സങ്കല്പകാന്തി/വനദേവത
←കാളിദാസൻ | സങ്കല്പകാന്തി രചന: വനദേവത |
ആ കാലങ്ങൾ→ |
വനദേവത*
താമര പൂത്തൊരപ്പൊയ്കയിൽ നിയന്നൊ-
രോമനസ്വപ്നമായെത്തി;
ആശാമധുരമാം ഭാവനയിങ്കലൊ-
രാശയാവേശനംപോലേ!
മൊട്ടിട്ടുപോയി നിന്നാഗമവേളയിൽ
തൊട്ടടുത്തുള്ള മരങ്ങൾ;
കോകിലകണ്ടത്തിലാകർഷകമാർദ്രമാം
കാകളി വന്നു തുളുമ്പി;
പല്ലവിതങ്ങളാം ചില്ലകൾ ചൂടിയ
വല്ലീനടികൾ നിന്നാടി;
ചിത്രപതംഗകപാളികൾക്കക്ഷണം
ചുറ്റിപ്പറക്കുവാൻ തോന്നി;
മഞ്ഞിലിളവെയൽ വീണൊ,രു നൂതന-
മഞ്ജിമ മന്നിനെപ്പുൽകി;
സ്വപ്നമെന്നോണ,മീ ലോകം പൊടുന്നനെ
സ്വർഗ്ഗീയരംഗമായ് മാറി!
നീലിമപൂശിയ കാനനരാശിയിൽ
നീളെപ്പുളകങ്ങൾ വീശി,
ഓടക്കുഴലും വിളിച്ചുകൊണ്ടേകനായ്,-
ക്കോടക്കാർവർണ്ണനെപ്പോലെ,
അച്ഛിന്നകൗതുകമദ്ദിക്കിലപ്പൊഴ-
ക്കൊച്ചാട്ടിടയനുമെത്തി.
സുന്ദരമാവനം പ്രേമപ്രഫുല്ലമാം
വൃന്ദാവനംതന്നെയായി!
കോമളഗാനങ്ങൾ കോരിച്ചൊരിയുവിൻ,
കോകിലജാലമേ, നിങ്ങൾ!
ആനന്ദനർത്തനമാടുവിൻ മേല്ക്കുമേൽ,
നാനാലതകളേ, നിങ്ങൾ!
ഉല്ലസൽസൗരഭം വാരി വീശീടുവിൻ ,
ഫുല്ലപുഷ്പങ്ങളേ, നിങ്ങൾ!
അപ്രതിമോജ്ജ്വല,മിപ്രണയോത്സവ-
സ്വപ്നസമാഗമകാലം;
നിർവൃതികൊണ്ടു നിറം പിടിപ്പിക്കുവാൻ
നിങ്ങളെല്ലാവരും വേണം!
തൈത്തെന്നലൊന്നെങ്ങാൻ തൊട്ടാൽക്കുണുങ്ങുന്ന
മൊട്ടിട്ട മുല്ലയെപ്പോലേ,
നാണംകുണുങ്ങിക്കുണുങ്ങിയവളൊരു
കാനനച്ചാർത്തിൽപ്പതുങ്ങി!
കണ്ടിട്ടുമായതു കാണാത്ത ഭാവത്തി-
ലിണ്ടൽനടിച്ചവൻ നിന്നു.
"ഹാ, വനദേവതേയെങ്ങു നീ?"- എന്നവ-
നാവലാതിപ്പെട്ടുഴന്നു:
"കാനനപ്പച്ചകൾ പൂക്കുന്ന കാലത്തു
കാണാമെന്നോതിയതല്ലേ?
കാട്ടിൽക്കരിങ്കുയിൽ കൂകുന്നകാലത്തു
കാണാമെന്നോതിയതല്ലേ?
കാടുകളൊക്കെയും പൂത്തു, കരിങ്കുയിൽ
കൂകിത്തളർന്നുകഴിഞ്ഞു;
കാനനദേവതേ, നിന്നെയിങ്ങെന്നിട്ടും
കാണാതിരിക്കുന്നതെന്തേ?"
ഏവം കഥിച്ചൊരു നീലശിലാതല-
ഭൂവിലവൻ ചെന്നിരുന്നു.
രണ്ടിളന്തണ്ടാർവലയമവനുടെ
കണ്ഠത്തിൽച്ചുറ്റിപ്പിണഞ്ഞു.
പിന്നത്തെ മാത്രയിൽ, രണ്ടിളം പൂക്കള-
ക്കണ്ണിനെ പൊത്തിക്കഴിഞ്ഞു-
"ആരു ഞാ നാരു ഞാൻ?"- എന്നൊരു വീണതൻ
ചാരുസ്വരവുമുതിർന്നു!
അസ്സ്വരത്തേന്മഴച്ചാറലി, ലക്കര-
സ്പർശസുഗന്ധസരിത്തിൽ,
മന്ദമലിഞ്ഞലിഞ്ഞായവനിങ്ങനെ
മന്ദസ്മിതം തൂകിയോതി:
"കണ്ടാലൊളിക്കുന്ന കള്ളിയായിദ്ദിക്കി-
ലുണ്ടൊരു കാനനദേവി.
ഞാനറിയാതെ,യാ നാണംകുണുങ്ങിയെൻ-
പ്രാണനുംപ്രാണനായ്പ്പോയി.
ഉണ്ടവൾക്കത്യന്തപാടവം, പിന്നാലേ
മിണ്ടാതൊളിഞ്ഞുവന്നെത്താൻ;
എന്നിട്ടു, താമരപ്പൂവിതൾക്കൈകളാൽ
കണ്ണിണ പൊത്തിപ്പിടിക്കാൻ!
മായികയാണവളെങ്കിലും മെന്മനോ-
നായികയാണക്കുമാരി!"
മന്ദമത്തണ്ടാർവലയങ്ങൾ നീങ്ങി, യാ
മിന്നൽക്കൊടി മുന്നിലെത്തി.
കൊഞ്ചിക്കുഴഞ്ഞൊരു കോകിലത്തെപ്പോലെ
പുഞ്ചിരിപെയ്തവളോതി:
"താമസിച്ചിങ്ങു നാം നിന്നാൽ, വെയിൽ വരും
താമരപ്പൊയ്കയിലെല്ലാം!"
ഓരോരോ ചാടുവാക്കോമനിച്ചോമനി-
ച്ചോതിത്തുടങ്ങിയവനും:
"താമരപ്പൊയ്കയിൽ വെയ്‌ലു വന്നാലപ്പോൾ
മാമരച്ചോട്ടിലിരിക്കാം!"
"താമരപ്പൊയ്കയിൽപ്പോയാലൊരായിരം
താമരപ്പൂക്കൾ പറിക്കാം!"
"മാമരച്ചോട്ടിലിരുന്നാലൊരായിരം
മാദകചിത്രങ്ങൾ കാണാം!"
"പോരിക, പോരിക,ന്നോതുന്നു നമ്മോടു-
ദൂരെനിന്നോരോ പികങ്ങൾ."
"പോകരുതെ,ന്നു വിലക്കുന്നു നമ്മളെ-
ക്കേകികളീ മരക്കൊമ്പിൽ!
വാരുറ്റപീലി വിടുർത്തിനിന്നാടുമ്പോ-
ളാരവയെ വിട്ടു പോകും?"
"ചില്ലകളാലതാ മാടിവിളിക്കുന്നു
വല്ലികൾ ദൂരത്തു നമ്മെ!"
"ചില്ലകളാലിതാ, നിന്നു വിലക്കുന്നു
വല്ലികൾ ചാരത്തു നമ്മെ!"
"അക്കുളിർപ്പൂഞ്ചോലയ്ക്കക്കരെച്ചെന്നാലൊ
രപ്സരകന്യയെക്കാണാം!"
"അക്കരെച്ചെല്ലാതെതന്നെ, യെനിക്കുണ്ടൊ
രപ്സരകന്യയെൻചാരേ!"
"കല്ലീലി വെയ്‌ലത്തു ഞാനേറെ നിൽക്കുകിൽ
വല്ലാതെ വാടിത്തളരും!"
"വാടിത്തളരുകിൽ, പൂപോലെ നിന്നെ ഞാൻ
വാരിയെടുക്കുമെൻകൈയിൽ!
അപ്പൂത്ത വള്ളിക്കുടിലിനകത്തൊരു
പുഷ്പതല്പം ഞാനൊരുക്കും.
എന്മടിത്തട്ടിൽത്തല വെച്ചു സസ്പൃഹം
നിന്നെയതിൽ ഞാൻ കിടത്തും.
താമരപ്പച്ചിലത്താലവൃന്തത്തിനാൽ
സാമോദം നിന്നെ ഞാൻ വീശും.
മൽക്കരാശ്ലേഷസുഖത്തിലലിഞ്ഞലി-
ഞ്ഞുജ്ജ്വലേ, നീയുമുറങ്ങും.
ആലോലവായുവിലാഞ്ഞാഞ്ഞിളകും നിൻ-
നീലാളകങ്ങളും മാടി,
ആനന്ദതുന്ദിലനായി ഞാനിങ്ങനെ-
യാ നികുഞ്ജത്തിലിരിക്കും!"
"പൂത്തും തളിർത്തും ലസിക്കുന്നു മാമര-
ച്ചാർത്തുകളെങ്ങുമിക്കാട്ടിൽ!
ഏതേതു കോണിലേക്കെത്തിനോക്കീടിലും
ചേതോഹരമാണവിടം.
എങ്ങനെ,യെങ്ങോട്ടു,പോകും നാമിങ്ങുനി-
ന്നെ,ങ്ങനെ പോകാതിരിക്കും?
ഹാ, മനോമോഹനമാപാദചൂഡമി-
ശ്ശ്യാമളകാനനരംഗം!"
ഹാ, വനദേവതേ, നിൻപദം പൂല്കുമീ-
പ്പാവനകാനനഭാഗം
എങ്ങനെ,യെങ്ങനെ, മംഗളമഞ്ജിമ
തിങ്ങിത്തുളുമ്പാതിരിക്കും?"
"ഈ വേണുഗോപാലപാദമുദ്രാങ്കിത-
ശ്രീവായ്ക്കുമീ വനരംഗം
എമ്മട്ടി, ലെമ്മട്ടി,ലെന്നെന്നുമത്യന്ത-
രമ്യമായ്ത്തീരാതിരിക്കും?"
"കാനനമൊക്കെയും പൂത്തു,കരിങ്കുയിൽ
കാകളി മേന്മേലുതിർത്തു;
നീ,വനദേവതേ, വന്നതുമൂലമെൻ-
ജീവനുമിപ്പോൾക്കുളിർത്തു;
തങ്കക്കിനാക്കൾ തഴുകിത്തഴുകിയെൻ-
സങ്കല്പമൊക്കെത്തളിർത്തു.
ഈ വസന്തോത്സവം കൊണ്ടാടുവാനിനി-
പ്പോവുകതന്നെ നാം ദേവി!"
--മെയ് , 1938