Jump to content

മണിമാല/സി.വി. സ്മാരകം അഥവാ നിന്നുപോയ നാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(മണിമാല/സി.വി.സ്മാരകം അഥവാ നിന്നുപോയ നാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണിമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
സി.വി. സ്മാരകം അഥവാ നിന്നുപോയ നാദം
(കാകളി)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


മണിമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

[ 8 ]


സി.വി.സ്മാരകം
അഥവാ നിന്നുപോയ നാദം
(കാകളി)

ത്ഭുതാനന്ദപീയൂഷം പൊഴിഞ്ഞുനി-
ന്ന പ്രൌഢമാം ധ്വനി മൂകമായ്‌ പോയിതേ!

ഇപ്പോൾ നാമാസ്വദിക്കുന്നതതോർത്തെഴും
കൈപ്പിന്റെ മാധുര്യമാകുന്നു മാന്യരെ.

ഹന്ത! നിസർഗ്ഗമധുരമാം വസ്തുക്ക-
ലെന്തൊരവസ്ഥയിലും മധുരങ്ങൾതാൻ.

വെന്തെരിഞ്ഞാലും മണക്കുന്നു ചന്ദനം
വെൺതിങ്കൾ കാറടിഞ്ഞാലും വിലസുന്നു

നിർണ്ണയമന്നാദവും മങ്ങി നമ്മുടെ
കർണ്ണപുടങ്ങളിൽതാൻ വിശ്രമിക്കിലും

ദണ്ഡമകന്നിപ്പൊഴുമതു മൂളുന്നു
വർണ്ണവിഹീനസൂക്ഷ്മോദാരരാഗങ്ങൾ‌.

മുഖ്യമായ്‌ ജീവിതശൈലിയതുചൊല്ലി-
യിക്കരെ,ക്കല്ലോലകോലാഹലങ്ങളാൽ‌,

അക്കാറ്റു ശാന്തമായ്‌ - ആമുഷ്മികകഥ
ഉൾക്കടൽപോലിന്നു മൌനമായ്‌ പാടുന്നു.

ആരാമപുഷ്പപരിമളധോരണി
പാരദേശങ്ങളിൽനിന്നു വന്നെത്തുന്നു.

സ്വൈരമവിടെച്ചരിക്കും ഖഗങ്ങൾതൻ‌
ചാരുഗാനാമൃതചാതുരി കേൾക്കുന്നു.

എന്നല്ലമരാശനമാകുമസ്സുധാ-
സ്യന്ദങ്ങൾ നമ്മൾ തൻ ചിന്താരസനയിൽ

വന്നുവീഴുന്നിതാ സൂക്ഷ്മനാദംവഴി-
യെന്നുവേണ്ട പിന്നെയക്കരെ നില്ക്കിലും

അന്തിദ്ദിവാകരൻതൻ പൊൽക്കതിരുപോ-
ലന്തരാ നീളും ധ്വനിനികരങ്ങളാൽ‌

പാലം പണിയുന്നുമുണ്ടതു ധന്യരേ,
ലോലമനോജ്ഞ്മായ്‌ നമ്മൾക്കു പോകുവാൻ‌

[ 9 ]

ചിന്തിക്കുവിൻ‌! ആ വിരഹഖേദം, സുഖ-
ബന്ധമാർന്നിപ്പോൾ സുഭഗമായ്‌ത്തീർന്നിതെ.

സഞ്ചിതകൌതുകമെന്നും വിരുന്നിനായ്‌
സഞ്ചരിച്ചീടുന്നു ഹന്ത! ലോകങ്ങളിൽ‌.

അഞ്ചിതമായ്‌ കൈകൾ കോർത്തുപിടിച്ചു പൂം‌-
പുഞ്ചിരിയും ചുടുകണ്ണീരുമൊത്തുതാൻ‌

ഉൾക്കാമ്പിലാശകലർന്നുതാനാകയാൽ‌
സൽക്കരിപ്പൂ ഞങ്ങൾ നിന്നെ നിനാദമേ.

ഉത്ക്രാന്തരായ്‌ സുഹൃത്തുക്കൾ പോയ്‌വാഴുമ-
സ്വർഗ്ഗമിബ്‌ഭൂമിക്കു ദൂരമല്ലേതുമേ.

'മാർത്താണ്ഡ'ദേവോദയം തുടങ്ങി 'പ്രേമ'-
മൂർത്തി 'മൂലാ'വധി തൻനൃപന്മാരെയും

ചീർത്തൊരമ്പാൽ തൻജനനിയാകും പുണ്യ-
കീർത്തിയീ വഞ്ചിവസുന്ധരതന്നെയും

ശ്രീമത്വമേറിയ തന്നന്ദനരെയും
തൂമയിൽ സേവിച്ചു വെണ്മയേറ്റിച്ചിരം

കൈരളിതൻ തൃക്കഴുത്തിലഭിനവ-
ഹാരാവലികളർപ്പിച്ചു വിജയിയായ്‌

ജീവലോകം കൈവെടിഞ്ഞു പോയ്‌ നിത്യമാം
പാവനധാമമണഞ്ഞ പൂജാർഹനാം

വാഗ്‌ദേവതയുടെ വീരഭടൻ ഭവാൻ‌
ഭാഗ്യനിധേ, മടങ്ങീടുകീച്ഛായയിൽ‌.

ധീരമനോജ്ഞമാമാകാരധാടിയും
വീരകരുണാദിനാനാരസോൽകരം

പാരം തിരതല്ലിയാസ്യഭുവിൽ രണ്ടു
വാരിധിപോലെ വിലസും മിഴികളും

സ്മേരമധുരമധുരവും മറ്റുമി-
ച്ചാരുപ്രതിമ വിഡംബിക്കുമെങ്കിലും

ഹന്ത! നിൻ ചൈതന്യമില്ലിതിനായതും
നിന്തിരുസാന്നിദ്ധ്യമൂലമുണ്ടാക്കുക.
ദിവ്യകലാരൂപ, നീയിങ്ങു ഞങ്ങളെ-
യവ്യാജരാഗമനുഗ്രഹിച്ചീടുക.

സുവ്യക്തമായ്‌ ലിപിയിൽ പ്രണവംപോലെ
ഭവ്യനിനാദമേ, നീയിതിൽത്തങ്ങുക!