താൾ:Sangkalpakaanthi.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തകർന്ന മുരളി *

നീലക്കുയിലേ, നിരാശയാൽ നിൻ
നീറും മനസ്സുമായ് നീ മറഞ്ഞു.
കേൾക്കുകയില്ലിനിമേലിൽ നിന്റെ
നേർത്തുനേർത്തുള്ള കളകളകങ്ങൾ.
ഇന്നോളമീ മലർത്തോപ്പിൽ നമ്മ-
ളൊന്നിച്ചുചേർന്നു പറന്നു പാടി.
ഇന്നേവമെന്നെത്തനിച്ചു വീട്ടി-
ട്ടെങ്ങു നീ,യയ്യോ പറന്നൊളിച്ചു?
ഓമനപ്പിഞ്ചിളംപൂങ്കുയിലേ,
നി മമ പ്രാണനും പ്രാണനല്ലേ?
എന്നിട്ടു,മെന്നിട്ടുമീവിധം നീ-
യെന്നെയെന്നേക്കും വെടിഞ്ഞുവല്ലോ!

ഞാനിനി വേദനാമഗ്നമാമെൻ-
പ്രാണരഹസ്യങ്ങളാരോടോതും?
ഏതൊന്നിൻ സാന്ത്വനധാരയിലെൻ-
ചേതനാമൂർച്ഛകൾ മേലിൽ മുങ്ങും?
എന്തിന്റെ സൗഹൃദച്ചില്ലയിലെൻ-
ചിന്തകൾ ചെന്നിനിക്കൂടുകൂട്ടും?
നൊന്തുനൊന്തയ്യോ, കഴിയണം ഞാൻ
ഹന്ത, നീയില്ല വരില്ല മേലിൽ.

ഒക്കെയും തീർന്നു, നീയസ്തമിച്ചു;
ദിക്കുകകളെട്ടുമിരുണ്ടു കെട്ടു,
സർവ്വാനുഭൂതിയുമൊന്നുപോലി-
ദ്ദുർവ്വിധിത്തല്ലിൽ വെറുങ്ങലിച്ചു.
മുന്നിൽത്തണുത്തൊരീ മൂടൽമഞ്ഞും
കണ്ണീരും മാത്രമേ ബാക്കിയുള്ളു.
പൊട്ടിക്കരഞ്ഞുകൊണ്ടിത്തെരുവി-
ലൊറ്റയ്ക്കിതാ ഞാനിരുട്ടിൽ നില്പൂ.
അയ്യയ്യോ, മൂർച്ഛിച്ചു വീണുപോം ഞാൻ
വയ്യ, വയ്യെ,ങ്ങു നീ സൗഹൃദമേ?

ചിന്തിച്ചിരിക്കാതരഞൊടികൊ-
ണ്ടെന്തിനീത്തീക്കടൽപൊട്ടിവീണു?

  • ആത്മസുഹൃത്തായ ശ്രീ ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യയെ ആസ്പദമാക്കി എഴുതിയ ഒരു ലഘു വിലാപകാവ്യം.
"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/49&oldid=169660" എന്ന താളിൽനിന്ന് ശേഖരിച്ചത്