അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ലങ്കാദഹനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


വദനമപി കരചരണമല്ല ശൌര്യാസ്പദം

വാനശ്ന്മാർക്കു വാൽമേൽ ശൌര്യമാകുന്നു

വയമതിനുഝടിതി വസനേന വാൽ വേഷ്ടിച്ചു

വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും

രജനിചരപരിവൃഡരെടുത്തു വാദ്യം കൊട്ടി-

രാത്രിയിൽ വന്നൊരു കള്ളനെന്നിങ്ങനെ 1120

നിഖിലദിശി പലരുമിഹ കേൾക്കുമാറുച്ചത്തിൽ

നീളെ വിളിച്ചു പറഞ്ഞുനടത്തുവിൻ

കുലഹതകനിവനറികനിസ്തേജനെന്നു തൻ-

കൂട്ടത്തിൽ നിന്നു നീക്കീടും കപികുലം

ദശവദന വചനമിതു കേട്ടുരക്ഷാകുലം

ദീനത കൈവിട്ടു വാതാത്മജൻറെ വാൽ

തിലരസഘൃതാദി സംസിതവസ്ത്രങ്ങളാൽ

തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ

അതുലബല നചലതരമവിടെ മരുവീടിനാ-

നത്യായത സ്ഥൂലമായിതുവാൽ തദാ-

വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു-

വാലുമതീവ ശേഷിച്ചിതു പിന്നെയും 1130

നിഖിലനിലയന നിഹിതപട്ടാംബരങ്ങളും

നീളെത്തിരഞ്ഞു കൊണ്ടന്നു ചുറ്റീടിനാർ.

അതുമുടനൊടുങ്ങി വാൽശേഷിച്ചു കണ്ടള-

വങ്ങുമിങ്ങും ചെന്നുകൊണ്ടുവന്നീടിനാർ

തിലജഘൃത സുസ്നേഹസംസിതവസ്ത്രങ്ങൾ

ദിവ്യപട്ടാംശുക ജാലവും ചുറ്റിനാർ

നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി

സ്നേഹവുമെല്ലാമൊടുങ്ങീതശേഷവും

അലമലമിതമലനിവനെത്രയും ദിവ്യനി-

താർക്കു തോന്നീ വിനാശത്തിനെന്നാർ ചിലർ 1140

അനലമിഹവസനമിതി നനലമിനിവാലധി-

ക്കാശു കൊളുത്തുവിൻ വൈകരുതേതുമേ

പുനരവരുമതു പൊഴുതു തീകൊളുത്തീടിനാർ

പുച്ഛാഗ്രദേശേ പുരന്ദരാരാദികൾ

ബലസഹിതമബലമിവരജ്ജുഖണ്ഡം കൊണ്ടു-

ബധ്വാ ദൃഢതരം ധൃത്വാ കപിവരം

കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ

കൃത്വാരവമരം ഗത്വാപുരവരം

പറകളെയുമുടനറഞ്ഞറഞ്ഞങ്ങനെ

പശ്ചിമദ്വാരദേശേ ചെന്നനന്തരം 1150

പവനജനുമതികൃശശരീരനായീടിനാൻ

പാശവുമപ്പോൾ ശിഥിലമായ് വന്നിതു

ബലമൊടവനതിചപലമചലനിഭ ഗാത്രനായ്

ബന്ധവും വേർപെട്ടു മേൽപ്പോട്ടുപൊങ്ങിനാൻ

ചരമഗിരിഗോപുരാഗ്രേ വായുവേഗേന

ചാടിനാൻ വാഹകന്മാരെയും കൊന്നവൻ

ഉഡുപതിയൊടുരസുമടവുയരമിയലുന്നര-

ത്നോത്തുംഗ സൌധാഗ്രമേറി മേവീടിനാൻ

ഉദവസിതനികരമുടനുടനുടനുപരിവേഗമോ-

ടുല്പ്ലുത്യ പിന്നെയുമുല്പ്ലുത്യ സത്വരം 1160

കനക മണിമയനിലയമഖിലമനിലാത്മജൻ

കത്തിച്ചു കത്തിച്ചു വർദ്ധിച്ചിതഗ്നിയും

പ്രകൃതിചപലതയൊടവനചലമോരോ മണി-

പ്രാസാദജാലങ്ങൾ ചുട്ടുതുടങ്ങിനാൻ

ഗജതുരഗരഥബലപദാതികൾ പംക്തിയും

ഗമ്യങ്ങളായുള്ള രമ്യഹർമ്മ്യങ്ങളും

അനലശിഖകളുമനിലസുതഹൃദയവും തെളി-

ഞ്ഞാഹന്ത! വിഷ്ണുപദം ഗമിച്ചൂതഥാ

വിബുധപതിയൊടു നിശിചരാലയം വെന്തൊരു

വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ 1170

അഹമഹമികാധിയാ പാവകജ്വാലക-

ളംബരത്തോളമുയർന്നു ചെന്നൂ മുദാ

ഭുവനതലഗതവിമല ദിവ്യരത്നങ്ങളാൽ

ഭൂതിപരിപൂർണ്ണമായുള്ള ലങ്കയും

പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും

ഭൂതി പരിപൂർണ്ണമായ് വന്നിതത്ഭുതം

ദശവദനസഹജ ഗൃഹമെന്നിയേ മറ്റുള്ള

ദേവാരിഗേഹങ്ങൾ വെന്തുകൂടീജവം

രഘുകുലപതി പ്രിയഭൃത്യനാം മാരുതി

രക്ഷിച്ചുകൊണ്ടാൻ വിഭീഷണമന്ദിരം 1180

കനകമണിമയനിലയനികരമതുവെന്തോരോ

കാമിനീവർഗ്ഗം വിലാപം തുടങ്ങിനാർ

ചികുരഭരവസനചരണാദികൾ വെന്താശു

ജീവനും വേർപെട്ടു ഭൂമൌ പതിക്കയും

ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു-

മുന്നതമായ സൌധങ്ങളിലേറിയും

ദഹനനുടനവിടെയുമെടുത്തു ദഹിപ്പിച്ചു

താഴത്തുവീണു പിടഞ്ഞുമരിക്കയും

മമതനയ! രമണ! ജനക! പ്രാണനാഥ! ഹാ

മാമകം കർമ്മമയ്യോ! വിധി ദൈവമേ! 1190

മരണമുടനുടലുരുകിമുറുകി വരികെന്നതു

മാറ്റുവാനാരുമില്ലയ്യോ! ശിവശിവ!

ദുരിതമിതുരജനിചരവരവിരചിതം ദൃഡം

മറ്റൊരു കാരണമില്ലിതിനേതുമേ

പരധനവുമമിതപരദാരങ്ങളും ബലാൽ

പാപി ദശാസ്യൻ പരിഗ്രഹിച്ചാൻ തുലോം

അറികിലനുചിതമതുമദേന ചെയ്തീടായ്‌വി-

നാരുമതിന്റെ ഫലമിതു നിർണ്ണയം

മനുജതരുണിയെയൊരു മഹാപാപി കാമിച്ചു

മറ്റുള്ളവർക്കുമാപത്തായിതിങ്ങനെ.

സുകൃതദുരിതങ്ങളും കാര്യമകാരവും

സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം

മദനശ്രപരവശതയൊടു ചപലനായിവൻ

മാഹാത്മ്യമുള്ളപതിവ്രതമാരെയും

കരബലമൊടനുദിനമണഞ്ഞു പിടിച്ചതി

കാമിചാരിത്രഭ്മ്ഗം വരുത്തീടിനാൻ

അവർ മനസി മരുവിന തപോമയപാവക

നദ്യ രാജ്യേ പിടിപെട്ടിതു കേവലം

നിശിചരികൾ ബഹുവിധമൊരോന്നേ പറകയും

നിൽക്കും നിലയിലേ വെന്തുമരിക്കയും 1210

ശരണമിഹ കിമിതി പലവഴിയുമുടനോടിയും

ശാഖികൾ വെന്തുമുറിഞ്ഞുടൻ വീഴ്കയും

രഘുകുലവരേഷ്ടദൂതൻ ത്രിയാമാചര-

രാജ്യമെഴുനൂറു യോജനയും ക്ഷണാൽ

സരസബഹുവിഭവയുതഭോജനം നൽകിനാൻ

സന്തുഷ്ടനായിതു പാവകദേവനും

ലഘുതരമനിലതനയനമൃതനിധി തന്നിലേ

ലാഗുലവും തച്ചു തീ പൊലിച്ചീടിനാൻ

പവനജനെ ദഹനനപി ചുട്ടതില്ലേതുമെ

പാവകനിഷ്ടസഖനാക കാരണം 1220

പതിനിരതയാകിയ ജാനകീദേവിയാൽ

പ്രാർത്ഥിതനാകയാലും കരുണാവശാൽ

അവനിതനയാകൃപാവൈഭവമത്ഭുത-

മത്യന്തശീതളനായിതു വഹ്നിയും

രജനിചരകുലവിപിന പാവകനാകിയ

രാമനാമസ്മൃതി കൊണ്ടു മഹാജനം

തനയധനദാരമോഹാർത്തരെന്നാകിലും

താപത്രയാനലനെക്കടന്നീടുന്ന

തദഭിമതകാരിയായുള്ള ദൂതന്നു സ-

ന്താപം പ്രകൃതാനലേന ഭവിക്കുമോ? 1230

ഭവതിയദിമനുജജനം ഭുവിസാമ്പ്രതം

പങ്കജലോചനനെ ഭജിച്ചീടുവിൻ

ഭുവനപതി ഭുജഗപതിശയന ഭജനം ഭുവി

ഭൂതദൈവാത്മ സംഭൂതതാപാപഹം

തദനുകപികുലവരനുമവനി തനയാപദം

താണുതൊഴുതു നമസ്കൃത്യ ചൊല്ലിനാൻ

അഹമിനിയുമുഴറി നടകൊള്ളുവനക്കര-

യ്ക്കാജ്ഞാപ യാശുഗച്ഛാമി രാമാന്തികം

രഘുവരനുമവരജനുമരുണജനുമായ് ദ്രുത-

മാഗമിച്ചീടൂമനന്തസേനാസമം 1240

മനസി തവ ചെറുതു പരിതാപമുണ്ടാകൊലാ

മദ്ഭരം കര്യമിഞീഅനകാത്മജേ!

തൊഴുതമിതവിനയമിതി ചൊന്നവന്തന്നോടു

ദുഃഖമുൾക്കൊണ്ടു പറഞ്ഞിതു സീതയും:

“മമരമണചരിതമുരചെയ്ത നിന്നെക്കണ്ടു

മാനസതാപമകന്നിതു മാമകം

കഥമിനിയുമഹമിഹ വസാമിശോകേന മൽ

കാതവൃത്താന്ത ശ്രവണസൌഖ്യം വിനാ”

ജനകനൃപദു ഹിതൃഗിരമിങ്ങനെ കേട്ടവൻ

ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാൻ 1250

“കളകശുചമിനി വിരഹമലമതിനുടൻ മമ

സ്കന്ധമാരോഹ ക്ഷണേന ഞാൻ കൊണ്ടുപോയ്

തവരമണസവിധമുപഗമ്യ യോജിപ്പിച്ചു

താപംശേഷ മദ്യൈവ തീർത്തീടുവൻ

പവനസുത വചനമിതി കേട്ടു വൈദേഹിയും

പാരം പ്രസാദിച്ചു പാർത്തുചൊല്ലീടിനാൾ

അതിനുതവകരുതു മളവില്ലൊരു ദണ്ഡമെ-

ന്നാത്മനിവന്നിതു വിശ്വസമദ്യ മേ

ശുഭചരിതനതിബലമൊടാശു ദിവ്യാസ്ത്രേണ

ശോഷേണ ബന്ധനാദ്യൈരപി സാഗരം 1260

കപികുല ബലേനകടന്നു ജഗത്രയ

കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മാം

മറിവൊടൊരു നിശി രഹസി കൊണ്ടുപോയാലതു

മല്പ്രാണനാഥ കീർത്തിക്കു പോരാ ദൃഢം

രഘുകുലജവരനിവിടെവന്നു യുദ്ധം ചെയ്തു

രാവണനെക്കൊന്നു കൊണ്ടു പൊയ്ക്കൊള്ളുവാൻ

അതിരഭസമയിതനയ! വേലചെയ്തീടു നീ-

യത്ര നാളും ധരിച്ചീടുവൻ ജീവനെ”

ഇതിസദയ മവനൊടരുൾ ചെയ്തയച്ചീടിനാ-

ളിന്ദിരാദേവിയും, പിന്നെ വാതാത്മജൻ 1270

തൊഴുതഖില ജനനിയൊടു യാത്ര വഴങ്ങിച്ചു

തൂർണ്ണം മഹാർണ്ണവം കണ്ടു ചാടീടിനാൻ.