സത്യവേദപുസ്തകം/ലൂക്കൊസ്/അദ്ധ്യായം 8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ലൂക്കൊസ് എഴുതിയ സുവിശേഷം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പുതിയനിയമഗ്രന്ഥങ്ങൾ


1 അനന്തരം അവൻ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.

2 അവനോടുകൂടെ പന്തിരുവരും അവൻ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും

3 ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവർക്കും ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു.

4 പിന്നെ വലിയോരു പുരുഷാരവും ഔരോ പട്ടണത്തിൽനിന്നു അവന്റെ അടുക്കൽ വന്നവരും ഒരുമിച്ചു കൂടിയപ്പോൾ അവൻ ഉപമയായി പറഞ്ഞതു: വിതെക്കുന്നവൻ വിത്തു വിതെപ്പാൻ പുറപ്പെട്ടു.

5 വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.

6 മറ്റു ചിലതു പാറമേൽ വീണു മുളെച്ചു നനവില്ലായ്കയാൽ ഉണങ്ങിപ്പോയി.

7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.

8 മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.

9 അവന്റെ ശിഷ്യന്മാർ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവൻ പറഞ്ഞതു:

10 ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.

11 ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം;

12 വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.

13 പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കും വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻ വാങ്ങിപ്പോകയും ചെയ്യുന്നു.

14 മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.

15 നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.

16 വിളകൂ കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിൽക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.

17 വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.

18 ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ . ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.

19 അവന്റെ അമ്മയും സഹോദരന്മാരും

20 അവന്റെ അടുക്കൽ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാൻ ഇച്ഛിച്ചുകൊണ്ടു പുറത്തു നിലക്കുന്നു എന്നു ചിലർ അവനോടു അറിയിച്ചു.

21 അവരോടു അവൻ : എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.

22 ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു.

23 അവർ നീക്കി ഔടുമ്പോൾ അവൻ ഉറങ്ങിപ്പോയി

24 തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു:

25 നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.

26 അവർ ഗലീലകൂ നേരെയുള്ള ഗെരസേന്യ ദേശത്തു അണഞ്ഞു.

27 അവൻ കരെക്കു ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചോരു മനുഷ്യൻ പട്ടണത്തിൽ നിന്നു വന്നു എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു.

28 അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.

29 അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്കു ഔടിക്കയും ചെയ്യും.

30 യേശു അവനോടു: നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.

31 പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.

32 അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.

33 ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.

34 ഈ സംഭവിച്ചതു മേയക്കുന്നവർ കണ്ടിട്ടു ഔടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.

35 സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

36 ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.

37 ഗെരസേന്യ ദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.

38 ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.

39 അതിന്നു അവൻ : നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.

40 യേശു മടങ്ങിവന്നപ്പോൾ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവർ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.

41 അപ്പോൾ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്റെ കാൽക്കൽ വീണു.

42 അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകൾ ഉണ്ടായിരുന്നു; അവൾ മരിപ്പാറായതു കൊണ്ടു തന്റെ വീട്ടിൽ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ പോകുമ്പോൾ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.

43 അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാത്തവളുമായോരു സ്ത്രീ

44 പുറകിൽ അടുത്തു ചെന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.

45 എന്നെ തൊട്ടതു ആർ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോൾ: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.

46 യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.

47 താൻ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു, അവനെ തൊട്ട സംഗതിയും തൽക്ഷണം സൌഖ്യമായതും സകലജനവും കേൾക്കെ അറിയിച്ചു.

48 അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

49 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളിപ്രമാണിയുടെ ഒരാൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.

50 യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാൽ അവൾ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു.

51 വീട്ടിൽ എത്തിയാറെ പത്രൊസ്, യോഹന്നാൻ , യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവൻ തന്നോടുകൂടെ അകത്തു വരുവാൻ സമ്മതിച്ചില്ല.

52 എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോൾ: കരയേണ്ടാ, അവൾ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്നു അവൻ പറഞ്ഞു.

53 അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.

54 എന്നാൽ അവൻ അവളുടെ കൈകൂ പിടിച്ചു; ബാലേ, എഴുന്നേൽക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു.

55 അവളുടെ ആത്മാവു മടങ്ങിവന്നു, അവൾ ഉടനെ എഴുന്നേറ്റു; അവൾക്കു ഭക്ഷണം കൊടുപ്പാൻ അവൻ കല്പിച്ചു.

56 അവളുടെ അമ്മയപ്പന്മാർ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവൻ അവരോടു കല്പിച്ചു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>