ഭാഷാഭൂഷണം/പേജ് 46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
86. ഹന്ത! വിശ്വമപി നിന്നുടെ കീർത്ത്യാ
സന്തതം വെളുവെളുത്തു ചമഞ്ഞു.
അന്തകാരി നിജപർവ്വതമേതെ-
ന്നന്തരംഗഭുവി ചിന്തതുടങ്ങി. -ശ്രീകൃഷ്ണചരിതം.

ഇവിടെ ധാവള്യംകൊണ്ടു് പർവ്വതങ്ങളെല്ലാം ഒന്നുപോലെ വെളുത്തു ചമഞ്ഞതിനാൽ ശിവനു കൈലാസപർവ്വതത്തെ തിരിച്ചറിയാൻ വയ്യാതായി എന്നർത്ഥം.

ഗുണസാമ്യത്താൽ രണ്ടു വസ്തുക്കൾക്കു് ഭേദപ്രതീതി ഇല്ലാതെ വരുന്നതു് മീലിതം. രണ്ടു വസ്തുതന്നെ എന്നു ഭേദപ്രതീതി ഉണ്ടായാലും തങ്ങളിൽ തിരിച്ചറിയാതിരിക്കുന്നതു് 'സാമാന്യം' എന്നു ഭേദംകല്പിച്ചു് 'സാമാന്യം'* എന്നു വേറെ ഒരലങ്കാരത്തെ ചിലർ സ്വീകരിച്ചിട്ടുണ്ടു്. മറ്റുചിലർ ഭേദം മറ്റൊരു തരത്തിൽ കല്പിച്ചുകൊണ്ടു് ഗുണസാമ്യം കൊണ്ടുള്ള ഭേദാനധ്യവസായത്തെ മീലിതസാമാന്യങ്ങൾ എന്നുതന്നെ രണ്ടാലങ്കാരങ്ങളാക്കുന്നുണ്ടു്. ഈ വിധം പക്ഷഭേദംകൊണ്ടു് ഒരുവകക്കാർ മീലിതമെന്നു പറയുന്നതുതന്നെ മറ്റവരുടെ മതത്തിൽ സാമാന്യാലങ്കാരമായി വരുന്നു. ഈ സ്ഥിതിക്കു് അതിസൂക്ഷ്മമായ ഭേദം പ്രമാണിച്ചു് രണ്ടലങ്കാരങ്ങളായി കല്പിച്ചിട്ടു ഫലമില്ലെന്നു കരുതി ഇവിടെ രണ്ടും ഒന്നായി ഗണിക്കപ്പെട്ടിരിക്കുന്നു.

"നിൻകീർത്തി മഗ്നൻ ഹിമവാൻ
വ്യക്തനായി തണുപ്പിനാൽ "

ഇത്യാദികളെപ്പോലെ ഒരുഗുണസാമ്യത്താൽ മാഞ്ഞുപോയ ഭേദം മറ്റൊരുഗുണത്താൽ പിന്നീടു തെളിയുന്നതായി സമർത്ഥിക്കുന്നതു് 'ഉന്മീലിതം'† എന്നു ഒരു പുതുതായ അലങ്കാരമെന്നു് അയ്യപ്പദീക്ഷിതർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതു് മിലീതത്തിൽനിന്നും ഭിന്നമായ ചമൽക്കാരാതിശയം ഒന്നും കാണാത്തത്തിനാൽ മിലീതത്തിൽതന്നെ അന്തർഭവിക്കുന്നതേയുള്ളൂ. ഈ മട്ടിനു് പൃഥഗലങ്കാരങ്ങളെ കല്പിക്കുന്ന പക്ഷം നിശ്ചയാന്തസന്ദേഹത്തേയും 'നിശ്ചയം' എന്നു് ഒരു ഭിന്നാലങ്കാരമെന്നു കല്പിക്കേണ്ടതായി വരുമല്ലോ!


*വിശേഷങ്ങൾ മറച്ചാകിൽ
സാമ്യം, സാമാന്യസംജ്ഞിതം:
താമരപ്പൊയ്കയിൽ കാണാ-
തായി പെണ്മണിമാർ മുഖം -കുവാലയാനന്ദം

ഭിന്നവസ്തുക്കളെന്നു സ്പഷ്ടമെങ്കിലും സാമ്യം ഒന്നിന്റെ വിശേഷങ്ങളെ മറ്റൊന്നിൽനിന്നു മറച്ചു കളയുന്നതു് 'സാമാന്യം' എന്ന അലങ്കാരം. ഉദാഹരണം സ്പഷ്ടം.

†സാമാന്യമീലിതാഭേദ-
ത്തിങ്കൽ ഭേദം കഥിക്കുകിൽ
വിശേഷോന്മീലിതങ്ങ-
ളായിടുന്നു യഥാക്രമം:
ചന്ദ്രോദയത്തിൽ ചെന്താരും
മുഖവും വേർതിരിഞ്ഞിതേ !
ഹിമവാൻ നിൻയശോമഗ്നൻ
തണുപ്പാൽ വ്യക്തനാകയാൽ. -കുവാലയാനന്ദം

സാമാന്യത്തിനും മിലീതത്തിനും ഓരോതരത്തിൽ അഭേദകല്പന ആവശ്യമാണല്ലോ. ആ അഭേദത്തിൽ നിന്നു് ഒരു ഭേദം എടുത്തുകാണിച്ചാൽ യഥാക്രമം 'വിശേഷക'വും 'ഉന്മീലിത'വും. ഉദാഹരണം സ്പഷ്ടം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_46&oldid=82272" എന്ന താളിൽനിന്ന് ശേഖരിച്ചത്