ഭാഷാഭൂഷണം/പേജ് 48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


വാസ്തവോക്തി വിഭാഗം

അനന്തരം വാസ്തവോക്ത്യാലങ്കാരങ്ങളെ എടുക്കുന്നു.


1. സ്വഭാവോക്തി
സൂക്ഷ്മസ്വഭാവം വർണ്ണിച്ചാൽ
സ്വഭാവോക്തിയതായതു്:
സരസം കാൽകുടഞ്ഞോമൽ
കരാംഗുഷ്ഠം നുകർന്നിഹ
ചിരിച്ചീടുന്ന മദ്ധ്യേതാൻ
കരയുന്നിതു ബാലകൻ. 66

വസ്തുക്കൾക്കുള്ള സൂക്ഷ്മസ്വഭാവത്തെ വർണ്ണിക്കുന്നതു് 'സ്വഭാവോക്തി'. സൂക്ഷ്മം എന്നുപറകയാൽ സ്ഥൂലസ്വഭാവവർണ്ണനം അലങ്കാരമാകുന്നതല്ല. സൂക്ഷ്മം ഇന്നതെന്നു് സഹൃദയമാത്രവേദ്യവുമാകുന്നു. ഉദാഹരണത്തിൽ ബാലന്റെ സ്വഭാവം വർണ്ണിക്കപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം:

90. കണ്ഠനാളമഴകിൽ തിരിച്ചനുപദം രഥം പിറകിൽ നോക്കിയും
കണ്ഠനായ് ശരഭയേന പൃഷ്ഠമതു പൂർവ്വകായഗതമാക്കിയും
ഇണ്ടൽപൂണ്ടു വിവൃതാന്മുഖാത് പഥി ചവച്ച ദർഭകൾ പതിക്കവേ
കണ്ടുകോൾക കുതികൊണ്ടു കിഞ്ചിദവനൗ ഭൃശം നഭസി ധാവതി. -ഭാഷാശാകുന്തളം

ഇവിടെ മൃഗത്തിനു് ഭയാവസരത്തിൽ ഉണ്ടാകുന്ന സൂക്ഷ്മസ്വഭാവം വർണ്ണിക്കപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം:

91. ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലർനിരയെ മദിച്ചാന ഗണ്ഡങ്ങൾ തേച്ചി-
ട്ടാടുമ്പോളാശു ഗോദാവരിയിലിഹ പൊഴിക്കുന്നു തീരദ്രുമങ്ങൾ
കൂടേറി പ്രാവു പൂങ്കോഴികൾ കരയുമിവറ്റിന്റെ തോലിൽ ചരിക്കും
കീടത്തെച്ചെന്നു കൊത്തുന്നിതു നിഴലിലിരുന്നൂഴി മാന്തും ഖഗങ്ങൾ -ഉത്തരരാമചരിതം

ഇതിൽ വൃക്ഷങ്ങളുടേയും പക്ഷികളുടേയും സൂക്ഷ്മസ്വഭാവം വർണ്ണിക്കപ്പെട്ടിരിക്കുന്നു.


2. സഹോക്തി
ഒന്നോടുകൂടി മറ്റൊന്നു
ക്രിയചെയ്താൽ സഹോക്തിയാം:
കീർത്തി ശത്രുക്കളോടൊത്തു
കടന്നൂ പലദിക്കുകൾ 67

രണ്ടുവസ്തുക്കളും ഒരേക്രിയ ചെയ്യുന്നതിനാൽ ഒന്നു മറ്റേതിനോടുകൂടി ആ ക്രിയ നടത്തുന്നു എന്നു പറയുന്നതു് 'സഹോക്തി'. രണ്ടുവസ്തുക്കൾ ഒരേക്രിയ ചെയ്യുന്നതു് ഒരേമാതിരിയായിരുന്നാൽ ചമൽക്കാരകാരകമാകാത്തത്തിനാൽ


പദ്യം 90. പൃഷ്ഠം പൂർവ്വകായഗതമാക്കുക = ശരീരം മുമ്പോട്ടു തള്ളി മുൻഭാഗത്തിൽ ലയിപ്പിക്കുക. വിവൃതം = തുറന്ന. മുഖം = വായ്. പഥി = വഴിയിൽ. കിഞ്ചിത് = അല്പം. ഭൃശം = അധികം. അവനൗ = ഭൂമിയിൽ. നഭസി = ആകാശത്തിൽ. ദുഷ്യന്തശരം ഭയന്നു പായുന്ന മൃഗം വർണ്ണ്യം. കണ്ടുകൊൾക എന്നു സൂതൻ ദുഷ്യന്തനോട്.

പദ്യം 91. ഞെട്ടറ്റ + അലർനിര = ഞെട്ട.....നിര. തീരദ്രുമങ്ങൾ അലർനിരയെ ഗോദാവരിയിൽ പൊഴിക്കുന്നു. കൂടേറി.....കരയും ഇവറ്റിന്റെ (ഈ തീരദ്രുമങ്ങളുടെ) തോലിൽ ചരിക്കും കീടത്തെ ഊഴിമാന്തും ഖഗങ്ങൾ കൊത്തുന്നു എന്നു് അർത്ഥയോജന.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_48&oldid=82275" എന്ന താളിൽനിന്ന് ശേഖരിച്ചത്