മൗനഗാനം/ആത്മദാഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ആത്മദാഹം
[ 22 ]

ആത്മദാഹം

ത്തരം ലഭിക്കാത്ത ചോദ്യരൂപത്തിൽത്തന്നെ-
യിപ്പൊഴും ചിലയ്ക്കയാണുത്തരായണപ്പക്ഷി.
ഇത്രനാളതു കഷ്ടം കേട്ടിട്ടും ലോകത്തിനൊ-
രുത്തരം ചൊല്ലാനില്ലൊരിത്തിരി നേരംപോലും.
പൊള്ളുമാ വിരഹത്തിൻ മുഷ്ടിയിൽ, ചിറകിട്ടു
തല്ലിടും പ്രണയത്തിൻ പ്രാണവേദനയല്ലേ ?
ലോകകോടികളേവം കടന്നു കടന്നുപോ-
മാകുലാലാപം, ദ്രവിച്ചൊഴുകും പശ്ചാത്താപം.
പരമാനന്ദത്തിന്റെ പട്ടുമെത്തയിൽച്ചിന്നും
പനിനീർപ്പൂവല്ലല്ലോ മൂകരാഗത്തിൻ ചിഹ്നം.
പാരവശ്യത്തിൻ - കത്തിക്കാളുന്നൊരന്തർദ്ദാഹ-
ഭാരത്തിൻ-ചൂടാറ്റിയാലാറാത്ത ചെന്തീയല്ലേ ?
അച്ഛിന്നതാപ, മാത്മാവജസ്രം പൊള്ളിച്ചീടു-
മച്ചിഹ്നംപേറിത്തന്റെ തീർത്ഥയാത്രയിലെങ്ങും ,
വിളിച്ചുചോദിക്കയാണെവിടേ പുണ്യക്ഷേത്രം ?
വിരക്തി വാദിക്കയാണെന്തിനു ഭോഗോദ്വേഗം ?

വിരഹം-പ്രണയത്തിൻ വിട്ടുമാറാത്തോരംശം
വിലപിക്കുന്നു-ഞാനും ചോദിച്ചതാണാചോദ്യം.
എന്നിട്ടും പരിഹാസഭാവത്തിലല്ലാതിന്നു-
മെന്നെ നോക്കുന്നീലയ്യോ മൂഢമാം ഭൌതികത്വം !
അതിനെപ്പോഴും വേണ്ടതാനന്ദം-സ്വപ്നം-മാത്രം
കുതികൊൾകയാണതാ നിഴലിൻ പിമ്പേ നിത്യം.
നിന്നെ നിൻ സാക്ഷാൽക്കാരം മാർഗ്ഗമായൊരുനാളി-
ലെന്നെ ഞാനില്ലാതാക്കാമെന്നാലെൻപ്രകാശമേ ,
നീയെന്തേ മാറ്റീടാത്തതീ മൂടുപടം ? - വെറും
മായികം-നിനക്കതു നീക്കാനീ മടിയെന്തേ ?

[ 23 ]

നഗ്നമാം നിൻനൈർമ്മല്യം കർമ്മബന്ധത്തെ വിട്ടു
മുക്തമാകുമ്പോൾക്കാണാം നിനക്കാപ്പുണ്യക്ഷേത്രം.
സത്യമാം സൌന്ദര്യത്തിൻ, സൌന്ദര്യമാം സത്യത്തിൻ
നൃത്തമണ്ഡപം-കാണാം നിനക്കച്ചിദാനന്ദം !
ഈ വെള്ളിത്തോണി നിനക്കെന്തിനാണെന്നോ ? ലോക-
ജീവിതവാരാശിതന്നക്കരപറ്റാൻ മാത്രം !

ഉത്തരം ലഭിക്കാത്ത ചോദ്യരൂപത്തിൽത്തന്നെ-
യിപ്പൊഴും ചിലയ്ക്കയാണുത്തരായണപ്പക്ഷി.
ജീവനായ്ത്തനിക്കുള്ളോരോന്നിനെത്തേടിത്തേടി-
യീവിധം തേങ്ങിത്തേങ്ങിക്കരയുമതിൻ പേരിൽ
ഇല്ലൊട്ടും സഹതാപം ലോകത്തി, നല്ലെന്നാകിൽ
ചൊല്ലുമായിരുന്നില്ലേ, വല്ലതും സമാധാനം ?

കേണുകേണയ്യോ പൊള്ളും വിരഹച്ചെന്തീയിൽ നിൻ
പ്രാണവേദനയേവം ചിറകിട്ടടിക്കുമ്പോൾ
ഓമലേ, നിന്നെത്തേടിക്കണ്ടെത്താതുഴന്നീടും
മാമകതപ്തപ്രാണഭൃംഗകം മൂളീടുന്നു.

വാടാത്ത വെളിച്ചമേ, വിരഹച്ചെന്തീയിന്റെ
ചൂടാറ്റാൻ മരണത്തിൻ താമരവിശറിയാൽ
കാലത്തെക്കൊണ്ടൊന്നെന്നെ വീശിക്കൂ വേഗം വേഗം
ചേലിൽ നിന്മടിയിൽ വീണൊന്നു ഞാനുറങ്ങട്ടെ !


32
അനവരതധ്യാനത്തിൻ പൂനിലാവി-
ലഴകണിയും മാമകഭാവനയിൽ
അനുപമിതചൈത്രമേ, നിർവൃതിത-
ന്നലർ വിതറിപ്പേർത്തും നീയാഗമിപ്പൂ.
 

10-4-19341
33
ഭാവികാലവസന്തമാസത്തിലെൻ-
ജീവിതലത പൂക്കുമെന്നാശയാൽ
ലോലബാഷ്പകണങ്ങളാലിന്നതി-
ന്നാലവാലം നനയ്ക്കുകയാണു ഞാൻ !
ധാരധാരയായത്തേങ്ങിക്കരവതി-
ലാരുമെന്നെപ്പഴിച്ചിടായ്കല്പവും.

[ 24 ]

അല്ലലോരോന്നടക്കുവാനായിടാ-
തുള്ളുപൊട്ടി പ്രലപിപ്പതല്ല ഞാൻ!

ശോകഭാവത്തിലൊറ്റവാക്കോതാതെ
മൂകനെന്നപോൽ ഞാനങ്ങിരിക്കവേ ,
നീരസം വഴിഞ്ഞീടുന്ന നാവിനാ-
ലാരുമെന്നെപ്പഴിച്ചിടായ്കല്പവും.
ഭാവിയിലെൻമനോശുകത്തിന്നതി-
വാവദൂകതയേറ്റുവാൻ മാത്രമായ്
ഞാനിതുപോൽ പിരിഞ്ഞൊഴിഞ്ഞെപ്പൊഴും
ധ്യാനലോലനായാവസിക്കുന്നതാം.

പുഞ്ചിരിയുടെ വാചാലദുർമ്മദം ,
നെഞ്ചിടിയുടെ നിശ്ശബ്ദസങ്കടം-
രണ്ടിനും നടുക്കുള്ളതാമുൾക്കടൽ
കണ്ടു ഞെട്ടുമെൻ ചിന്താപിപീലികേ!
കാലമിന്നവ സംഘടിപ്പിക്കുവാൻ
നൂലിനാലൊരു പാലം രചിക്കയാം!
പോക, പോക പതറാതെ മുന്നോട്ടു
പൂകുവാൻ ചെന്നപാരതയിങ്കൽ നീ!


ചിന്താവിഹാരം

നന്ദമാനന്ദമതാണു ഞാന-
ന്നാരാഞ്ഞു പോയോരനവദ്യരത്നം
എന്നാലതിൻ കൊച്ചുതരിമ്പുപോലു-
മൊരേടവും ഞാൻ കണികണ്ടതില്ല.

1വരിഷ്ഠരാണെന്നു തെളിഞ്ഞുനിന്നു
വയോധികന്മാർ ചിലരെന്നൊടോതി
"കാളപ്പുറത്തേറി നടന്നതാമാ-
ക്കാലാരിയെച്ചെന്നു ഭജിക്ക കുഞ്ഞേ!"

2കുളിച്ചു ചാരം വരയിട്ടു പൂശി-
പ്പാലും കരിക്കും കരതാരിലേന്തി
ശിലാതലത്തെശ്ശിവലിംഗമാക്കി-
ശ്ശിരസ്സു കുമ്പിട്ടു ഭജിക്കയായ് ഞാൻ

3


"https://ml.wikisource.org/w/index.php?title=മൗനഗാനം/ആത്മദാഹം&oldid=38725" എന്ന താളിൽനിന്ന് ശേഖരിച്ചത്