
സംഭൂതരോമം പിടിച്ചു വലിപ്പിച്ചും
തുമ്പിക്കരമറ്റലറിയുമാനകൾ
ജംഭാരിവൈരിക്കു കമ്പമില്ലേതുമേ
ജ്രുംഭാസമാരംഭമോടുമുണർന്നിതു
സംഭ്രമിച്ചോടിനാരശരവീരരും
കുംഭസഹസ്രം നിറച്ചുള്ള മദ്യവും
കുംഭസഹസ്രം നിറച്ചുള്ള രക്തവും
സംഭോജ്യമന്നവും കുന്നുപോലെ കണ്ടൊ-
രിമ്പം കലർന്നെഴുന്നേറ്റിരുന്നീടിനാൻ
ക്രവ്യങ്ങളാദിയായ് മറ്റുപജീവന-
ദ്രവ്യമെല്ലാം ഭുജിച്ചാനന്ദചിത്തനായ്
ശുദ്ധാചമനവും ചെയ്തിരിക്കും വിധൌ
ഭൃത്യജനങ്ങളും വന്നു വണങ്ങിനാൻ
കാര്യങ്ങളെല്ലാമറിയിച്ചുണർത്തിയ-
കാരണവും കേട്ടു പംക്തികണ്ഠാനുജൻ
‘എങ്കിലോ വൈരികളെക്കൊല ചെയ്തു ഞാൻ
സങ്കടം തീർത്തു വരുവ’ നെന്നിങ്ങനെ
ചൊല്ലിപ്പുറപ്പെട്ടനേരം മഹോദരൻ
മെല്ലെത്തൊഴുതു പറഞ്ഞാനതുനേരം:
‘ജ്യേഷ്ഠനെക്കണ്ടു തൊഴുതു വിടവാങ്ങി
വാട്ടം വരാതെ പൊയ്ക്കൊള്ളുക നല്ലതു”
ഏവം മഹോദരൻ ചൊന്നതു കേട്ടവൻ
രാവണൻ തന്നെയും ചെന്നു വണങ്ങിനാൻ
ഗാഢമായാലിംഗനം ചെയ്തിരുത്തീടിനാ-
നൂഢമോദം നീജ സോദരൻ തന്നെയും
‘ചിത്തേ ധരിച്ചതില്ലോർക്ക നീ കാര്യങ്ങൾ
വൃത്താന്തമെങ്കിലോ കേട്ടാലുമിന്നെടോ:
സോദരി തന്നുടെ നാസകുചങ്ങളെ
ച്ഛേദിച്ചതിന്നു ഞാൻ ജാനകീദേവിയെ
ശ്രീരാമലക്ഷ്മണന്മാരറിയാതെ ക-
ണ്ടാരാമ സീമ്നി കൊണ്ടന്നു വെച്ചീടിനേൻ
വാരിധിയിൽ ചിറ കെട്ടിക്കടന്നവൻ
പോരിന്നു വാനരസേനയുമായ് വന്നു
കൊന്നാൻ പ്രഹസ്താദികളെപ്പലരെയു-
മെന്നെയുമെയ്തു മുറിച്ചാൻ ജിതശ്രന്മം
കൊല്ലാതെ കൊന്നയച്ചാനതു കാരണ-
മല്ലൽ മുഴുത്തു ഞാൻ നിന്നേയുണർത്തിനേൻ
മാനവന്മാരെയും വാനരന്മാരെയും
കൊന്നു നീയെന്നെ രക്ഷിച്ചു കൊള്ളേണമേ‘
എന്നതു കേട്ടു ചൊന്നാൻ കുംഭകർണ്ണനും
‘നന്നു നന്നെത്രയും നല്ലതേ നല്ലു കേൾ
നല്ലതും തീയതും താനറിയാത്തവൻ
നല്ലതറിഞ്ഞു ചൊല്ലുന്നവൻ ചൊല്ലുകൾ
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന-
തല്ലാതവർക്കുണ്ടോ നല്ലതുണ്ടാകുന്നു?
‘സീതയെ രാമനു നൽകുക’ന്നിങ്ങനെ
സോദരൻ ചൊന്നാനതിനു കോപിച്ചു നീ
ആട്ടിക്കളഞ്ഞതു നന്നുനന്നോർത്തു കാൺ,
നാട്ടിൽ നിന്നാശു വാങ്ങീ ഗുണമൊക്കവേ
നല്ലവണ്ണം വരും കാലമില്ലെന്നതും
ചൊല്ലാമതുകൊണ്ടതും കുറ്റമല്ലെടോ!
നല്ലതൊരുത്തരാലും വരുത്താവത-
ല്ലല്ലൽ വരുത്തുമാപത്തണയുന്ന നാൾ
കാലദേശാവസ്ഥകളും നയങ്ങളും
മൂലവും വൈരികൾ കാലവും വീര്യവും
ശത്രുമിത്രങ്ങളും മദ്ധ്യസ്ഥപക്ഷവു-
മർത്ഥപുരുഷകാരാദി ഭേദങ്ങളും
നാലുപായങ്ങളുമാറുനയങ്ങളും
മേലിൽ വരുന്നതുമൊക്കെ നിരൂപിച്ചു’
പത്ഥ്യം പറയുമമാത്യനുണ്ടെങ്കിലോ
ഭർതൃസൌഖ്യം വരും, കീർത്തിയും വർദ്ധിയ്ക്കും
ഇങ്ങനെയുള്ളൊരമാത്യധർമ്മം വെടി-
ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു
കർണ്ണസുഖം വരുമാറുപറഞ്ഞു കൊ-
ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു
മൂലവിനാശം വരുമാറു നിത്യവും
മൂഢരായുള്ളോരമാത്യജനങ്ങളിൽ
നല്ലതു കാകോളമെന്നതു ചൊല്ലുവോ-
രല്ലൽ വിഷ്മുണ്ടവർക്കെന്നിയില്ലല്ലോ
മൂഢരാം മന്ത്രികൾ ചൊല്ലു കേട്ടീടുകിൽ
നാടുമായുസ്സും കുലവും നശിച്ചു പോം
നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേർ-
ന്നാധി മുഴുത്തു മരിക്കും മൃഗകുലം
അഗ്നിയെക്കണ്ടു മോഹിച്ചു ശാലഭൺNഅൾ
മഗ്നരായഗ്നിയിൽ വീണു മരിക്കുന്നു
മത്സ്യങ്ങളും രസത്തിങ്കൽ മോഹിച്ചു ചെ-
ന്നത്തൽ പെടുന്നു ബളിശം ഗ്രസിക്കയാൽ
ആഗ്രഹമൊന്നിങ്കലേറിയാലാപത്തു-
പോക്കുവാനാവതല്ലാതവണ്ണം വരും
നമ്മുടെ വംശത്തിനും നല്ല നാട്ടിനു-
മുന്മൂലനാശം വരുത്തുവാനായല്ലോ
ജാനകി തന്നിലൊരാശയുണ്ടായതും
ഞാനറിഞ്ഞേനതു രാത്രീഞ്ചരാധിപ!
ഇന്ദ്രിയങ്ങൾക്കു വശനായിരിപ്പവ-
നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിർണ്ണയം
ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ-
നൊന്നുകൊണ്ടും വരാ നൂനമാപത്തുകൾ
നല്ലതല്ലെന്നറിഞ്ഞിരിക്കെബ്ബലാൽ
ചെല്ലുമൊന്നിങ്കലൊരുത്തനഭിരുചി
പൂർവ്വജന്മാർജ്ജിത വാസനയാലതി-
നാവതല്ലേതുമതിൽ വശനായ് വരും
എന്നാലതിങ്കൽ നിന്നാശുമനസ്സിനെ-
ത്തന്നുടെ ശാസ്ത്രവിവേകോപദേഷങ്ങൾ
കൊണ്ടുവിധേയമാക്കിക്കൊണ്ടിരിപ്പവ-
നുണ്ടോ ജഗത്തിങ്കലാരാനുമോർക്ക നീ?
മുന്നം വിചാരകാലേ ഞാൻ ഭവാനോടു-
തന്നെ പറഞ്ഞതില്ലേ ഭവിഷ്യത് ഫലം?
ഇപ്പോളുപഗതമായ്‌വന്നതീശ്വര -
കൽപ്പിതമാർക്കും തടുക്കാവതല്ലല്ലോ
മാനുഷനല്ല രാമൻ പുരുഷോത്തമൻ
നനാജഗന്മയൻ നാരയണൻ പരൻ
സീതയാകുന്നതു യോഗമായാദേവി
ചേതസി നീ ധരിച്ചീടുകെന്നിങ്ങനെ
നിന്നോടു തന്നെ പറഞ്ഞുതന്നീലയോ
മന്നവ!മുന്നമേയെന്തതോരാഞ്ഞതും?
ഞാനൊരുനാൾ വിശാലയാം യഥാസുഖം
കാനനാന്തേ നരനാരായണാശ്രമേ
വാഴുന്നനേരത്തു നാരദനെപ്പരി-
തോഷേണ കണ്ടു നമസ്കരിച്ചീടിനേൻ
ഏതൊരുദിക്കിൽ നിന്നാഗതനായിതെ-
ന്നാദരവോടരുൾ ചെയ്ക മഹാമുനേ!
എന്തൊരു വൃത്താന്തമുള്ളൂ ജഗത്തിങ്ക-
ലന്തരം കൂടാതരുൾചെയ്ക, യെന്നെല്ലാം
ചോദിച്ച നേരത്തു നാരദനെന്നോടു
സാദരം ചൊന്നാനുദന്തങ്ങളൊക്കവേ
‘രാവണപീഡിതന്മാരായ് ചമഞ്ഞൊരു-
ദേവകളും മുനിമാരുമൊരുമിച്ചു
ദേവദേവേശനാം വിഷ്ണുഭഗവാനെ-
സേവിച്ചുണർത്തിച്ചു സങ്കടമൊക്കവേ
ത്രിലോക്യകണ്ടകനാകിയ രാവണൻ
പൌലസ്ത്യപുത്രനതീവദുഷ്ടൻ ഖലൻ
ഞങ്ങളെയെല്ലാമുപദ്രവിച്ചീടുന്നി-
തെങ്ങുമിരിക്കരുതാതെചമഞ്ഞിതു
മർത്ത്യനാലെന്നിയേ മൃത്യുവില്ലെന്നതു
മുക്തം വിരിഞ്ചനാൽ മുന്നമേ കല്പിതം
മർത്ത്യനായ് തന്നെ പിറന്നു ഭവാനിനി
സത്യധർമ്മങ്ങളെ രക്ഷിക്ക വേണമേ’
ഇത്ഥമുണർത്തിച്ചനേരം മുകുന്ദനും
ചിത്തകാരുണ്യം കലർന്നരുളിച്ചെയ്തു:
‘പൃത്ഥ്വിയിൽ ഞാനയോദ്ധ്യായാം ദശരഥ-
പുത്രനായ് വന്നു പിറന്നിനിസ്സത്വരം
നക്തഞ്ചരാധിപൻ തന്നെയും നിഗ്രഹി-
ച്ചത്തൽ തീർത്തീടുവനിത്രിലോകത്തിങ്കൽ
സത്യസങ്കൽപ്പനാമീശ്വരൻ തന്നുടെ
ശക്തിയോടും കൂടി രാമനായ് വന്നതും
നിങ്ങളെയെല്ലാമൊടുക്കുമവനിനി
മംഗലം വന്നുകൂടും ജഗത്തിങ്കലും’
എന്നരുൾ ചെയ്തു മറഞ്ഞു മഹാമുനി
നന്നായ് നിരൂപിച്ചു കൊൾക നീ മാനസേ
‘രാമൻ പരബ്രഹ്മമായ സനാതനൻ
കോമളനിന്ദീവരദളശ്യാമളൻ
മായാമാനുഷ്യവേഷം പൂണ്ട രാമനെ-
ക്കായേന വാചാ മനസാ ഭജിക്ക നീ
ഭക്തി കണ്ടാൽ പ്രസാദിക്കും രഘുത്തമൻ
ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ!
ഭക്തിയല്ലോ സതാം മോക്ഷപ്രദായിനി
ഭക്തിഹീനന്മാർക്കു കർമ്മവും നിഷ്ഫലം
സംഖ്യയില്ലാതോളമുണ്ടവതാരങ്ങൾ
പങ്കജനേത്രനാം വിഷ്ണുവിനെങ്കിലും
സംഖ്യാവതാം മതം ചൊല്ലുവൻ നിന്നുടെ
ശങ്കയെല്ലാമകലെക്കളഞ്ഞീടുവാൻ
രാമാവതാരസമമല്ലാതൊന്നുമേ
നാമജപത്തിനാലേ വരും മോക്ഷവും
ജ്ഞാനസ്വരൂപനാകുന്ന ശിവൻ പരൻ
മാനുഷാകാരനാം രാമനാകുന്നതും
താരകബ്രഹ്മമെന്നത്രെ ചൊല്ലുന്നതും
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
രാമനെത്തന്നെ ഭജിച്ചുവിദ്വജ്ജന--
മാമയം നൽകുന്ന സംസാരസാഗരം
ലംഘിച്ചു രാമപാദത്തെയും പ്രാപിച്ചു
സങ്കടം തീർത്തുകൊള്ളുന്നിതു സന്തതം
ശുദ്ധതത്വന്മാർ നിരന്തരം രാമനെ-
ച്ചിത്താംബുജത്തിങ്കൽ നിത്യവും ധ്യാനിച്ചു
തച്ചരിത്രങ്ങളും ചൊല്ലി നാ‍മങ്ങളു-
മുച്ചരിച്ചാത്മാനമാത്മാനാകണ്ടു ക-
ണ്ടച്യുതനോടു സായൂജ്യവും പ്രാപിച്ചു
നിശ്ചലാനന്ദേ ലയിക്കുന്നിതന്വഹം
മായാവിമോഹങ്ങളെല്ലാം കളഞ്ഞുടൻ
നീയും ഭജിച്ചുകൊൾകാനന്ദമൂർത്തിയെ.’