സി.വി.സ്മാരകം
അഥവാ നിന്നുപോയ നാദം
(കാകളി)
അത്ഭുതാനന്ദപീയൂഷം പൊഴിഞ്ഞുനി-
ന്ന പ്രൌഢമാം ധ്വനി മൂകമായ് പോയിതേ!
ഇപ്പോൾ നാമാസ്വദിക്കുന്നതതോർത്തെഴും
കൈപ്പിന്റെ മാധുര്യമാകുന്നു മാന്യരെ.
ഹന്ത! നിസർഗ്ഗമധുരമാം വസ്തുക്ക-
ലെന്തൊരവസ്ഥയിലും മധുരങ്ങൾതാൻ.
വെന്തെരിഞ്ഞാലും മണക്കുന്നു ചന്ദനം
വെൺതിങ്കൾ കാറടിഞ്ഞാലും വിലസുന്നു
നിർണ്ണയമന്നാദവും മങ്ങി നമ്മുടെ
കർണ്ണപുടങ്ങളിൽതാൻ വിശ്രമിക്കിലും
ദണ്ഡമകന്നിപ്പൊഴുമതു മൂളുന്നു
വർണ്ണവിഹീനസൂക്ഷ്മോദാരരാഗങ്ങൾ.
മുഖ്യമായ് ജീവിതശൈലിയതുചൊല്ലി-
യിക്കരെ,ക്കല്ലോലകോലാഹലങ്ങളാൽ,
അക്കാറ്റു ശാന്തമായ് - ആമുഷ്മികകഥ
ഉൾക്കടൽപോലിന്നു മൌനമായ് പാടുന്നു.
ആരാമപുഷ്പപരിമളധോരണി
പാരദേശങ്ങളിൽനിന്നു വന്നെത്തുന്നു.
സ്വൈരമവിടെച്ചരിക്കും ഖഗങ്ങൾതൻ
ചാരുഗാനാമൃതചാതുരി കേൾക്കുന്നു.
എന്നല്ലമരാശനമാകുമസ്സുധാ-
സ്യന്ദങ്ങൾ നമ്മൾ തൻ ചിന്താരസനയിൽ
വന്നുവീഴുന്നിതാ സൂക്ഷ്മനാദംവഴി-
യെന്നുവേണ്ട പിന്നെയക്കരെ നില്ക്കിലും
അന്തിദ്ദിവാകരൻതൻ പൊൽക്കതിരുപോ-
ലന്തരാ നീളും ധ്വനിനികരങ്ങളാൽ
പാലം പണിയുന്നുമുണ്ടതു ധന്യരേ,
ലോലമനോജ്ഞ്മായ് നമ്മൾക്കു പോകുവാൻ
താൾ:Manimala.djvu/8
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു