സത്യവേദപുസ്തകം/അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ/അദ്ധ്യായം 19
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ - അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
1 അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:
2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടന്നെുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
4 അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
6 പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
7 ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.
8 പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.
9 എന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു.
10 അതു രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുംന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.
11 ദൈവം പൗലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ
12 അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുപ്പെടുകയും ചെയ്തു.
13 എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യഹൂദന്മാർ: പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
14 ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യേഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.
15 ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.
16 പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഔടിപ്പോയി.
17 ഇതു എഫേസൊസിൽ പാർക്കുംന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കും ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
18 വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവർത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.
19 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണകൂ കൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.
20 ഇങ്ങനെ കർത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.
21 ഇതു കഴിഞ്ഞിട്ടു പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.
22 തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു.
23 ആ കാലത്തു ഈ മാർഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
24 വെള്ളികൊണ്ടു അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീർക്കുംന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാർക്കും വളരെ ലാഭം വരുത്തി വന്നു.
25 അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.
26 എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
27 അതിനാൽ നമ്മുടെ ഈ കാര്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അർത്തെമിസ് മഹാദേവിുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
28 അവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു ആർത്തു.
29 പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.
30 പൗലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല.
31 ആസ്യധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുത് എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു.
32 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.
33 യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സാന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.
34 എന്നാൽ അവൻ യെഹൂദൻ എന്നു അറിഞ്ഞപ്പോൾ: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആർത്തുകൊണ്ടിരുന്നു.
35 പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമർത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യൻ ആർ?
36 ഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാർക്കേണ്ടതാകുന്നു.
37 ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവർച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
38 എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു, ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.
39 വേറെ കാര്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധർമ്മസഭയില തീർക്കാമല്ലോ.
40 ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ.
41 ഇങ്ങനെ പറഞ്ഞു അവൻ സഭയയെ പിരിച്ചുവിട്ടു.