സങ്കല്പകാന്തി/തകർന്ന മുരളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സങ്കല്പകാന്തി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
തകർന്ന മുരളി

[ 49 ]

തകർന്ന മുരളി *

നീലക്കുയിലേ, നിരാശയാൽ നിൻ
നീറും മനസ്സുമായ് നീ മറഞ്ഞു.
കേൾക്കുകയില്ലിനിമേലിൽ നിന്റെ
നേർത്തുനേർത്തുള്ള കളകളകങ്ങൾ.
ഇന്നോളമീ മലർത്തോപ്പിൽ നമ്മ-
ളൊന്നിച്ചുചേർന്നു പറന്നു പാടി.
ഇന്നേവമെന്നെത്തനിച്ചു വീട്ടി-
ട്ടെങ്ങു നീ,യയ്യോ പറന്നൊളിച്ചു?
ഓമനപ്പിഞ്ചിളംപൂങ്കുയിലേ,
നി മമ പ്രാണനും പ്രാണനല്ലേ?
എന്നിട്ടു,മെന്നിട്ടുമീവിധം നീ-
യെന്നെയെന്നേക്കും വെടിഞ്ഞുവല്ലോ!

ഞാനിനി വേദനാമഗ്നമാമെൻ-
പ്രാണരഹസ്യങ്ങളാരോടോതും?
ഏതൊന്നിൻ സാന്ത്വനധാരയിലെൻ-
ചേതനാമൂർച്ഛകൾ മേലിൽ മുങ്ങും?
എന്തിന്റെ സൗഹൃദച്ചില്ലയിലെൻ-
ചിന്തകൾ ചെന്നിനിക്കൂടുകൂട്ടും?
നൊന്തുനൊന്തയ്യോ, കഴിയണം ഞാൻ
ഹന്ത, നീയില്ല വരില്ല മേലിൽ.

ഒക്കെയും തീർന്നു, നീയസ്തമിച്ചു;
ദിക്കുകകളെട്ടുമിരുണ്ടു കെട്ടു,
സർവ്വാനുഭൂതിയുമൊന്നുപോലി-
ദ്ദുർവ്വിധിത്തല്ലിൽ വെറുങ്ങലിച്ചു.
മുന്നിൽത്തണുത്തൊരീ മൂടൽമഞ്ഞും
കണ്ണീരും മാത്രമേ ബാക്കിയുള്ളു.
പൊട്ടിക്കരഞ്ഞുകൊണ്ടിത്തെരുവി-
ലൊറ്റയ്ക്കിതാ ഞാനിരുട്ടിൽ നില്പൂ.
അയ്യയ്യോ, മൂർച്ഛിച്ചു വീണുപോം ഞാൻ
വയ്യ, വയ്യെ,ങ്ങു നീ സൗഹൃദമേ?

ചിന്തിച്ചിരിക്കാതരഞൊടികൊ-
ണ്ടെന്തിനീത്തീക്കടൽപൊട്ടിവീണു?

  • ആത്മസുഹൃത്തായ ശ്രീ ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യയെ ആസ്പദമാക്കി എഴുതിയ ഒരു ലഘു വിലാപകാവ്യം. [ 50 ]

ഉജ്ജ്വലസ്വപ്നമേ ,നിൻവിയോഗം
മച്ചേതനയ്ക്കൊരു വജ്രപാതം.
അള്ളിപ്പിടിക്കുയാണതിന്റെ
മുള്ളുകളെന്നാത്മനാളികയെ.
കീറിമുറിഞ്ഞതു മാത്രതോറും
ചോരവാർക്കുന്നതിലല്ല ഖേദം;
മുന്നേപ്പോൽ,ക്കഷ്ട,മീ മന്നിടത്തി-
ലൊന്നിനി നിന്മുഖം കാണാൻപോലും
ദുസ്സാധമാണെന്ന ചിന്തമാത്രം
ദുസ്സഹമാണെനിക്കെ,ന്തു ചെയ്യും ?

അത്രമാത്രം നാമടുത്തുപോയി;
അത്ര നാം ഒന്നായിച്ചേർന്നുപോയി
തമ്മിലറിയാതില്ലിത്രനാളും
നമ്മിലൊരൊറ്റ രഹസ്യംപോലും.
നമ്മളൊരുമിച്ചു കൂട്ടുകൂടി;
നമ്മളൊരുമിച്ചു പാട്ടുപാടി.
ഇത്രയും കാലം നാം രണ്ടുപേരു-
മൊറ്റമരത്തിൻ തളിർത്ത കൊമ്പിൽ,
അന്യോന്യമോമൽച്ചിറകിണക-
ളൊന്നിച്ചു മേനി പൊതിഞ്ഞുരുമ്മി,
സസ്പൃഹം പ്രേമകഥകളോതി
സ്വപ്നവും കണ്ടു കഴിച്ചുകൂട്ടി.
ഇന്നു നീയയ്യോ, ചിറകൊടിഞ്ഞു
മണ്ണിലെന്നേക്കുമായ് വീണടിഞ്ഞു.
നിന്നോടൊരുമിച്ചു മൂകമായ് നിൻ-
വെണ്ണീറടിഞ്ഞ രഹസ്യമെല്ലാം
നന്നായറികയാൽ നിൻയഥാർത്ഥ-
വർണ്ണം തികച്ചും ഞാനാദരിപ്പൂ.
മറ്റോരോ കൂട്ടുകാരെത്ര നിന്നെ-
ക്കുറ്റംപറകിലുമിന്നുമെന്നും
മാനവരത്നമേ, നിന്റെ മുമ്പിൽ
ഞാനൊരാരാധകനായിരിക്കും!
എന്നാത്മ പുഷ്പാഞ്ജലികൾകൊണ്ടു
നിന്നെ ഞാൻ വാഴ്ത്തും മരിക്കുവോളം!

പ്രാണസർവ്വസ്വമേ, നിന്നെയോർത്തു
കേണുകേണെന്നും കഴിയണോ ഞാൻ?
അന്ത്യമിമ്മട്ടിലാണെങ്കിൽ മന്നി-
ലെന്തിനായേവം നാം കൂട്ടിമുട്ടി?

[ 51 ]

നിർമ്മലസ്നേഹാർദ്രനീരദമേ,
നിന്മഴത്തുള്ളികളൊക്കെ വറ്റി!
മാമകജീവിതരംഗമേതോ
മായാമരീചിക മാത്രമായി.
ആകില്ലൊരിക്കലും നിന്നെയോർത്തു-
ള്ളാകുലചിന്തകൾ വിസ്മരിക്കാൻ!

താവകജീവിതം മന്നിലേതോ
ഭാവനപ്പൊൻകിനാവായിരുന്നു.
ഘോരനിരാശയതിൻമുഖത്തി-
ലോരോ വടുക്കൾ ചമച്ചിരുന്നു.
ആദർശശുദ്ധിയിൽ മുക്കിമുക്കി
നീയതൊരുൽക്കൃഷ്ടസിദ്ധിയാക്കി.
എന്നിട്ടവസാനം മൃത്യുവിന്റെ
മുന്നിൽ നി ചെന്നതു കാഴ്ചവെച്ചു.
നിശ്ചയ,മക്കാഴ്ച കണ്ടു നിന്ന
മൃത്യുവും പൊട്ടിക്കരഞ്ഞിരിക്കും.
ആ മഹാജീവിതം മാഞ്ഞനേരം
ഭൂമിയും സ്തംഭിച്ചുപോയിരിക്കും.
വിണ്ണിലെത്താരകളൊക്കെയും ക-
ണ്ണൊന്നിച്ചിറുക്കിയടച്ചിരിക്കും.
അക്കാഴ്ച കാൺകെച്ചരാചരങ്ങ-
ളൊക്കെയും ഞെട്ടിത്തെറിച്ചിരിക്കും!
കായായിത്തീരാൻതുടങ്ങിയപ്പോൾ-
പ്പോയല്ലോ, പോയല്ലോ, പുഷ്പമേ, നീ!
'നാളത്തെ' യോമൽ 'പ്രഭാത' വുമായ്
നാകത്തിൽ നീ പോയൊളിച്ചുവല്ലോ !

നിന്ദ്യസമുദായനീതിമാത്രം
നിന്മനോവേദന കുറ്റമാക്കി,
പാരതന്ത്ര്യത്തിനകത്തതിന്റെ
പാരമ്യം കണ്ടു പകച്ചുപോയ് നീ.
നിർദ്ദയമാനവരീതികൾ നിൻ-
ചിത്തം പിടിച്ചു ഞെരിച്ചുനോക്കി.
ശക്തനായ്ത്തീർന്നില്ല നിയതിനോ-
ടിത്തിരിപോലുമെതിർത്തുനിൽക്കാൻ.
നീയാ വിധിക്കുടൻ കീഴടങ്ങി ;
നീറും മനസ്സോടൊഴിഞ്ഞൊതുങ്ങി.
അക്ഷയജ്യോതിസ്സണിഞ്ഞു വാനിൽ
നക്ഷത്രമായ് നീ ലസിക്ക മേലിൽ!
വിശ്വത്തിനാവുകയില്ല നിന്നെ
വിസ്മരിച്ചീടുവാൻ, വിസ്മയമേ !

[ 52 ]

ആദർശശുദ്ധിയിൽ നീ കിളർന്നു;
ആദർശശുദ്ധിയിൽ നീ വളർന്നു.
ആദർശശുദ്ധിയിൽ നീ പൊലിഞ്ഞു;
ആദർശശുദ്ധിയിൽ നീ കരിഞ്ഞു.
എന്തെല്ലാമാരെല്ലാ,മോതിയാലും
പൊൻതാരമായി നീ മിന്നുമെന്നും!

നിഷ്ഠൂരലോകമേ, നീയിനിയും
പശ്ചാത്തപിക്കുവാനല്ല ഭാവം.
നിന്മനോവജ്രമെടുത്തു നീയ-
പ്പൊന്മരാളത്തിൻ കഴുത്തരിഞ്ഞു!
വിത്തപ്രഭാവമേ, നിയതിന്റെ
രക്തവുമൂറ്റിക്കുടിച്ചു നിന്നു.
നിസ്സഹായത്വമേ, നീയതിനെ
നിത്യനിരാശയിൽത്തച്ചുകൊന്നു.
നാണയത്തുട്ടുകളെണ്ണിനോക്കി,
പ്രാണനെ പ്രാണനിൽനിന്നകറ്റി,
ത്രാസുമായ് നില്ക്കുന്നു മാനുഷത്വം
ഹാ, സമുദായമേ, നീയളക്കാൻ.
നന്മയും തിന്മയും വേർതിരിക്കാൻ
നിന്നെപ്പോലുള്ളവർക്കെന്തു കാര്യം?
ആയിരംകൊല്ലം തപസ്സുചെയ്താ-
ലായത്തമാകാത്ത രത്നമല്ലേ.
മിത്ഥ്യാഭിമാനിയാം നിയെടുത്താ
മൃത്യുവിലേക്കു വലിച്ചെറിഞ്ഞു?
എന്നിട്ടുമിപ്പോഴും പല്ലിളിച്ചു-
നിന്നു നീ പിച്ചുപുലമ്പുകല്ലേ?
നിൻനില കഷ്ട,മിതെത്ര ഹാസ്യ,-
മെന്നു നീയൊന്നിനി നേരെയാകും?

ജീവസർവ്വസ്വമേ , നീ സുഖിക്കു
പാവനസ്വർഗ്ഗസിംഹാസനത്തിൽ,
ഇങ്ങനെതന്നെ കിടന്നു കൊള്ളു-
മെന്നുമീ നിന്ദ്യമലിനലോകം.
നിന്നാത്മശാന്തിക്കുവേണ്ടിമാത്ര-
മെന്നുമീത്തോഴൻ ഭജിച്ചുകൊള്ളാം.
വെല്ക, നീ സൗഹൃദപ്പൊന്നലുക്കേ,
വെല്ക, നീ വിണ്ണിൻകെടാവിളക്കേ!

--ആഗസ്റ്റ്, 1936