Jump to content

രാമരാജാബഹദൂർ/മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
മുഖവുര

[ 2 ]

മുഖവുര


'മാർത്താണ്ഡവർമ്മാ' ഏഴുതി ഇരുപത്തിമൂന്നുകൊല്ലം കഴിഞ്ഞിട്ടേ രണ്ടാമതും ഗൗരവമായുള്ള സാഹിത്യശ്രമങ്ങളിൽ ഏർപ്പെടാൻ ഗ്രന്ഥകാരനു സാവകാശം കിട്ടിയുള്ളു. ഗവണ്മെന്റിന്റെ കൃപാപ്രസരംനിമിത്തം ലഭിച്ച അതിസ്വാസ്ഥ്യത്തിന്നിടയിൽ 'ധർമ്മരാജാ' എന്ന ആഖ്യായിക നിർമ്മിക്കുന്നതിനു ഗ്രന്ഥകാരൻ ഉദ്യോഗിച്ചു. ഈ ശ്രമത്തിന്റെ ആരംഭത്തിൽത്തന്നെ കഥാതന്തുവിനെ എങ്ങനെ സങ്കല്പിക്കുന്നു എന്ന് ഗൃഹസദസ്സുകളിൽ പ്രസ്താവിക്കപ്പെട്ടപ്പോൾ, ഭാഷാഭിമാനികളും പണ്ഡിതരത്നങ്ങളും ആയ യുവസ്നേഹിതന്മാർ കവടി നിരത്താതെതന്നെ വിജയഫലത്തെ ദർശിച്ചു. ഗവണ്മെന്റിന്റെ വിദ്യാഭ്യാസനയംകൊണ്ടു മലയാളഭാഷ 1065-ലെ താഴ്വരയിൽനിന്നും അത്യുന്നതമായ ഒരു നിരയിൽ 1088-ൽ എത്തിയിരിക്കുമെന്ന് പ്രമാദിച്ചുപോയ ഗ്രന്ഥകാരൻ ഒരു 'കിർമ്മീരവധ'രീതിയെ അന്നത്തെ ശ്രമത്തിൽ അനുകരിച്ചു. അന്നന്നു തീർന്ന കഥാഭാഗങ്ങളെ വായിച്ചുകേട്ട സദസ്യർ 'ബലേ' പറകയാൽ ശ്രുതി താഴ്ത്താതെ കഥയെ പരിപൂർത്തിയാക്കി. പുസ്തകം പ്രസിദ്ധമായപ്പോൾ ഗ്രന്ഥപരിശോധകന്മാരിൽനിന്നു ബഹുവിധങ്ങളായ അഭിപ്രായങ്ങൾ പുറപ്പെട്ടു. എല്ലാം ഒരുപോലെ ശ്രവണമധുരങ്ങൾ ആയിരുന്നില്ല. എന്നാൽ സുസ്ഥിരധീമാന്മാരായ സാഹിത്യപടുക്കൾ ഗ്രന്ഥകാരന്റെ ആശയങ്ങളെ അനുസരിച്ചു ഭാഷയെ നിയന്ത്രണം ചെയ്യുകയല്ലാതെ ഭാഷാസാരള്യത്തെ പ്രമാണിച്ച് ഉത്കൃഷ്ടാശയങ്ങളെ വിലക്ഷണീകരിച്ചുകൂടാ എന്നും മറ്റും ഉപദേശിച്ച് ഗ്രന്ഥകാരനെ ഒരുവിധം കൃതാർഥനാക്കി.

എങ്കിലും 'പ്രേമാമൃതം' എഴുതുവാൻ ആരംഭിച്ചപ്പോൾ സ്വരം ഒന്നു താഴ്ത്തണമെന്നു തോന്നി. അതിലേക്കായി വളരെ പണിപ്പെട്ടു. ഫലം എന്തെന്നു നമ്മുടെ വിദ്വല്ലോകം ഗ്രഹിച്ചിട്ടുണ്ടല്ലോ.

'ധർമ്മരാജാ' എന്ന ആഖ്യായികയിൽ വാഗ്ദത്തം ചെയ്തിട്ടുള്ള അനന്തരഗ്രന്ഥങ്ങളുടെ നിർമ്മിതിക്കു ശ്രദ്ധിക്കാത്തതെന്തെന്നു ചില വന്ദ്യസ്ഥാനങ്ങളിൽ നിന്നു ചോദ്യങ്ങൾ ഉണ്ടാവുകയാൽ, 92-ലെ മീനമാസത്തിൽ ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്ന 'രാമരാജാബഹദൂർ' എന്ന ആഖ്യായികയുടെ കഥാവസ്തു കടലാസ്സിലാക്കി. ഈ പണി ഒട്ടൊന്നു തീരാറായപ്പോൾ ഗ്രന്ഥകാരൻ കിടപ്പിലായി. തിരുവിതാംകൂർ വിദ്യാഭ്യാസവകുപ്പിലെ അധികൃതന്മാർ സദയം ഈ പുസ്തകത്തെ പാഠ്യപുസ്തകം ആക്കിയപ്പോൾ അതിനെ പ്രസിദ്ധീകരിക്കേണ്ട നിർബ്ബന്ധം ഗ്രന്ഥകാരന്റെമേൽ ചുമന്നു. ഏഴാംക്ലാസ്സ് വിദ്യാർത്ഥികൾക്കായി നിശ്ചയിക്കപ്പെട്ടതിനാൽ, 'മാർത്താണ്ഡവർമ്മാ'യിലെ ഭാഷാരീതിയിൽ പുസ്തകത്തെ പരിശോധിച്ചു പ്രസിദ്ധപ്പെടുത്തണമെന്ന് ഉദ്ദേശിച്ച്, ഒരു ചെറുദൗഹിത്രനെക്കൊണ്ട് ആ പുസ്തകം പല ആവർത്തി വായിപ്പിച്ചു കർണ്ണപരിചയം നല്ലപോലെ പുതുക്കീട്ടു പുതിയ ഗ്രന്ഥത്തിന്റെ പരിശോധന ആരംഭിച്ചു. എന്നിട്ടും 'മാർത്താണ്ഡവർമ്മാ'രീതി അതിന്റെ നിർമ്മാണകാലത്തു ഗ്രന്ഥകാരനുണ്ടായിരുന്ന പ്രായത്തോടെ സമഗമനം ചെയ്തു പോയിരിക്കുന്നതായി കണ്ടു. ആഗ്രഹവും ശക്തിയും ഇടഞ്ഞുള്ള നിലയിൽ പ്രയോഗം ആരംഭിച്ചപ്പോൾ ഭാഷാരീതി വായു-വാതക്ഷോഭങ്ങളാൽ ക്ഷീണിച്ചുതീർന്നിട്ടുള്ള ശക്തിയോട് അനുയോജിച്ചുള്ളതായ ഒരു മാതൃകയെ അനുകരിച്ചുപോയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അച്ചടിപ്പണി ആരംഭിച്ചപ്പോൾ ഗ്രന്ഥകാരനെ ബാധിച്ചിട്ടുള്ള രോഗങ്ങൾ തുടരെത്തുടരെ കഠിനമായി പീഡിപ്പിച്ചു തുടങ്ങി. ചരിത്രസംബന്ധമായുള്ള ഈ ആഖ്യായിക ഒരു യുദ്ധഘട്ടത്തെ വർണ്ണിക്കുന്നതാകകൊണ്ട്, അമേദുരമായ [ 3 ] ഒരു ഖരതയുടെ സങ്കലനവും കഥാഗതിയിൽ സംഭവിച്ചുപോയിട്ടുണ്ട്. എന്നാൽ ചപലപാത്രങ്ങളെക്കൂടി ചേർത്ത് ഈ അനിവാര്യലക്ഷണത്തിന്റെ അസ്വാരസ്യത്തെ മൃദുലമാക്കുന്നതിന് യഥാശക്തി പ്രയത്നിച്ചിട്ടുണ്ട്.

ഈ കൊല്ലത്തിലെ ഇടവമാസത്തെ ഒരു വിശേഷകാരണത്തിന്മേൽ അനദ്ധ്യായകാലമായി ഗ്രന്ഥകാരൻ ഉപയോഗപ്പെടുത്തുന്നു. അതിനുശേഷം ദേഹസ്ഥിതിയെ ഇതേവരെ പരിരക്ഷിച്ചുവന്ന ഡാക്ടർ കെ. മാധവൻപിള്ള അവർകളുടെ ധന്വന്തരീത്വം മേലിലും അനുഗ്രഹിക്കുമെങ്കിൽ ഈ സംഗരകഥയുടെ പരിണാമത്തെ അധികാലതാമസംകൂടാതെ ബഹുജനസമക്ഷം സമർപ്പിച്ചുകൊള്ളാം.


സി.വി.രാമൻപിള്ള


തിരുവനന്തപുരം
1093 ഇടവം

രണ്ടാംഭാഗത്തിന്റെ മുഖവുര

1093 ഇടവത്തിൽ പതിനെട്ട് അദ്ധ്യായം പരിശോധിച്ച് അച്ചടിച്ചുതീർത്തതായ ഈ പുസ്തകത്തിന്റെ മുഴുവൻ പണി തീർക്കുന്നതിന് 1095 ചിങ്ങം വരെ താമസിച്ചതിൽ അത്യന്തം വ്യസനിക്കുന്നു. ടിപ്പുവിന്റെ ആക്രമം എന്നതുപോലെ (ദേഹ)സ്ഥിതികൾ ചിന്തിക്കാതുള്ള ഒരു പ്രസ്ഥാനത്തിൽ പ്രവേശിച്ചുപോയോ എന്നു പോലും പലപ്പോഴും സംശയിച്ചു ഖേദിച്ചു. 1093 ഇടവം 31-ാം തീയതി അറുപത്തിയൊന്നിൽ പ്രവേശിച്ച ദിവസം സുഹൃല്ലോകം ഗ്രന്ഥകാരനെ അനുമോദിച്ചു എങ്കിൽ, അടുത്ത സംവരത്സത്തിലെ ആ തീയതിയിൽ, ഗ്രന്ഥകാരനെ പല കാലമായി പീഡിപ്പിച്ചുവന്ന ഉദരരോഗം മുമ്പിൽ ഉണ്ടായിട്ടില്ലാത്തവിധത്തിൽ അതിന്റെ കാഠിന്യത്തെ പ്രകാശിപ്പിച്ചു. ഇരുപതു ദിവസത്തിൽപ്പരമുള്ള ശയ്യാബന്ധത്തിനുശേഷം ഏഴുന്നേറ്റിരിപ്പാൻ ശക്തനായി. ആരംഭിച്ചുപോയ പണി 'കുറ'യിൽ ഇടുന്നത് ഒരു അപശകുനം ആണെന്നു തോന്നി, ചികിത്സകന്മാരുടെ ഉപദേശങ്ങളെ അനാദരിച്ച് പത്തൊൻപതാം അദ്ധ്യായം മുതല്‌ക്കുള്ള ഈ ഉത്തരഭാഗത്തെ ജനസമക്ഷം പ്രവേശിപ്പിക്കണമെന്നു ദൃഢമായി ഉറച്ചു. ഈ വസ്തുതകളുടെ പ്രസിദ്ധീകരണംകൊണ്ട് പരിശോധകന്മാരുടെ അനുകമ്പയെ വശീകരിക്കുകയോ, നിഷ്പീഡിതനായിരുന്നു എങ്കിൽ സർവ്വചേതോഹരമായ ഒരു പ്രബന്ധം പുറപ്പെടുമായിരുന്നു എന്നു സൂചിപ്പിക്കുകയോ ചെയ്യുന്നില്ല.

ഈ ഉത്തരഭാഗത്തിന്റെ പ്രസിദ്ധീകരണത്തിനും ജീവിതാനുഷ്ഠാനങ്ങൾക്കും വേണ്ട സുഖശരീരതയെ തന്ന സഹോദരന്മാർ, ഡാക്ടർ കെ. മാധവൻപിള്ള എൽ.എം.എസ്. അവർകളോടും, ഡാക്ടർ കെ. രാമൻതമ്പി ബി.എ., എം.ഡി. അവർകളോടും, വൈദ്യൻ മ. രാ. രാ. ആറന്മുള നാരായണപിള്ള അവർകളോടും ഗ്രന്ഥകരാനു തോന്നുന്ന ഹാർദ്ദമായ കൃതജ്ഞതയെ സസന്തോഷം പ്രത്യക്ഷപ്പെടുത്തിക്കൊള്ളുന്നു. ഈ ഭാഗം ഗ്രന്ഥത്തിന്റെ നിർമ്മാണകാര്യത്തിലും പൗരോഹിത്യം, പരിപാലിച്ച മ. രാ. രാ. കെ.ആർ. കൃഷ്ണപിള്ള ബി.എ., ബി.എൽ. അവർകളും, ഇതിന്റെ ആദ്യന്തമുള്ള രചനയിലും പരിശോധനയിലും ലേഖനവിഷമങ്ങൾ വഹിച്ച്, സങ്കല്പാദിവിഷയങ്ങളിൽ നവ്യാശയങ്ങൾ തന്ന് ഉത്തമസാചിവ്യം അനുവർത്തിച്ചിട്ടുള്ള പ്രിയ ജാമാതാവ് മ. രാ. രാ. ഈ.വി. കൃഷ്ണപിള്ള ബി.എ. അവർകളും കൂടി ഈ ഗ്രന്ഥത്തിൽ ആസ്വാദ്യാശം വല്ലതും ഉണ്ടെങ്കിൽ അതിന്റെ അവകാശം പങ്കിട്ടുകൊള്ളട്ടെ.

എന്ന്
ലോകകൃപയാൽ പരമാശ്വസ്തചിത്തനായിരിക്കുന്ന
ഗ്രന്ഥകാരൻ


തിരുവനന്തപുരം
ചിങ്ങം 1095

"https://ml.wikisource.org/w/index.php?title=രാമരാജാബഹദൂർ/മുഖവുര&oldid=49982" എന്ന താളിൽനിന്ന് ശേഖരിച്ചത്