അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ഹനുമാന്റെ പ്രത്യാഗമനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാൻ

തീവ്രനാദംകേട്ടു വാനരസംഘവും

കരുതുവിനിതൊരു നിനദമാശു കേൾക്കായതും

കാര്യമാഹന്ത സാധിച്ചുവരുന്നിതു

പവനസുതനതിനുനഹി സംശയം മാനസേ

പാർത്തുകാൺകൊച്ച കേട്ടാലറിയാമതും

കപി നിവഹമിതി ബഹുവിധം പറയുംവിധൌ-

കാണായി തദ്രിശിരസി വാതാത്മജം 1280

“കപിനിവഹവീരരേ! കണ്ടിതു സീതയെ

കാകുൽ‌സ്ഥവീരനനുഗ്രഹത്താലഹം

നിശിചര വരാലയമാകിയ ലങ്കയും

നിശ്ശേഷമുദ്യാനവും ദഹിപ്പിച്ചിതു

വിബുധകുല വൈരിയാകും ദശഗ്രീവനെ

വിസ്മയമമ്മാറു കണ്ടുപറഞ്ഞിതു

ഝടിതി ദശരഥസുതനൊടിക്കഥ ചൊല്ലുവാൻ

ജാംബവദാദികളേ നടന്നീടുവിൻ”

അതുപൊഴുതു പവനതനയനെയുമവരാദരി-

ച്ചാലിംഗ്യ ഗാഢമാചുംബ്യവാലാഞ്ചലം 1290

കുതുകമൊടു കപിനിചയമനിലജനെമുന്നിട്ടു-

കൂട്ടമിട്ടാർത്തു വിളിച്ചു പോയീടിനാർ

പ്ലവഗകുലപരിവൃഢരുമുഴറി നടകൊണ്ടു പോയ്

പ്രസ്രവണാചലം കണ്ടുമേവീടിനാർ

കുസുമദലഫലമധുലതാതരുപൂർണ്ണമാം

ഗുൽമസമാവൃതം സുഗ്രീവപാലിതം

ക്ഷുധിതപരിപീഡിതരായ കപികുലം

ക്ഷുദ്വിനാശാർത്ഥമാർത്ത്യാ പറഞ്ഞീടിനാർ

ഫലനികര സഹിതമിഹ മധുരമധുപൂരവും

ഭക്ഷിച്ചുദാഹവും തീർത്തുനാമൊക്കവേ 1300

തരണിസുത സവിധമുപഗമ്യവൃത്താന്തങ്ങൾ

താമസം കൈവിട്ടുണർത്തിക്കസാദരം

അതിനനുവദിച്ചരുളേണമെന്നാശ പൂ-

ണ്ടംഗദനോടാപക്ഷിച്ചോരനന്തരം

അതിനവനുമവരൊടുടനാജ്ഞയെച്ചെയ്കയാ-

ലാശു മഹുവനം പുക്കിതെല്ലാവരും

പരിചൊടതിമധുരമധുപാനവും ചെയ്തവർ

പക്വഫലങ്ങൾ ഭക്ഷിക്കും ദശാന്തരേ

ദധിമുഖനുമനിശമതുപാലനം ചെയ്‌വിതു-

ദാനമാനേന സുഗ്രീവസ്യശാസനാൽ 1310

ദധിവദനവചനമൊടു നിയതമതുകാക്കുന്ന-

ദണ്ഡധരന്മാരടുത്തു തടുക്കയാൽ

പവനസുതമുഖകപികൾ മുഷ്ടിപ്രഹാരേണ-

പാഞ്ഞാർ ഭയപ്പെട്ടവരുമതിദ്രുതം

ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ-

ത്തൂർണ്ണമാലോക്യ വൃത്താന്തങ്ങൾ ചൊല്ലിനാൻ

തവമധുവനത്തിനു ഭംഗം വരുത്തിനാർ

താരേയനാദികളായ കപിബലം

സുചിരമതു തവ കരുണയാ പരിപാലിച്ചു

സുസ്ഥിരമാധിപത്യേന വാണേനഹം 1320

വലമഥനസുതതനയനാദികളൊക്കവേ

വന്നു മദ്ഭൃത്യജനത്തെയും വെന്നുടൻ

മധുവനവുമിതുപൊഴുതഴിച്ചിതെന്നിങ്ങനെ

മാതുലവാക്യമാകർണ്യ സുഗ്രീവനും

നിജമനസി മുഹുരപി വളർന്ന സന്തോഷേണ

നിർമ്മലാത്മാ രാമനോടു ചൊല്ലീടിനാൻ

പവനതനയാദികൾ കാര്യവും സാധിച്ചു

പാരം തെളിഞ്ഞുവരുന്നിതു നിർണ്ണയം

മധുവനമതല്ലയെന്നാകിലെന്നെ ബഹു-

മാനിയാതേ ചെന്നു കാൺകയില്ലാരുമേ 1330

അവരെ വിരവൊടു വരുവതിന്നുചൊല്ലങ്ങു ചെ-

ന്നാത്മനി ഖേദിക്കവേണ്ടാ വൃഥാ ഭവാൻ

അവനുമതുകേട്ടുഴറിച്ചെന്നു ചൊല്ലിനാ-

നഞ്ജനാപുത്രാദികളോടു സാദരം

അനിലതനയാംഗദ ജാംബവദാദിക-

ളഞ്ജസാ സുഗ്രീവഭാഷിതം കേൾക്കയാൽ

പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ-

പൂർണ്ണവേഗം നടന്നാശു ചെന്നീടിനാർ

പുകൾപെരിയപുരുഷമണി രാമൻ തിരുവടി

പുണ്യപുരുഷൻ പുരുഷോത്തമൻപരൻ 1340

പുരമഥനഹൃദിമരുവുമഖില ജഗദീശ്വരൻ

പുഷ്കരനേത്രൻ പുരന്ദരസേവിതൻ

ഭുജഗപതിശയനനമലൻ ത്രിജഗല്പരി-

പൂർണ്ണൻ പുരുഹൂതസോദരൻ മാധവൻ

ഭുജഗകുലഭൂഷണാരാധിതാംഘ്രിദ്വയൻ

പുഷ്കരസംഭവപൂജിതൻ നിർഗ്ഗുണൻ

ഭുവനപതി മഖപതി സതാം‌പതി മല്പതി

പുഷ്കരബാന്ധവപുത്രപ്രിയസഖി 1350

ബുധജനഹൃദിസ്ഥിതൻ പൂർവദേവാരാതി

പുഷ്കരബാന്ധവവംശസമുത്ഭവൻ

ഭുജബലവതാംവരൻ പുണ്യജനകാത്മകൻ

ഭൂപതിനന്ദനൻ ഭൂമിജാവല്ലഭൻ

ഭുവനതലപാലകൻ ഭൂതപഞ്ചാത്മകൻ

ഭൂരിഭൂതിപ്രദൻ പുണ്യജനാർച്ചിതൻ

ഭുജഭവകുലാധിപൻ പുണ്ഡരീകാനനൻ

പുഷ്പബാണോപമൻ ഭൂരികാരുണ്യവാൻ

ദിവസകരപുത്രനും സൌമിത്രിയും മുദാ-

ദിഷ്ടപൂർണ്ണം ഭജിച്ചന്തികേ സന്തതം

വിപിനഭുവിസുഖതരമിരിക്കുന്നതുകണ്ടു-

വീണുവണങ്ങിനാർ വായുപുത്രാദികൾ

പുനരഥഹരീശ്വരൻ തന്നെയും വന്ദിച്ചു-

പൂർണ്ണമോദം പറഞ്ഞാനഞ്ജനാത്മജൻ

കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര-

കർബുരേൺദ്രാലയേ സങ്കടമെന്നിയേ

കുശലവുമുടൻ വിചാരിച്ചിതു താവകം

കൂടെസ്സുമിത്രാതനയനും സാദരം

ശിഥിലതരചികുരമൊടശോകവനികയിൽ

ശിംശപാമൂലദേശേ വസിച്ചീടിനാൾ 1370

അനശനമൊടതികൃശശരീരനായന്വഹ-

മാശരനാരീപരിവൃതയായ് ശുചാ

അഴല്പെരുകിമറുകി ബഹുബാഷ്പവും വാർത്തു-

വാർത്തയ്യോ! സദാ രാമരാമേതിമന്ത്രവും

മുഹുരപി ജപിച്ചു ജപിച്ചു വിലപിച്ചു

മുഗ്ദ്ധാംഗിമേവുന്ന നേരത്തു ഞാൻ തദാ

അതികൃശശരീരനായ് വൃക്ഷശാഖാദശാന്തരേ

ആനന്ദമുൾക്കൊണ്ടിരുന്നേനനാകുലം

തവചരിതമമൃതസമമഖിലമറിയിച്ചഥ

തമ്പിയോടും നിന്തിരുവടി തന്നൊടും 1380

ചെറുതുടജഭുവി രഹിതയായ് മേവും വിധൌ

ചെന്നു ദശാനനൻ കൊണ്ടങ്ങുപോയതും

സവിതൃസുതനൊടു ഝടിതി സഖ്യമുണ്ടായതും

സംക്രന്ദനാത്മജൻ തന്നെ വധിച്ചതും

ക്ഷിതിദുഹിതുരന്വേഷണാർത്ഥം കപീന്ദ്രനാൽ

കീശൌഘമാശു നിയുക്തമായീടിനാർ

അഹമവരിലൊരുവനിവിടേയ്ക്കു വന്നീടിനേ-

നർണ്ണവം ചാടിക്കടന്നതിവിദ്രുതം

രവിതനയസചിവനഹമാശുഗനന്ദനൻ

രാമദൂതൻ ഹനുമാനെന്നു നാമവും 1390

ഭവതിയെയുമിഹഝടിതി കണ്ടുകൊണ്ടേനഹോ

ഭാഗ്യമാഹന്ത ഭാഗ്യം കൃതാർത്ഥോസ്മ്യഹം

ഫലിതമഖിലം മയാദ്യപ്രയാസം ഭൃശം

പത്മജാലോകനം പാപവിനാശനം

മമവചനമിതിനിഖിലമാകർണ്ണ്യജാനകി

മന്ദമന്ദം വിചാരിച്ചിതു മാനസേ

ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം

ശ്രീമതാമഗ്രേസരനവൻ നിർണ്ണയം

മമ നയനയുഗളപഥമായാതു പുണ്യവാൻ

മാനവവീര പ്രസാദേന ദൈവമേ! 1400

വചനമിതിമിഥിലതനയോദിതം കേട്ടു ഞാൻ

വാനരാകാരേണ സൂക്ഷ്മശരീരനായ്

വിനയമൊടു തൊഴുതടിയിൽ വീണു വണങ്ങിനേൻ

വിസ്മയത്തോടു ചോദിച്ചിതു ദേവിയും

അറിവതിനു പറക നീയാരെന്നതെന്നോട്-

ത്യാദിവൃത്താന്തം വിവരിച്ചനന്തരം

കഥിതമഖിലം മയാദേവവൃത്താന്തങ്ങൾ

കഞ്ജദളാക്ഷിയും വിശ്വസിച്ചീടിനാൾ

അതുപൊഴുതിലകതളിരിലഴൽകളവതിന്നു ഞാ-

നംഗുലീയം കൊടുത്തീടിനേനാദരാൽ 1410

കരതളിരിലതിനെ വിരവോടു വാങ്ങിത്തദാ-

കണ്ണുനീർകൊണ്ടു കഴുകിക്കളഞ്ഞുടൻ

ശിരസി ദൃശി ഗളഭുവി മുലത്തടത്തിങ്കലും

ശീഘ്രമണച്ചു വിലപിച്ചിതേറ്റവും

പവനസുത! കഥയമമ ദുഃഖമെല്ലാം ഭവാൻ

പത്മാക്ഷനോടു നീ കണ്ടിതല്ലോ സഖേ!

നിശിചരികളനുദിനമുപദ്രവിക്കുന്നതും

നീയങ്ങുചെന്നുചൊല്കെന്നു ചൊല്ലീടിനാൾ

തവചരിതമഖിലമലിവോടുണർത്തിച്ചു ഞാൻ

തമ്പിയോടും കപിസേനയോടുംദ്രുതം 1420

വയമവനിപതിയെ വിരവോടുകൂട്ടിക്കൊണ്ടു

വന്നുദശാസ്യകുലവും മുടിച്ചുടൻ

സകുതുകമയോദ്ധ്യാപുരിക്കാശുകൊണ്ടുപോം

സന്താപമുള്ളിലുണ്ടാകരുതേതുമേ

ദശരഥസുതന്നു വിശ്വാസാർഥമായിനി-

ദ്ദേഹി മേ ദേവി ചിഹ്നം ധന്യമാദരാൽ

പുനരൊരടയാളവാക്കും പറഞ്ഞീടുക

പുണ്യപുരുഷനു വിശ്വാസസിദ്ധയേ

അതുമവനിസുതയൊടഹമിങ്ങനെ ചൊന്നള-

വാശു ചൂഡാരത്നമാദരാൽ നൽകിനാൾ 1430

കമലമുഖി കനിവിനൊടു ചിത്രകൂടാചലേ

കാന്തനുമായ് വസിക്കുന്നാ‍ളൊരുദിനം

കഠിനതരനഖരനിക്രേണ പീഡിച്ചൊരു

കാകവൃത്താന്തവും ചൊൽകെന്നു ചൊല്ലിനാൾ

തദനുപലതരമിവപറഞ്ഞും കരഞ്ഞുമുൾ-

ത്താപം കലർന്നു മരുവും ദശാന്തരേ

ബഹുവിധചോവിഭാവേന ദുഃഖം തീർത്തു

ബിംബാധരിയെയുമാശ്വസിപ്പിച്ചു ഞാൻ

വിടയുമുടനഴകൊടുവഴങ്ങിച്ചു പോന്നിതു

വേഗേന പിന്നെ മറ്റൊന്നു ചെയ്തേനഹം 1440

അഖിലനിശിചരകുലപതിക്കഭീഷ്ടാസ്പദ-

മാരമമൊക്കെത്തകർത്തേനതിന്നുടൻ

പരിഭവമൊടടൽ കരുതിവന്ന നിശാചര

പാപികളെക്കൊലചെയ്തേനസംഖ്യകം

ദശവദനസുതനെ മുഹുരക്ഷകുമാരനെ

ദണ്ഡധരാലയത്തിന്നയച്ചീടിനേൻ

അഥ ദശമുഖാത്മജബ്രഹ്മാസ്ത്രബദ്ധനാ-

യാശരാധീരനെക്കണ്ടു പറഞ്ഞുഞാൻ

ലഘുതരമശേഷം ദഹിപ്പിച്ചിതു ബത!

ലങ്കാപുരം പിന്നെയും ദേവിതൻപദം 1450

വിഗതഭയമടിയിണ വണങ്ങി വാങ്ങിപ്പോന്നു

വീണ്ടും സമുദ്രവും ചാടിക്കടന്നു ഞാൻ

തവചരണനളിനമധുനൈവ വന്ദിച്ചിതു

ദാസൻ ദയാനിധേ! പാഹിമാം! പാഹിമാം!”

ഇതിപവനസുതവചനമാഹന്ത! കേട്ടള-

വിന്ദിരാകാന്തനും പ്രീതിപൂണ്ടീടിനാൻ

“സുരജനദുഷ്കരം കാര്യം കൃതംത്വയാ-

സുഗ്രീവനും പ്രസാദിച്ചിതുകേവലം

സദയമുപകാരമിച്ചെയ്തതിന്നാദരാൽ

സർവ്വസ്വവും മമ തന്നേൻ നിനക്കു ഞാൻ 1460

പ്രണയമനസാ ഭവാനാൽ കൃതമായതിൻ

പ്രത്യുപകാരം ജഗത്തിങ്കലില്ലെടോ!

പുനരപിരമാവരൻ മാരുതപുത്രനെ”

പൂർണ്ണമോദം പുണർന്നീടിനാനാദരാൽ

ഉരസിമുഹുരപിമുഹുരണച്ചു പുൽകീടിനാ-

നോർക്കെടോ! മാരുതപുത്രഭാഗ്യോദയം

ഭുവനതലമതിലൊരുവനിങ്ങനെയില്ലഹോ

പൂർണ്ണപുണ്യൌഘസൌഭാഗ്യമുണ്ടായെടോ!

പരമശിവനിതിരഘുകുലാധിപൻ തന്നുടെ

പാവനമായ കഥയരുൾ ചെയ്തതും 1470

ഭഗവതി ഭവാനി പരമേശ്വരി കേട്ടു

ഭക്തിപരവശയായ് വണങ്ങീടിനാൾ

കിളിമകളുമതി സരസമിങ്ങനെ ചൊന്നതു

കേട്ടു മഹാലോകരും തെളിയേണമേ 1474


ഇത്യദ്ധത്മരാമായണേ ഉമാമഹേശ്വരസംവാദേ സുന്ദരകാണ്ഡം സമാപ്തം