താൾ:Sangkalpakaanthi.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതിനഖിലം നീ സാക്ഷിയാണെ,ങ്കിലും
ഇതിലൊരുത്തരവാദിയല്ലൊന്നിലും!
നിരഘ, നിഷ്പക്ഷമെന്തിലും നിൻനില-
യ്ക്കൊരു ലവാന്തരമേശില്ലൊരിക്കലും !

അലയിളക്കുന്നൊരേതഭിമാനവു-
മലറിയോടുന്നൊരേതഹങ്കാരവും
തവമുഖമൊന്നു കാണുകിലക്ഷണ-
മവനമിക്കുകയാണി,തെന്തത്ഭുതം!
ഇതിനി,ടുങ്ങിയ നിന്നകത്തിത്രമേൽ-
പ്പതിയിരുപ്പതേതത്ഭുതവിക്രമം?
ഭുവനജന്യമാം സാർവഭൌമത്വമെൻ-
ശവകുടീരമേ, നിന്റെ പര്യായമോ?
തവ ഭരണവിധേയമായൂഴിയി-
ലുയരുവതെന്തു മാസ്മരവൈഭവം?
തണുതണുത്ത നിന്നങ്കതലത്തിലെ-
ത്തണലുതന്നെയോ നിത്യനിദ്രാസ്പദം?

പുരുകദനവിമോചനാലംബമേ,
പുളകവല്ലിതൻ പൊന്നാലവാലമേ;
പരമപാവനലോകൈകശാന്തിത-
ന്നുറവൊഴുക്കു നിന്നുള്ളിൽനിന്നല്ലയോ?

അവിടമല്ലല്ലി കർമ്മബന്ധങ്ങൾതൻ-
ചുമടിറക്കുന്ന വിശ്രമത്താവളം?
അവിടമല്ലല്ലി ജീവിതം പൂർണ്ണത-
യ്ക്കടിപെടുന്നതാമാനന്ദമണ്ഡപം?
അവിടമല്ലല്ലി ജന്മാന്തരങ്ങൾ വ-
ന്നഭയമാളുന്ന പുണ്യദേവാലയം?
അവിടമല്ലല്ലിയാത്മസൌഗന്ധിക-
മവിരളാഭം വിരിയും നികുഞ്ജുകം?
അതിനുടമ വഹിക്കും നിനക്കിതാ,
ഹൃദയപൂർവമെൻ കൂപ്പുകൈമൊട്ടുകൾ.

ഫെബ്രുവരി , 1935

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/48&oldid=169659" എന്ന താളിൽനിന്ന് ശേഖരിച്ചത്