ഭാഷാഭൂഷണം/പേജ് 37
←പേജ് 36 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 38→ |
ഉപമേയങ്ങളായ നേത്രകടാക്ഷങ്ങളെ വിട്ടിട്ടു് ഉപമാനങ്ങളായ സരോജയുഗളശരങ്ങളെ മാത്രം നിർദ്ദേശിച്ചിരിക്കുന്നു. വേറെ ഉദാഹരണം :
- 62. കാറിൻച്ചോട്ടിൽ കലേശപ്പൊളി, തിര, കരിമീനങ്ങൾ, താഴൊത്തെരെള്ളിൻ
- താരും, ചെന്തൊണ്ടി, മുക്താവലി മുകുരദരം, വെണ്ണിലാവിന്ദുബിംബം
- മേരുക്കുന്നഭ്രമെന്നല്ലസിതഭുജഗസോപാനകൂപം, മണൽത്തി-
- ട്ടാരോമൽക്കാഞ്ചനത്തൂണുകളിവ തളിരിന്മോളിലൊന്നൊന്നു കാണാം - ഭൂതിഭൂഷ ചരിതം
ഇതിൽ കാറു് മുതലായ വസ്തുക്കൾ അതുകൾക്കു് ഉപമേയങ്ങളായ തലമുടി തുടങ്ങിയ അംഗങ്ങളെ കുറിക്കുന്നു. വേറെയും ഉദാഹരണം :
- 63. മുത്തിന്നും പവിഴത്തിന്നും നടുവിലാണുൽപ്പത്തി തേനിന്നു പി-
- ന്നത്താരോ ഭരവാഹി മാത്രമിവയും ചേരുന്നിതോ ചന്ദ്രനിൽ;
- ആഴിക്കുള്ളതിലല്ല ചന്ദ്രനവനും ശംഖാണു വാനല്ലഹോ!
- വാഴുന്നേടമിതിത്രയും സുമുഖിയെ പാർത്താലുടൻ വ്യക്തമാം. സ്വ
ഇതിൽ നിഗീരദ്ധ്യവസാനത്തോടു ചേർന്നു് അപഹ്നവം കൂടി ഉണ്ടെന്നു് വിശേഷം.*
- അയോഗത്തിങ്കലെ യോഗം
- സംബന്ധാതിശയോക്തിയാം;
- മുട്ടുന്നു മതിബിംബത്തിൽ
- മോടിയോടിഹ മേടകൾ 48
വേറെ ഉദാഹരണം :
- 64. ഉണ്ണിയുണ്ടായ സന്തോഷം കൊണ്ടുടൻ
- പുണ്യലോകായഭൂതികൊടുക്കയാൽ
- ആലവട്ടം കുട തഴയെന്നിയേ
- ശേഷിച്ചില്ലൊന്നും ഭൂപനു ഗോവിന്ദ ! - രാമായണം ഇരുപത്തിനാലുവൃത്തം
പദ്യം 62. കലേശപ്പൊളി - ചന്ദ്രക്കല (നെറ്റി) തിര (പുരികം), കരിമീൻ (കണ്ണു്), എള്ളിൻതാരു് (മൂക്കു്), തൊണ്ടി (ചുണ്ടു്), മുക്താവലി (പല്ലുകൾ), മുകുരം (കവിൾ), ദരം - ശംഖു് (കഴുത്തു്), നിലാവു് (പുഞ്ചിരി), ഇന്ദു (മുഖം), മേരു (സ്തനം), അഭ്രം - ആകാശം (വയറു്), അസിതഭുജംഗം - കറുത്ത പാമ്പു് (രോമാളി), സോപാനം - പടി (ത്രിവലി), കൂപം - കുഴി (നാഭി), മണൽത്തിട്ടു് (ജഘനം), കാഞ്ചനത്തൂണു് (തുട), തളിർ (പാദം) ഇവയെല്ലാം നിഗീരാദ്ധ്യവസാനം തന്നെ.
പദ്യം 63. നായികാമുഖവർണ്ണന. തേൻ പൂവിലാണല്ലോ ഉണ്ടാകേണ്ടതു്. ഇവിടെ മുത്തിനും പവിഴത്തിനും ഇടയിൽ ഉണ്ടായിരിക്കുന്നു. അവ മൂന്നും ചന്ദ്രനിൽ ഒന്നിച്ചുകൂടിയിരിക്കുന്നു. ചന്ദ്രനാകട്ടെ സമുദ്രത്തിലല്ല, ശംഖിന്മേൽ സ്ഥിതിചെയ്യുന്നു. മുത്തു് (പല്ലു്), പവിഴം (ചുണ്ടു്), തേൻ (അധരരസം), ചന്ദ്രൻ (മുഖം), ശംഖു് (കഴുത്തു്) ഇവയിൽ നിഗീരാദ്ധ്യവസാനം. പൂവു് തേനിന്നു ജന്മസ്ഥാനമല്ല. ഭരവാഹി (ചുമട്ടുകാരൻ) മാത്രം എന്നും ചന്ദ്രന്റെ വാസസ്ഥലം ആഴിയല്ല ശംഖാണു് എന്നും പറഞ്ഞിരിക്കുന്നിടത്തു് അപഹ്നവം.
* അപഹ്നുതി നോക്കുക.