Jump to content

താൾ:Ramarajabahadoor.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മുഖവുര


'മാർത്താണ്ഡവർമ്മാ' ഏഴുതി ഇരുപത്തിമൂന്നുകൊല്ലം കഴിഞ്ഞിട്ടേ രണ്ടാമതും ഗൗരവമായുള്ള സാഹിത്യശ്രമങ്ങളിൽ ഏർപ്പെടാൻ ഗ്രന്ഥകാരനു സാവകാശം കിട്ടിയുള്ളു. ഗവണ്മെന്റിന്റെ കൃപാപ്രസരംനിമിത്തം ലഭിച്ച അതിസ്വാസ്ഥ്യത്തിന്നിടയിൽ 'ധർമ്മരാജാ' എന്ന ആഖ്യായിക നിർമ്മിക്കുന്നതിനു ഗ്രന്ഥകാരൻ ഉദ്യോഗിച്ചു. ഈ ശ്രമത്തിന്റെ ആരംഭത്തിൽത്തന്നെ കഥാതന്തുവിനെ എങ്ങനെ സങ്കല്പിക്കുന്നു എന്ന് ഗൃഹസദസ്സുകളിൽ പ്രസ്താവിക്കപ്പെട്ടപ്പോൾ, ഭാഷാഭിമാനികളും പണ്ഡിതരത്നങ്ങളും ആയ യുവസ്നേഹിതന്മാർ കവടി നിരത്താതെതന്നെ വിജയഫലത്തെ ദർശിച്ചു. ഗവണ്മെന്റിന്റെ വിദ്യാഭ്യാസനയംകൊണ്ടു മലയാളഭാഷ 1065-ലെ താഴ്വരയിൽനിന്നും അത്യുന്നതമായ ഒരു നിരയിൽ 1088-ൽ എത്തിയിരിക്കുമെന്ന് പ്രമാദിച്ചുപോയ ഗ്രന്ഥകാരൻ ഒരു 'കിർമ്മീരവധ'രീതിയെ അന്നത്തെ ശ്രമത്തിൽ അനുകരിച്ചു. അന്നന്നു തീർന്ന കഥാഭാഗങ്ങളെ വായിച്ചുകേട്ട സദസ്യർ 'ബലേ' പറകയാൽ ശ്രുതി താഴ്ത്താതെ കഥയെ പരിപൂർത്തിയാക്കി. പുസ്തകം പ്രസിദ്ധമായപ്പോൾ ഗ്രന്ഥപരിശോധകന്മാരിൽനിന്നു ബഹുവിധങ്ങളായ അഭിപ്രായങ്ങൾ പുറപ്പെട്ടു. എല്ലാം ഒരുപോലെ ശ്രവണമധുരങ്ങൾ ആയിരുന്നില്ല. എന്നാൽ സുസ്ഥിരധീമാന്മാരായ സാഹിത്യപടുക്കൾ ഗ്രന്ഥകാരന്റെ ആശയങ്ങളെ അനുസരിച്ചു ഭാഷയെ നിയന്ത്രണം ചെയ്യുകയല്ലാതെ ഭാഷാസാരള്യത്തെ പ്രമാണിച്ച് ഉത്കൃഷ്ടാശയങ്ങളെ വിലക്ഷണീകരിച്ചുകൂടാ എന്നും മറ്റും ഉപദേശിച്ച് ഗ്രന്ഥകാരനെ ഒരുവിധം കൃതാർഥനാക്കി.

എങ്കിലും 'പ്രേമാമൃതം' എഴുതുവാൻ ആരംഭിച്ചപ്പോൾ സ്വരം ഒന്നു താഴ്ത്തണമെന്നു തോന്നി. അതിലേക്കായി വളരെ പണിപ്പെട്ടു. ഫലം എന്തെന്നു നമ്മുടെ വിദ്വല്ലോകം ഗ്രഹിച്ചിട്ടുണ്ടല്ലോ.

'ധർമ്മരാജാ' എന്ന ആഖ്യായികയിൽ വാഗ്ദത്തം ചെയ്തിട്ടുള്ള അനന്തരഗ്രന്ഥങ്ങളുടെ നിർമ്മിതിക്കു ശ്രദ്ധിക്കാത്തതെന്തെന്നു ചില വന്ദ്യസ്ഥാനങ്ങളിൽ നിന്നു ചോദ്യങ്ങൾ ഉണ്ടാവുകയാൽ, 92-ലെ മീനമാസത്തിൽ ഇപ്പോൾ പ്രസിദ്ധപ്പെടുത്തുന്ന 'രാമരാജാബഹദൂർ' എന്ന ആഖ്യായികയുടെ കഥാവസ്തു കടലാസ്സിലാക്കി. ഈ പണി ഒട്ടൊന്നു തീരാറായപ്പോൾ ഗ്രന്ഥകാരൻ കിടപ്പിലായി. തിരുവിതാംകൂർ വിദ്യാഭ്യാസവകുപ്പിലെ അധികൃതന്മാർ സദയം ഈ പുസ്തകത്തെ പാഠ്യപുസ്തകം ആക്കിയപ്പോൾ അതിനെ പ്രസിദ്ധീകരിക്കേണ്ട നിർബ്ബന്ധം ഗ്രന്ഥകാരന്റെമേൽ ചുമന്നു. ഏഴാംക്ലാസ്സ് വിദ്യാർത്ഥികൾക്കായി നിശ്ചയിക്കപ്പെട്ടതിനാൽ, 'മാർത്താണ്ഡവർമ്മാ'യിലെ ഭാഷാരീതിയിൽ പുസ്തകത്തെ പരിശോധിച്ചു പ്രസിദ്ധപ്പെടുത്തണമെന്ന് ഉദ്ദേശിച്ച്, ഒരു ചെറുദൗഹിത്രനെക്കൊണ്ട് ആ പുസ്തകം പല ആവർത്തി വായിപ്പിച്ചു കർണ്ണപരിചയം നല്ലപോലെ പുതുക്കീട്ടു പുതിയ ഗ്രന്ഥത്തിന്റെ പരിശോധന ആരംഭിച്ചു. എന്നിട്ടും 'മാർത്താണ്ഡവർമ്മാ'രീതി അതിന്റെ നിർമ്മാണകാലത്തു ഗ്രന്ഥകാരനുണ്ടായിരുന്ന പ്രായത്തോടെ സമഗമനം ചെയ്തു പോയിരിക്കുന്നതായി കണ്ടു. ആഗ്രഹവും ശക്തിയും ഇടഞ്ഞുള്ള നിലയിൽ പ്രയോഗം ആരംഭിച്ചപ്പോൾ ഭാഷാരീതി വായു-വാതക്ഷോഭങ്ങളാൽ ക്ഷീണിച്ചുതീർന്നിട്ടുള്ള ശക്തിയോട് അനുയോജിച്ചുള്ളതായ ഒരു മാതൃകയെ അനുകരിച്ചുപോയിരിക്കുന്നു. ഗ്രന്ഥത്തിന്റെ അച്ചടിപ്പണി ആരംഭിച്ചപ്പോൾ ഗ്രന്ഥകാരനെ ബാധിച്ചിട്ടുള്ള രോഗങ്ങൾ തുടരെത്തുടരെ കഠിനമായി പീഡിപ്പിച്ചു തുടങ്ങി. ചരിത്രസംബന്ധമായുള്ള ഈ ആഖ്യായിക ഒരു യുദ്ധഘട്ടത്തെ വർണ്ണിക്കുന്നതാകകൊണ്ട്, അമേദുരമായ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/2&oldid=168038" എന്ന താളിൽനിന്ന് ശേഖരിച്ചത്