Jump to content

ഭാഷാഭൂഷണം/പേജ് 38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


4. അസംബന്ധാതിശയോക്തി
അയോഗം ചൊല്ക യോഗത്തി-
ലസംബന്ധാതിശയോക്തിയാം; *
ത്വല്പാദസേവയുള്ളപ്പോൾ
കല്പപാദപമല്പമാം. 49

ഉദാഹരണം :

65. മൽക്കളേബരമതിൽക്കുളിച്ചധികമൊക്കുമീയഴകതൊക്കെയും
മുഷ്കുവിട്ടുടനടുക്കൽവന്നു നിജദൃക്കിലാക്കിടുകിലർക്കനും
ഉൽക്കടൻ മദനനോർക്കിലശ്വി ശശി ശക്രനെന്നിവരതൊക്കെയും
തക്കമോടഹഹ! വെക്കമോടി മലപുക്കിടാതെ തല പൊക്കിടാ. - വെണ്മണിമഹൻ


5.ഹേത്വതിശയോക്തി
അഭേദം കാര്യഹേതുക്കൾ-
ക്കെങ്കിലോ ഹേതുവാമത് :
മുക്കണ്ണൻതൻ പുണ്യമാകും
മൈക്കണ്ണി തുണ ചെയ്യണം 50

കാര്യകാരണങ്ങൾക്കു് അഭേദം ചെയ്യുന്നതു് ‘ഹേത്വതിശയോക്തി”: ഉപമാനോപമേയങ്ങൾക്കായാൽ രൂപകം; ഉപമേയത്തിനു പകരം ഉപമാനത്തെ നിർദ്ദേശിക്ക രൂപാകാതിശയോക്തി; എന്നു് മൂന്നലങ്കാരങ്ങൾക്കും തങ്ങളിൽ ഭേദം. പ്രകൃതോദാഹരണത്തിൽ മുക്കണ്ണനു് പുണ്യത്താൽ ലഭിച്ച ദേവി പുണ്യരൂപമായിത്തന്നെ കൽ‌പ്പിക്കപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം :

66. പുരികുഴൽ നികരത്തിൽ പൂനിലാവിന്റെ വിത്തും
പുരികലതയിലോമൽകാമസാമ്രാജ്യസത്തും
പരിചിനൊടു ധരിക്കും പർവതാധീശനുള്ള-
പ്പരമസുകൃതവല്ലിക്കെപ്പോഴും കൂപ്പിടുന്നേൻ. - ച. രവിവർമ്മകോയിത്തമ്പുരാൻ

വേറെയും ഉദാഹരണം :

67. അമ്പത്തൊന്നക്ഷരാളീകലിതതനുലതേ ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
സമ്പത്തേ! കുമ്പിടുന്നേൻ കഴലിണ വലയാധീശ്വരീ വിശ്വനാഥേ! - മഹിഷമംഗലം.

*അയോഗാതിശയോക്തി -അസംബന്ധാതിശയോക്തി.

'ഹേതു' എന്നും ഈ അലങ്കാരത്തിനു് പേരുണ്ടു്.

പദ്യം 65. കാമതിലകം ഭാണത്തിലെ വിടനായകന്റെ വാക്യം; സ്വശരീരസൗന്ദര്യപ്രശംസ. അശ്വി - അശ്വിനികളിൽ ഒരുവൻ. (അശ്വിനികൾ അതിസുന്ദരന്മാരെന്നു പുരാണസങ്കല്പം). അർക്കാദികൾക്കു് മലകയറാതെയും തലപൊക്കാമെന്നിരിക്കേ തല പൊക്കുകയില്ലെന്നു് അസംബന്ധാതിശയോക്തി.

പദ്യം 66. പർവ്വതാധീശനു സുകൃതത്താൽ ലഭിച്ച ദേവി. - പാർവ്വതി. സുകൃതം ഹേതു, ദേവി കാര്യം. അവയ്ക്കു് അഭേദം.

പദ്യം 67. നൈഷധംചമ്പുവിലെ മംഗളാചാരണം. വലയാധീശ്വരി - തിരുവളങ്ങാട്ടു ഭഗവതി. (ഊരാകത്തമ്മ). ചെമ്പൊൽത്താർബാണൻ - കാമദേവൻ. ചെമ്പൊൽ .....ശമനൻ - ശിവൻ. ചെമ്പൊൽ ..... ലക്ഷ്മീ സമ്പത്താൽ ലഭിച്ച ദേവി. (പാർവ്വതി). സൗഭാഗ്യലക്ഷ്മീസമ്പത്തു് ഹേതു, പാർവ്വതി കാര്യം. അവയ്ക്കു അഭേദം

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_38&oldid=82150" എന്ന താളിൽനിന്ന് ശേഖരിച്ചത്