Jump to content

മയൂഖമാല/എന്നെ നീ ധന്യനാക്കണേ!

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
എന്നെ നീ ധന്യനാക്കണേ!




[ 13 ]

എന്നെ നീ ധന്യനാക്കണേ!
(ഒരു ഇംഗ്ലീഷ് കവിത--ഡ്രൈഡൻ)

വിജയം നിഴലിച്ചീടും
നിൻ നീലനയനത്തിനായ്
വിധുനേർമുഖി, കൈക്കൊൾകി--
ന്നൊരു സമ്മാന,മോമനേ!

തല ചേവടിതൻമുന്നിൽ
തലതാഴ്ത്തുന്നിതൊട്ടുപേർ
എന്നാലവരിൽനിന്നെന്നെ
വേർതിരിച്ചറിയേണമേ!

ആയിരം കാന്തവസ്തുക്കൾ
കാമണ്മതുണ്ടിവനെങ്കിലും
നിന്നെമാത്രം വിശേഷിച്ചു
വീക്ഷിച്ചീടുന്നതുണ്ടു ഞാൻ

വെൽവു നിൻ വദനാംഭോജം
സർവ്വസൗന്ദര്യസഞ്ചിതം
തവ ചേഷ്ടകളോരോന്നു-
മാകർഷിക്കുന്നു മന്മനം.

നീ നിശ്ശബ്ദത ഭഞ്ജിച്ചു
നിലകൊള്ളുന്നവേളയിൽ
തൂമരന്ദം തുളിച്ചീടും
തവ വാക്കുകൾ കേൾക്കുവാൻ.

തങ്ങൾ പാടുന്ന സൂക്തങ്ങൾ
സർവ്വവും വിസ്മരിച്ചുടൻ
ആകാശദേവിമാരെല്ലാ-
മാഗമിപ്പൂ തവാന്തികേ! (യുഗ്മകം)

[ 14 ]

എന്നാലവർ, ശുഭേ, നിന്നെ-
ക്കണ്ടു, നിൻമൊഴി കേൾക്കവേ;
പിരിയാൻ മടിപൂണ്ടാശി-
ച്ചിരിക്കാമൊത്തു വാഴുവാൻ!

ഒരു സൗന്ദര്യവും നിന്നി-
ലിനിയില്ലൊത്തുചേരുവാൻ
എന്നാലവ വെറും ശൂന്യം
സ്നേഹിച്ചീടായ്കിലെന്നെ നീ.

നീയെന്നെ നിരസിച്ചാകിൽ
നിലച്ചൂ നിന്റെ മാധുരി
തേന്മാവിൽ പടരാതുള്ള
തൈമുല്ലയ്ക്കെന്തു കൗതുകം?

എന്റെ നേരെയടിച്ചീടും
ദുർവിധിക്കാറ്റിനെ ക്ഷണം
തടുത്തുനിർത്തിയാലും നീ
സദയം സാരസേക്ഷണേ!

മരണം വരുമെന്നോടു
മല്ലടിച്ചു ജയിക്കുവാൻ
അതിൻമുൻ,പമലേ വൈകാ-
തെന്നെ നീ ധന്യനാക്കണേ!...

--ആഗസ്റ്റ് 1931