Jump to content

ഭാഷാഭൂഷണം/പേജ് 39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം

ധർമ്മധർമ്മികൾക്കു് അഭേദാധ്യവസായം ചെയ്യുന്നതിനു് ധർമ്മാതിശയോക്തിയെന്നു പേരിടാം. ഉപമാനോപമേയത്വമൊഴിച്ചുള്ള മറ്റു സംബന്ധങ്ങൾക്കു് സാദ്ധ്യവസായ ലക്ഷണകൊണ്ടു്* ചെയ്യുന്ന അഭേദാരോപമെല്ലാം അതിശയോക്തി തന്നെ. ഭേദത്തിങ്കലഭേദത്തിനു് വേറെയും വൈചിത്ര്യങ്ങളുണ്ടു്.


6. ഉല്ലേഖം
ഉല്ലേഖമൊന്നിനെ തന്നെ
പലതായ് നിനയ്ക്കുകിൽ
കാമനെന്നിവനെ സ്ത്രീകൾ
കാലനെന്നോർത്തു വൈരികൾ 51

പല ഗുണങ്ങളുള്ള ഒരു വസ്തുവിനെ അവയിലോരോന്നിനെ പ്രമാണിച്ചു് ഓരോന്നാക്കി കല്പിക്കുന്നതു 'ഉല്ലേഖം'. ലക്ഷ്യത്തിൽ സൗന്ദര്യപരാക്രമയുക്തനായ നായകനെ സ്ത്രീകൾ സൗന്ദര്യം പ്രമാണിച്ചു കാമനായിട്ടും ശത്രുക്കൾ പരാക്രമം പ്രമാണിച്ചു കാലനായിട്ടും ഗണിച്ചതായി പറയപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം:

68. മല്ലന്മാർക്കിടിവാൾ, ജനത്തിനരചൻ, മീനാങ്കണേണാക്ഷിമാർ-
ക്കില്ലത്തിൽ സഖി, വല്ലവർ,ക്കരി ഖലർ,ക്കന്നന്ദനോ നന്ദനൻ;
കാലൻ കംസനു, ദേഹികൾക്കിഹ വിരാൾ, ജ്ഞാനിക്കു തത്ത്വംപരം
മൂല വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ. -സ്വ


7. അക്രമാതിശയോക്തി
കാര്യഹേതുക്കളൊന്നിച്ചാ-
ലക്രമാതിശയോക്തിയാം
വർഷം തുടർന്നു പാന്ഥസ്ത്രീ
മിഴിയും മുകിലും സമം. 52

ഇവിടെ മുകിൽ വർഷിക്കുന്നതാണു് ↑പാന്ഥസ്ത്രീകൾക്കു് കരയുവാനുള്ള കാരണം. ഇതു രണ്ടും ഒന്നിച്ചു് നടന്നതായി വർണ്ണിച്ചിരിക്കുന്നു. വേറെ ഉദാഹരണം:


*160 -ാം കാരിക (വ്യാഖ്യാനം) 3-ാമതു് എന്നു തുടങ്ങുന്ന ഖണ്ഡിക നോക്കുക.

പദ്യം 68. കംസസദസ്സിലേക്കു കയറിച്ചെന്ന കൃഷ്ണൻ വർണ്ണ്യം. ഇതിൽ ഇടിവാൾ, മീനാങ്കൻ, കാലൻ മൂലം എന്നിവ രൂപകസ്പൃഷ്ടം. ശേഷം ശുദ്ധം. കാരികയിലെ ഉദാഹരണത്തിലും കാലൻ, കാമൻ ഇവ രൂപകസ്പൃഷ്ടം. കേവലശുദ്ധമായും ഉല്ലേഖം വരാം.

പ്രിയനെന്നിവനെഗ്ഗോപികൾ
ശിശുവെന്നായ് വൃദ്ധ,രീഷനെന്നമരർ;
വനാരായണനെന്നോർത്താർ
ഭക്തർ, പരബ്രഹ്മമെന്നു യോഗികളും. - സാ. ദർപ്പണം

ഈ ഉദാഹരണങ്ങളെല്ലാം ഗ്രഹീതൃഭേദത്താൽ സംഭവിക്കുന്ന ഉല്ലേഖങ്ങൾ. വിഷയഭേദത്താലും ഈ അലങ്കാരം വരാം. ഉദാഹരണം:

കണ്ടാൽ ശരിക്കും കടലിന്മകൾ, നാവിളക്കി-
ക്കൊണ്ടാൽ സരസ്വതി, കൃപാണിയെടുത്തു വന്നാൽ
വണ്ടാറണിക്കുഴലി ദുർഗ്ഗ,യിവണ്ണമാരും
കൊണ്ടാടുമാറു പലമട്ടു രസിച്ചിരുന്നു.

↑ദൂരദേശഗമനം ചെയ്യുന്ന (പാന്ഥൻ) നായകന്റെ വിരഹിണിയായ ഭാര്യ.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_39&oldid=82151" എന്ന താളിൽനിന്ന് ശേഖരിച്ചത്