താൾ:മൗനഗാനം.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മദാഹം

ത്തരം ലഭിക്കാത്ത ചോദ്യരൂപത്തിൽത്തന്നെ-
യിപ്പൊഴും ചിലയ്ക്കയാണുത്തരായണപ്പക്ഷി.
ഇത്രനാളതു കഷ്ടം കേട്ടിട്ടും ലോകത്തിനൊ-
രുത്തരം ചൊല്ലാനില്ലൊരിത്തിരി നേരംപോലും.
പൊള്ളുമാ വിരഹത്തിൻ മുഷ്ടിയിൽ, ചിറകിട്ടു
തല്ലിടും പ്രണയത്തിൻ പ്രാണവേദനയല്ലേ ?
ലോകകോടികളേവം കടന്നു കടന്നുപോ-
മാകുലാലാപം, ദ്രവിച്ചൊഴുകും പശ്ചാത്താപം.
പരമാനന്ദത്തിന്റെ പട്ടുമെത്തയിൽച്ചിന്നും
പനിനീർപ്പൂവല്ലല്ലോ മൂകരാഗത്തിൻ ചിഹ്നം.
പാരവശ്യത്തിൻ - കത്തിക്കാളുന്നൊരന്തർദ്ദാഹ-
ഭാരത്തിൻ-ചൂടാറ്റിയാലാറാത്ത ചെന്തീയല്ലേ ?
അച്ഛിന്നതാപ, മാത്മാവജസ്രം പൊള്ളിച്ചീടു-
മച്ചിഹ്നംപേറിത്തന്റെ തീർത്ഥയാത്രയിലെങ്ങും ,
വിളിച്ചുചോദിക്കയാണെവിടേ പുണ്യക്ഷേത്രം ?
വിരക്തി വാദിക്കയാണെന്തിനു ഭോഗോദ്വേഗം ?

വിരഹം-പ്രണയത്തിൻ വിട്ടുമാറാത്തോരംശം
വിലപിക്കുന്നു-ഞാനും ചോദിച്ചതാണാചോദ്യം.
എന്നിട്ടും പരിഹാസഭാവത്തിലല്ലാതിന്നു-
മെന്നെ നോക്കുന്നീലയ്യോ മൂഢമാം ഭൌതികത്വം !
അതിനെപ്പോഴും വേണ്ടതാനന്ദം-സ്വപ്നം-മാത്രം
കുതികൊൾകയാണതാ നിഴലിൻ പിമ്പേ നിത്യം.
നിന്നെ നിൻ സാക്ഷാൽക്കാരം മാർഗ്ഗമായൊരുനാളി-
ലെന്നെ ഞാനില്ലാതാക്കാമെന്നാലെൻപ്രകാശമേ ,
നീയെന്തേ മാറ്റീടാത്തതീ മൂടുപടം ? - വെറും
മായികം-നിനക്കതു നീക്കാനീ മടിയെന്തേ ?

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/22&oldid=174161" എന്ന താളിൽനിന്ന് ശേഖരിച്ചത്