Jump to content

താൾ:മൗനഗാനം.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നഗ്നമാം നിൻനൈർമ്മല്യം കർമ്മബന്ധത്തെ വിട്ടു
മുക്തമാകുമ്പോൾക്കാണാം നിനക്കാപ്പുണ്യക്ഷേത്രം.
സത്യമാം സൌന്ദര്യത്തിൻ, സൌന്ദര്യമാം സത്യത്തിൻ
നൃത്തമണ്ഡപം-കാണാം നിനക്കച്ചിദാനന്ദം !
ഈ വെള്ളിത്തോണി നിനക്കെന്തിനാണെന്നോ ? ലോക-
ജീവിതവാരാശിതന്നക്കരപറ്റാൻ മാത്രം !

ഉത്തരം ലഭിക്കാത്ത ചോദ്യരൂപത്തിൽത്തന്നെ-
യിപ്പൊഴും ചിലയ്ക്കയാണുത്തരായണപ്പക്ഷി.
ജീവനായ്ത്തനിക്കുള്ളോരോന്നിനെത്തേടിത്തേടി-
യീവിധം തേങ്ങിത്തേങ്ങിക്കരയുമതിൻ പേരിൽ
ഇല്ലൊട്ടും സഹതാപം ലോകത്തി, നല്ലെന്നാകിൽ
ചൊല്ലുമായിരുന്നില്ലേ, വല്ലതും സമാധാനം ?

കേണുകേണയ്യോ പൊള്ളും വിരഹച്ചെന്തീയിൽ നിൻ
പ്രാണവേദനയേവം ചിറകിട്ടടിക്കുമ്പോൾ
ഓമലേ, നിന്നെത്തേടിക്കണ്ടെത്താതുഴന്നീടും
മാമകതപ്തപ്രാണഭൃംഗകം മൂളീടുന്നു.

വാടാത്ത വെളിച്ചമേ, വിരഹച്ചെന്തീയിന്റെ
ചൂടാറ്റാൻ മരണത്തിൻ താമരവിശറിയാൽ
കാലത്തെക്കൊണ്ടൊന്നെന്നെ വീശിക്കൂ വേഗം വേഗം
ചേലിൽ നിന്മടിയിൽ വീണൊന്നു ഞാനുറങ്ങട്ടെ !


32
അനവരതധ്യാനത്തിൻ പൂനിലാവി-
ലഴകണിയും മാമകഭാവനയിൽ
അനുപമിതചൈത്രമേ, നിർവൃതിത-
ന്നലർ വിതറിപ്പേർത്തും നീയാഗമിപ്പൂ.
 

10-4-19341




33
ഭാവികാലവസന്തമാസത്തിലെൻ-
ജീവിതലത പൂക്കുമെന്നാശയാൽ
ലോലബാഷ്പകണങ്ങളാലിന്നതി-
ന്നാലവാലം നനയ്ക്കുകയാണു ഞാൻ !
ധാരധാരയായത്തേങ്ങിക്കരവതി-
ലാരുമെന്നെപ്പഴിച്ചിടായ്കല്പവും.

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/23&oldid=174162" എന്ന താളിൽനിന്ന് ശേഖരിച്ചത്