സത്യവേദപുസ്തകം/2. കൊരിന്ത്യർ/അദ്ധ്യായം 9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അപ്പൊസ്തൊലനായ പൗലൊസ് കൊരിന്ത്യർക്കു എഴുതിയ രണ്ടാം ലേഖനം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പുതിയനിയമഗ്രന്ഥങ്ങൾ


1 വിശുദ്ധന്മാർക്കും വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ ആവശ്യമില്ലല്ലോ.

2 അഖായ കിഴാണ്ടുമുതൽ ഒരുങ്ങിയിരിക്കുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേർക്കും ഉത്സാഹകാരണമായിത്തീർന്നിരിക്കുന്നു.

3 നിങ്ങളെക്കുറിച്ചു ഞങ്ങൾ പറയുന്ന പ്രശംസ ഈ കാർയ്യത്തിൽ വ്യർത്ഥമാകാതെ ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാൻ സഹോദരന്മാരേ അയച്ചതു.

4 അല്ലെങ്കിൽ പക്ഷെ മക്കെദോന്യർ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താൽ നിങ്ങൾ എന്നല്ല ഞങ്ങൾ തന്നേ ഈ അതിധൈർയ്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.

5 ആകയാൽ സഹോദരന്മാർ ഞങ്ങൾക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങൾ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാൻ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാൻ ആവശ്യം എന്നു ഞങ്ങൾക്കു തോന്നി.

6 എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരളമായി കൊയ്യും എന്നു ഔർത്തുകൊൾവിൻ .

7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.

8 നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു.

9 “അവൻ വാരിവിതറി ദരിദ്രന്മാർക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

10 എന്നാൽ വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാൻ ആഹാരവും നലകുന്നവൻ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും.

11 ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാർയ്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും.

12 ഈ നടത്തുന്ന ധർമ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീർക്കുംന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാൻ കാരണവും ആകുന്നു.

13 ഈ സഹായത്താൽ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങൾ സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങൾ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാർയ്യം നിമിത്തവും അവർ ദൈവത്തെ മഹത്വപ്പെടുത്തും.

14 നിങ്ങൾക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവർ നിങ്ങളെ കാണ്മാൻ വാഞ്ഛിച്ചു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും.

15 പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>