താൾ:മയൂഖമാല.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നാലവർ, ശുഭേ, നിന്നെ-
ക്കണ്ടു, നിൻമൊഴി കേൾക്കവേ;
പിരിയാൻ മടിപൂണ്ടാശി-
ച്ചിരിക്കാമൊത്തു വാഴുവാൻ!

ഒരു സൗന്ദര്യവും നിന്നി-
ലിനിയില്ലൊത്തുചേരുവാൻ
എന്നാലവ വെറും ശൂന്യം
സ്നേഹിച്ചീടായ്കിലെന്നെ നീ.

നീയെന്നെ നിരസിച്ചാകിൽ
നിലച്ചൂ നിന്റെ മാധുരി
തേന്മാവിൽ പടരാതുള്ള
തൈമുല്ലയ്ക്കെന്തു കൗതുകം?

എന്റെ നേരെയടിച്ചീടും
ദുർവിധിക്കാറ്റിനെ ക്ഷണം
തടുത്തുനിർത്തിയാലും നീ
സദയം സാരസേക്ഷണേ!

മരണം വരുമെന്നോടു
മല്ലടിച്ചു ജയിക്കുവാൻ
അതിൻമുൻ,പമലേ വൈകാ-
തെന്നെ നീ ധന്യനാക്കണേ!...

--ആഗസ്റ്റ് 1931


"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/14&oldid=174104" എന്ന താളിൽനിന്ന് ശേഖരിച്ചത്