താൾ:Manimala.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിന്തിക്കുവിൻ‌! ആ വിരഹഖേദം, സുഖ-
ബന്ധമാർന്നിപ്പോൾ സുഭഗമായ്‌ത്തീർന്നിതെ.

സഞ്ചിതകൌതുകമെന്നും വിരുന്നിനായ്‌
സഞ്ചരിച്ചീടുന്നു ഹന്ത! ലോകങ്ങളിൽ‌.

അഞ്ചിതമായ്‌ കൈകൾ കോർത്തുപിടിച്ചു പൂം‌-
പുഞ്ചിരിയും ചുടുകണ്ണീരുമൊത്തുതാൻ‌

ഉൾക്കാമ്പിലാശകലർന്നുതാനാകയാൽ‌
സൽക്കരിപ്പൂ ഞങ്ങൾ നിന്നെ നിനാദമേ.

ഉത്ക്രാന്തരായ്‌ സുഹൃത്തുക്കൾ പോയ്‌വാഴുമ-
സ്വർഗ്ഗമിബ്‌ഭൂമിക്കു ദൂരമല്ലേതുമേ.

'മാർത്താണ്ഡ'ദേവോദയം തുടങ്ങി 'പ്രേമ'-
മൂർത്തി 'മൂലാ'വധി തൻനൃപന്മാരെയും

ചീർത്തൊരമ്പാൽ തൻജനനിയാകും പുണ്യ-
കീർത്തിയീ വഞ്ചിവസുന്ധരതന്നെയും

ശ്രീമത്വമേറിയ തന്നന്ദനരെയും
തൂമയിൽ സേവിച്ചു വെണ്മയേറ്റിച്ചിരം

കൈരളിതൻ തൃക്കഴുത്തിലഭിനവ-
ഹാരാവലികളർപ്പിച്ചു വിജയിയായ്‌

ജീവലോകം കൈവെടിഞ്ഞു പോയ്‌ നിത്യമാം
പാവനധാമമണഞ്ഞ പൂജാർഹനാം

വാഗ്‌ദേവതയുടെ വീരഭടൻ ഭവാൻ‌
ഭാഗ്യനിധേ, മടങ്ങീടുകീച്ഛായയിൽ‌.

ധീരമനോജ്ഞമാമാകാരധാടിയും
വീരകരുണാദിനാനാരസോൽകരം

പാരം തിരതല്ലിയാസ്യഭുവിൽ രണ്ടു
വാരിധിപോലെ വിലസും മിഴികളും

സ്മേരമധുരമധുരവും മറ്റുമി-
ച്ചാരുപ്രതിമ വിഡംബിക്കുമെങ്കിലും

ഹന്ത! നിൻ ചൈതന്യമില്ലിതിനായതും
നിന്തിരുസാന്നിദ്ധ്യമൂലമുണ്ടാക്കുക.
ദിവ്യകലാരൂപ, നീയിങ്ങു ഞങ്ങളെ-
യവ്യാജരാഗമനുഗ്രഹിച്ചീടുക.

സുവ്യക്തമായ്‌ ലിപിയിൽ പ്രണവംപോലെ
ഭവ്യനിനാദമേ, നീയിതിൽത്തങ്ങുക!

"https://ml.wikisource.org/w/index.php?title=താൾ:Manimala.djvu/9&oldid=165760" എന്ന താളിൽനിന്ന് ശേഖരിച്ചത്