Jump to content

താൾ:മയൂഖമാല.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നെ നീ ധന്യനാക്കണേ!
(ഒരു ഇംഗ്ലീഷ് കവിത--ഡ്രൈഡൻ)

വിജയം നിഴലിച്ചീടും
നിൻ നീലനയനത്തിനായ്
വിധുനേർമുഖി, കൈക്കൊൾകി--
ന്നൊരു സമ്മാന,മോമനേ!

തല ചേവടിതൻമുന്നിൽ
തലതാഴ്ത്തുന്നിതൊട്ടുപേർ
എന്നാലവരിൽനിന്നെന്നെ
വേർതിരിച്ചറിയേണമേ!

ആയിരം കാന്തവസ്തുക്കൾ
കാമണ്മതുണ്ടിവനെങ്കിലും
നിന്നെമാത്രം വിശേഷിച്ചു
വീക്ഷിച്ചീടുന്നതുണ്ടു ഞാൻ

വെൽവു നിൻ വദനാംഭോജം
സർവ്വസൗന്ദര്യസഞ്ചിതം
തവ ചേഷ്ടകളോരോന്നു-
മാകർഷിക്കുന്നു മന്മനം.

നീ നിശ്ശബ്ദത ഭഞ്ജിച്ചു
നിലകൊള്ളുന്നവേളയിൽ
തൂമരന്ദം തുളിച്ചീടും
തവ വാക്കുകൾ കേൾക്കുവാൻ.

തങ്ങൾ പാടുന്ന സൂക്തങ്ങൾ
സർവ്വവും വിസ്മരിച്ചുടൻ
ആകാശദേവിമാരെല്ലാ-
മാഗമിപ്പൂ തവാന്തികേ! (യുഗ്മകം)

"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/13&oldid=174103" എന്ന താളിൽനിന്ന് ശേഖരിച്ചത്