അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/മാർഗ്ഗവിഘ്നം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


പതഗപതിരിവ പവനസുതനഥ വിഹായസാ

ഭാനുബിംബാഭയാ പോകും ദശാന്തരേ

അമരസമുദയമനിലതനയ ബലവേഗങ്ങ-

ളാലോക്യ ചൊന്നാർ പരീക്ഷണാർത്ഥം തദാ

സുരസയൊടു പവനസുതസുഖഗതി മുടക്കുവാൻ

തൂർണ്ണം നടന്നിതു നാഗജനനിയും

ത്വരിതമനിലജ മതിബലങ്ങളറിഞ്ഞതി-

സൂക്ഷ്മദൃശാ വരികെന്നതു കേട്ടവൾ

ഗഗനപഥി പവനസുത ജവഗതി മുടക്കുവാൻ

ഗർവ്വേണ ചെന്നു തത്സന്നിധൌ മേവിനാൾ

കഠിനതരമലറിയവളവനൊടുര ചെയ്തിതു

“കണ്ടീലയോ ഭവാനനെന്നെക്കപിവര!

ഭയരഹിതമിതുവഴി നടക്കുന്നവർകളെ

ഭക്ഷിപ്പതിന്നുമാം കൽപ്പിച്ചതീശ്വരൻ

വിധിവിഹിതമശനമിതു നൂനമദ്യ ത്വയാ

വീരാ! വിശപ്പെനിക്കേറ്റമുണ്ടോർക്ക നീ

മമവദന കുഹരമതിൽ വിരവിനൊടു പൂക നീ

മറ്റൊന്നുമോർത്തു കാലം കളയാകെടോ!”

സരസമിതി രഭസതരമതനു സുരസാഗിരം

സാഹസാൽ കേട്ടനിലാത്മജൻ ചൊല്ലിനാൻ:

“അഹമഖിലജഗദധിപനമര ഗുരുശാസനാ-

ലാശു സീതാന്വേഷണത്തിന്നു പോകുന്നു

അവളെ നിശിചരപുരിയിൽ വിരവിനൊടു ചെന്നുക-

ണ്ടദ്യ വാ ശ്വോ വാ വരുന്നതുമുണ്ടു ഞാൻ

ജനക നരപതിദുഹിതൃ ചരിതമഖിലം ദ്രുതം

ചെന്നു രഘുപതിയോടറിയിച്ചു ഞാൻ

തവവദന കുഹരമതിലപഗത ഭയാകുലം

താല്പര്യമുൾക്കൊണ്ടു വന്നു പുക്കീടുവൻ

അനൃതമകതളിരിലൊരു പൊഴുതുമറിവീലഹ-

മാശു മാർഗ്ഗം ദേഹി ദേവീ നമോസ്തുതേ”

തദനു കപികുലവരനൊടവളുമുര ചെയ്തിതു

“ദാഹവും ക്ഷുത്തും പൊറുക്കരുതേതുമേ”

“മനസി തവ സുദൃഢമിതി യദി സപദി സാദരം

വാ പിളർന്നീടെ”ന്നു മാരുതി ചൊല്ലിനാൻ

അതിവിപുലമുടലുമൊരു യോജനായാമമാ-

യാശുഗ നന്ദനൻ നിന്നതു കണ്ടവൾ

അതിലധികതര വദന വിവരമൊടനാകുല-

മത്ഭുതമായഞ്ചു യോജനാവിസ്തൃതം

പവനതനയനുമതിനു ഝടിതി ദശയോജന

പരിമിതി കലർന്നു കാണായോരനന്തരം

നിജമനസി ഗുരുകുതുകമൊടു സുരസയും തദാ

നിന്നാളിരുപതു യോജനവായുവുമായ്

മുഖകുഹരമതിവിപുലമിതി കരുതി മാരുതി

മുപ്പതുയോജനവണ്ണമായ് മേവിനാൻ

അലമലമിതയമമലനരുതു ജയമാർക്കുമെ-

ന്നൻപതുയോജന വാ പിളർന്നീടിനാൾ

അതുപൊഴുതു പവനസുതനതി കൃശശരീരനാ-

യംഗുഷ്ഠതുല്യനായുൾപ്പുക്കരുളിനാൻ

തദനുലഘുതരമവനുമുരുതരതപോ ബലാൽ

തത്ര പുറത്തു പുറപ്പെട്ടു ചൊല്ലിനാൻ:

“ശൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ!

ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ

ശരണമിഹ ചരണസരസിജയുഗളമേവ തേ

ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ!”

പ്ലവഗപരിവൃഢവചന നിശമനദശാന്തരേ

പേർത്തും ചിരിച്ചു പറഞ്ഞു സുരസയും:

“വരികതവജയമതി സുഖേനപോയ്ചെന്നു നീ

വല്ലഭാവൃത്താന്തമുള്ളവണ്ണം മുദാ

രഘുപതിയൊടഖിലമറിയിക്ക തൽ കോപേന

രക്ഷോഗണത്തെയുമൊക്കെയൊടുക്കണം

അറിവതിനുതവ ബലവിവേകവേഗാദിക-

ളാദിതേയന്മാരയച്ചുവന്നേനഹം”

നിജചരിതമഖിലമവളവനൊടറിയിച്ചു പോയ്

നിർജ്ജരലോകം ഗമിച്ചാൾ സുരസയും.

പവനസുതനഥഗഗനപഥി ഗരുഡതുല്യനായ്

പാഞ്ഞുപാരാവാരമീതേ ഗമിക്കുമ്പോൾ

ജലനിധിയുമചലവരനോടു ചൊല്ലീടിനാൻ:

“ചെന്നു നീ സൽക്കരിക്കേണം കപീന്ദ്രനെ

സഗരനരപതിതനയരെന്നെ വളർക്കയാൽ

സാഗരമെന്നുചൊല്ലുന്നിതെല്ലാവരും

തദഭിജനഭവനറിക രാമൻ തിരുവടി

തസ്യകാര്യാർത്ഥമായ് പോകുന്നതുമിവൻ

ഇടയിലൊരു പതനമവനില്ല തൽക്കാരണാ-

ലിച്ഛയാപൊങ്ങിത്തളർച്ച തീർത്തീടണം

മണികനകമയനമലനായ മൈനാകവും

മാനുഷവേഷം ധരിച്ചു ചൊല്ലീടിനാൻ

ഹിമശിഖരിതനയനഹമറിക കപിവീര! നീ-

യെന്മേലിരുന്നു തളർച്ചയും തീർക്കെടോ!

സലിലനിധി സരഭസമയയ്ക്കയാൽ വന്നുഞാൻ

സാദവും ദാഹവും തീർത്തുപൊയ്ക്കൊൾകെടോ!

അമൃതസമജലവുമതിമധുരമധുപൂരവു-

മാർദ്രപക്വങ്ങളും ഭക്ഷിച്ചുകൊൾക നീ”

അലമലമിതരുതരുതു രാമകാര്യാർത്ഥമാ-

യാശു പോകും വിധൌ പാർക്കരുതെങ്ങുമേ

പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും

പേർത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും

അനുചിതമറിക രഘുകുലതിലക കാര്യങ്ങ-

ളൻപോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ

വിഗതഭയമിനിവിരവൊടിന്നു ഞാൻ പോകുന്നു

ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം

പവനസുതനിവയുമുരചെയ്തു തൻ കൈകളാൽ

പർവ്വതാധീശ്വരനെത്തലോടീടിനാൻ

പുനരവനുമനിലസമമുഴറി നടകൊണ്ടിതു

പുണ്യജനേന്ദ്രപുരം പ്രതി സംഭ്രമാൽ

തദനു ജലനിധിയിലതിഗംഭീരദേശാലയേ

സന്തതം വാണെഴും ഛായഗ്രഹണിയും

സരിദധിപനുപരിപരിചൊടു പോകുന്നവൻ

തൻ‌നിഴലാശു പിടിച്ചു നിർത്തീടിനാൾ

അതുപൊഴുതു മമഗതിമുടക്കിയതാരെന്ന-

തന്തരാപാർത്തുകീഴ്പോട്ടു നോക്കീടിനാൻ

അതിവിപുലതരഭയകരാഗിയെ ക്കണ്ടള-

വംഘ്രിപാതേന കൊന്നീടിനാൻ തൽക്ഷണേ

നിഴലതുപിടിച്ചു നിർത്തിക്കൊന്നു തിന്നുന്ന

നീചയാം സിംഹികയെക്കൊന്നനന്തരം

ദശവദനപുരിയിൽ വിരവോടുപോയീടുവാൻ

ദക്ഷിണദിക്കുനോക്കിക്കുതിച്ചീടിനാൻ

ചരമഗിരി ശിരസി രവിയും പ്രവേശിച്ചിതു

ചാരുലങ്കാ ഗോപുരാഗ്രേ കപീന്ദ്രനും

ദശവദന നഗരമതി വിമല വിപുല സ്ഥലം

ദക്ഷിണ വാരിധി മദ്ധ്യേ മനോഹരം

ബഹുലഫല കുസുമ ദലയുതവിടപിസങ്കുലം

വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം

മണി കനക മയമമരപുര സദൃശമംബുധി

മദ്ധ്യേ ത്രികൂടാചലോപരി മാരുതി

കമലമകൾ ചരിതമറിവതിന്നു ചെ-

ന്നൻപോടു കണ്ടിതു ലങ്കാനഗരം നിരുപമം

കനകവിരചിതമതിൽ കിടങ്ങും പലതരം

കണ്ടുകടപ്പാൻ പണിയെന്നു മാനസേ

പരവശതയൊടു ഝടിതി പലവഴി നിരൂപിച്ചു

പത്മനാഭൻ തന്നെ ധ്യാനിച്ചു മേവിനാൻ

നിശിതമസി നിശിചരപുരേ കൃശരൂപനായ്

നിർജ്ജനദേശേ കടപ്പനെന്നോർത്തവൻ

നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു

നിർജ്ജരവൈരിപുരം ഗമിച്ചീടിനാൻ

പ്രകൃതിചപലനുമധിക ചപലമചലം മഹൽ

പ്രാകാരവും മുറിച്ചാകാരവും മറ-

ച്ചവനിമകളടിമലരുമകതളിരിലോർത്തു കൊ‌

ണ്ടഞ്ജനാനന്ദനനഞ്ജസാ നിർഭയം.