മയൂഖമാല/ആകാശഗംഗ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
ആകാശഗംഗ




[ 25 ] ആകാശഗംഗ

(ഒരു ജപ്പാൻകവിത)

താ, അദ്ദേഹം വരുന്നുണ്ട്!-
ചിരകാലമായി ഒരു നോക്കൊന്നു കാണാൻ കൊതിച്ച്
ഇവിടെ,
ഈ ആകാശഗംഗാതടത്തിൽ ,
ഞാൻ ആരെക്കാത്തു കഴിഞ്ഞിരുന്നുവോ,
അദ്ദേഹം, എന്റെ ജീവനായകൻ,
അതാ വരുന്നുണ്ട്...
എന്റെ ഉത്തരീയം
ആബദ്ധമാക്കേണ്ട നിമിഷം
ആസന്നമായിക്കഴിഞ്ഞു.
അനശ്വരമായ സ്വർഗ്ഗത്തിലെ ഈ
അമൃതസരിത്തിൽ,
തന്റെ വെള്ളിത്തോണിയിൽ,
ഇന്നുരാത്രിതന്നെ,
എന്റെ ഹൃദയേശ്വരൻ,
എന്റെ സമീപം എത്തിച്ചേരും-
സംശയമില്ല!...
ഇരുകരകളിലും,
മേഘമാലകളും, മരുത്തുകളും
നിർബ്ബാധം വരികയും പോകയും ചെയ്യുന്നുണ്ടെങ്കിലും
എനിക്കും,
വിദൂരത്തിലിരിക്കുന്ന എന്റെ ഹൃദയേശ്വരനും ഇടയ്ക്ക്,
യാതൊരു സന്ദേശവും കടന്നെത്തുകയില്ല.
ഒരാൾക്കു നിഷ്പ്രയാസം സാധിക്കും ,
മറുകരയിലേക്കൊരു വെള്ളാരങ്കല്ലു വലിച്ചെറിയാൻ!-
എന്നിരുന്നാലും,
അദ്ദേഹത്തിന്റെ സമീപത്തുനിന്നും,
ആകാശഗംഗമൂലം,
വിയുക്തയായിരിക്കുന്നതിനാൽ,
കഷ്ടം,
ഒരു സന്ദർശനത്തിനായാശിക്കുക (ആട്ടം- കാലത്തിൽമാത്രമല്ലാതെ) എന്നുള്ളത്,
തികച്ചും ഫലശൂന്യമാണ്!...
ആട്ടം കാലത്തിലെ ഇളങ്കാറ്റു
വീശുവാൻ ആരംഭിച്ച
ആദ്യത്തെ ദിവസം മുതൽ
(ഞാൻ എന്നോടുതന്നെ
ചോദിച്ചുകൊണ്ടിരുന്നു)

[ 26 ]

"ഹാ , എപ്പോഴാണ് ഞങ്ങൾ പരസ്പരം കണ്ടുമുട്ടുക?" -
എന്നാൽ, ഇപ്പോൾ,
എന്റെ ഹൃദയേശ്വരൻ-
അനേകനാളായി ഒരുനോക്കൊന്നു കാണാനാശിച്ചാശിച്ച് ,
ഞാൻ ഇവിടെ കാത്തിരിക്കുന്ന എന്റെ ഹൃദയേശ്വരൻ-
അതാ, വന്നുകഴിഞ്ഞു, തീർച്ച!...
ആകാശഗംഗയിലെ ജലം
അത്ര അധികമൊന്നുമുയർന്നിട്ടില്ലെങ്കിലും,
അതു തരണംചെയ്ത്,
എന്റെ കാമുകനെ,
എന്റെ ജീവനായകനെ,
ഇനിയുമിങ്ങനെ കാത്തിരിക്കുകയെന്നത്
തികച്ചും ദുസ്സഹമാണ്!...

അവളുടെ പട്ടുദാവണി
മന്ദമന്ദമിളകിക്കൊണ്ടിരിക്കുന്നതു കാണത്തക്കവിധം,
അത്രയ്ക്കടുത്താണവൾ നില്ക്കുന്നതെങ്കിലും,
ആട്ടംകാലത്തിനുമുൻപ്,
നദീതരണം നിർവ്വഹിക്കുവാൻ യാതൊരു മാർഗ്ഗവുമില്ല!...
ഞങ്ങൾ വേർപിരിഞ്ഞ അവസരത്തിൽ,
ഒരൊറ്റ നിമിഷം മാത്രമേ,
ഞാൻ അവളെ കണ്ടുള്ളു-
പറന്നുപോകുന്ന ഒരു ചിത്രശലഭത്തെ
ഒരാൾ കാണുന്നതുപോലെ,
ഒരു നിഴൽപോലെ, മാത്രമേ
ഞാൻ അവളെ കണ്ടുള്ളു ;
ഇപ്പോൾ,
മുൻപിലത്തെപ്പോലെ,
ഞങ്ങളുടെ അടുത്ത സന്ദർശനഘട്ടംവരെ ,
ഞാൻ,
അവൾക്കുവേണ്ടി,
യാതൊരു ഫലവുമില്ലാതെ
അങ്ങനെയാശിച്ചാശിച്ച് ,
കഴിഞ്ഞുകൂടേണ്ടിയിരിക്കുന്നു!....

ഹീക്കോ ബോഷി,
അയാളുടെ പ്രിയതമയെ കാണുവാൻവേണ്ടി,
തോണി തുഴഞ്ഞുപോവുകയാണെന്നു തോന്നുന്നു; -
നല്ലതുപോലെ കണ്ടുകൂടാ;-
ഒരുനേരിയ മൂടൽമഞ്ഞ്.
ആകാശഗംഗാപ്രവാഹത്തിനുമീതെ,

[ 27 ]

ഉയർന്നുതുടങ്ങുന്നു!...
മൂടൽമഞ്ഞിനാൽ മൂടപ്പെട്ട
ഈ ആകാശഗംഗാതടത്തിൽ,
ഞാൻ,
എന്റെ പ്രാണനാഥനെക്കാത്തുനില്ക്കുമ്പോൾ,
ഇതാ, എങ്ങനെയാണാവോ,
എന്റെ പാവാടത്തുമ്പുകൾ,
നനഞ്ഞുപോയിരിക്കുന്നു!...
ആകാശഗംഗയിൽ,
ആഗസ്റ്റമാസത്തിലുള്ള കടത്തുകടവിൽ,
ജലത്തിന്റെ ശബ്ദം
ഉയർന്നുകഴിഞ്ഞു;
ചിരകാലമായി,
ഒന്നു കാണാൻ കൊതിച്ച്,
ഞാനിവിടെക്കാത്തുനില്ക്കുന്നു.
എന്റെ ഹൃദയവല്ലഭൻ,
പക്ഷേ,
ക്ഷണത്തിൽ,
ഇവിടെ എത്തുമായിരിക്കും!...
ടനബാറ്റ,
അവളുടെ നീളമേറിയ ദാവണിയുടെ തുമ്പുകൾ
ചുരുട്ടിക്കൂട്ടിക്കിടന്നുറങ്ങുകയാണ്.
പ്രഭാതം,
അരുണിമയാടിത്തുടുതുടക്കുന്നതുവരെ,
അല്ലയോ, നദീതരംഗങ്ങളേ,
നിങ്ങളുടെ വിലാപങ്ങളാൽ
അവളെ നിങ്ങൾ ഉണർത്തരുതേ!
ആകാശഗംഗയ്ക്കുമീതെ
ഒരു മൂടൽമഞ്ഞു പരക്കുന്നത്
അവൾ കാണുന്നു....
"ഇന്ന്, ഇന്ന്,"
അവൾ വിചാരിക്കുകയാണ്;
"ചിരപ്രാർത്ഥിതനായ
എന്റെ ജീവനായകൻ
മിക്കവാറും,
അദ്ദേഹത്തിന്റെ വെള്ളിക്കളിത്തോണിയിലേറി
ഇവിടെ എത്തുമായിരിക്കും! "

ആകാശഗംഗയിലെ,
'യാസു'കടത്തുകടവിൽ

[ 28 ]

ഓളങ്ങളുടെമീതെ,
അതാ കിടന്നു ചാഞ്ചാടുന്നു,
അദ്ദേഹത്തിന്റെ വെള്ളിത്തോണി;
ഞാൻ നിങ്ങളോടപേക്ഷിക്കുന്നു,
ഞാൻ ഇവിടെ കാത്തുനില്ക്കുന്നുവെന്ന്,
എന്റെ ജീവനായകനോട്,
നിങ്ങളൊന്നു പറഞ്ഞേക്കണേ!
ഒരു നക്ഷത്രദേവതയായതിനാൽ,
അസീമമായ ആകാശമണ്ഡലത്തിൽ,
എന്റെ ഇഷ്ടംപോലെ,
അങ്ങുമിങ്ങും എനിക്കു കടന്നുപോകാം....
എന്നിരുന്നാലും,
നിനക്കുവേണ്ടി,
തരംഗിണീതരണം നിർവഹിക്കകയെന്നത്
തീർച്ചയായും,
വിഷമമേറിയ ഒരു ജോലിതന്നെയാണ്.
അനേകമനേകം യുഗാന്തരങ്ങൾക്കപ്പുറംതൊട്ടുതന്നെ
രഹസ്യമായി മാത്രമേ
അവൾ എന്റെ പ്രാണസർവ്വസ്വമായിരുന്നുള്ളു;-
അങ്ങനെയാണെങ്കിലും
ഇന്നെനിക്കവളോടു തോന്നുന്ന
നിതാന്താഭിലാഷംനിമിത്തം,
ഞങ്ങളുടെ ഈ ബന്ധം
മനുഷ്യനും അറിയാനിടയായിത്തീർന്നു.
ആകാശവും ഭൂമിയും
അന്യോന്യം വേർപെട്ടകാലംമുതല്ക്കേ
അവൾ എന്റെ സ്വന്തമായിരുന്നു;-
എങ്കിലും,
അവളോടൊന്നിച്ചുചേരുന്നതിന്,
ആട്ടംകാലംവരെ,
എനിക്കു കാത്തിരിക്കേണ്ടിയിരിക്കുന്നു!
ശോണോജ്ജ്വലങ്ങളായ
ഇളം പൂങ്കവിൾത്തടങ്ങളോടുകൂടിയ
എന്റെ പ്രേമസർവ്വസ്വത്തോടൊരുമിച്ച്
ഒരു ശിലാതളിമത്തിൽ കിടന്നു
സുഖസുഷുപ്തിയിൽ ലയിക്കുന്നതിലേക്കായി,
ഇന്നു രാത്രി,
തീർച്ചയായും,
ഞാൻ,
ആകാശഗംഗാതടത്തിലേക്കിറങ്ങും!

[ 29 ]

ആകാശഗംഗയിലെ
ജലതലത്തിനുമീതെ
പൊന്തിനില്ക്കുന്ന പച്ചപ്പുൽപ്പടർപ്പുകൾ,
ആട്ടംകാലത്തിലെ ആലോലവായുവിൽ
മന്ദമന്ദം ഇളകിത്തുടങ്ങുമ്പോൾ,
ഞാൻ സ്വയം വിചാരിക്കുകയാണ്:
"ഞങ്ങളുടെ സന്ദർശനഘട്ടം
സമീപിച്ചുപൊയെന്നു തോന്നുന്നു"...
എന്റെ ഹൃദയനായകനെ കാണുവാൻ
പെട്ടെന്നൊരഭിലാഷം
എന്റെ ഹൃദയത്തിലങ്കുരിക്കുമ്പോൾ,
ഉടൻതന്നെ,
ആകാശഗംഗയിൽ,
രാത്രിയിലെ തോണിതുഴച്ചിലും കേൾക്കാറാകുന്നു;
പങ്കായത്തിന്റെ 'ഝളഝള' ശബ്ദം
മാറ്റൊലിക്കൊള്ളുന്നു!-

ഇപ്പോൾ വിദൂരത്തിലിരിക്കുന്നവളായ
എന്റെ കണ്മണിയോടൊന്നിച്ച,
രത്നോപധാനത്തിൽ തല ചായ്ച്ചുകിടന്ന്,
രാത്രിയിൽ ഞാൻ വിശ്രമിക്കുമ്പോൾ,
പുലർകാലം സമാഗതമായാലും
പൂങ്കോഴി കൂകാതിരിക്കട്ടെ!...
അനേകയുഗങ്ങളങ്ങനെ ,
അനുസ്യൂതമായി,
മുഖത്തോടുമുഖം നോക്കി,
പരസ്പരം കൈകോർത്തുപിടിച്ചുകൊണ്ട്,
ഞങ്ങൾ നിലകൊണ്ടാലും,
ഞങ്ങളുടെ,
പരിപാവനമായ പരസ്പരപ്രേമത്തിന്
ഒരിക്കലും,
ഒരറുതിയുണ്ടാവുന്നതല്ല;-
കഷ്ടം!
പിന്നെന്തിനാണ്,
സ്വർഗ്ഗം,
ഞങ്ങളെ ഈവിധത്തിൽ,
വേർതിരിച്ചുനിർത്തുന്നത്?...

ടനബാറ്റ,
അവളുടെ,
മനോഹരമായ മാറോടടുപ്പിച്ചുപിടിച്ചിട്ടുള്ള;-
എനിക്കു ചാർത്തുവാനായി,

[ 30 ]

അവൾ നെയ്തെടുത്തിട്ടുള്ള;-
ആ ധവളനീരാളം,
എനിക്കെന്തലങ്കാരമായിരിക്കും!
അവൾ വളരെ വളരെ അകലത്താണെങ്കിലും;-
അഞ്ഞൂറുവെള്ളിമേഘച്ചുരുളുകളാൽ
അവൾ മറയ്ക്കപ്പെട്ടിരിക്കയാണെങ്കിലും;-
ഇതാ, പിന്നേയും,
ഓരോ രാത്രിയിലും,
ഞാൻ,
എന്റെ കൊച്ചനുജത്തിയുടെ,
(പ്രേമസർവസ്വത്തിന്റെ)
മണിമന്ദിരത്തിനുനേരേ,
ഉറ്റുനോക്കിക്കൊണ്ടു നില്ക്കുന്നു!
ആട്ടംകാലം സമാഗതമായി,
ആകാശഗംഗയ്ക്കുമീതെ,
മൂടൽമഞ്ഞു പരന്നുതുടങ്ങുമ്പോൾ,
ഞാൻ,
നദീതടത്തിനു നേർക്ക്,
ആശാപരവശനായിത്തിരിയുന്നു.
അഭിലാഷസമ്പൂർണ്ണങ്ങളായ നിശീഥങ്ങൾ
അസംഖ്യങ്ങളാണ്;-
പക്ഷേ,
ഒരു നീണ്ടസംവത്സരത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രമേ-
ഏഴാമത്തെ ദിവസം മാത്രമേ;-
എനിക്കെന്റെ പ്രണയിനിയെ,
കാണുവാൻ സാധിക്കു!
ഞങ്ങളുടെ പരസ്പരപ്രണയത്തിന്,
ഞങ്ങളെ പരിതൃപ്തിപ്പെടുത്താൻ
സാധിക്കുന്നതിനുമുൻപുതന്നെ,
അതാ, നോക്കൂ,
ആ ദിവസവും,
ഉദിച്ചു കഴിഞ്ഞിരിക്കുന്നു!

തികച്ചും ഒരു സംവത്സരത്തിലെ,
രാഗമധുരങ്ങളായ
സമസ്താഭിലാഷങ്ങളും ,
ഇന്നു രാത്രികൊണ്ട്,
അവസാനിപ്പിച്ചശേഷം;
നാളെമുതൽ,

[ 31 ] ഒരോ ദിവസവും,

അദ്ദേഹത്തെ ഒരു നോക്കൊന്നു കാണുവാൻ, പരവശഹൃദയയായി, വീണ്ടും, എനിക്ക്, പണ്ടത്തെപ്പോലെതന്നെ തപസ്സുചെയ്യേണ്ടിയിരിക്കുന്നു!

ഹിക്കോബോഷിയും, ടനബാറ്റയും, ഇന്നു രാത്രി, പരസ്പരം സന്ദർശിക്കാൻപോകുന്നു. അല്ലയോ, ആകാശഗംഗയിലെ കല്ലോലമാലകളേ! നിങ്ങൾ കയർക്കരുതേ! ആട്ടംകാലത്തിലെ കാറ്റടിച്ചു പറന്നുപോകുന്ന ആ വെള്ളമേഘം- ഹാ! ടനബാറ്റാ സ്യൂമിന്റെ സ്വർഗ്ഗീയകിങ്കരനായിരിക്കുമോ അത്?

ഇഷ്ടംപോലങ്ങനെ കൂടക്കൂടെക്കണ്ടുമുട്ടാൻ കഴിയാത്ത ഒരു കാമുകനായതിനാൽ, രാത്രിയിൽ, നേരമധികം വൈകുന്നതിനുമുൻപ്, ആകാശഗംഗയിൽക്കൂടി, വള്ളം തുഴഞ്ഞു വന്നുചേരുവാൻ, അദ്ദേഹം ബദ്ധപ്പെടുകയാണു. രാത്രിയിൽ, വളരെ വൈകിയിട്ട്, ആകാശഗംഗയ്ക്കുമീതെ, ഒരു മൂടൽമഞ്ഞു വ്യാപിക്കുന്നു; ഹിക്കോബോഷിയുടെ പങ്കായത്തിന്റെ ശബ്ദം കേൾക്കുമാറാകുന്നു. ആകാശഗംഗയിൽ, ജലതരംഗങ്ങളെ വേർപെടുത്തുന്ന ഒരു നേരിയ ശബ്ദം വ്യക്തമായി കേൾക്കാം;-

ഹിക്കോബോഷി, [ 32 ]

അദ്ദേത്തിന്റെ ചെറുവഞ്ചി
വേഗം വേഗം
തുഴഞ്ഞുപോരുമ്പോൾ,
മൃദുലകല്ലോലങ്ങൾ
മെല്ലെമെല്ലെപ്പിളർന്നകലുന്ന,
ആ മധുരാരവമാണോ അത്?
നാളെമുതൽ,
അയ്യോ, കഷ്ടം!
രത്നാലംകൃതമായ
എന്റെ പട്ടുമെത്ത
ഭംഗിയായി വിരിച്ചിട്ടശേഷം,
ഒരിക്കലും, ഇനി,
ഹൃദയേശ്വരനൊന്നിച്ചുറങ്ങുവാനാകാതെ,
എനിക്കു,
തനിച്ചു കിടന്നുറങ്ങേണ്ടിയിരിക്കുന്നു!
കാറ്റിന്റെ ശക്തി വർദ്ധിക്കയാൽ
നദിയിലെ തിരമാലകൾ
ഇരച്ചുയർന്നുതുടങ്ങി!-
ഇന്നു രാത്രി,
ഒരു കൊച്ചോടത്തിൽ കയറി,
എന്റെ പ്രാണനാഥാ,
ഞാനങ്ങയോടപേക്ഷിക്കുന്നു,
നേരമധികമിരുട്ടുന്നതിനുമുമ്പ്,
ഒന്നിങ്ങു വന്നുചേരേണമേ!


ആകാശഗംഗയിലെ തിരമാലകൾ
ഉയർന്നുകഴിഞ്ഞുവെങ്കിലും,
രാത്രി അധികം വൈകുന്നതിനുമുൻപ്,
വേഗത്തിൽ തോണി തുഴഞ്ഞുപോയി,
കഴിയുന്നതും നേരത്തേകൂട്ടി,
എനിക്കും,
അവിടെ പറ്റിക്കൂടണം!


അദ്ദേഹത്തിന്റെ ധവളനീരാളം
ഞാൻ നെയ്തുതീർത്തിട്ടു
നാളുകൾ പലതുകഴിഞ്ഞു.
ഇന്നു വൈകുന്നേരം,
അതിലെ ചിത്രവേലകൾപോലും,
അദ്ദേഹത്തിനുതന്നെ മനസ്സിലാക്കാൻ സാധിക്കുമാറ്,
ഞാൻ പൂർത്തിയാക്കിക്കഴിഞ്ഞു!-
എന്നിട്ടും,

[ 33 ]

ഹാ, കഷ്ടം!,
ഞാൻ ഇനിയും,
അദ്ദേഹത്തെ കാത്തിരിക്കുവാനാണോ വിധി?
അല്ലല്ലാ,
ആകാശഗംഗയിലെ വേലിയേറ്റം
ഇത്രത്തോളം ഭയങ്കരമായിക്കഴിഞ്ഞോ?
രാത്രി വല്ലാതിരുട്ടിത്തുടങ്ങി!-
അയ്യോ!,
ഹിക്കോബോഷി,
ഇതുവരെ വന്നുചേർന്നില്ലല്ലോ?
ഹേ, കടത്തുകാരൻ,
ഒന്നു ധിറുതികൂട്ടണേ!-
ഒരു കൊല്ലത്തിൽ രണ്ടു പ്രാവശ്യം
ഇവിടെ വന്നു പോകുവാൻ സാധിക്കുന്ന ഒരാളല്ല.
എന്റെ ജീവനായകൻ!-
ആട്ടംകാലത്തിലെ ഇളങ്കാറ്റു
വീശാൻതുടങ്ങിയ ആദ്യത്തെ ദിവസംതന്നെ,
ഞാൻ,
ആകാശഗംഗാതടത്തിലേക്കു തിരിച്ചു;-
ഞാൻ നിന്നോടപേക്ഷിക്കുന്നു,
ഞാൻ ഇപ്പോഴും,
ഇവിടെത്തന്നെ കാത്തുനിൽക്കുകയാണെന്നു
എന്റെ പ്രാണേശ്വരനോടൊന്നു പറയണേ!...


ടനബാറ്റ,
അവളുടെ വെള്ളിത്തോണിയിൽ,
ഇങ്ങോട്ടു വരികയാണെന്നു തോന്നുന്നു;-
എന്തുകൊണ്ടെന്നാൽ,
ചന്ദ്രന്റെ നിർമ്മലാനനത്തിനു നേരെ,
ഇപ്പോഴും കടന്നുപോകുന്നുണ്ടു,
ഒരു മേഘശകലം!...

----എപ്രിൽ 1933



"https://ml.wikisource.org/w/index.php?title=മയൂഖമാല/ആകാശഗംഗ&oldid=38839" എന്ന താളിൽനിന്ന് ശേഖരിച്ചത്