വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0/പ്രസാധകക്കുറിപ്പ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒന്നാം പതിപ്പിലെ പ്രസാധകക്കുറിപ്പ്

രണ്ടാം പതിപ്പിലെ പ്രസാധകക്കുറിപ്പ്

വിജ്ഞാനസമ്പാദനത്തിനായി ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന സൗജന്യ സ്വതന്ത്ര വിജ്ഞാനകോശമാണല്ലോ വിക്കിപീഡിയ. ഇന്റർനെറ്റിലെ അതിന്റെ പ്രചാരത്തെക്കുറിച്ച് പരിചയപ്പെടുത്തേണ്ടതില്ല. വിക്കിപീഡിയയ്ക്ക് അനുബന്ധമായി മറ്റു ചില സംരംഭങ്ങളുടെ നടത്തിപ്പ് കൂടി വിക്കിമീഡിയ ഫൗണ്ടേഷൻ നിർവഹിക്കുന്നുണ്ട്. അതിൽ സുപ്രധാനമാണ് വിക്കിസോഴ്സ്. പകർപ്പവകാശ കാലവധി കഴിഞ്ഞതോ സ്വതന്ത്ര പകർപ്പവകാശമുള്ളതോ ആയ ശ്രദ്ധേയ ഗ്രന്ഥങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുക എന്നതാണ് വിക്കിസോഴ്സിന്റെ ലക്ഷ്യം. വിക്കി സോഴ്സിന്റെ മലയാളഭാഷയിലുള്ള പതിപ്പാണ് വിക്കിഗ്രന്ഥശാല.

കഴിഞ്ഞ കുറേ വർഷങ്ങളായി വിക്കിഗ്രന്ഥശാല പ്രവർത്തകർ നടത്തുന്ന സന്നദ്ധ സേവനത്തിന്റെ ഫലമായി ശ്രദ്ധേയമായ അനവധി പുസ്തകങ്ങൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടു്. ഇന്റർനെറ്റ് സൗകര്യമുള്ള ഉപയോക്താക്കൾ ഇവ ഉപയോഗിച്ചുവരികയും ചെയ്യുന്നു. ഇന്റർനെറ്റ് കണക്ഷൻ ഉള്ളവരിലേയ്ക്കു ചുരുക്കാതെ, ഈ ഗ്രന്ഥങ്ങളെ കൂടുതൽ പേരിലേയ്ക്കെത്തിക്കാനും ഈ സംരംഭത്തിലേയ്ക്കു് കൂടുതൽ മലയാളികളെ ആകർഷിക്കാനും ലക്ഷ്യം വെച്ചുകൊണ്ടു് മലയാളം വിക്കിഗ്രന്ഥശാലാ പ്രവർത്തകർ രൂപകല്പന ചെയ്ത പദ്ധതിയാണു് വിക്കിഗ്രന്ഥശാല സിഡി. 2011ൽ ഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികൾ സമാഹരിച്ചുകൊണ്ട് സിഡിയുടെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ലഭിച്ച ശ്രദ്ധേയതയും സ്വീകാര്യതയും വിക്കിഗ്രന്ഥശാലയിലേക്ക് പുതിയ സന്നദ്ധപ്രവർത്തകരെ ആകർഷിക്കുന്നതിനും കൂടുതൽ ജനകീയമാക്കുന്നതിനും കഴിഞ്ഞെന്ന് കരുതുന്നു.

അപൂർവ്വമായ പല കൃതികളും ഇത്തവണത്തെ ഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന എഴുത്തുകാർ പകർപ്പവകാശ മുക്തമാക്കി പുറത്തിറക്കിയ അനവധി കൃതികൾ ഇതിൽ പെടുന്നു. ഉദാഹരണത്തിന് ജെ ദേവികയുടെ "കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ", എം പി പരമേശ്വരന്റെ "വൈരുധ്യാത്മക ഭൗതികവാദം", എസ് ശിവദാസ് മാഷുടെ "വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം" തുടങ്ങിയവ. കവി ഇടപ്പള്ളി രാഘവൻ പിള്ളയുടെ സമ്പൂർണ്ണ കൃതികൾ, പണ്ഡിറ്റ് കറുപ്പന്റെ "ജാതിക്കുമ്മി" തുടങ്ങിയ കാവ്യങ്ങളും എം പി പോളിന്റെ "സൗന്ദര്യനിരീക്ഷണം" സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ "വൃത്താന്തപത്രപ്രവർത്തനം", "എന്റെ നാടുകടത്തൽ", നോവലുകളായ "ധർമ്മരാജാ", "രാമരാജാബഹദൂർ", "ഭാസ്ക്കരമേനോൻ", "ആൾമാറാട്ട"മെന്ന മലയാളത്തിലെ ആദ്യകാല നാടകം, ആദ്യ യാത്രാവിവരണങ്ങളിലൊന്നായ "കൊളംബ് യാത്രാവിവരണം" തുടങ്ങി ഒട്ടനവധി കൃതികൾ ഈ പതിപ്പിൽ അധികമായി ചേർത്തിട്ടുണ്ട്.

ഒട്ടേറെ കൊച്ചുകൂട്ടുകാരുടെ പ്രയത്നവും ഈ സംരഭത്തിനു പുറകിലുണ്ടെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അഴകത്ത് പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം ഡിജിസ്റ്റൈസ് ചെയ്യാനായി മുന്നോട്ടുവന്നത് ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ്. അപ്പു നെടുങ്ങാടിയുടെ കുന്ദലത ഗ്രന്ഥശാലയിലേക്ക് സംഭാവന നല്കിയത്, കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ 25 -ഓളം കുട്ടികളാണ്. കെ.സി.കേശവപിള്ള ജന്മദേശമായ പരവൂരിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള 50 അംഗ വിദ്യാർഥിസംഘമാണ് "കേശവീയം" കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് ചേർത്തത്. 1850ൽ ഹെർമ്മൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച "ഒരആയിരം പഴഞ്ചൊൽ" എന്ന ഗ്രന്ഥം ഡിജിറ്റൈസ് ചെയ്ത് തലശ്ശേരി ഗവ.ബ്രണ്ണൻ ഹൈസ്കൂളിലേയും കോട്ടയം ജില്ലയിലെ സെന്റ് പോൾസ്, സെന്റ് തോമസ് എന്നീ ഹൈസ്കൂളിലേയും കൊല്ലം ജില്ലയിലെ ഗവ. ടി.ടി.ഐ, അഞ്ചൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ, ചവറ ഗുഹാനന്തപുരം ഹയർസെക്കണ്ടറി സ്കൂളിലേയും വിദ്യാർഥികളാണ്. നിരവധി വിദ്യാലയങ്ങൾ ഈ സംരംഭത്തിലേക്ക് മുന്നിട്ടിറങ്ങുന്നത് തികച്ചും അനുമോദനാർഹമാണ്.

മലയാളത്തെ സംബന്ധിച്ച് നിരവധി ശ്രദ്ധേയമായ കൃതികൾ പൊതുസഞ്ചയത്തിൽ ഉണ്ടെങ്കിലും, പ്രവർത്തകരുടെ അഭാവം മൂലവും ഡിജിറ്റൽ കോപ്പികളുടെ അഭാവം മൂലവും പലതും വിക്കിഗ്രന്ഥശാലയിൽ എത്തിയിട്ടില്ല. തുടങ്ങി വച്ച പല കൃതികളും അപൂർണ്ണവുമാണു്. ചേർത്ത പല കൃതികളിലും അക്ഷരത്തെറ്റുകളും മറ്റും തിരുത്താനും ഉണ്ട്. ഈ കുറവുകൾ ഒക്കെ പരിഹരിക്കാനായി എല്ലാവരേയും വിക്കിഗ്രന്ഥശാലയിലേക്ക് ക്ഷണിക്കുന്നു. മലയാളത്തിന്റെ ഈ പൊതു സ്വത്ത് നമുക്കെല്ലാവർക്കും ചേർന്ന് കുറ്റമറ്റതാക്കാം.

ഈ സിഡിയിലുള്ള ഗ്രന്ഥങ്ങളൊക്കെയും യാതൊരു തെറ്റുമില്ലാത്തതാണെന്ന അവകാശവാദം ഞങ്ങൾക്കില്ല, മൂന്നാഴ്ചയോളം മാത്രം നിരവധി പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണു് ഈ സംരംഭം. സമയക്കുറവും കൂടുതൽ പ്രവർത്തകരില്ലാത്തതുകൊണ്ടും എല്ലാ പുസ്തകവും പരിശോധിക്കാൻ ഞങ്ങൾക്കു സാധിച്ചിട്ടില്ല. വിക്കിഗ്രന്ഥശാല ആർക്കും തിരുത്തലുകൾ വരുത്താവുന്ന വിക്കിയാണു്. നിങ്ങൾ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകൾ ഈ ഉള്ളടക്കത്തിൽ കാണുകയാണെങ്കിൽ , നിങ്ങൾക്കു ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ ദയവായി വിക്കിഗ്രന്ഥശാലയിൽ വന്നു് അതു് തിരുത്തി സഹകരിക്കുവാൻ അഭ്യർത്ഥിക്കുന്നു.

മലയാളം വിക്കിഗ്രന്ഥശാല ഉപയോക്തൃസമൂഹം