Jump to content

ഭാഷാഭൂഷണം/പേജ് 49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


അലങ്കാരമല്ല. രണ്ടും രണ്ടുവിധത്തിലായാലേ അലങ്കാരത്വം സിദ്ധിക്കൂ. ഉദാഹരണത്തിൽ കീർത്തി പലദിക്കുകൾ കടക്കുന്നത് വ്യാപിക്കയാകുന്നു. ശത്രുക്കളാകട്ടെ പേടിച്ചോടുകയാകുന്നു. രണ്ടിനും പലദിക്കുകൾ കടക്കുക എന്ന ഏകക്രിയയിൽ സഹഭാവം കവിമാത്രകല്പിതമാകുന്നു. അതിനാൽ 'പിതാവ് പുത്രനോടുകൂടി വന്നു' ഇത്യാദികളിൽ ഈ അലങ്കാരത്തിന് വ്യാപ്തി ശങ്കിക്കരുത്. വേറെ ഉദാഹരണം:

92. ക്ഷീണിച്ചിട്ടെന്നവണ്ണം നിഴൽ വിടപിതലേ പാന്ഥരൊത്തെത്തിടുന്നൂ,
കേണെന്നോണം സരസ്സിന്നടിയിലതടിയുന്നങ്ങു മീനൊത്തു ശൈത്യം,
ദാഹത്താലോ കുടിക്കുന്നുദകമുലകിനോടൊത്തു സൂര്യാംശുജാലം,
ദേഹത്തിൻ ക്ലാന്തിയാലോ മണിയറയണയുന്നാർത്തരോടൊത്തുറക്കം. -സ്വ.


3. സമുച്ചയം
ഗുണക്രിയകളൊന്നിച്ചാൽ
സമുച്ചയമലംകൃതി;
വാനിരുണ്ടിതു മങ്കയ്ക്കു
മനം രക്തവുമായിപോൽ.
വീഴും മണ്ടും പിന്നിൽ നോക്കും
കേഴും നിന്നുടെ വൈരികൾ. 68

ഒരുവസ്തുവിനു് ഒരുവക ഗുണമോ ക്രിയയോ വരുന്ന സമയത്തിൽത്തന്നെ മറ്റൊരു വസ്തുവിനു് മറ്റൊരുവക ഗുണമോ ക്രിയയോ ഉണ്ടാകുന്നത് 'സമുച്ചയം'. ദീപകത്തിൽ ഒരേഗുണത്തിലോ ക്രിയയിലോ അനേകം വസ്തുക്കൾക്കു് അന്വയം; സമുച്ചയത്തിലാകട്ടെ ഭിന്നവസ്തുക്കൾക്കു് അതതിന്റെ ഗുണക്രിയാസംബന്ധമുണ്ടാകുന്നതിനു് യൗഗപദ്യം*, എന്നു ഇവയ്ക്കു തമ്മിൽ ഭേദം. പ്രകൃതത്തിൽ ആകാശത്തിനു് കാർഷ്ണ്യഗുണമുണ്ടായത്തോടുകൂടിത്തന്നെ വിരഹിയുടെ മനസ്സിനു് രാഗവുമുണ്ടായി എന്നുപറഞ്ഞിരിക്കുന്നതിനാൽ ഗുണങ്ങൾക്കു സമുച്ചയം. രണ്ടാം ഉദാഹരണത്തിൽ ശത്രുക്കൾ ചിലർ വീഴുകയും മറ്റുചിലർ മണ്ടുകയും വേറെചിലർ പിന്നിൽ നോക്കുകയും മറ്റൊരുകൂട്ടക്കാർ കേഴുകയും ചെയ്യുന്നതിനാൽ ക്രിയകൾക്കു് സമുച്ചയം.

ഗുണസമുച്ചയത്തിനു വേറെ ഉദാഹരണം:

93. നിന്മിഴിയൊന്നു ചുവന്നൂ
നിർമ്മലഗുണ! ഭൂമിപാലകുലമൗലേ!
കടുതരവീര്യം തുടരും
കൂടലർ വക്ത്രം കറുക്കയും ചെയ്തു. -സ്വ.

ക്രിയാസമുച്ചയത്തിനു വേറെ ഉദാഹരണം:

94. ഭക്തപ്രിയത്താൽ ഭഗവാനുമങ്ങ-
സ്സൽക്കാരമേല്ക്കാനുടനെ തുനിഞ്ഞാൻ
കെൽപ്പോടു മുപ്പാരുമയക്കിയെന്ന
നൽബ്ബാണമദ്ദർപ്പകനും -കുമാരസംഭവം

പദ്യം 92. പാദാരംഭത്തിൽ 'ക്ഷീണിച്ചിട്ടെന്നവണ്ണം' ഇത്യാദി സംഭാവനങ്ങൾ ഉള്ളതിനാൽ ഉൽപ്രേക്ഷാസ്പൃഷ്ടം. വേനലിന്റെ കാഠിന്യംകൊണ്ടു പല വസ്തുക്കൾക്കുമുണ്ടായ അവസ്ഥാന്തരങ്ങൾ വർണ്ണിച്ചിരിക്കുന്നു. ക്ലാന്തി = ക്ഷീണം

*ഒരേസമയത്തു നടക്കുക.

പദ്യം 93. രാജസ്തുതി; കടുതരവീര്യം = കഠിനപരാക്രമം. കൂടലർ = ശത്രുക്കൾ.

പദ്യം 94. മുപ്പാരുമയക്കി = മുപ്പാരിനേയും മയക്കുന്നതു്. (സംമോഹനം എന്ന മൂലത്തിന്റെ തർജ്ജമ)

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_49&oldid=82280" എന്ന താളിൽനിന്ന് ശേഖരിച്ചത്