Jump to content

ശ്രീമൂലരാജവിജയം/ശുചീകരണവുംജനനമരണക്കണക്കും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
ശുചീകരണവുംജനനമരണക്കണക്കും

[ 23 ]


ശുചീകരണവും ജനനമരണക്കണക്കും,


൧൮൯൪-ാം വൎഷംവരെ പട്ടണങ്ങളുടെ സംരക്ഷണവും ശുചീകരണവും കാൎയ്യനടപ്പിനായി അതാതു കാലം ഗവർൺമെന്റിൽനിന്നു കൊടുക്കുന്ന ഉത്തരവുകൾ അനുസരിച്ചു ക്രമപ്പെടുത്തപ്പെട്ടുവന്നു. പട്ടണങ്ങളുടെ ശുചീകരണത്തെ വൎദ്ധിപ്പിക്കുനതിനും അഗ്നിബാധയെ തടുക്കുന്നതിനും ജനനമരണക്കണക്കെടുക്കുന്നതിനും ആയി ൧൮൯൧-ാം വൎഷത്തിലെ ൨൦-ാം നമ്പർ ആക്ട്ടായ പഞ്ചാബ് മുൻസിപ്പാലിററയാക്‌ടിൻപടി ഒരു റിഗുലേഷൻ ആയാണ്ടിൽ അനുവദിക്കപ്പെട്ടു. ൟ റിഗുലേഷൻപടിയുള്ള കാൎയ്യങ്ങൾ സൎക്കാർ ഉദ്യോഗസ്ഥന്മാരായ [ 24 ] സാമാജികന്മാരും സൎക്കാർ ഉദ്യോഗം ഇല്ലാത്ത സാമാജികന്മാരും ചേൎന്നിട്ടുള്ളതും കാൎയ്യനിർവഹണത്തിനു പ്രധാനിയായ ഒരുപ്രസിഡണ്ടോടുകൂടിയതും ആയ പട്ടണത്തിലെ പരിഷ്കരണ കമ്മിറ്റി എന്നു വിളിക്കപ്പെടുന്ന ഒരു സമാജത്താൽ നടത്തപ്പെട്ടുവരുന്നു. പ്രസിഡണ്ടും സാമാജികന്മാരും ഗവൎമ്മേന്റിനാൽതന്നെ നിയമിക്കപ്പെട്ടു വരുന്നു. പട്ടണത്തിലെ ചിലവുവകക്കായി പട്ടണത്തിൽ ഓരോ നികുതികൾ ഏൎപ്പെടുത്തുന്നതിലേക്കും ജനപ്രതിനിധികളെ സാമാജികന്മാരായി കമ്മറ്റിയുടെ ഘടനയെ നവീനരീതിയിൽ ആക്കുന്നതിലെക്കും വ്യവസ്ഥചെയ്തു ൟ റിഗുലേഷനെ ഭേദപ്പെടുത്തപ്പെട്ടിട്ടുണ്ടു. പട്ടണങ്ങൾക്കു വെളിയിലുള്ള സ്ഥലങ്ങളിൽ ശുചീകരണത്തിനും ജനനമരണക്കണക്കെടുക്കുന്നതിനും സമഗ്രമായ ഒരു ഏൎപ്പാടു ൧൮൯൦- വൎഷത്തിൽ നിശ്ചയിക്കപ്പെട്ടു. ഗോവസൂരിപ്രയോഗം ചെയ്യിക്ക, ജനനമരണക്കണക്കെടുക്ക, പട്ടണത്തിനു പുറമെയുള്ള സ്ഥലങ്ങളിൽ ശുചീകരണത്തിനു ഏൎപ്പാടുചെയ്ക. മരുന്നുകൾ കയ്യിൽകൊണ്ടുപോയി നാട്ടുംപുറങ്ങളിൽ ആവശ്യം ഉള്ളവൎക്കു കൊടുത്തു രോഗനിവൃത്തി വരുത്തുക എന്നീവിഷയങ്ങൾക്കായി ഒരു ഡിപ്പാൎട്ട്മെൻറു ഏൎപ്പെട്ടത്തി സാനിറ്ററി കമിഷണർ എന്ന സ്ഥാനപ്പേരുള്ള ഒരു ഉദ്യോഗസ്ഥന്റെ വരുതിയിൽ നടത്തപ്പെട്ടുവരുന്നു.

വൈദ്യം.


പട്ടാളക്കാർ ഒഴിച്ചു മറ്റുള്ളവൎക്കു വൈദ്യവും ഔഷധ സഹായം ചെയ്യുന്നതിലേക്കുള്ള ഡിപ്പാൎട്ടുമെൻറു ഡൎബാർ ഫിസിഷ്യൻ (രാജകീയ വൈദ്യൻ) എന്നു വിളിക്കപ്പെടുന്ന യൂറോപ്യനായ ഒരു ഉദ്യാഗസ്ഥന്റെ വരുതിയിൽ ഇരിക്കുന്നു. ഈ ഡിപ്പാൎട്ടുമെന്റു നവീകരിക്കപ്പെട്ടതോടു വൈദ്യന്മാരായ കീഴ്ജീവനക്കാരുടെ ശമ്പളവും എണ്ണവും കൂട്ടപ്പെട്ടു. അവർ നിയതമായ വിധത്തിൽ തരംതിരിച്ചു വയ്ക്കപ്പെട്ടു. സൎക്കാർവക വൈദ്യശാലകളാൽ കൊടുക്കപ്പെടുന്ന സഹായത്തെ പൂൎത്തിയാക്കുന്നതിനും കുടികൾതന്നെ വൈദ്യംചെയ്യിക്കുന്ന നടപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി ആശുപത്രികൾക്കും [ 25 ] ഡിസ്പൻസറികൾക്കും നാട്ടുവൈദ്യശാലകൾക്കും സഹായികധനം കൊടുക്കുന്നതിനു അനുവദിച്ചിട്ടുണ്ടു. നാട്ടുവൈദ്യ ശാലകളുടെമേൽ പരിശോധനയ്ക്കും ഭരണത്തിന്നുമായി നാട്ടുവൈദ്യത്തിൽ പാണ്ഡിത്യം സമ്പാദിച്ചവർ എന്നു ഖ്യാതിന്മാരായ ആളുകൾചെൎന്ന ഒരു സമാജം നിയമിക്കപ്പെട്ടിട്ടുണ്ടു. സ്ത്രീ ചികിത്സയ്ക്കും ബാലചികിത്സയ്ക്കും ആയി ഒരു ആശുപത്രിയും കുഷ്ഠരോഗികളുടെ ചികിത്സയ്ക്കു ഒരു ആശുപത്രിയും തിരുവനന്തപുരത്തും, വിക്റ്റോറിയൊ വൈദ്യപാഠശാലയും സ്ത്രീചികിത്സശാലയും കൊല്ലത്തും, മറ്റു വൈദ്യശാലകൾ സംസ്ഥാനത്തു മറ്റു ഭാഗങ്ങളിലും നൂതനമായി ഉണ്ടാക്കപ്പെട്ടിട്ടുണ്ടു. സ്ത്രീ ചികിത്സയ്ക്കും ബാലചികിത്സയ്ക്കും ഉള്ള ആശുപത്രി വൈദ്യശാസ്ത്ര വിദഗ്ധയായ ഒരു യൂറോപ്യൻ ലേഡി ഡാക്‌ടരുടെ വരുതിയിൽ ആകുന്നു. ചികിത്സയിൽ പരിശീലനംഉള്ള കീഴ്ത്തരം സ്ത്രീ വൈദ്യന്മാരും ആ ആശുപത്രിയിൽ ഉണ്ടു. കുഷ്ടരോഗികൾക്കുള്ള ആശുപത്രിയിലും വേണ്ട വൈദ്യന്മാരും ഔഷധാദി സാമഗ്രികളും ഉണ്ടു. അതിൽ ഉള്ള രോഗികൾ നല്ലപോലെ രക്ഷിക്കപ്പെട്ടുവരുന്നു. ശീമ മഹാറാണിയുടെ ജൂബിലി സംബന്ധിച്ച കൊല്ലത്തു പ്രതിഷ്ഠിക്കപ്പെട്ട വിൿറ്റോറിയാ വൈദ്യശാലയും സ്ത്രീ ചികിത്സാ ശാലയും സൂതികൎമ്മിണികളെ പഠിപ്പിക്കുന്നതിനു ഒരുക്ലാസും ഏൎപ്പെടുത്തപ്പെട്ടിട്ടുണ്ടു. ക്ക്വൈനാപൊടിയും വിഷൂചികാ സംഹാരിയും കേവലം നാമമാത്രമായ വിലയ്ക്കു അനേകം അഞ്ചൽ ആപ്പീസുകളിൽ കുടികൾക്ക് വില്ക്കപ്പെട്ടുവരുന്നു. തിരുവിതാംകോട്ടിലുള്ള സ്ത്രീകൾ വൈദ്യശാസ്ത്രം അഭ്യസിക്കുന്നതിനു പ്രോത്സാഹകമായി ൪ സ്കാളർഷിപ്പുകൾ ഏൎപ്പെടുത്തീട്ടുണ്ടു. ശീമയിൽചെന്നു വൈദ്യശാസ്ത്രം പഠിച്ചുവരുന്നതിനായി രണ്ടു സ്കാളർഷിപ്പുകൾ ഈയിട അനുവദിക്കപ്പെട്ടിരിക്കുന്നു. പണ്ഡിതന്മാരായ നാട്ടുവൈദ്യന്മാരുടെ കീഴിലായി നാട്ടുവൈദ്യം പഠിപ്പിക്കുന്നതിനു ഒരു പാഠശാലയും മൃഗപക്ഷ്യാദികളുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തു ഒരു ആശുപത്രിയും എപ്പടുത്തപ്പെട്ടിട്ടുണ്ടു`.