Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ലങ്കാലക്ഷ്മീമോക്ഷം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ലങ്കാലക്ഷ്മീമോക്ഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


ഉടൽ കടുകിനൊടു സമമിടത്തു കാൽ മുമ്പിൽ വ-

ച്ചുള്ളിൽ കടപ്പാൻ തുടങ്ങും ദശാന്തരേ

കഠിനതരമലറിയൊരു രജനിചരി വേഷമായ്-

കാണായിതാശു ലങ്കാ ശ്രീയെയും തദാ

“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-

നേകനായ് ചോരനോ ചൊല്ലു നിൻ വാഞ്ഛിതം 170

അസുരസുര നര പശുമൃഗാദി ജന്തുക്കൾ മ-

റ്റാർക്കുമേ വന്നുകൂടാ ഞാനറിയാതെ

ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ-

ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും

രഘുകുലജ വരസചിവ വാമമുഷ്ടി പ്രഹാ-

രേണ പതിച്ചു വമിച്ചിതു ചോരയും

കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാൾ:

“കണ്ടേനെടോ തവ ബാഹുബലം സഖേ!

വിധിവിഹിതമിതു മമ പുരൈവ ധാതാവു താൻ

വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ 180

സകല ജഗധിപതി സനാതനൻ

മാധവൻ സാക്ഷാൽ മഹാവിഷ്ണുമൂർത്തി നാരായണൻ

കമലദല നയന നവനിയിലവതരിക്കു മുൾ-

ക്കാരുണ്യമോട്ഷ്ടവിംശതിപര്യയേ

ദശരഥനൃപതിതനയനായ് മമ പ്രാർത്ഥനാൽ

ത്രേതായുഗേ ധർമ്മദേവരക്ഷാർത്ഥമായ്

ജനകനൃപവരനു മകളായ് നിജമായയും

ജാതയാം പംക്തിമുഖ വിനാശത്തിനായ്

സരസിരുഹനയനനടവിയലഥ തപസ്സിനായ്

സഭ്രാതൃഭാര്യനായ് വാഴും ദശാന്തരേ 190

ദശവദനനവനിമകളെയുമപഹരിച്ചുടൻ

ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാൾ

സപദി രഘുവരനൊടരുണജനു സാചിവ്യവും

സംഭവിക്കും പുനസ്സുഗ്രീവശാസനാൽ

സകലദിശി കപികൾ തിരവാൻ നടക്കുന്നതിൽ

സന്നദ്ധനായ് വരുമേകൻ തവാന്തികേ

കലഹമവനൊടു ഝടിതി തുടരുമളവെത്രയും

കാതരയായ് വരും നീയെന്നു നിർണ്ണയം

രണനിപുണനൊടു ഭവതി താഡനവും കൊണ്ടു

രാമദൂതന്നു നൽകേണമനുജ്ഞയും 200

ഒരു കപിയൊടൊരു ദിവസമടി ഝടിതി കൊൾകിൽ നീ-

യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും

കരുണയൊടുഗതകപടമായ് നിയോഗിക്കയാൽ

കാത്തിരുന്നേനിവിടം പല കാലവും

രഘുപതിയൊടിനിയൊരിടരൊഴികെ നടകൊൾക നീ

ലങ്കയും നിന്നാൽ ജിതയായിതിന്നെടോ!

നിഖില നിശിചര കുലപതിക്കു മരണവും

നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു

ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി-

പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ 210

ത്രിദശകുലരിപുദശമുഖാന്തഃപുരവരേ

ദിവ്യ ലീലാവനേ പാദപസംകുലേ

നവകുസുമ ഫലസഹിത വിടപിയുത ശിംശപാ

നാമവൃക്ഷത്തിൻ ചുവട്ടിലതിശുചാ

നിശിചരികൾ നടുവിലഴലൊടുമരുവിടുന്നെടോ!

നിർമ്മല ഗാത്രിയാം ജാനകി സന്തതം

ത്വരിതമവൾ ചരിതമുടനവനൊടറിയിക്ക പോ-

യംബുധിയും കടന്നംബരാന്തേ ഭവാൻ

അഖില ജഗദധിപതി രഘൂത്തമൻ പാതുമാ-

മസ്തുതേ സ്വസ്തിരത്യുത്തമോത്തംസമേ! 220

ലഘുമധുര വചനമിതി ചൊല്ലി മറഞ്ഞിതു

ലങ്കയിൽ നിന്നു വാങ്ങീ മലർമങ്കയും