രാമരാജാബഹദൂർ/അദ്ധ്യായം ഒന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഒന്ന്

[ 4 ]

അദ്ധ്യായം ഒന്ന്
"ബഹുമാനിയാ ഞാനാരെയും തൃണവൽ"

മൈസൂർ രാജ്യത്തിന്റെ ഉത്തരപരിധിയിൽനിന്ന് ഒന്നൊന്നര ദിവസത്തെ യാത്രാദൂരം വടക്കുകിഴക്കു നീങ്ങി, കേരളത്തിലെങ്ങും കാണ്മാൻ കിട്ടാത്തതായ ഒരു മൈതാനത്തിന്റെ മദ്ധ്യത്തിൽ, ചുറ്റുപാടിലുള്ള പല രാജ്യങ്ങളെയും വ്യാപാരാദിവിഷയങ്ങളിൽ സംഘടിപ്പിച്ചതായ രാജപാതകൾ സന്ധിച്ചിരുന്നു. ഹൈദർഖാൻ എന്ന സിംഹാസനചോരന്റെ കോശകാര്യോപദേഷ്ടാവായിരുന്ന ഗാംഗുറാം കോടീശ്വരന് കുബേരപദം ലബ്ധമായപ്പോൾ, അന്ത്യകാലത്തെ സ്വർഗ്ഗലബ്ധി ലഘുസാദ്ധ്യമാക്കുന്നതിനു വേണ്ടി അദ്ദേഹം ഈ ബഹുപഥസന്ധിയിൽ ഒരു പാന്ഥസത്രം സ്ഥാപിച്ചു. ആകാശഛേദികളായ ഗോപുരങ്ങൾകൊണ്ട് അനുബന്ധിക്കപ്പെട്ടിരുന്ന ആ മൂന്നുനിലമന്ദിരം ആയിരത്തിൽപ്പരം പാന്ഥന്മാർക്ക് ഒരേ സമയത്തു താമസിപ്പാൻപോരുന്നതായിരുന്നു. സത്രം ഉപയോഗിക്കാത്ത വഴിപോക്കരുടെ സൗകര്യത്തിനായി അല്പം വടക്കുമാറി ഒരു വെണ്മാടമണ്ഡപവും, ഏകദേശം കാൽനാഴിക കിഴക്കു നീങ്ങി 'സിരഹസ്തിനഗ്രാമം' എന്നു വിളിക്കപ്പെട്ടുവന്ന മട്ടുപ്പാപ്പന്തികളും ആ മഹാമന്ദിരത്തിന്റെ പാരിഷദരെന്നപോലെ സ്ഥിതിചെയ്തിരുന്നു.

ഈ സത്രം ആദ്യകാലത്ത് ഭാരതഖണ്ഡത്തിലെ ഭിക്ഷുലോകത്തിനിടയിൽ ഒരു അക്ഷയപാത്രശാലയായി വിശ്രുതിപെറ്റിരുന്നു. ഈ കഥാരംഭകാലത്ത് അത് ഒരു വേനമണ്ഡലമായിത്തീർന്നിരിക്കുന്നു. സ്വാധികാരമൂർച്ഛയിലെ ലോകാവസ്ഥകൾ കാണ്മാൻ ഒരു ബ്രഹ്മരക്ഷസ്സിന്റെ രൂപം അവലംബിച്ചുപോന്ന നാലാം യുഗമൂർത്തി എന്നപോലെ പല ഗോസായിസംഘങ്ങളോടും ചേർന്ന് ഒരു മഹിഷാസുരപ്രഭാവൻ ഭൂപ്രദക്ഷിണം ചെയ്തുവന്നു. ഈ യാത്രയ്ക്കിടയിൽ ദൈവഗതിയുടെ അപ്രമേയത്വംകൊണ്ട് ആ അപൂർവ്വാവധൂതൻ ബാലഗാംഗുറാം പ്രഭുവിന്റെ വക രാജധാനിയും ചൈത്രരഥങ്ങളും അതുകളുടെ ഐശ്വര്യ ശ്രീവിലാസവും കണ്ട് അതു വരെ ഭൂമുഖവീക്ഷണനായി നിഷ്കാമഗർവവും മൗനവും [ 5 ] അവലംബിച്ചുപോന്ന ആ മഹിഷാകാരത്തിന്റെ കണ്ഠം ഒന്നു നിവർന്ന്, ചില സന്തോഷാക്രോശങ്ങൾകൊണ്ടു മുമ്പിൽ കണ്ട ഭാഗ്യമഹിമാവെ അഭിവാദ്യം ചെയ്തു. 'കാളിപ്രഭാവഭട്ടൻ' എന്ന് ഏതു സന്ദർഭത്തിലോ കേട്ടിരുന്ന ഒരു പുണ്യവാന്റെ നാമം അപഹരിച്ചുകൊണ്ട് നമ്മുടെ ദേശാടനക്കാരൻ ഗാംഗുറാം പ്രഭുവെ സന്ദർശിച്ചു. 'നശിച്ചുപോകട്ടെ' എന്നുള്ള ശാപമന്ത്രത്തോടെ ഒരു മരതകമണി കാഴ്ചവെച്ചപ്പോൾ, ഭട്ടന് ഗാംഗുറാം പ്രഭുവിന്റെ മന്ദിരത്തിൽ കങ്കന്റെ പദവിയും ഉദ്യാനാദികളിൽ മാണീവരസ്ഥാനവും സിദ്ധമായി. ഭട്ടന്റെ പാദസ്പർശം ഉണ്ടായ പറമ്പുകളും പാടങ്ങളും ഗാംഗുറാം പ്രഭുവിനു സമ്പദ്ഖനികളായിത്തീർന്നു. പ്രകൃതിദേവൻ തന്റെ സത്കർമ്മങ്ങളിൽ സംപ്രീതനായി, സ്വയമേവ തന്നെ അനുഗ്രഹിപ്പാൻ അവതീർണ്ണനായിരിക്കുന്നു എന്നുപോലും കാലാനുരൂപമായ വിശ്വാസാന്ധ്യത്താൽ ഗാംഗുറാം പ്രഭു തീർച്ചയാക്കി, ഭട്ടനെ ഒരു അവതാരദേവനെപ്പോലെ ആരാധിച്ചു തുടങ്ങി. എന്നാൽ, ജന്മനാ താന്മാത്രനായുള്ള ഭട്ടനു പ്രഭുസേവനം പ്രായേണ ശ്വാനവൃത്തിയാണെന്നു തോന്നി. എന്നു മാത്രമല്ല ഗാംഗുറാംപ്രഭുവിനെ അനുഗ്രഹിച്ച ഭാഗ്യമൂർത്തിയെ സ്വാഭീഷ്ടങ്ങളുടെ നിർവഹണത്തിന് തനിക്കും ദാസനാക്കിക്കൂടെ എന്നൊരു പ്രശ്നവും ഭട്ടന്റെ ഹൃദയത്തിൽ അങ്കുരിച്ചു. വ്യവസായചതുരനായ ഗാംഗുറാം പ്രഭു തന്റെ സമ്പദ്പർജന്യന്റെ മുഖക്ലമം കണ്ട് അതിന്റെ നിദാനത്തെയും ചികിത്സാക്രമത്തെയും ബുദ്ധിദൃഷ്ട്യാ ഗ്രഹിച്ചു. തിങ്കൾ ഒന്നു കഴിയും മുമ്പ് ഭട്ടൻ സിരഹസ്തിനസത്രത്തിന്റെ വഴിപോലുള്ള ഭരിപ്പിന്, ഗാംഗുറാം പ്രഭുവിന്റെ സർവ്വാധികാരപ്രാതിനിധ്യത്തോടെ കാർബാറിയായി അവരോധിക്കപ്പെട്ടു. ഈ അധികാരദാനത്തിനു സാക്ഷ്യമായുള്ള ശാസനത്തിലെ 'ഭരിപ്പു' പദത്തെ ഭട്ടൻ 'ഭസ്മീകരിപ്പ്' എന്നു വായിച്ച് ഭട്ടാദർശനം അനുസരിച്ചുള്ള വഴിപോലതന്നെ സത്രഭരണം തുടങ്ങി.

ഭട്ടന്റെ പ്രഥമക്രിയ സത്രമന്ദിരത്തിന്റെ നവീകരണമായിരുന്നു. ഗാംഗുറാം പ്രഭുവിന്റെ വക മൂന്നു പതിനായിരം വരാഹൻ ഭട്ടഭണ്ഡാരത്തിലേക്കു പാഞ്ഞു. നവകാർബാറിയുടെ വിശ്വകർമ്മത്വം ഇതോടെ അവസാനിച്ചില്ല. സത്രത്തിന്റെ പടിഞ്ഞാറുവശത്ത് ധർമ്മക്രിയയുടെ പരിപോഷണത്തിനായി കുഴിച്ച് കൽപ്പടികളും കെട്ടി മിനുസമാക്കിയ ജലാശയം മറ്റൊരു പതിനായിരത്തെ ഭട്ടഭണ്ഡാരത്തിലേക്കു സ്ഥലംമാറ്റി. ജലാശയം അതിന്റെ ഉടമസ്ഥനായ ധനദപ്പെരുമാൾക്ക് എന്തു പുണ്യപൂരം സമർപ്പിച്ചു എന്നോ! അതിൽ അപ്പോഴപ്പോൾ കണ്ടു തുടങ്ങിയ ജലജങ്ങൾ മനുഷ്യശരീരങ്ങളായിരുന്നതിനാൽ എത്ര ദുഃഖങ്ങൾക്കു ശാന്തി വരുത്തി! എന്നാൽ ഭട്ടനയം ഗ്രഹിച്ചിരുന്ന സത്രരക്ഷികൾ കാര്യബോധനത്തിനും ആജ്ഞയ്ക്കും സംഗതിയുണ്ടാക്കാതെ ഓരോ കുഴിമാന്തലോടെ ആ സംഭവങ്ങളെ അവസാനിപ്പിച്ചു. ചുരുക്കത്തിൽ രക്ഷയെക്കാൾ ശിക്ഷയുടെ ദാതാവായും ദാനത്തെക്കാൾ ദോഹനത്തിന്റെ കർത്താവായും ഭട്ടൻ ആരംഭിച്ച ഭരണക്രമം ഗാംഗുറാം പ്രഭുവിന്റെ [ 6 ] മോക്ഷസോപാനത്തിനു കണ്ടകത്വത്തിന്റെ തലസ്ഥാനമെന്നുള്ള കീർത്തിമുദ്രയെ സമ്പാദിച്ചു.

ഈ ഉഗ്രമൂർത്തിയുടെ ജന്മദേശാദി വസ്തുക്കളെക്കുറിച്ച് ആ പ്രദേശങ്ങളിലെ സ്ഥലപുരാണങ്ങളും ഐതിഹ്യങ്ങളും ഒരുപോലെ മൂകമായിരുന്നു. ഈ ബ്രഹ്മജ്ഞന് ഏത് ഗുരുകുലത്തിൽനിന്നോ, എന്തു യജ്ഞകർമ്മത്താലോ ഭട്ടപദം സിദ്ധിച്ചു എന്ന വിഷയവും അപ്രമേയമായിരുന്നു. പല ഭാഷകളിലെയും ശകാരഭാവം പദാവലി സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അമരസിംഹത്വവും കണ്ടകഭയം നിമിത്തം കർണ്ണാകർണ്ണികനിലയെപ്പോലും പ്രാപിച്ചില്ല. മഹാരാഷ്ട്രപാപ്പാസും കർണ്ണാടക കുത്തിയുടുപ്പും മഹമ്മദീയരുടെ ചുരുക്കുവച്ചുള്ള കുറുംകുപ്പായവും ഗുജറാത്തിചെറുതലപ്പാവും ചേർന്ന ഒരുക്കത്തിനകത്തുള്ള വിഗ്രഹം ബ്രഹ്മാവിന്റെ പണിത്തിരിക്കിനിടയിൽ ജീവസമ്പത്തും അപഹരിച്ചുകൊണ്ട് ഇങ്ങോട്ടു പോന്നിട്ടുള്ള ഒരു ലോഹവിഗ്രഹമാണെന്നു ചില കാവ്യരസികന്മാർ സ്വകാര്യമായി ജല്പിപ്പിച്ചിട്ടുണ്ട്. ചെമ്പിച്ചു ജടിലിച്ചുള്ള വട്ടത്താടിയാൽ കീഴ്ഭാഗം മറയ്ക്കപ്പെട്ടുള്ള മേൽക്കൂടം ഒരു ഭൂതത്താന്റെ ഉത്തമാംഗം ആയിരുന്നു. ഈ അംഗത്തിന്റെ മദ്ധ്യത്തിൽ ക്ഷതങ്ങളേറ്റു വടുകെട്ടി മുരടിച്ചുകാണുന്ന മാംസഖണ്ഡം ഭട്ടപാദരുടെ നാസികയാണ്. രോമം കൊഴിഞ്ഞുള്ള പുരികവീർപ്പുകളുടെ കീഴായി രണ്ട് അഗാധവിലങ്ങൾ കാണുന്നവയിൽ അമർന്ന് ഭട്ടജിയെ ദൂരദർശനത്തിനും സൂക്ഷ്മദർശനത്തിനും ശക്തനാക്കിയ മണികളുടെ വർണ്ണവും വൈജാത്യവും സാമാന്യജനങ്ങൾക്കു ഗ്രഹിപ്പാൻ കഴിവുണ്ടായിട്ടില്ല. മീശക്കാട്ടിനിടയിൽ ഭട്ടന്റെ ഉദയാസ്തമയനിവേദ്യങ്ങളെ അസ്ഥിഅടക്കം മഷിയാക്കുന്നതിനു ശക്തങ്ങളായ വജ്രയന്ത്രങ്ങൾ സംഘടിച്ച ഒരു നെടിയ ഗുഹാദ്വാരം ഉണ്ടെന്ന് ഭട്ടമഠപ്പള്ളിയിലെ വിളമ്പന്മാർ ഗ്രഹിച്ചിരുന്നു. അഞ്ചടി പൊക്കത്തിൽ എത്തിയതിന്റെ ശേഷം മദ്ധ്യഖണ്ഡത്തിനു മാത്രം പരിമിതി വർദ്ധിച്ചിട്ടുള്ള ആ ഭൂതത്തിന്റെ മൂർദ്ധാവ് ബ്രഹ്മക്ഷൗരമായ കഷണ്ടിയുടെ ദർപ്പണതയോടെ തിളങ്ങി പിൻകഴുത്തുവരെ എത്തുന്നത് ഭട്ടമഹനീയതയെ ബൃഹത്കരിച്ചു. അറുപതാം വയസ്സു തികഞ്ഞുള്ള പ്രായത്തിൽ എത്തിയിരിക്കുന്നു എങ്കിലും ഒരു യുവഹിരണ്യാക്ഷന്റെ ജീവോന്മേഷവും സർവ്വധ്വംസകത്വവും അദ്ദേഹത്തിന്റെ സമക്ഷം ലോകസാമാന്യത്തിനു ദുഷ്പ്രാപമാക്കിത്തീർത്തു.

ഹൈദരുടെ വീരചരമം സംഭവിച്ച് സംവത്സരം ഒന്നു തികഞ്ഞപ്പോൾ ഒരു ദിവസം ആകാശവൃത്തത്തിന്റെ മൂർദ്ധാവോടടുത്തു തീക്കനൽ വർഷിപ്പാൻ ആദിത്യഭഗവാൻ ശക്തനാകുന്നതിനു മുമ്പുതന്നെ ഗാംഗുറാം സത്രത്തിന്റെ മൂന്നു നിലകളും പതിവിൽ അധികമായുള്ള പാന്ഥതതിയെ വഹിച്ചു. വിവിധ രാജ്യക്കാർ, സമുദായക്കാർ, വേഷക്കാർ, ഭാഷക്കാർ എന്നല്ല വിരുദ്ധമതക്കാരും തോളോടുതോളുരുമ്മുംവിധം ഞെരുങ്ങി സഞ്ചരിക്കുന്ന ആ സംഘങ്ങൾക്കിടയിൽ കലഹകലാപമത്സരങ്ങളുടെ ലാഞ്ഛനങ്ങൾ യാതൊന്നുംതന്നെ കാണുന്നില്ല. [ 7 ] നെടിയഹസ്തകടകങ്ങൾ, കൈമുട്ടോളം എത്തുന്ന തോൾക്കവചങ്ങൾ, കണ്ഠത്തെയും മറയ്ക്കുന്ന ലോഹോഷ്ണീഷങ്ങൾ എന്നിവ അണിഞ്ഞും കൊടുവാൾ, നെടുവാൾ, കഠാരി, കുന്തം തുടങ്ങിയുള്ള ആയുധങ്ങൾ ഏന്തിയും മൂർഖതയ്ക്കു കൊടികെട്ടീട്ടുള്ള യോദ്ധാക്കളും സൗജന്യസൗഹാർദ്ദങ്ങളുടെ ചിഹ്നങ്ങളായ കൃപാസ്മേരങ്ങളോടെ മാത്രം ആ സങ്കേതത്തിൽ സഞ്ചരിക്കുന്നു. വൃകസ്വഭാവന്മാരും നിതാന്തദുർമ്മുഖന്മാരും ആയുള്ള പരിചാരകന്മാർപോലും മൃദുപാദന്മാരായും നിശബ്ദവചസ്സുകളായും പാചകാദികർമ്മങ്ങൾ ആരംഭിക്കുന്നു. മൃഗവാടത്തിൽ തളച്ചിട്ടുള്ള വാഹകജന്തുക്കളും സത്രമേധാവിയായ കാളിപ്രഭാവഭട്ടന്റെ ഭരണ വ്യവസ്ഥിതികളുടെ കൊല്ലുംശക്തിയെ ആദരിച്ച് ഇതരപുച്ഛങ്ങളെ അടക്കി വക്ത്രാന്തം കൊണ്ടുള്ള ജപകർമ്മവ്യാജത്താൽ തൃണഭുക്തി നിർവ്വഹിക്കുന്നു.

ഈ സൈനികസംഘങ്ങളുടെ ആഗമനമുഹൂർത്തത്തിൽ അന്നത്തെ ഊട്ടടയ്ക്കും മുമ്പ് ആ ദിവസത്തിലുണ്ടാക്കാവുന്ന ആദായങ്ങളെ കണക്കാക്കി ഭട്ടൻ വിരലുകൾ മടക്കുകയായിരുന്നു. പാന്ഥന്മാരുടെ ആഗമനഘോഷം ആ പരിശ്രമത്തെ വിഘാതപ്പെടുത്തി. ഭട്ടൻ ഗോപുരം പ്രതി മണ്ടിത്തിരിഞ്ഞ് ഭടജനങ്ങളെ ഉല്പാദിപ്പിച്ച മാതാപിതാക്കന്മാരെ ശപിച്ചു. ദക്ഷിണദിക്കിൽനിന്ന് എത്തിയ പദാതിസംഘത്തിന്റെ നായകനെ കണ്ടപ്പോൾ ഭട്ടൻ നെഞ്ചത്തു കൈയറഞ്ഞ് കുറുംകുപ്പായത്തെ ചീന്തി ശിഥിലീകരിച്ചു. ഒരു കിങ്കരനെ ധ്യാനമാത്രത്താൽ എന്നപോലെ വരുത്തി അവന്റെ ശിരോദേശത്തെ അവശ്യകർമ്മമായി പൊളിച്ചു. അനന്തരം ചില മഹിഷാസുരനൃത്തങ്ങൾകൊണ്ടു തന്റെ മണിയറരംഗത്തെ തകർത്തു. എങ്കിലും അന്നത്തെ സത്രവാസികൾക്ക് അത്യുദാരമായി വിഭവങ്ങളെ വിതരണം ചെയ്‌വാൻ ആജ്ഞകൾ കൊടുത്തിട്ട് തന്റെ മണിയറതന്നെ ശരണമെന്നുള്ള നിലയിൽ ആസനസ്ഥനായി. പാന്ഥസംഘപ്രമാണികൾ ആരും സ്വസമക്ഷം സന്ദർശനാപേക്ഷ സമർപ്പിക്കാത്തിനാൽ ഭട്ടൻ ഈർഷ്യഭരിതനായി പല്ലുകൾ ഞെരിച്ച് ചില നിശ്ചയങ്ങൾ ചെയ്ത് ഉറച്ചു. സന്ധ്യയായപ്പോൾ സത്രത്തിന്റെ മൂന്നു നിലകളിലും പരിശോധനാർത്ഥമെന്നുള്ള നാട്യത്തിൽ ഒന്നു സഞ്ചരിച്ചു ഹനുക്കളുടെ ഭയാനകചലനങ്ങളാൽ സ്വപ്രാധാന്യത്തെ പ്രേക്ഷകജനത്തിനു ബോദ്ധ്യമാക്കിക്കൊണ്ടു സ്വായുർവൃദ്ധിക്കുള്ള നിശാരംഭത്തിലെ മൃത്യുഞ്ജയകർമ്മത്തിനായി തിരിച്ചു.

മസാലമണം, വറമണം, പൊരിമണം, വാർപ്പുമണം തുടങ്ങിയുള്ള പാചകകർമ്മത്തിലെ വിവിധ ഗന്ധങ്ങളും അനന്തരം വിളമ്പുമണവും പിന്നീട് പനിനീർ, ഗുലാബ്, ഹുക്കാ, ഗഞ്ജാ മുതലായ സാധനങ്ങളുടെ പരിമളവിശേഷങ്ങളും പരിസരപ്രദേശങ്ങളിലെങ്ങും വ്യാപരിച്ചു. രാത്രിയിലെ ഒന്നാം യാമം അവസാനിക്കാറായപ്പോൾ ശൃംഗാരഗീതങ്ങൾ, ശാക്തേയകീർത്തനങ്ങൾ, ഭഗവൽസ്ത്രോത്രങ്ങൾ, മൃദംഗാദിവാദ്യങ്ങളുടെ മേളിപ്പുകൾ എന്നിവ ഭട്ടന്റെ രൗദ്രതയെ ഉജ്ജ്വലിപ്പിക്കുമാറ് മുഴങ്ങി. ഈ ഘോഷങ്ങൾ മന്ദശ്രുതികളിലായി കൂർക്കങ്ങളിൽ അവസാനിച്ചു [ 8 ] തുടങ്ങിയപ്പോൾ സത്രത്തിലെ മൂന്നു നിലകളിലെയും പുറവാതിലുകളുടെ ബന്ധനശബ്ദം ഏകോപിച്ചു കേൾക്കുമാറായി. പിന്നത്തെ മഹാനിശബ്ദതയെ സത്രരക്ഷികളായ ഭടന്മാരുടെ ഇടയ്ക്കിടെയുള്ള മഹാരാജ് ഗാംഗുറാം ജേ എന്നുള്ള ശ്രദ്ധാസൂചകഘോഷങ്ങൾ മാത്രം ഒരു ദുഷ്കേന്ദ്രകാളിയുടെ പ്രഹർഷനൃത്തത്തിനിടയിലുള്ള അട്ടഹാസങ്ങൾപോലെ ഭഞ്ജിച്ചു.

രാത്രിയിലെ മൃഷ്ടാശനം കഴിഞ്ഞ് ഭട്ടൻ തന്റെ ശയ്യാഗാരവും നിക്ഷേപനിലയനവുമായുള്ള ഗോപുരമുറിയിൽ പ്രവേശിച്ചിരുന്നു. ഈ മണിയറ ആയുധശാലയുടെ ആവശ്യംകൂടി നിറവേറ്റുന്നതായിരുന്നു. ഒരു ഗജവീരനെ താങ്ങാൻ മതിയായുള്ള മഞ്ചത്തിന്റെ സ്തംഭങ്ങളും ക്രൂരായുധങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. ചുവരുകളിൽ ഇറക്കപ്പെട്ടിട്ടുള്ള കുറ്റികളിന്മേൽ തൂങ്ങുന്ന ആയുധങ്ങൾക്കും എണ്ണമില്ലാതിരുന്നു. മഞ്ചത്തിൽ കിടക്കാതെ ആയുധസഞ്ചയങ്ങളുടെ രൂക്ഷതപകർന്നുള്ള മുഖത്തോടെ ഭട്ടൻ ഒരു പീഠത്തിന്മേൽ സ്ഥിതി ചെയ്ത് വിശ്വത്തെ സംഹരിക്കുകയോ എന്നു ക്രോധിക്കുന്നു. അദ്ദേഹത്തെ കണ്ട് തൊഴാൻ പുറപ്പെടാതെ സത്രത്തിൽ താമസിക്കുന്ന കൂട്ടത്തെ ശിക്ഷിപ്പാൻ, അവരുടെ ഉദയഭക്ഷണത്തിനു വിഷവിതരണം ചെയ്കയോ എന്നുപോലും ആ സ്വാർത്ഥപെരുമാൾ ചിന്തിക്കുന്നു. ഭൃത്യന്മാരെ വരുത്തി അകാരണമായി മർദ്ദിച്ചു, തന്റെ കോപത്തെ ഒന്നു പാതി ശമിപ്പിച്ചു. അന്നത്തെ ബഹുജനസംഘടനയുടെ ഉദ്ദേശ്യം എന്തെന്ന് പിന്നെയും പിന്നെയും ചിന്തിച്ച് ഭട്ടന്റെ ക്ഷമാശക്തി ശൂന്യമാവുകയാൽ ചുറ്റുപാടുമുള്ള ആയുധങ്ങളെ നോക്കി ഒരു ഭർത്സനം തുടങ്ങി. "കാലന്മാർ ഒടുങ്ങാത്ത ഒരു ഭാരതയുദ്ധത്തിന്റെ കളമാക്കി രാജ്യങ്ങളെ മുടിക്കുന്നു. ഇന്നത്തെ കൊള്ളക്കാരൻ നാളെ പട്ടം കെട്ടി മുടിചൂടുന്നു. കടലിന്റെ അക്കരക്കാരെന്നൊരു കൂട്ടവും എല്ലാപ്പുറത്തും കൊള്ളിവയ്ക്കാൻ ചുറ്റി നടക്കുന്നു. രാജാവും ചക്രവർത്തിയും തുലഞ്ഞു. ഹയ്യയ്യാ! നവാബ്, സുൽത്താൻ, പാദുഷാ, നിജാം എന്ന എല്ലാ ഈയാൻപാറ്റകളും പെരുകിവരുന്നു. എല്ലാക്കൂട്ടവും തമ്മിൽ കടിയിട്ടു ഭൂമി നശിക്കട്ടെ. കാലം കലിയുഗമല്ലയോ? എല്ലാക്കൊമ്പനെയും ഗാംഗുറാം ചെട്ടിയുടെ ചക്രപ്പെരുമ പുലർത്തുന്നു, പമ്പരം കറക്കുന്നു. അതുകൊണ്ടു നമുക്കും നമ്മുടെ അധികാരത്തിനും തട മാറ്റില്ല-അമ്പടാ! എന്തെല്ലാം കണ്ടു, കൊണ്ടു, എങ്ങെല്ലാം തിണ്ടാടി? ആൺപിറന്ന ടിപ്പു ലോകം വിഴുങ്ങട്ടെ. എങ്കിലും കാര്യസ്ഥന്മാർ നമ്മെ ധിക്കരിക്കുന്നതു മോശം, മോശം, വന്മോശം-ഹേയ്! വീടും നാടും വെറുത്ത ഈ ദേശാന്തരിക്ക് മുടിമന്നന്മാരുടെ കുടിമുടിക്കും കടിപാടുകളിൽ സംബന്ധമെന്ത്?" ഇങ്ങനെയും മറ്റും ഒരു മിശ്രഭാഷയിൽ ഭട്ടൻ സ്വഗതം തുടങ്ങി. തന്റെ പൂർവവൃത്തഘട്ടത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ തൊണ്ട ഇടറി. താടി വിറച്ച്, ശരീരം വിയർത്തു. ചിന്താശൂന്യതയാകുന്ന സ്വൈരസ്ഥിതിയെ പാട്ടിലാക്കാനുള്ള ഉപായമായി ഉറക്കം തുടങ്ങുന്നതിനു തീർച്ചയാക്കിക്കൊണ്ട് [ 9 ] ഭട്ടൻ പുച്ഛം മുറിഞ്ഞ മുതലപോലെ മണിയറത്തറയിൽത്തന്നെ മലർന്നു വീണു.

നിദ്രയും ഭട്ടനും തമ്മിൽ ഒരു സൈരന്ധ്രീ-കീചകക്കളി നടക്കുന്നതിനിടയിൽ താഴത്തെ നിലയിലുള്ള ഒരു വാതിലിന്റെ ഓടാമ്പൽ സാവധാനത്തിൽ നീക്കപ്പെടുന്ന ശബ്ദം അദ്ദേഹത്തിന്റെ കർണ്ണത്തിൽ പതിച്ചു. വിശ്രമതന്ദ്രിയിൽ ആമഗ്നനായ യോദ്ധാവു ശത്രുവിന്റെ ജ്യാനാദം കേട്ടു സമരത്തിനു സന്നദ്ധനാകുന്ന ശീഘ്രതയോടെ ഭട്ടൻ ചാടി എഴുന്നേറ്റു ചെവി വട്ടംപിടിച്ചു. ഭട്ടന്റെ വികൃതമുഖം പൈശാചരൂക്ഷതയാൽ വികസിക്കയും പുരികവീർപ്പുകളുടെ താഴത്തുള്ള രണ്ടു വൈഡൂര്യമണികൾ വ്യാഘ്രനേത്രങ്ങൾപോലെ പ്രജ്വലിക്കയുംചെയ്തു. ആ സന്ദർഭത്തിൽ അനുഷ്ഠേയം എന്തെന്നു നിശ്ചയമുള്ളവന്റെ സാമർത്ഥ്യവേഗത്തിൽ ചില ആയുധങ്ങൾ എടുത്ത് ഉടുസോമന്റെ ഇടയിൽ തിരുകി. ഒരു ഉത്തരീയംകൊണ്ട് ആ ആയുധങ്ങളെ അരയോടു മുറുക്കി ബന്ധിച്ചും കണ്ണുകളുടെ നേർക്കു മാത്രം സുഷിരങ്ങളുള്ള ഒരു കറുത്ത നിലയങ്കികൊണ്ടു ശരീരത്തെ വേഷ്ടനം ചെയ്തു. ഒരു നൂലേണി എടുത്തു പടിഞ്ഞാറോട്ടുള്ള ജനലിന്റെ നടുക്കാലിന്മേലുള്ള ഒരു വലയത്തിൽ ബന്ധിച്ചുകൊണ്ടു വാതിലിനെ മന്ദമായി തുറന്നു. അനന്തമായുള്ള നിബിഡാന്ധകാരം ഭട്ടനേത്രങ്ങളിൽ സംഘട്ടനം ചെയ്തപ്പോൾ ആ ഭൂതത്തിൽ നിസർഗ്ഗരൂഢമായി ആവാസം ചെയ്തിരുന്ന ദ്രോഹവാസനയും ദൗഷ്ട്യവും അതുകളുടെ സമഗ്രരൂക്ഷതയോടെ ഉണർന്നു. തന്റെ ആത്മനേത്രങ്ങൾ ദർശിച്ച വിശ്വാവസാനമൂർത്തിയെ മനസാ പ്രണാമം ചെയ്യുന്ന നാട്യത്തിൽ ഭട്ടൻ തന്റെ ശിരഃപിണ്ഡത്തെ ചാഞ്ചാടിച്ചുകൊണ്ട് കരടിയുടെ സമ്പ്രദായത്തിൽ നൂലേണിവഴി കീഴ്പോട്ടിറങ്ങി നിലത്തെത്തി. അല്പം വടക്കോട്ടു നീങ്ങി നോക്കിയപ്പോൾ, സത്രത്തിന്റെ വടക്കുഭാഗത്തുള്ള വഴിയമ്പലത്തിലേക്കു ചില ദീർഘകായന്മാർ പ്രൗഢഗമനം ചെയ്യുന്നതു കണ്ടു. കൗടില്യനയജ്ഞനായ ഭട്ടപാദർ കാര്യസിദ്ധിക്കുള്ള ഉപായമായി ദണ്ഡനമസ്കാരത്താൽ നിലംപതിച്ചു. മണ്ഡപത്തിലേക്കു പുറപ്പെടുന്ന തന്ത്രകുശലന്മാർ തന്റെ യാത്രയെ കണ്ടുപോകാതിരിപ്പാൻ അനുഷ്ഠിച്ച അനന്തരയാത്ര മുതലയുടെ ഭൂസഞ്ചാരംപോലെ ആയിരുന്നതിനാൽ ആഗ്രഹം അനുസരിച്ചുള്ള വേഗത്തിലും ലഘുശ്രമമായും ഭട്ടനു സാധിച്ചില്ല. ഉരസ്സുകൊണ്ടു നീന്തിയും കൈകാലുകളാൽ തുഴഞ്ഞും ദേഹത്തിന്റെ അലഘുത്വത്താൽ ഉണ്ടായ കിതപ്പുകളെ നീക്കിയും ഇടയ്ക്കിടെ നേരിട്ട വേദനകളെ ശുശ്രൂഷിച്ച് വഴിയമ്പലത്തളിമത്തിന്റെ മറവിൽ ഭട്ടൻ എത്തിയപ്പോൾ സമാഗതന്മാർ തമ്മിലുള്ള ഉപചാരഭാഷണങ്ങളും കാര്യാലോചനയിലെ ഉപക്രമഭാഗവും അവസാനിച്ചിരുന്നു.

ആ ഗൂഢസഭയിൽ ചില രാജസിംഹന്മാരുടെയും, പരിവാരശക്തികൊണ്ടു വിഖ്യാതന്മാരായ ഏതാനും ഇടപ്രഭുക്കന്മാരുടെയും സാർവ്വഭൗമത്വം സ്ഥാനപതികൾ മുഖേന സംയോജിച്ചിരുന്നു. സഭാദ്ധ്യക്ഷം വഹിക്കുന്നത് ദക്ഷിണഇന്ത്യയിൽനിന്നു പാശ്ചാത്യന്മാരായ [ 10 ] വ്യവസായസംഘക്കാരെ ഓടിച്ചിട്ട് ആ പ്രദേശങ്ങളെ തന്റെ ഏകച്ഛത്രത്തിൻകീഴാക്കാൻ മോഹിക്കുന്ന ടിപ്പു സുൽത്താന്റെ ഉപദേഷ്ടാവും വിശ്വസ്തസഖനും ആയുള്ള ത്ര്യംബകരായർ തിരുമലരായർ ആണെന്ന് ഭട്ടൻ പ്രഥമ വീക്ഷണത്തിൽത്തന്നെ ഗ്രഹിച്ചു. ഭിന്നാഭിപ്രായങ്ങളുടെ സംഘട്ടനധ്വനി ആ സദസ്സിൽ കേൾപ്പാനുണ്ട്. മറ്റുള്ള രാജപ്രതിനിധികളുടെ വാദഘോഷങ്ങൾക്കിടയിൽ ഉച്ചശ്രുതിയിൽ കേൾക്കുമാറാകുന്നതു യോഗനിമന്ത്രകനായുള്ള ടിപ്പുസുൽത്താന്റെ സ്ഥാനപതിയായ തിരുമലരായരുടെ പഞ്ചാസ്യരവം തന്നെ. അഭിപ്രായഗതികളുടെ ഭിന്നതയെ ആ വാദഘോഷങ്ങൾ ധ്വനിപ്പിക്കുന്നുണ്ടെങ്കിലും ആ സചിവ്യമല്ലാങ്കണത്തിൽ പ്രയോഗിക്കപ്പെട്ട പണ്ഡിതഭാഷ ഭട്ടസ്ഥാനചോരനു ലഘുഗ്രാഹ്യമായിരുന്നില്ല. ഈ കാരണത്താൽ കാളിപ്രഭാവഭട്ടൻ മുക്കാലും ബധിരഭാവത്തിൽ കുഴങ്ങി. ഇച്ഛാഭംഗരോഷത്താൽ ദന്തങ്ങളും കൈകളും ഞെരിഞ്ഞുതുടങ്ങി. ഭട്ടന്റെ ഇംഗിതാനുസാരമെന്നപോലെ ആ നയകോവിദഭീമന്മാരുടെ വാദസമരം `രാമരാജാബഹദൂർ' എന്നൊരു ശബ്ദപതാകയെ ചുറ്റി ആരംഭിച്ചു. ഭട്ടന്റെ ആത്മനാളം സന്തോഷപ്രവാഹത്തിൽ തിരകളടിച്ചു തുടങ്ങി. ശ്വാസോച്ഛ്വാസത്തെ പരിപൂർണ്ണമായി അടക്കിക്കൊണ്ട് അദ്ദേഹം ദത്തകർണ്ണനായി കോപം, ഈർഷ്യ മുതലായുള്ള അന്തസ്സംരംഭങ്ങൾ നീങ്ങി, പ്രജ്ഞാകേന്ദ്രം വിഷമവിഷയങ്ങളെയും ഗ്രഹിപ്പാൻ തക്കവിധം തെളിഞ്ഞു. ധർമ്മരാജ്യമർദ്ദനത്തിനായി മൈസൂറിലെ വ്യാഘ്രവിക്രമൻ ബന്ധുബലസജ്ജീകരണം ചെയ്യുന്നു എന്നുള്ള വസ്തുതയെ സഭാംഗങ്ങൾ ഉപന്യസിച്ച സ്ഥലനാമാദി ശകലങ്ങളിൽനിന്ന് ഭട്ടന്റെ മോഹകേന്ദ്രം സംഭരിച്ചു. തന്റെ ജീവിതകാലത്തിലെ പൗരുഷദശയിൽ മോഹിച്ചതായ മഹാപദവി ഹസ്തഗതമാകാനുള്ള സന്ദർഭം ഇതാ സംപ്രാപ്തമാകുന്നു. ഭട്ടന്റെ ഹൃദയം ത്രസിച്ചു. ബുദ്ധി ഭൂചക്രഭ്രമണം തുടങ്ങി. ഭൂതകാലദൂരതയിലെ സാഹസപരാജയങ്ങൾ സംബന്ധിച്ചുള്ള സ്മൃതികൾ ആ കേന്ദ്രത്തിലോട്ടു തള്ളിക്കടന്നു. ഭട്ടൻ തന്റെ ദമശക്തിയുടെ പ്രയോഗത്താൽ അന്തരിന്ദ്രിയപഞ്ചകത്തെയും ബന്ധിച്ച് ഒരു ആലോചനാസമാധി ആരംഭിച്ചു. ഈ സമാധിമാർഗ്ഗേണ സമീപഭാവിയിൽ ലഘുശ്രമം കൊണ്ടു സാദ്ധ്യമാകാവുന്ന മഹാവിജയങ്ങളെയും പദവികളെയും ഭട്ടൻ സംഭവക്രമത്തിൽ പരിവീക്ഷണം ചെയ്തു. മാനസികമായ ഒരു മന്ദരോദ്ധാരകർമ്മം സാധിച്ച ചാരിതാർത്ഥ്യത്തോടും വിജയസന്തുഷ്ടിയോടെ ജന്മം അവസാനിപ്പിക്കുന്നതു തന്റെ വീരവ്രതത്തിന്റെ സമുദ്വ്യാപനമാകുമെന്നുള്ള സ്വാത്മാഭിനന്ദനത്തോടും ഭട്ടയോഗി പരിസരസ്ഥിതികൾ ഗ്രഹിപ്പാൻ വീണ്ടും സ്ഫുടബോധവാനായപ്പോൾ സ്ഥാനപതികളുടെ യോഗം പിരിഞ്ഞിരുന്നു.

ഭട്ടൻ എഴുന്നേറ്റ്, താൻ ആജന്മം കാംക്ഷിക്കുന്നതായ മഹൽസ്ഥാനതിലോട്ട് ഒന്നാം ചുവടുവച്ചതു തെക്കോട്ടു നോക്കിയായിരുന്നു. സ്ഥാനപതികൾക്കു വാതിൽ തുറന്നുകൊടുത്ത ഭടൻ വീണ്ടും വാതിലിനെ ബന്ധിച്ച്, തിരുമലരായരിൽനിന്നു കിട്ടാൻ പോകുന്ന [ 11 ] സമ്മാനങ്ങളെ ചിന്തിച്ച്, മനസ്സുകൊണ്ടു മാളികകൾ പണിയുന്നതിനിടയിൽ, ഒരു കൃഷ്ണവിഗ്രഹം അവന്റെ മുമ്പിൽ ആവിർഭവിച്ചു. വനസുഖം ആസ്വദിച്ചു മദോന്മത്തനായി സഞ്ചരിക്കുന്ന കരടിയെപ്പോലെതന്നെ ആ വിഗ്രഹം നിർഭാഗ്യവാനായ ഭടനെ ഒന്നു പരിരംഭണം ചെയ്തു. എല്ലുകൾ തകരുന്ന ഒരു ശബ്ദവും ശ്വാസംമുട്ടിയുള്ള ഞറുങ്ങലുംകൊണ്ടു ഭടന്റെ കഥ അവസാനിച്ചു. ഈ ബലികർമ്മത്തിന്റെ ഫലമായി ഭട്ടനാൽ നിർമ്മിതമായ സരസ്സിൽ അടുത്ത ദിവസത്തിൽ ഉണ്ടായ ജലജത്തിന്റെ സന്ദർശനം തിരുമലരായരും ഭട്ടനും ആരംഭിക്കുന്ന പ്രസ്ഥാനത്തിന്റെ പരിണാമത്തിന് ഒരു സൂക്ഷ്മശകുനമായിരുന്നു.

ആ രാത്രിയിൽത്തന്നെ മാരീചരാവണന്മാരുടെ കൂടിക്കാഴ്ചപോലുള്ള ഒരു സന്ദർശനം ഭട്ടന്റെ മണിയറയ്ക്കകത്തുവച്ചു നടന്നു. ആ സന്ദർശനത്തിലെ രാവണൻ സ്വയമേ സന്നിഹിതനായതല്ലായിരുന്നു. ഭട്ടന്റെ ഒരു ആജ്ഞാകരനാൽ ആനീതനായി തിരുമലരായർ ആ സന്ദർശനത്തിനു വഴിപ്പെട്ടതായിരുന്നു. ദീർഘകായനായ ആ തന്ത്രവിദഗ്ദ്ധൻ ഭട്ടനെ അഭിവാദ്യങ്ങൾകൊണ്ട് ആദരിക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ മുഖം കോപകാലുഷ്യത്താൽ ചുവന്നു ജൃംഭിച്ചിരിക്കുന്നു. മഞ്ചത്തിന്മേൽ ബ്രാഹ്മണാഢ്യന്റെ വേഷത്തിലിരിക്കുന്ന ഭട്ടനാൽ ക്ഷണിക്കപ്പെട്ടിട്ടും രായർ ആസനസ്ഥനാകുന്നില്ല. എന്നാൽ ആ സന്ദർശനത്തെ അവസാനിപ്പിച്ചിട്ടു പിരിയണമെന്നുള്ള തിടുക്കത്തെ രായർ മര്യാദയെ ലംഘിച്ചും പ്രത്യക്ഷമാകുന്നു. ഭട്ടൻ തന്റെ മഹത്ത്വത്തിന്റെ വില കുറപ്പാൻ സന്നദ്ധനല്ലാത്തതിനാൽ അല്പനേരം നാമജപനാട്യത്തിൽ മിണ്ടാതെയിരുന്നിട്ട്, പ്രാകൃതഹിന്ദുസ്ഥാനിയിൽ ചോദ്യം തുടങ്ങി.

ഭട്ടൻ: "താഴത്തെ മണ്ഡപത്തിൽവച്ചു നടന്ന ഗൂഢാലോചനയുടെ സാരം ഈ വൃദ്ധനെക്കൂടി ഗ്രഹിപ്പിച്ചുകളയുക."

തിരുമലരായർ: (ശുദ്ധമായ ഹിന്ദുസ്ഥാനിയിൽ) "സർവ്വശക്തനാൽ അനുഗ്രഹിക്കപ്പെട്ട മണ്ഡലാധീശന്മാർ രാജ്യരക്ഷാർത്ഥം നിയോഗിക്കുന്ന കാര്യങ്ങളെ അവിഹിതമായി ഗ്രഹിപ്പാൻ ആഗ്രഹിക്കുന്നവർക്കുള്ള അനുഭവം എന്തെന്ന് ഗുരുജനമറിയുന്നോ?"

ഭട്ടൻ: (ഒരു ആശ്ചര്യച്ചിരിയോടെ) "ഭഃ! ഗൂഢമായുള്ള സ്വാമിനിയോഗങ്ങളെ പരസ്യമാകുംവണ്ണം നിർവ്വഹിക്കുന്ന ദാസനു കിട്ടേണ്ട ശിക്ഷ എന്താണെന്നുകൂടി പഠിപ്പിച്ചുതരിക."

തിരുമലരായർ: "മഹാരാജാവിന്റെ പ്രസാദത്താൽ സമ്പന്നനായ ഗാംഗുറാം സേട്ട് ശത്രുവിന്റെ ചാരനായ ഒരു സർപ്പത്തിനെ ധർമ്മകർത്താസ്ഥാനം നല്കി വാഴിച്ചിരിക്കുന്നു എന്നുള്ള വസ്തുത ടിപ്പുസുൽത്താൻ മഹാരാജാബഹദൂർ തിരുമനസ്സിലെ വിശാലബുദ്ധിയും ഗ്രഹിച്ചില്ല. അവിടുത്തെ ദാസനായ ഇവനോടുകൂടി എത്ര ഭടജനം വന്നിട്ടുണ്ടെന്നു ഗുരുജി അറിയുന്നോ?"

ഭട്ടൻ: "ഭടജനം! രാജാധികാരം! മകനെ, അക്കഥകൾ അങ്ങു വച്ചേക്കുക. ഹൈദർനായക്കൻ ഇന്നു ജീവിച്ചിരിക്കുന്നോ? ചാമരാജാവിന്റെ [ 12 ] സൈന്യങ്ങൾ ഇന്നു രാജാജ്ഞകൾ നിർവ്വഹിക്കുന്നുവോ? അതെല്ലാം ഇന്നു കണ്ട്, നാളെ നശിക്കുന്നു. നാം ആരുടെ പ്രീതിയെയും കാംക്ഷിക്കുന്നില്ല. അതിനാൽ കൂസേണ്ട പുരുഷൻ ആരെന്നു പേർ പറയുക. നമുക്കും ബോദ്ധ്യമാകണം."

രാജദ്രോഹകമായുള്ള ഭട്ടാജിയുടെ ഈ അഹങ്കാരത്തിന് ഉചിതദണ്ഡനം നല്കാൻ തന്റെ ഖഡ്ഗത്തെക്കൂടി കൊണ്ടുപോന്നില്ലല്ലോ എന്നുള്ള വ്യസനത്തെ തിരുമലരായർ ഗോപനംകൂടാതെ അഭിനയിച്ചു. ഗൃധ്രനേത്രനായ ഭട്ടൻ രായരുടെ അന്തർവിചാരത്തെ ഗ്രഹിച്ചു ദുരാപത്തുകളുടെ അനുഭവവും ബഹുസംവത്സരത്തിലെ ദേശാന്തരസഞ്ചാരവും കൊണ്ടു ബുദ്ധിക്കു വികൃതമായ ഒരു സംസ്കൃതി വന്നിട്ടുള്ള ഭട്ടൻ വ്യാജകഥനത്തിനുതന്നെ കോപ്പിട്ടു. "ഹേ! രാജമന്ത്രിമാരിൽ തിരുമലരായർ ഒരു ദേവഗുരുവാണെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ മാത്രം അസുരഗുരുവായ വികലനേത്രൻ ആണെന്ന് അറിയുന്നു. ആരും കണ്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത ശക്തിയുടെ കൃപയാൽ നാം ഇരുനൂറു വസന്തം കണ്ടിട്ടുണ്ട്. ഇനി അത്രത്തോളമെങ്കിലും കാണാതെ അവസാനസമാധിക്കു തയ്യാറില്ല. പണ്ട് ആരുടെയോ അമ്പുകൾ പൂക്കളായില്ലേ? അതുപോലെ ഈ കഴുത്തിനു നേർക്കു വരുന്ന വാളുകൾ പൂണുനൂലുകളാകും. എന്താണു ചിരിക്കാൻ ഒരുങ്ങുന്നത്?"

ഭട്ടന്റെ നാട്യവും ഭാഷാക്രമവും ആത്മപ്രശംസകളും യോജിക്കാത്തതിനാൽ തിരുമലരായർ അവിടെനിന്നു പിരിയുന്നതിനു വട്ടംകൂട്ടി.

ഭട്ടൻ: "നില്ക്കണേ! രാമരാജാബഹദൂർ എന്നൊരു പദം നിങ്ങളുടെ വിസ്രംഭസംഭാഷണത്തിൽ ഉപയോഗിച്ചല്ലോ? ബുദ്ധിമാനായ ഹൈദർഖാൻ ആ രാജാവിനെ തോല്പിക്കാൻ ഒരു മഹായോഗിയെ നിയോഗിച്ചു. ആ യോഗീശ്വരന് സ്വാമി ഗാംഗുറാം, ഹൈദർഖാൻ തിരുമനസ്സിലെ കല്പനയനുസരിച്ച് ശൃംഗേരിമഠത്തിലേക്കു ചേർന്നുള്ള അവസ്ഥയോടെ ആ രാജ്യത്തിൽ പെരുമാറുന്നതിനുവേണ്ട ദ്രവ്യം അയച്ചുകൊണ്ടിരുന്നു."

തന്റെ മുമ്പിലിരിക്കുന്ന കുടിലവൃദ്ധൻ സ്വസ്വാമികൾ അനുഷ്ഠിച്ചിട്ടുള്ള രാജോപായങ്ങളിലെ മർമ്മരഹസ്യങ്ങൾപോലും ഗ്രഹിച്ചിരിക്കുന്നു എന്നു മനസ്സിലാവുകയാൽ തിരുമലരായർ ആശ്ചര്യഭാരത്താൽ സ്തബ്ധനായി ലോഹപ്രതിമപോലെ നിലകൊണ്ടു. ഭട്ടൻ തിരുവിതാംകൂർരാജ്യത്തിന്റെ പുരാവൃത്തവും ഭൂവിവരണവും രാജകുടുംബസ്ഥിതികളും സേനാസചിവശക്തികളും സംക്ഷേപിച്ച് ഒരു പ്രസംഗം ചെയ്ത്, താൻ നിയമേന മിതഭാഷിയാണെങ്കിലും തന്റെ മനസ്സുകൊണ്ട് ആരാധിക്കുന്ന ടിപ്പുമഹാരാജാവിന്റെ വിജയത്തെ ആഗ്രഹിച്ച് ഇത്രയും ഉപന്യസിച്ചതാണെന്നുകൂടി ധരിപ്പിച്ചു. വിശ്വാമിത്രനായ രാജർഷിക്ക് തുല്യം പ്രഭാവശക്തികൾ ധരിക്കുന്ന ഒരു ഉപദേഷ്ടാവ് തന്റെ സ്വാമിക്കു കിട്ടുന്നു എന്ന് ഒരു ആത്മോദയം ഉണ്ടായിട്ട് അതിന്റെ പ്രേരണയാൽ ഭട്ടജിയുടെ പാദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്യാൻ തിരുമലരായർ മുന്നോട്ടു ചാഞ്ഞു. ശയ്യയിൽനിന്നു ചാടി താഴത്തിറങ്ങി ഭട്ടൻ ആ പ്രണാമക്രിയയെ തടുത്ത് രായരെ സഹർഷം പരിരംഭണം ചെയ്തു.