ഭാഷാഭൂഷണം/പേജ് 40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
69.നിന്നസിയസുഹൃന്നൃപനും
മന്നവ! വെടിയുന്നു കോശമൊന്നിച്ചു;
സമമേവ! വിറയ്ക്കുന്നൂ
ക്ഷമയുപേക്ഷിച്ചിടുന്നു യുഗപദഹോ!


8. അത്യന്താതിശയോക്തി
ഹേതുവിൻ മുന്നമേ കാര്യം
അത്യന്താതിശയോക്തിയാം
മാനം പോയി മുന്നമേ കാന്തൻ
പിന്നെത്താൻ സാന്ത്വമോതിനാൻ 53

വേറെ ഉദാഹരണം:

70. മുന്നംതന്നെ മഹേശി! മർത്ത്യനിഹ കേളുഗ്രാർത്തിവീചിച്ഛടാ-
സാന്നിദ്ധ്യോൽബ്ബാണമാം ഭവാർണ്ണവമതിൻ പാരം കടക്കുന്നിതേ;
പിന്നെത്താൻ കലശാംബുരാശിവിലസൽക്കല്ലോലപാരമ്പരീ-
സന്നാഹം കലരുന്ന നിൻകടമിഴി പ്രേക്ഷയ്ക്കവൻ ലക്ഷ്യമം. -സ്വ.


9. അസംഗതി
ഹേതുവൊന്നിൽ കാര്യമൊന്നിലെ-
ന്നുവന്നാലസംഗതി
കൊണ്ടലുണ്ടു വിഷം മൂർച്ച-
പൂണ്ടുപോയ് പാന്ഥനാരിമാർ 54

കാരണമൊരിടത്തിരിക്കേ കാര്യം അതിനോടു് സംബന്ധിക്കാത്ത മറ്റൊരിടത്തായിപ്പോയാൽ അസംഗതി. ഉദാഹരണത്തിൽ കാരണമായ വിഷപാനം മേഘത്തിനും കാര്യമായ മൂർച്ഛ പാന്ഥസ്ത്രീകൾക്കും പറയപ്പെട്ടിരിക്കുന്നു. വിഷം ജലമെന്നും ഗരളമെന്നും ശ്ലേഷംകൊണ്ടു സിദ്ധി. മേഘം കാർകൊണ്ടപ്പോൾ വിരഹിണികൾ മൂർച്ഛിച്ചു എന്നു തത്ത്വം. വേറെ ഉദാഹരണം:

71. ദീനത കൈവിട്ടു ദൂരത്ത്നിന്നോരു
കാനനം തന്നിലപ്പാവകൻ താൻ;
വെന്തതു കാൺക പുരന്ദരമാനസം;
ചിന്തിച്ചു കാൺകിൽ വിചിത്രമത്രേ. -കൃ. ഗാ.

പദ്യം 69. രാജസ്തുതി: അസുഹുന്നൃപൻ - ശത്രുരാജാവു്. അസി - വാളു്. കോശം - ഉറ, ഭണ്ഡാരം എന്നും. നിന്നസി കോശം വെടിയുന്നു; അസുഹുന്നൃപനും കോശം വെടിയുന്നു. (അവരുടെ ജീവൻ ഭൗതികശരീരമെന്ന ഉറ വിട്ടു് ഉയർന്നുപോയി എന്നും അർത്ഥം ആകാം.) ഒന്നിച്ചു് - ഒപ്പം. ക്ഷമ ഉപേക്ഷിക്കുക - അസി പക്ഷത്തിൽ ക്ഷമാകേടു കാണിക്കുക . ശത്രുരാജപക്ഷത്തിൽ ഭൂമിയെ ഉപേക്ഷിക്കുക. (മരിക്കുക). യുഗപത് + അഹോ - യുഗപദഹോ. യുഗപത് - ഒരുമിച്ചു്.

പദ്യം 70. മഹേശി - മഹേശന്റെ (ശിവന്റെ) പത്നി. ഉഗ്രാ.....ബ്ബണം - കഠിനദുഃഖതരംഗപരമ്പരയുടെ സാന്നിദ്ധ്യത്താൽ ഭീകരം. കലശാം.....സന്നാഹം - പാൽക്കടലിലെ തിരമാലക്കൂട്ടത്തിന്റെ ഭംഗി. ദേവീകടാക്ഷം ഹേതു. ഭവാർണ്ണവതരണം കാര്യം. ദേവീകടാക്ഷം അതിശീഘ്രത്തിൽ മുക്തിയരുളുന്നതെന്നു ധ്വനി.

പദ്യം 71. ഖാണ്ഡവദാഹം സന്ദർഭം; പാവകൻ ദൂരത്തുള്ള കാനനത്തിൽ വെന്തതോ, പുരന്ദരമാനസം. തന്റെ സുഹൃത്തുമരിച്ചാലോ എന്നു് ഇന്ദ്രന്റെ മനസ്സു നീറി എന്നു താൽപര്യം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_40&oldid=82153" എന്ന താളിൽനിന്ന് ശേഖരിച്ചത്