Jump to content

സങ്കല്പകാന്തി/ആ കാലങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ആ കാലങ്ങൾ
[ 22 ]

ആ കാലങ്ങൾ

എങ്കിലും, തോഴി, തിരിച്ചിനിക്കിട്ടുമോ
സങ്കല്പമാത്രമാമാ മധുരാമൃതം?
ആ വസന്തോത്സവം വന്നു നൃത്തംചെയ്ത
ജീവിതത്തിന്റെ തളിർവിരിപ്പാതയിൽ,
ഒന്നതിൻസ്മാരകം ചൊന്നിടാൻപോലുമി-
ല്ലിന്നതിൻ കാലടിപ്പാടുകളൊന്നുമേ.

മുന്നിലക്കാണും തിമിരപ്പടർപ്പില-
പ്പൊന്നുങ്കതിരിനി വീണ്ടും പൊടിക്കുമോ?
അയ്യോ, നിരാശേ,നിരാശേ, മതി മതി,
വയ്യെനിക്കേ, വം ഞെരിക്കരുതെന്നെ നീ!
ഒന്നു പോയ്ക്കൊള്ളട്ടെ മുന്നോട്ടുതന്നെയി-
ക്കണ്ണീർപ്പുഴയിൽ കുളിച്ചു കുളിച്ചു ഞാൻ.

ഭാവി ദൂരത്താ,താ, നോക്കിനില്ക്കുന്നിതെ,ൻ-
ഭാവനാ ചിത്രങ്ങളൊക്കെയും മായ്ക്കുവാൻ.
അത്തലിൻ ചുട്ട വെയ്‌ലേറ്റു, പഴുത്തൊരീ
വർത്തമാനത്തിൻ പരുത്ത പാറപ്പുറം
പൊള്ളിക്കയാണിതാ, ചിന്താശതങ്ങൾതൻ-
മുള്ളേറ്റു ചോരയൊലിക്കും മനസ്സിനെ!
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു, മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ!

പച്ച വിടുർത്തി വിരിച്ച തടങ്ങളെ-
ക്കൊച്ചലച്ചാർത്താൽപ്പുണർന്നുകൊണ്ടങ്ങനെ,
ചിന്നിപ്പതഞ്ഞു പുളകഞ്ഞൊഴുകുന്നൊര-
ക്കുഞ്ഞരുവിക്കും മറുകരയ്ക്കപ്പുറം,
ശ്യാമളകാനനച്ഛയാ മൂടീടുമ-
ഗ്രമാമതിപ്പൊഴും മുന്നിലെത്തുന്നു മേ!

വെള്ളാമ്പൽ പൂത്തു പരന്ന പാടങ്ങളു-
മുല്ലസൽക്കാടും തളിർത്ത മരങ്ങളും;
മഞ്ഞത്തു,ഷസ്സിൽക്കനകനീരാഴിയിൽ
മുങ്ങിക്കുളിച്ചു ലസിക്കും മലകളും;
പന്ത്രണ്ടുമാസവും പൂവിട്ടുനില്ക്കുമ-
ച്ചമ്പകത്തയ്യും പരിസരോദ്യാനവും;
ഒന്നൊഴിയാതെ, സമസ്തവും കാണ്മതു-
ണ്ടിന്നാ സ്മരണതൻവെൺചില്ലിലൂടെ ഞാൻ

[ 23 ]

എങ്കിലു,മിന്നതിൻ മായികദർശന-
മെൻകരൾക്കാമ്പിൽ കൊളുത്തുന്നു സങ്കടം.

കെട്ടുപോകാം മർത്ത്യനൊ;ട്ടുനാൾ ചെല്ലുകിൽ-
ക്കിട്ടാത്തതിനെക്കുറിച്ചുള്ള സങ്കടം;
കിട്ടിയതെ,ന്നാലൊ,രു ഫലമില്ലാതെ
നഷ്ടപ്പെടുന്നതാണെങ്കിലും ദുസ്സഹം!
മാനസം നൊന്തിന്നു മാഴ്കുകയല്ലാതെ,
ഹാ, നഷ്ടഭാഗ്യ ഞാൻ മറ്റെന്തു ചെയ്യുവൻ?
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു, മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ!

വിദ്യാലയം വിട്ടു, ഞാനുമെൻതോഴനും
സദ്രസമൊന്നിച്ചു പോരമപ്പോരലും;
ഉൾപ്പുളകാംഗരായോരോ വിനോദങ്ങ-
ളുച്ചരിച്ചാർത്തു ചിരിക്കും ചിരിക്കലും;
ഇന്നലെ,ക്കഷ്ട , കഴിഞ്ഞപോൽത്തോന്നുന്നി-
തെന്നുള്ളിൽ, വർഷങ്ങളേറെയായെങ്കിലും!
ഇന്നത്തെമട്ട,ത്ര നീങ്ങാതെ നീണ്ടത-
ല്ലന്നണഞ്ഞോരോ ദിവസങ്ങളൊന്നുമേ!

കാണിനേരംപോലുമാരെയും കാക്കാതെ
കാലപ്രവാഹമിരമ്പിക്കുതിക്കിലും,
ആയതിലുൾച്ചേർന്നകന്നു മറഞ്ഞതി-
ല്ലാനന്ദസാന്ദ്രമാം ഞങ്ങൾതൻ സൗഹൃദം.
ബുദ്ധിയും മെയ്യും മനസ്സും സ്വഭാവവു-
മൊപ്പം വളർന്നു വളർന്നുവന്നങ്ങനെ;
കണ്ടതെല്ലാം മാറി-കാണാത്തതോരോന്നു
കണ്ടിടാറായി കരളിനും കണ്ണിനും.
താരുണ്യമായി മനോഹരശൈശവം;
ചാരുപ്രണയമായ് മംഗലസൗഹൃദം!

ഉദ്ധതയൗവനത്തിന്നുണ്ടൊരുവക
മദ്യ,മതിന്റെ വികാരലഹരിയിൽ
ചിത്തം ചിറകുവിടുർത്തുന്നിതേ,തൊരു
ചക്രവാളത്തിനുമപ്പുറത്തെത്തുവാൻ!

അന്നു സൗഭാഗ്യപരിമളം കൊച്ചല
ചിന്നിയടുത്തടുത്തെത്തിത്തലോടവേ ,
ഞാനഭിമാനിച്ചു, ജീവിതമാനന്ദ-
ഗാനസങ്കേതമാണെന്നു വിഭ്രാന്തിയാൽ!

[ 24 ]

ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു,മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ!

സ്നേഹത്തിനർത്ഥം വ്യസനമെന്നാണെന്നു
സ്നേഹിച്ചു ലോകത്തിൽനിന്നു പഠിച്ചു ഞാൻ.
'നീതി'യെന്നിങ്ങുണ്ടൊരത്താണി, നിന്ദ്യമാ-
മേതധർമ്മത്തിനും ഭാരമിറക്കുവാൻ.
പുഞ്ചിരികൊണ്ടു പുറംചട്ടയിട്ടേ, തു
വഞ്ചനകൾക്കും നടന്നിടാം നിർഭയം.
സത്യവും ധർമ്മവും ത്യാഗവും രാഗവു-
മർത്ഥശൂന്യങ്ങളാമക്ഷരക്കെട്ടുകൾ;
നിസ്സ്വാർത്ഥതയോ,സ്വയംകൃതാനർത്ഥമാ-
ണ;-സ്സാത്വികത്വം വിവരമില്ലായ്മയും!
ഞാനവയെന്നിൽപ്പുലർത്തുവാൻ നോക്കിയ-
താണെനിക്കിന്നീ വിപത്തിന്നു കാരണം!

അന്ധകാരത്തിലധർമ്മകർമ്മോദ്വേഗ-
ചിന്തകൾക്കായ് വാതിലും തുറന്നിട്ട, ഹോ
ശുദ്ധാന്തമുഗ്ദ്ധയായ് നില്പൂ , മലീമസ-
വൃത്തയാകും സമുദായവേശ്യാംഗന!
ഹാ, ദുഷിപ്പിപ്പു സമസ്ത,മെന്നിട്ട, വ-
ളാദർശവാദം മുഴക്കുന്നു നിസ്ത്രപം.

പോകട്ടെ, തോഴി പറഞ്ഞാലതിരില്ല
ശോകത്തിലയ്യോ, ദഹിക്കുന്നിതെൻമനം!
അത്തലാർന്നെത്ര നാമശ്രു വർഷിക്കിലെ-
ന്ത,പ്പോയ കാലം തിരിച്ചിനിക്കിട്ടുമോ?
തത്ത്വമിതെല്ലാമറിഞ്ഞിടാമെങ്കിലും
ദു:ഖം വരുമ്പോൾ കരഞ്ഞുപോകുന്നു ഞാൻ!
ഈ മഹാജീവിതം സ്നേഹിക്കകാരണ-
മാ മരണത്തോടെനിക്കില്ല നീരസം!

വിണ്ണിന്റെ നീലനികുഞ്ജത്തിൽ ഞാൻ ചെന്നു
മന്ദഹസിക്കാം;- കരഞ്ഞിടായ്കോ,മനേ!
മന്നിലെനിക്കു സമാധാനപീയുഷ-
ബിന്ദുക്കളോരോന്നു കോരിത്തളിക്കുവാൻ
പ്രേമസുരഭിലസുന്ദരശയ്യയിൽ
മാമകജീവിതം ചുംബിച്ചുറക്കുവാൻ-
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു,മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ
-ഡിസംബർ, 1935