മയൂഖമാല/സഖിയോട്
ദൃശ്യരൂപം
< മയൂഖമാല
←വിരഹി | മയൂഖമാല രചന: സഖിയോട് |
എന്നെ നീ ധന്യനാക്കണേ!→ |
[ 12 ]
സഖിയോട്
(ടാഗോർ)
അനുദിനമദ്ദേഹമിങ്ങണയു-
മതുപോലെതന്നെ മടങ്ങിപ്പോകും.
അയി, സഖി, നാഥനെൻ വേണിയിൽനി-
ന്നലരൊന്നു കൊണ്ടുപോയ് നല്കുക നീ.
അതു തന്നതാരെന്നു ചോദിച്ചാ,ലെ-
ന്നഭിധാന,മയ്യോ, നീ ചൊല്ലരുതേ!
ഇവിടെ വന്നെത്തും മടങ്ങിപ്പോകു-
മിവയല്ലാതദ്ദേഹം ചെയ്വീലൊന്നും.
തരുവിന്റെ താഴെപ്പൊടിമണലിൽ
തണലിലദ്ദേഹം തനിച്ചിരിപ്പൂ.
അയി, സഖി, നീയങ്ങു ചെന്നനേക-
മണിമലർകൊണ്ടുമിലകൾകൊണ്ടും,
ഒരു വിരിപ്പദ്ദേഹത്തിന്നിരിക്കാൻ
വിരവിൽ വിരിച്ചുകൊടുത്തിടേണം.
അഴലേന്തിടുന്നതാണാ മിഴിക-
ളവ മമ ചിത്തത്തിലാധിചേർപ്പൂ.
അരുളുന്നീലദ്ദേഹം തന്മനസിൽ
നിറയുന്നതെന്താണെന്നെന്നോടിന്നും.
ഇവിടെ വന്നെത്തും മടങ്ങിപ്പോകു-
മിവയല്ലാതദ്ദേഹം ചെയ്വീലൊന്നും!
--മാർച്ച്1932