Jump to content

സത്യവേദപുസ്തകം/യോഹന്നാൻ/അദ്ധ്യായം 3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
യോഹന്നാൻ എഴുതിയ സുവിശേഷം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പുതിയനിയമഗ്രന്ഥങ്ങൾ


1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു.

2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.

3 യേശു അവനോടു: ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു.

4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.

5 അതിന്നു യേശു: ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

7 നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

8 കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.

9 നിക്കോദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.

10 യേശു അവനോടു ഉത്തരം പറഞ്ഞതു: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇതു അറിയുന്നില്ലയോ?

11 ആമേൻ , ആമേൻ , ഞാൻ നിന്നോടു പറയുന്നു: ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു: ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ലതാനും.

12 ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

13 സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.

14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.

15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.

20 തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.

21 സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.

22 അതിന്റെ ശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.

23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.

24 അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.

25 യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കും ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;

26 അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ , നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.

27 അതിന്നു യോഹന്നാൻ : സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല.

28 ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു;

29 മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.

30 അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.

31 മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;

32 അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.

33 അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു.

34 ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.

35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.

36 പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുളളു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>