ഭാഷാഭൂഷണം/പേജ് 45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
15. തൽഗുണം
തൽഗുണം സുഗുണം വിട്ടു
മറ്റൊന്നിൻ ഗുണമേൽക്കുക:
വൈരഞാത്തധരത്തിന്റെ
ചാരെപ്പവിഴമായിതേ 61

സംസർഗ്ഗം കൊണ്ട ഒന്നിന്റെ ഗുണം മറ്റൊന്നിൽ പകരുന്നത 'തൽഗുണം'. പ്രകൃതത്തിൽ വൈരം, അധരസാമീപ്യത്തിൽ പവിഴം എന്നു തോന്നിയതായി സമർത്ഥിക്കപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം:

84. വീഴുമ്പോൾ ഭുവി നഖരശ്മിയാൽ വെളുത്തും
വാഴുമ്പോൾ ദവി മിഴിശോഭയാൽ കറുത്തും
ഉന്തുമ്പോൾ കരതലകാന്തിയാൽ ചെമന്നും
പന്തൊന്നെങ്കിലുമിതു മൂന്നുപോലെ തോന്നും. -സ്വ.


16. അതൽഗുണം
സംസർഗ്ഗത്താൽ പരഗുണം
പകരായ്കിലതൽഗുണം:
രക്തമാമെന്റെ പിത്തത്തിൽ
പാർത്തിടും രാഗമില്ല തേ. 62

തൽഗുണത്തിനു വിപരീതം അതൽഗുണം എന്നു സ്പഷ്ടം. വേറെ ഉദാഹരണം:

85. ദിക്കിൻവക്കത്തു നില്ക്കും കരികളുടെ കടത്തട്ടിലൊട്ടുന്നു നിത്യം
നീക്കംകൂടാതരിസ്ത്രീമിഴി മഷി കവരുന്നെന്നു,മെന്നാകിലും കേൾ
ചൊൽക്കൊള്ളും നിഷ്ക്കളങ്കോജ്ജ്വല ശിശിരകരജ്യോത്സ്നയോടൊത്ത ഗർവ്വം
വക്കാണിക്കാനൊരുക്കത്തൊടു ജഗതി കളിക്കുന്നു നിൻ കീർത്തി രാജൻ -സ്വ.


17. മീലിതം
മീലിതം ഗുണസാമ്യത്താൽ
ഭേദം തോന്നാതിരിക്കുക
നിൻ ചേവടിയിലഞ്ചിച്ച
ചെഞ്ചായം തെളിയാതെയായ് 63

ഒന്നുകൊണ്ടു് മറ്റൊന്നു മറഞ്ഞുപോകുന്നതു് മീലിതം എന്നു ശബ്ദാർത്ഥം. വേറെ ഉദാഹരണം:


പദ്യം 84. പന്തുകളിയിൽ മുഴുകിയിരിക്കുന്ന നായികയുടെ സൌന്ദര്യം വർണ്ണ്യം. ഭുവി (ഭൂമിയിൽ) വീഴുമ്പോൾ നഖ (കാൽനഖ) രശ്മിയാൽ പന്തു വെളുക്കുന്നു. ദിവി (ആകാശത്തിൽ) വാഴുമ്പോൾ മിഴിശോഭയാൽ (പന്തിനു നേരെ നോക്കുന്നതിനാൽ) കറുക്കുന്നു; ഉന്തുമ്പോൾ (കൈകൊണ്ടടിക്കുമ്പോൾ) കരതലകാന്തിയാൽ ചെമക്കുന്നു.

പദ്യം 85. രാജാവിന്റെ കീർത്തി വർണ്ണ്യം. അതു് ദിക്കുകളെട്ടും കവിഞ്ഞു നില്ക്കുന്നു. ശത്രുരാജാക്കന്മാരുടെ ഭാര്യമാരെ കരയിക്കുകയും ചെയ്യുന്നു എന്നു് വസ്തുത. ദിഗ്ഗജങ്ങളുടെ (കടം = കവിൾ) കവിൾത്തട്ടിൽ മുട്ടിയിട്ടും ശത്രുരാജപത്നിമാരുടെ കൺമഷി കലർന്നിട്ടും അവയുടെ ഗുണം നിന്റെ കീർത്തിക്കു പകർന്നു കിട്ടിയില്ല എന്നു് അതൽഗുണം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_45&oldid=82246" എന്ന താളിൽനിന്ന് ശേഖരിച്ചത്